Advertisment

നാട് വിടുന്ന ഇന്ത്യൻ യൗവ്വനങ്ങൾ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

ഉക്രൈനിലെ യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയത് ഇരുപതിനായിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളായിരുന്നു, അതിൽ ഭൂരിഭാഗവും കേരളത്തിലെ യുവതകൾ. പശ്ച്യാത്യ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഇന്ത്യൻ യൗവ്വനങ്ങളുടെ എണ്ണം നാൾക്കുനാൾ ഏറിവരികയാണ്. ഈ പ്രവണത തുടർന്നാൽ കേരളത്തിൽ ചിന്തയും മൂല്യബോധവുമുള്ള യുവാക്കളുടെ സാന്നിദ്ധ്യം നാമമാത്രമാവുകയും ഭരണീയരായി എഴുപത്തഞ്ചു പിന്നിട്ട വയസ്സന്മാരുടെ കാലഹരണപ്പെട്ട പഴഞ്ചൻ ആശയങ്ങളിൽ കേരളം ഒരു അവികസിത നാടായി മാറുകയും ചെയ്യുന്ന കാലം വിദൂരമല്ല.

കുറച്ചു നാൾമുമ്പ് സാമൂഹ്യ മാധ്യമങ്ങളിൽ കറങ്ങി നടന്ന ഒരു സന്ദേശനം കേരളം പുതിയൊരു സംസ്കാരത്തിനുകൂടി സാക്ഷിയാവുകയാണോ എന്ന് ഭയപ്പെടാൻ നിമിത്തമാവുകയാണ്.

“ബ്രിട്ടനിൽ പഠിക്കാൻപോയ ഒരുകേരളീയ യുവാവിന് മക്ഡൊണാൾഡ്സിൽ വെയിറ്ററായി പാർട്ട് ടൈമ് ജോലി. അവിടെത്തന്നെ പാത്രങ്ങൾ കഴുകി തുടക്കുന്ന വേറൊരു ചെറുപ്പക്കാരനെ ഇയാൾ ദിവസവും കാണുന്നു. മലയാളികൾ ആണെന്നറിയാമായിരുന്നിട്ടും ആദ്യം വന്ന ചെറുപ്പക്കാരൻ പിന്നീടുവന്ന ചെറുപ്പക്കാരനെ കാണുമ്പോൾ മുഖം തിരിച്ചിരിക്കുന്നു. പന്തികേടുതോന്നിയ പുതിയ ആൾ വളരെ പണിപ്പെട്ട് അവന്റെ മുഖം നോക്കിയപ്പോൾ ഞെട്ടിപ്പോയി. പരസ്പരം കണ്ടിട്ടും പഴയവൻ കണ്ടഭാവം നടിച്ചില്ല. ഞെട്ടൽ മാറിക്കിട്ടാൻ പുതിയവൻ വീണ്ടും കുറച്ചുദിവസം മറ്റവന്റെ മുഖം നോക്കി ഉറപ്പുവരുത്തി. അവസാനം ധൈര്യം സംഭരിച്ച് അവനോടു ചോദിച്ചു.

"നീ… ഇന്ന വീട്ടിലെ കുട്ടിയല്ലേ ? എന്തിനാ ഇവിടെ ഇപ്പണി ചെയ്യുന്നത് …?"

"പഠിക്കാൻ വന്നതാ ചേട്ടാ... വേറെ പണിയൊന്നും കിട്ടിയില്ല. നാട്ടിൽ ആരോടും പറയല്ലേ.. "

നാട്ടിലെ വലിയ ധനിക കുടുംബത്തിലെ ചെറുപ്പക്കാരൻ ബ്രിട്ടനിൽപ്പോയി ഹോട്ടലിലെ പാത്രം കഴുകുന്നു. നാട്ടിൽ അവന്റെ വീട്ടിൽ മൂന്നോ നാലോ വേലക്കാരുണ്ടത്രെ?

publive-image

കേരളത്തിൽനിന്നും വിദേശ രാജ്യങ്ങളിലേക്ക് പഠനാവശ്യാർത്ഥം പോകുന്ന മിക്ക ചെറുപ്പക്കാരുടെയും അവസ്ഥ ഏറക്കുറെ ഇങ്ങനെത്തന്നെയാണ്. ജോലിക്കൊപ്പം പഠിത്തവും എന്നതാണ് ലക്ഷ്യം. ഒന്നോ രണ്ടോ മണിക്കൂർ പഠനം. ബാക്കി സമയം ജോലി. കൂടുതൽ കുട്ടികളും അവിടെ കെ.എഫ്.സി. ഔട്ലെറ്റിലും മറ്റും പാത്രം കഴുകലോ, വെയിറ്ററോ, ഓൾഡ് ഏജ് ഹോമിൽ ഹോം നഴ്സോ ഒക്കെയാണ്. ഇങ്ങനെ പല പണികൾ ചെയ്യുന്നു. കേരളത്തിൽ കഷ്ട്ടപ്പെടുന്ന കുടുംബത്തിൽ ജനിച്ചവർപോലും ചെയ്യാൻ അറക്കുന്ന ജോലികൾ!

