Advertisment

മണൽക്കാടും മരുപ്പച്ചയും (രണ്ടാം ഭാഗം)

author-image
admin
Updated On
New Update

ഹസ്സൻ തിക്കോടി

Advertisment

publive-image

സി.എച്ചിന് രാജകീയ വരവേൽപ്പ് -11-

“കുടിലിൽ നിന്ന് കൊട്ടാരത്തിലേക്കു” പോയവരുടെ എണ്ണം വളരെ ചുരുക്കമാണ്. കേവലം ഒരു ഭാഷാ ശൈലിക്കപ്പുറത്തു ഈ പ്രയോഗത്തിന് അർത്ഥവ്യാപ്തിയുണ്ടെന്നു തെളിയിച്ചവരിൽ ഒന്നാമനാണ് അമേരിക്കൻ പ്രസിഡണ്ടായിരുന്ന “എബ്രഹാം ലിങ്കൺ.” അമേരിക്കയിലെ കെന്റക്കി സ്റ്റേറ്റിൽ ഹാർഡിൻ ഗ്രാമത്തിലെ ഒരു ഒറ്റമുറി വീട്ടിൽ സാധാരണക്കാരനായി ജനിച്ച എബ്രഹാം ലിങ്കനു അദ്ദേഹത്തിന്റെ ഒമ്പതാം വയസ്സിൽ 'അമ്മ മരിച്ചു. പിന്നീട് വളർത്തമ്മയുടെ പരിലാളനയിൽ വളരെ കഷ്ടപ്പെട്ട് വളർന്ന ലിങ്കൺ അമേരിക്കയിലെ ആഭ്യന്തര യുദ്ധത്തിൽ സജീവ പങ്കു വഹിക്കുകയും അവിടെ നിലനിന്ന “അടിമക്കച്ചവടം” പാടെ നിർത്തലാക്കുകയും ചെയ്തുകൊണ്ട് ലോകത്തിന്റെ നെറുകയിൽ വിരാജിക്കപ്പെട്ടു. അതോടെ വൈറ്റ് ഹൗസിലേക്കുള്ള ലിങ്കന്റെ വരവ് ഒരു യുഗത്തിന്റെ മാറ്റം കുറിക്കലായിമാറിയത് ചരിത്ര നിയോഗം. അന്നത്തെ അമേരിക്കൻ പത്രങ്ങളുടെ തലക്കെട്ടുകൾ എബ്രഹാം ലിങ്കണെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു പുറത്തിറങ്ങിയത്. Abraham Lincoln: “From the log house to the white house“ (1861).

publive-image

(മുൻ അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കന്റെയും കുടുംബത്തിന്റെ വാക്സ് പ്രതിമക്കുമുമ്പിൽ ലേഖകൻ ഹസ്സൻ തിക്കോടി-അമേരിക്കൻ സന്ദർശന വേളയിൽ)

ഒരു പക്ഷെ, ഈ പദപ്രയോഗത്തിനു കേരളത്തിൽ അർഹനായ ഒരേ ഒരു വ്യക്തി മഹാനായ സി.എച്.മുഹമ്മദ് കോയ എന്ന അത്തോളിക്കാരൻ മാത്രമായിരിക്കും. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സി.എച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയും, ഉപമുഖ്യമന്ത്രിയും, വിദ്യാഭ്യാസമന്ത്രിയും സ്പീക്കറും, എം.പി.യുമൊക്കെയായിമാറിയതു കേരളത്തിന്റെ ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടതാണ്. യാതൊരു രാക്ഷ്ട്രീയ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഒരു ഗ്രാമീണ ബാലൻ അത്യുന്നതങ്ങളിലെത്തിച്ചേരുക മാത്രമല്ല അത് കേരളീയ സമൂഹത്തിനു പ്രദാനം ചെയ്ത നേട്ടങ്ങൾ ഏറ്റവും മഹത്തരമായി മാറിയത് അസാധാരണ സംഭവമാണ്.