ജീവിക്കാൻ മാർഗ്ഗമുള്ള നമ്മുടെ ചെറുപ്പക്കാർ ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും ദൈവത്തിന്റെ സ്വന്തം നാടുവിട്ട് എന്തുകൊണ്ട് അമ്മിഞ്ഞപ്പാലിന്റെ ഗന്ധമില്ലാത്ത അപരിചിത ലോകത്തേക്ക് പോവുന്നു എന്നൊരു ചോദ്യം നാമുയർത്തുകയും അതിനുത്തരം കണ്ടെത്തുകയും .ചെയ്യേണ്ടതുണ്ട്.

publive-image

നാട്ടിൽ ജീവിക്കാൻ പേടിയാണ്:

നമ്മുടെ യുവാക്കളിൽ നല്ല ശതമാനത്തിനും ഇവിടെ ജീവിക്കാൻ താല്പര്യമില്ല എന്നതാണ് വാസ്തവം. ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ അവർ വെറുക്കുന്നു. കൈക്കൂലിക്കഥകൾ അവരെ സ്വയം നിന്ദയിലെത്തിക്കുന്നു. പണവും സമയവും മുടക്കി നേടുന്ന ബിരുദങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽപ്പോലും കീറക്കടലാസ്സിന്റെ വിലയില്ലെന്ന് അവർ മനസിലാക്കുന്നു.

പഠിത്തം കഴിഞ്ഞു അർഹത നേടിയാലും സർക്കാർ ജോലി കിട്ടാൻ കൈക്കൂലി കൊടുക്കണം. 15കൊല്ലത്തെ ടാക്സ് ഒന്നിച്ചു കൊടുത്താലും വാഹനമോടിക്കാൻ നല്ലൊരു റോഡോ, പാലമോ ഇല്ല. നികുതികൊടുക്കുന്നവന് പുല്ലുവിലയെയുള്ളൂ. മൂക്കുപൊത്താതെ കയറാൻ പറ്റിയ ഒരു പബ്ലിക് ടോയ്ലറ്റ് പോലുമില്ല. മാലിന്യം കൊണ്ട് റോഡിലിറങ്ങാൻ വയ്യ.

അഴിമതിയിൽ മുങ്ങിക്കിടക്കുന്ന രാഷ്ട്രീയത്തെയും, രാഷ്ട്രീയക്കാരെയും നമ്മുടെ യുവാക്കൾ കണ്ടുമടുത്തു. ഇവിടുത്തെ സ്റ്റേറ്റ് സ്പോൺസേർഡ് മതഭ്രാന്തിനെ അവർക്ക് വെറുപ്പാണ്. പഞ്ചായത്തുമുതൽ കോർപറേഷൻ ഓഫിസുവരെ കൈക്കൂലി നൽകിയാൽ മാത്രമേ അർഹമായ ചെറിയ ആവശ്യങ്ങൾ പോലും പരിഹരിച്ചുകിട്ടൂ. മന്ത്രിമാർ കല്പിച്ചിട്ടൊന്നും കാര്യമില്ല. അവർക്കു കിട്ടേണ്ടത് നമ്മൾ കൊടുത്തില്ലെങ്കിൽ നമ്മുടെ അവകാശങ്ങൾ അവർ പിടിച്ചുവെക്കും.

നാടുവിടാനുള്ള കാരണങ്ങൾ പലത്:

1)യുവാക്കളുടെ നൈസർഗികാവകാശവും സ്വാതന്ത്യമായി ജീവിക്കാനുള്ള മോഹവും പാശ്ചാത്യ രാജ്യങ്ങളിൽ യദേഷ്ടം കിട്ടുന്നു. അവരെ നിരീക്ഷണത്തിന്റെ തടവിലിട്ട് മാനസികമായി പീഡിപ്പിക്കാൻ അവിടെ ആരുമില്ല. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം, വസ്ത്രം ധരിക്കാം, കൂട്ടുകാരുമൊത്തു കറങ്ങാം. വീട്ടുകാരോ/നാട്ടുകാരോ സദാചാര പൊലീസോ അവരെ പിന്തുടർന്ന് വിചാരണ നടത്തുകയോ അടിച്ചു കൊല്ലുകയോ ചെയ്യുന്നില്ല.

2)ഇന്ത്യയിൽ സുലഭമല്ലെങ്കിലും എത്തിപിടിക്കാൻ പ്രയാസമുള്ള വിദ്യാഭ്യാസ സ്വാതന്ത്രം പാശ്ചാത്യ രാജ്യങ്ങളിൽ കിട്ടുന്നു. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പഠിച്ചെടുക്കാൻ സഹായിക്കുന്ന പുതിയ വിഷയങ്ങൾ യൂണിവേസിറ്റി സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. Social Psychology, Organizational Economics, Engineering Management, European Cultural Anthropology. എന്നീ പ്രത്യേക വിഷയങ്ങളിൽ സാങ്കേതിക വൈദഗ്ത്തിലൂന്നിയ പഠനം ലഭിക്കുമെന്നവർ മനസിലാക്കുന്നു. ഒപ്പം ലോകഭാഷ എന്നനിലക്ക് ഇഗ്ളീഷ് കൈകാര്യം ചെയ്യാനുള്ള കഴിവും. പഠിക്കുന്ന നാളുകളിൽ തന്നെ താൻ പഠിക്കുന്ന വിഷയത്തിലൂന്നിയ ജോലി പരിചയം സ്വായത്തമാക്കാനാവും വിധത്തിലാണ് അവിടത്തെ യൂണിവേഴ്സിറ്റികൾ പാഠ്യപദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിൽ അത് സാധ്യമല്ലെന്ന് അവർ വിശ്വസിക്കുന്നു.

3)പഠിത്തം കഴിഞ്ഞാലുള്ള ജോലിസാധ്യത ഇന്ത്യയെ അപേക്ഷിച്ചു അവിടങ്ങളിൽ കൂടുതലാണ്. പ്രത്യേകിച്ച് ശുപാർശയോ കൈക്കൂലിയോ ഇല്ലാതെ തന്നെ പെട്ടന്ന് ജോലികിട്ടുമെന്ന ആത്മവിശ്വാസം അവരിൽ ഉണ്ടാവുന്നു.

4)എല്ലാറ്റിലുമുപരി സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള മോഹം, ആരെയും ഭയപ്പെടാതെ ആരുടേയും നിരീക്ഷണ വലയത്തിൽപ്പെടാതെ പഠിത്തം, ജോലി, കിടത്തം, കളി എന്നിവയിലൂന്നിയുള്ള ജീവിതം നയിക്കാൻ യുവരക്തം കൊതിക്കുന്നു.

5)ഇന്ത്യയിലെ മുരടൻ വ്യവസ്ഥിതികൾക്കു മാറ്റങ്ങൾ വരില്ലെന്ന് യുവ മനസ്സുകൾ മനസിലാക്കുന്നു. അവരുടെയും ലോകത്തിന്റെയും മനസ്സിനൊപ്പം ഉയരാൻ നമ്മുടെ രാജ്യത്തിന്റെ മനസ്സിനാവുന്നില്ല. അവർ അർഹിക്കുന്ന മാന്യത നൽകാൻ സമൂഹം അനുവദിക്കുന്നില്ല. ഓരോ തവണയും വോട്ടു ചെയ്തു ജയിച്ചെത്തുന്നവർ പഴയ നാടകത്തിലെ മറ്റൊരു കഥാപാത്രമായി മാറുന്ന അവസ്ഥക്ക് മാറ്റമുണ്ടാവുന്നില്ല. പുതിയ കുപ്പിയിലെ പഴയ വീഞ്ഞ്നുണയാൻ നവകാലത്തെ ചെറുപ്പക്കാർക്കും ചെറുപ്പക്കാരികൾക്കും താല്പര്യമേ ഇല്ല. യുവത്വം ആഗ്രഹിക്കുന്ന മറ്റൊരു ഇന്ത്യ ഉണ്ടാവില്ലെന്ന തോന്നലാണ് നാടുവിടാൻ അവരെ പ്രേരിപ്പിക്കുന്നത്. ഭരണകൂടം സ്വന്തം പൗരനെ നിരീക്ഷിക്കുന്ന കിരാതാവസ്ഥയിലേക്കാണ് ഇന്നത്തെ ഇന്ത്യയുടെ പോക്ക്.

കുടിയേറ്റത്തിന്റെ തുടക്കം:

അമേരിക്ക, ബ്രിട്ടന് ,ആസ്സ്ട്രെലിയ, കാനഡ എന്നീ രാജ്യങ്ങള് കുടിയേറ്റക്കാരെ സഹര്ഷം സ്വാഗതം ചെയ്യുന്ന രാജ്യങ്ങളാണ്. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമാണ് മേല്പറഞ്ഞ രാജ്യങ്ങൾ കുടിയേറ്റ സൌകര്യങ്ങള് കൂടുതലായി ഒരുക്കിതുടങ്ങിയത്. 1920-മുതല് രണ്ടാം ലോകമഹായുദ്ധം അവസാനിക്കുംവരെ ഒരുപാടു ഇന്ത്യക്കാര് അമേരിക്കയിലേക്ക് കുടിയേറി. മെക്സിക്കോയും ചൈനയും കഴിഞ്ഞാല് ഇന്ന് ഏറ്റവും അധികം കുടിയേറ്റക്കാർ അമേരിക്കയിൽ ഇന്ത്യൻ സമൂഹമാണ്.

നാൽപതു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാർ അമേരിക്കയിലെ വിവിധ സ്റ്റേറ്റ്കളില് പലയിടത്തായി പരന്നു കിടക്കുന്നു. കാലിഫോര്ണിയ, ന്യൂജെഴ്സി, ടെക്സാസ്, ന്യൂയോര്ക്ക്, ഷിക്കാഗോ, സാന് ജോസ്, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ അതിവസിക്കുന്നത്. മറ്റിടങ്ങളിൽ താരതമ്യേന ഇന്ത്യക്കാരുടെ എണ്ണം കുറവാണെങ്കിലും അവരുടെ സാന്നിധ്യം മിക്കവാറും എല്ലായിടത്തും എത്തിയിട്ടുണ്ട്. ഇന്ത്യന് സമൂഹം ഉയര്ന്ന വിദ്യാഭ്യാസം ലഭിച്ചവരും നല്ല ജീവിത സാഹചര്യം ഉള്ളവരുമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ബ്രിട്ടനിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ കുടിയേറിയത്. തലമുറകളായി അവരവിടെ ജീവിക്കുന്നു.അവരുടേതായ സാമ്രാജ്യം കെട്ടിപ്പൊക്കുന്നു.

അമേരിക്കന് സമൂഹത്തിലും, അവരുടെ ശാസ്ത്ര, ഐ.ടി. ,ആരോഗ്യ, ഗവേഷണ മേഘലകളില് ഉന്നതസ്ഥാനങ്ങൾ കരസ്ഥമാക്കിയവരാണ് അധിക ഇന്ത്യക്കാരും. അതുകൊണ്ടുതന്നെ ഇന്ത്യന് ഭരണകൂടം ഇന്ത്യന്-അമേരിക്കന് കുടിയേറ്റക്കാരുടെ കാര്യത്തിൽ പ്രത്യേകമായി ശ്രദ്ധിക്കുന്നു.

പ്രതിഫലിക്കുന്ന ഭരണകൂട വിവേചനം :

ഗള്ഫ് രാജ്യങ്ങളില്നിന്നുള്ള ഇന്ത്യക്കരോടുള്ള അവഗണനാ മനോഭാവം പശ്ച്യാത്യ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹത്തോട് നമ്മുടെ ഭരണകൂടം കാണിക്കുന്നില്ല. പശ്ച്യാത്യരാജ്യങ്ങളുടെ വികസനത്തിൽ ഇന്ത്യൻ സമൂഹം നിസ്തുലമായ പങ്കുവഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചു ഇന്ഫോര്മേഷൻ ടെക്നോളജിയുടെ രംഗത്ത്. അതോടൊപ്പം ഇന്ത്യയിലെ ഐ.ടി.വികസനത്തിലും അവരുടെ കയ്യൊപ്പ് ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട്. എന്നിരുന്നാലും വികസനത്തിനും കണ്ടുപിടിത്തങ്ങളുടെ കാര്യത്തിലും നമ്മളിന്നും അരനൂറ്റാണ്ട് പുറകിലാണെന്നകാര്യത്തില് തര്ക്കമില്ല. അതിനുത്തരവാദികൾ ദീര്ഘവീക്ഷണമുള്ള, അരാഷ്ട്രീയക്കാരായ, അഴിമതിരഹിത ഭരണാധികാരികൾ ഇന്ത്യക്ക് ഇല്ലതെപോയതാണ്.

ഐ ടി രംഗത്ത് ചന്ദ്രബാബു നായിഡുവിനെ പോലുള്ള മുഖ്യമന്ത്രിമാർ നമ്മുടെ നാടിനു നല്കിയ സംഭാവന അതീവ പ്രശംസനീയമാണ്. അതുകൊണ്ടാണ് അദ്ധേഹത്തിന്റെ നാട്ടുകാർ അമേരിക്കയിൽ കൂടുതലായി ചേക്കേറിയത്. ഇന്ഫോര്മേഷൻ ടെക്നോളജിയുടെ നൂതന വശങ്ങൾ ചന്ദ്രബാബു നായിഡുവിലൂടെ സംസ്ഥാനത്തിന് ലഭ്യമായിതുടങ്ങിയതും സ്വന്തം നാട് വികസനത്തിലേക്ക് കുതിച്ചുകയറിയതും അങ്ങനെയാണ്.

ഇന്ത്യക്കാർ എന്തുകൊണ്ട് അന്യനാട്ടിൽ വാഴുന്നു:

പണ്ടുമുതലേ സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണ്: “എന്തുകൊണ്ട് ഇന്ത്യക്കാർ അമേരിക്കയിലേക്കും ഇതര യൂറോപ്യൻ രാജ്യങ്ങളിലേക്കും കുടിയേറാനും അവിടെ സ്ഥിരംതാമസമാക്കാനും വെമ്പല്കൊള്ളുന്നെന്ന്?”. ജനിച്ചുവളര്ന്ന സ്വന്തം നാടും വീടുംവിട്ടു കണ്ണെത്താദൂരത്ത് കൂട്ടുകുടുംബബന്ധങ്ങളെപോലും ഇട്ടെറിഞ്ഞു എന്തിനുവേണ്ടി അവർ അന്യരാജ്യത്ത് കുടിയേറുന്നു??.

ഈ ചോദ്യങ്ങൾക്കുള്ള മറുപടി തേടികൊണ്ടിരിക്കെ അവിചാരിതമായി “വെങ്കിട്ട് ആൻകാം ” എന്ന ഒരു ഇന്ത്യക്കാരന് നടത്തിയ പഠന റിപ്പോര്ട്ട് കാണാൻ ഇടയായത്. “Is settling in the USA worth it for Indians” .(ഇന്ത്യക്കാർ അമേരികയിൽ കൂടിയേറുന്നത് ഗുണകരമാണോ?) വായിച്ചപ്പോൾ തികച്ചും അനിവാര്യമായ ഒരു പഠനമാണ് അദ്ദേഹം നടത്തിയത് എന്നെനിക്കു തോന്നി. പ്രത്യേകിച്ചു പുതിയ തലമുറ അമേരിക്ക/യൂറോപ്പ് എന്ന വലിയ സാമ്രാജ്യങ്ങൾ സ്വപ്നം കാണുന്ന ഈ മാറിയ കാലഘട്ടത്തില്.

തൊണ്ണൂറ്റിയഞ്ചു ശതമാനം ഇന്ത്യക്കാരും അമേരിക്കയിൽ/യൂറോപ്പിൽ സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്നവരാണെന്ന അത്ഭുതസത്യമാണ് പഠനത്തില്കാണുന്നത്. ശേഷിക്കുന്ന അഞ്ചു ശതമാനം മാത്രമാണ് ജനിച്ച നാട്ടിലേക്ക് പോവാൻ ആഗ്രഹിക്കുന്നവർ. ചിലപ്പോൾ ശവപ്പെട്ടികളിൽ!!

പിരിമുറുക്കമില്ലാത്ത ജീവിതം:

എന്തുകൊണ്ട് ഇന്ത്യക്കാര് അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറുന്നു എന്ന ചോദ്യത്തിനു ഒറ്റ ഉത്തരമാണ് അവര്ക്ക് നല്കാനുള്ളത്: “അധിക വരുമാനം, കൂടുതല് സമ്പാദ്യം അതിലുപരി പിരിമുറുക്കമില്ലാത്ത സുഖജീവിതം.”

ഇന്ത്യയിൽ സാധാരണ ഇന്ത്യക്കാരൻ നേരിടുന്ന യാതൊരുവിധ അലോസരങ്ങളും അവിടങ്ങളിൽ ഒരാള്ക്കും നേരിടേണ്ടി വരില്ല. സ്വസ്ഥമായ മാനസികാവസ്ഥയും “പിരിമുറുക്കമില്ലാത്ത” ജീവിതവും ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ഗള്ഫിലായാലും, ലോകത്തിലെവിടെയയാലും മനുഷ്യർ ആഗ്രഹിക്കുന്നത് സ്വസ്ഥമായ ജീവിതമാണ്. അത് നല്കാന്കഴിയുന്ന രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ് ഇന്നത്തെ യുവതയുടെ ലക്ഷ്യം. താങ്കളാഗ്രഹിക്കുന്ന സ്വസ്ഥതയും, മനസ്സമാധാനവും ഇന്നത്തെ ഇന്ത്യയിൽ യുവതക്ക് ലഭിക്കുന്നില്ല എന്ന തോന്നൽ അവരുടെ അസ്വസ്ഥതക്ക് ആക്കം കൂട്ടുന്നു.

കുടിയേറ്റക്കാരെ സ്നേഹിക്കുന്നവർ:

അഭയം തേടിയെത്തിയവര്ക്ക് വിട്ടുപോവാൻ മനസ്സില്ലാത്തവിധം ഈ രാജ്യങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, വളര്ത്തി വലുതാക്കുന്നു, യാതൊരു വിവേചനവും കാണിക്കാതെ സ്വന്തം കുഞ്ഞായി ശുശ്രൂഷിക്കുന്നു. സ്വസ്ഥവും, സമാധാനവുമുള്ള തലോടലുകള്കൊണ്ട് നിങ്ങളെ താലോലിക്കുന്നു. അതാണ് 95 ശതമനക്കാരും പാശ്ചാത്യനാടുകൾ വിട്ടുപോവാത്തത്. ഈ മണ്ണില് തന്റെ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നത്.

ലീഗല് സ്റ്റാറ്റസ് ഉള്ള ഏതൊരു മനുഷ്യനും വിവേചനമില്ലാതെ അവിടങ്ങളിൽ ജീവിക്കാം. തൊലിയുടെ നിറമോ പണത്തിന്റെ ഏറ്റകുറച്ചിലോ ഇവിടെ ആരെയും വേര്തിരിക്കുന്നില്ല. ഇഷ്ടം പോലെ ജീവിക്കാം , ആരും ആരെയും ശ്രദ്ധിക്കുന്നില്ല. വീടുകള്ക്കുമുമ്പിൽ മതിലുകൾ കെട്ടി വേര്തിരിക്കാത്തപോലെ അവരുടെ മനസ്സുകളിലും മതിലുകള് കെട്ടുന്നില്ല.

publive-image

(ഇന്ത്യൻ അമേരിക്കക്കാരുടെ സ്വന്തമായ വീട്)

അവര് സ്വതന്ത്രരാണന്നും, ആവശ്യനിര്വഹണത്തിനായി ആരുടേയും ശുപാര്ശകളോ, കൈകൂലിയോ കൊടുക്കെണ്ടതില്ലന്നും അവർ മനസിലാക്കുന്നു. രാക്ഷ്ട്രീയ വേര്തിരിവുകൾ ഒട്ടും ഇല്ലന്നുതന്നെ പറയാം. വിരല് തുമ്പിൽ നിങ്ങളുടെ നിത്യവൃതികൾ നടക്കുന്നു. വെള്ളം, കരണ്ട്, എല്ലാം സുലഭം. ഭരണകൂടം നിങ്ങളുടെ ഓരോ കാര്യത്തിലും ശ്രദ്ധചെലുത്തുന്നു. ആശുപത്രികൾ ആരോഗ്യകാര്യത്തിൽ അതീവ ജാഗ്രത പുലര്ത്തുന്നു. മേത്തരം ചികിത്സലഭ്യമാവും വിധം അവര് പൌരന്മാരെ ശുശ്രൂഷിക്കുന്നു. ആശുപത്രികൾ 99 ശതമാനവും സ്വകാര്യ മേഖലയിലാണുള്ളത്. അതുകൊണ്ടു തന്നെ ഇൻഷുറൻസില്ലാത്തവർക്ക് ചികിൽസ ലഭിക്കില്ല. അത്യാഹിത വിഭാഗത്തിലൊഴികെ.

കുട്ടികളുടെ പഠനകാര്യത്തിലും സ്റ്റേറ്റ് നിങ്ങളെ ആവോളം സഹായിക്കുന്നു. പഠനത്തിന്റെ മെരിറ്റ് അനുസരിച്ച് ഏതു യൂണിവേര്സിറ്റിയിലും നിങ്ങള്ക്ക് പഠിക്കാനുള്ള സൌകര്യം സര്ക്കാർ തന്നെ ഒരുക്കുന്നു. പന്ത്രണ്ടാം ക്ലാസ്സില് പഠിച്ചു കൊണ്ടുതന്നെ നിങ്ങള്ക്ക് ഇഷടമുള്ള യൂണിവേഴ്സിറ്റിയില് നിലവിലുള്ള ഗ്രേഡ് അനുസരിച്ച് സീറ്റുകൾക്ക് അപേക്ഷിക്കാം. ഇന്ത്യയിൽ ഇപ്പോൾ നടപ്പിലാക്കാൻ പോവുന്ന 5+3+3+4 വിദ്യാഭ്യാസ സംവിധനം വർഷങ്ങളായി അവിടങ്ങളിൽ നിലനിൽകുന്നു. മെഡിക്കല്-എഞ്ചിനീയറിംഗ് എന്റ്രന്സ് കടമ്പകൾ ഒട്ടും ഇല്ല.

ക്യാപിറ്റെഷന് ഫീ ഇല്ല. ശുപാര്ശയോ കൊഴയോ വേണ്ട. വരുമാനം കുറഞ്ഞവര്ക്ക് സ്റ്റേറ്റ് തന്നെ സ്കോളര്ഷിപ്പ് കൊടുത്തു പഠിപ്പിക്കുന്നു. പതിനാറുവയസ്സ് കഴിഞ്ഞ ആണ്കുട്ടിക്കും പെണ്കുട്ടികള്ക്കും പഠിച്ചുകൊണ്ടിരിക്കെ പാര്ട്ട് ടൈം ജോലി ചെയ്യാം. ട്യൂഷന് ഒട്ടും ഇല്ല. പഠിത്തത്തിൽ കുറവുള്ള കുട്ടികള്ക്ക് സ്കൂൾ സമയം കഴിഞ്ഞാൽ “സ്റ്റേ ബാക്ക്” ചെയ്തു അധ്യാപകരെ സമീപിക്കാം. കുട്ടികൾക്കു ആവശ്യമായ അറിവുകൾ പകർന്നു കൊടുക്കാൻ അധ്യാപകർ സദാ സന്നദ്ധരാണ്.

വിദേശരാജ്യങ്ങളിലെ പെൻഷനും തൊഴിലില്ലാവേതനവും:

പൌരന്മാർക്ക് അറുപതു കഴിയുന്നതോടെ സോഷ്യലൽ സെകൂരിറ്റി സ്കീമിൽ നിന്നും നിശ്ചിത തുക ബാങ്കിൽ നിങ്ങളറിയാതെ വരുന്നു. ഏതൊരു പൌരനും അവന്റെ ജോലി ഇല്ലാത്ത സമയത്ത് മാസവേതനം ലഭ്യമാവും വിധത്തില് സര്ക്കാർ അറിഞ്ഞുകൊണ്ട് അന്നം നല്കുന്നു. അറുപതുവയസ്സ് കഴിഞ്ഞ എല്ലാ പൌരൻമാർക്കും തുല്യ നീതി ലഭിക്കുന്നു. (ഇന്ത്യയിൽ ഇത്തരം ഒരു നീതി വരുമോ? വൺ ഇന്ത്യ വൺ പെൻഷൻ ഓരോ ഇന്ത്യക്കാരുടെയും സ്വപ്നമാണ്).

വരുമാനം കുറഞ്ഞ പവപ്പെട്ടവർക്ക് എല്ലാമാസവും “ഫൂഡ്കൂപ്പൺ” വിതരണം ചെയ്യുന്നു. അതുപയോഗിച്ച് നിശ്ചിത അളവിൽ ഭക്ഷ്യ സാധനങ്ങൾ എല്ലാ സൂപ്പർ മാർക്കറ്റിൽ നിന്നും ലഭിക്കും. പൗരന്മാർക്ക്മാത്രമല്ല ഫുഡ്കൂപ്പൺ ലഭിക്കുക, തൊഴിലില്ലാതെ അലഞ്ഞുതിരിയുന്ന ഏതൊരാൾക്കും ഭക്ഷ്യ കൂപ്പൺ ലഭ്യമാണ്. സോഷ്യൽ വെൽഫെയർ ഓഫീസിൽ അപേക്ഷിക്കണമെന്നു മാത്രം.

ജോലിയുള്ള കാലത്ത് നിങ്ങളില് നിന്നും ഈടാക്കുന്ന ടാക്സ് മറ്റൊരു രൂപത്തില് പൌരന്മാരിൽ തന്നെ വന്നു ചേരുന്നു. പ്രസവം കഴിഞ്ഞു കുഞ്ഞുമായി വീട്ടിലേക്കു പോകുംമുമ്പ് നിങ്ങുടെ കാറിൽ ബേബി സീറ്റ് ഘടിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷമേ കുഞ്ഞിനെ നിങ്ങളെ ഏൽപ്പിക്കുള്ളൂ. അഥവാ സീറ്റില്ലെങ്ങിൽ ഹോസ്പിറ്റൽതന്നെ അതിനുള്ള സംവിധാനം ചെയ്യും..

സൌകര്യത്തിന്റെയും സ്നേഹത്തിന്റെയും സവിശേഷതകള്കൊണ്ട് ഓരോ പൌരനേയും അവർ സന്തോഷിപ്പിക്കുന്നു.

ഇവയൊക്കെ ലഭ്യമാവാന് ആരുടേയും കൈയും കാലും പിടിക്കേണ്ട ആവശ്യമില്ലന്നതാണ് അതിലേറെ പ്രത്യേകത. ഒരു രാക്ഷ്ട്രീയ പാർട്ടിയെയും സമീപിക്കേണ്ടതില്ല. അതൊക്കെ പൌരന്മാരുടെ അവകാശമാണ് അല്ലാതെ സർകാരിന്റെ ഔദാര്യമല്ല. ഭരണഘടന നൽകുന്ന ഉറപ്പാണ്.

“പിന്നെ ഞങ്ങൾ എന്തിനു ഈ നാട് വിട്ടു പോവണം. ഞങ്ങൾക്ക് ഈ രാജ്യം ഒരു പറുദീസയാണ്. മറ്റുള്ളവന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്ന വഷളൻ രീതി ഇവിടെ ആർക്കുമില്ല”

കേരളത്തിന്റെ വന്ധ്യംകരിക്കപ്പെട്ട യുവത.

കേരളം കച്ചവടം ചെയ്യാൻ പറ്റിയ സ്ഥലമല്ലെന്ന് യുവാക്കൾ ഭയക്കുന്നു. യൂണിയനുകൾ അകാരണമായി സ്ഥാപനങ്ങൾ പൂട്ടിക്കുന്നതും ആക്രമിക്കുന്നതും ഇവിടെ ഒറ്റപ്പെട്ട സംഭമല്ലാതായിരിക്കുന്നു. രാക്ഷ്ട്രീയ സംഭാവനയും, നോക്കുകൂലിയും കൊടുത്തില്ലെങ്കിൽ ഇവിടെ ഒരു സംരംഭവും വിജയിക്കില്ലന്നു അവർ മനസിലാക്കുന്നു. വെറുതെയിരുന്നാൽ പോലും മാസാമാസം ലക്ഷങ്ങൾ കയ്യിൽക്കിട്ടുന്ന സ്വന്തം കുടുംബബിസിനസ്സുകൾ മുന്നോട്ടു കൊണ്ടുപോകാൻ യുവാക്കൾക്ക് ഭയമാണ്.

കാരണം, സ്വന്തം കൈയിലെ കാശ് കൊടുത്തു ബിസിനസ് നടത്താൻ എന്തിനു രാഷ്ടീയക്കാർക്ക് സംഭാവന നൽകണം, എന്തിന് അവരുടെമുന്നിൽ ഓച്ഛാനിച്ചു നിൽക്കണം, സർക്കാർ ഓഫിസുകൾ കയറിയിറങ്ങി ചെരുപ്പ് തേയ്ക്കണം എന്നവർ ചോദിക്കുമ്പോൾ നമുക്ക് ഉത്തരം മുട്ടുന്നു. ഇവിടത്തെ വൻകിട കച്ചവടക്കാരുടെ നിലനിൽപുപോലും രാക്ഷ്ട്രീയക്കാരുടെ ഔദാര്യത്തിലാണ്. അവർ നൽകുന്ന ഭീമമായ സംഭാവനകൾകൊണ്ടാണ് പാർട്ടിയെ ഊട്ടി പൊറ്റുന്നത്.

നെറിയുള്ള ആർക്കും നെറികേടാതെ ഇവിടെ ജീവിക്കാനാവുന്നില്ല. ഇവിടെ ടാക്സ് വെട്ടിക്കുന്നവനും, കഞ്ചാവും, കള്ളക്കടത്തും തീവ്രവാദവും കച്ചവടം ചെയ്യുന്നവനും മാത്രമേ ജീവിക്കാൻ പറ്റൂ എന്നവർ കരുതുന്നു. പണക്കാരനും രാക്ഷ്ട്രീയക്കാർക്കും ഒരുനീതി, മറ്റുള്ളവർക്ക് മറ്റൊരു നീതി. പാവപ്പെട്ടവന്റെ പക്ഷം ശരിയാണെങ്കിൽ പോലും അവന് കോടതികളിൽ പോലും നീതി ലഭിക്കുന്നില്ല. എല്ലാം വിലക്കുവാങ്ങുന്ന ഒരു വർഗം ഇവിടെ വളർന്നു വരുന്നതായി യുവ മനസ്സുകൾ ആശങ്കപ്പെടുന്നു. രാഷ്ട്രീയക്കാർക്കും, പോലീസിനും, ഭരണകൂടത്തിനുമൊക്കെ പഥ്യം പണക്കാരോടാണ്

സ്വസ്ഥത കാംക്ഷിച്ച് നാടുവിടുന്നവർ:

പുതിയ തലമുറയ്ക്ക് വേണ്ടത് സമാധാനമാണ്, സ്വാതന്ത്ര്യമാണ്. വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്ന, രാജ്യത്തെ മുൻനിര യിലെത്തിക്കാൻ കല്പുള്ള ഭരണകൂടങ്ങളെയാണ്. അന്തിചർച്ചയിൽ സ്വപ്നയുടെയും, സരിതയുടെയും, ദിലീപിന്റെയും പിന്നാലെ നടക്കുന്ന മാധ്യമങ്ങളെ അവർക്കു പുച്ഛമാണ്. ചാനൽ മുറിയിലിരുന്ന് തമ്മിലടിക്കുന്ന അന്തസ്സില്ലാത്ത വാചക കസ്രത്ത് കളിക്കുന്ന നപുംസകങ്ങളെ അവർക്കിഷ്ട്ടമില്ല. ഹീജാബും, കാവിഷാളും, ഹലാൽ ഭക്ഷണവും, പൗരത്വത്തിന്റെ വേർതിരിവും അവരെ ഭയപ്പെടുത്തുന്നു. പഴയ ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും ചരിത്ര ഭൂമിയിലേക്ക് കൊണ്ടുപോവാൻ അവർ ഇഷ്ടപ്പെടുന്നില്ല.

നാല് വോട്ടിനുവേണ്ടി നാട്ടിൽ ജാതിമത ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയക്കാരെ അവർക്കു വെറുപ്പാണ്. ഇന്നില്ലെങ്കിൽ നാളെ ഈ നാട് ഒരു സായുധവിപ്ലവത്തിലേക്ക് എത്തിച്ചേരുമോ എന്ന് അവർ ഭയപ്പെടുന്നു. അയൽ രാജ്യമായ ശ്രീലങ്കയിൽ സംഭവിക്കുന്നത് ഭരണകൂടത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന തിരിച്ചറിവ് അവർ മനസിലാക്കുന്നു. ഒച്ചപ്പാടില്ലാത്ത, ബഹളമയമല്ലാത്ത സ്വസ്ഥവും അന്തസ്സുമുള്ള ജീവിതമാണ് അവരാഗ്രഹിക്കുന്നത്.

ഭരണീയർ മനസ്സിലാക്കേണ്ടത് :

ഇതൊക്കെ നന്നായറിയാവുന്നവരാണ് നമ്മുടെ ഭരണീയർ, അതുകൊണ്ടാണ് എഴുപത്തഞ്ചു് കഴിഞ്ഞിട്ടും അവർ ഭരണത്തിൽ തുടരുന്നത്. യുവതയെ ഏഴയലക്കം നിർത്തി ഭരണ സാരഥ്യം കയ്യിലൊതുക്കുന്നത്. ഭരിക്കുന്നവരാവട്ടെ അവരുടെ മക്കളെ നേരത്തെതന്നെ വിദേശങ്ങളിലേക്കയച്ചു പഠിപ്പിച്ച് പ്രാപ്തരാക്കുന്നു.

യുവാക്കളുടെ കൊഴിഞ്ഞുപോക്ക് കേരളത്തെ ഒരു വൃദ്ധസദനമാക്കും. ഇപ്പോൾത്തന്നെ നമ്മളറിയുന്ന ഒട്ടുമിക്ക കുടുംബങ്ങളിലും അച്ഛനമ്മമാർ തനിച്ചാണ്. ലക്ഷക്കണക്കിന് വീടുകളിൽ ആൾതാമസമില്ലാത്ത ഒഴിഞ്ഞുകിടക്കുന്നു. ജീവിക്കാൻ മാർഗ്ഗമുള്ള വീടുകളിൽപ്പോലും കുട്ടികൾക്കു താൽപ്പര്യം ഇല്ലാത്തതിനാൽ നാട്ടിലെ സ്വത്തുക്കൾ അന്യാധീനപ്പെട്ടു പോകുന്നു. വാർദ്ധക്യം മാതാപിതാക്കളെ സംബന്ധിച്ച് ഒരു പേടിസ്വപ്നമാകുന്നു. മോർച്ചറികളിൽ തണുത്തുവിറച്ചു മക്കളെയും കാത്തുകിടക്കുന്ന രക്ഷിതാക്കൾ വല്ലാത്തൊരു നൊമ്പരകാഴ്ച്ചയാണ്.

നേരിടാൻ പോകുന്ന സാമൂഹിക വിപത്ത് :

സമാധാനവും സ്വസ്ഥതയും തേടിപ്പോകുന്ന യുവതയെ നാട്ടിൽ പിടിച്ചുനിർത്തിയില്ലെങ്കിൽ ചിന്തയും മൂല്യബോധവുമുള്ള സമൂഹം കേരളത്തിന് നഷ്ടപ്പെടും. അവരെ പ്രാപ്തരാക്കണമെങ്കിൽ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം മാറ്റിയെഴുതണം. ഇളം പ്രായത്തിൽതന്നെ രാക്ഷ്ട്രീയത്തിന്റെയും മതഭ്രാന്തിന്റെയും വാക്സിൻ കുത്തിവെക്കുന്ന രീതിയിൽ മാറ്റം വരുത്തണം. വാർദ്ധക്യത്തിലേക്കു കാലെടുത്തുവെച്ച രാക്ഷ്ട്രീയ നേതൃത്വം യൗവ്വനത്തിനു വഴിമാറിക്കൊടുക്കണം.

രാക്ഷ്ട്രീയ നേതൃത്വവും ഭരണകൂടവും അതിശീക്രം ഈ സാമൂഹിക വിപത്തിനെ തിരിച്ചറിയണം. ചൈനയടക്കമുള്ള ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും യുവതയെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം പദ്ധതികൾ നടപ്പിലാക്കിക്കഴിഞ്ഞു. അവിടങ്ങളിൽനിന്ന് സ്വസ്ഥതതേടി യൗവ്വനയുക്തരായവർ സ്വന്തം നാടുപേക്ഷിച്ചുപോവുന്നില്ല. വിദ്യാഭാസത്തോടൊപ്പം തൊഴിൽ നൽകുന്ന പദ്ധതികൾ അവിടങ്ങളിൽ ഇതിനകം നടപ്പിൽ വരുത്തിയിട്ടുണ്ട്.

രാക്ഷ്ട്രീയ പോരാട്ടങ്ങളും തമ്മിൽതല്ലും നിർത്തലാക്കി കേരളം നേരിടാൻ പോവുന്ന ഒരു സാമൂഹിക വിപത്തിനെ പരിഹരിക്കാനുള്ള മാർഗങ്ങൾ താമസംവിനാ നടപ്പിലാക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. ഇരുപത്തഞ്ചുകൊല്ലം മുമ്പ് നമ്മുടെ ഭരണീയർ ഇതൊക്കെ മനസ്സിലാക്കിയിരുന്നെങ്കിൽ ഇന്ന് നമ്മെ ഭരിക്കുന്നവർ എഴുപത്തഞ്ചു പിന്നിട്ട വയസ്സന്മാരായ ഭരണാധികാരികൾ ആവില്ലായിരുന്നു. യുവാക്കളുടെ കൈകളിൽ ഈ രാജ്യം വെട്ടിത്തിളങ്ങുമായിരുന്നു. ആധുനികതയുടെയും നൂതനസാങ്കേതിക വിദ്യയുടെയും ആട്ടുതൊട്ടിലാവുമായിരുന്നു ഇന്ത്യയും പ്രത്യേകിച്ച് കേരളവും.

ഹസ്സൻ തിക്കോടി, hassanbatha@gmail.com Phone:9747883300

 

Advertisment