സി.എച്ചിന്റെ കുവൈറ്റ് യാത്ര:

1975 ഡിസംബർ 20 -നു അർധരാത്രിയാണ് സി.എച്ചും, ഇബ്രാഹിം സുലൈമാൻ സേട്ടുവും, ബി.പി.അബ്ദുല്ലക്കോയയും, പി.സീതിഹാജിയും കുവൈറ്റിൽ എത്തുന്നത്. നേരത്തെ നിശ്ചയിച്ച തിയ്യതി ചില കാരണങ്ങളാൽ മാറ്റേണ്ടിവന്നതിനാലും വലിയപെരുന്നാൽ അവധിയായതിനാലും യാത്രയുടെ പുതുക്കിയ തിയ്യതി കുവൈറ്റ് ഫോറിൻ മിനിസ്ട്രിക്ക് നേരത്തെ അറിയാൻ സാധിച്ചില്ല. അതോടെ എയർപോർട്ടിൽ ഒരുക്കേണ്ട രാജകീയ സ്വീകരണം സാധിക്കാതെ പോയി. നലോഅഞ്ചോ പേരടങ്ങിയ ചില സുഹൃത്തുക്കൾ മാത്രമായിരുന്നു ആ തണുത്ത പാതിരാവിൽ എയർപോർട്ടിൽ എത്തിയത്.

ഈദ് അവധിയായതിനാൽ ഭരണകൂടത്തിന്റെ പ്രതിനിധികളൊന്നും അവിടെഎത്തിയില്ല. അതുകൊണ്ട് കുവൈറ്റിലെ ആദ്യരാത്രി വലിയ ഒരുക്കങ്ങൾ ഇല്ലാത്ത സാമാന്യം ചെറിയ “കാൾട്ടൻ ഹോട്ടലിൽ” കഴിയേണ്ടിവന്നു. ഇന്ത്യൻ സംഘം എത്തിയ വിവരമറിഞ്ഞ എംബസിയും കുവൈറ്റ് പ്രതിനിധിയും അടുത്തദിവസം രാവിലെ ക്ഷമാപണവുമായെത്തി. നിറഞ്ഞ പുഞ്ചിച്ചിരിയോടെ സി.എച്ച്. തെറ്റ് നിങ്ങളുടേതല്ല ഞങ്ങളുടേതാണെന്ന് അവരെ അറിയിച്ചു. ഉടനെത്തന്നെ എല്ലാവരെയും കുവൈറ്റ് “ഷെറാട്ടൺ ഹോട്ടലിലേക്ക്” മാറ്റുകയും അവർക്കു യാത്രചെയ്യാനായി സി.എച്ചിന്റെ ഭാഷയിൽ പറഞ്ഞാൽ “രണ്ടു ചലിക്കുന്ന കൊട്ടാര” കാറുകൾ ഏർപ്പാട് ചെയ്യുകയും ചെയ്തു. അങ്ങനെ കുവൈറ്റ് സർക്കാരിന്റെ ഔദ്യോഗിക അതിഥികളായി ഒരാഴ്ചക്കാലം കഴിഞ്ഞു.

ഗൾഫ് യാത്രക്കിടെ സി.എച്ച്. എഴുതിയ യാത്രാവിവരണത്തിലെ ഒന്നാം ലക്കം അവസാനിപ്പിച്ചത് ഇങ്ങനെയാണ്: (ഡിസംബർ) “21-നു രാവിലെ ചൊക്ലി സ്വദേശി റിയാസു ഞങ്ങളെ വന്നു കണ്ടു. പിന്നീട് കൂവൈറ്റിൽ നിന്നും പോരുന്നതുവരെയുള്ള ഞങ്ങളുടെ മുഴുവൻ പരിപാടിയും റിയാസിന്റെ നിയന്ത്രണത്തിലായിരുന്നു. രണ്ടാമത്തെ ദിവസം ഞങ്ങളുടെ കൂടെ എല്ലായിടത്തും വന്നത് .മി. അബ്ദുറഹ്മാൻ (എടക്കര) ആയിരുന്നു. കുവൈറ്റിൽ വരുന്നവർക്ക് മറക്കാൻ കഴിയാത്ത എന്റെ സുഹൃത്തുക്കൾ ഐദീദ് സഹോദരന്മാരും “ചന്ദ്രിക വാരികയുടെ കുവൈറ്റ് സ്പെഷ്യലിലും മറ്റും എഴുതിയിരുന്ന നമുക്ക് സുപരിചിതനായ ഹസ്സൻ തിക്കോടി, മമ്മദ്, കെ.പി. മൊയ്തീൻ വി.കുഞ്ഞബ്ദുള്ള മുതലായവരും ആദ്യ ദിവസംതന്നെ ഹോട്ടലിൽ വന്നു ഞങ്ങളുമായി കുശലപ്രശനം നടത്തി…..”

publive-image

(സി.എച്ച്.മുഹമ്മദ് കോയ)

അന്നുമുതൽ സി.എച്ച് എന്റെ അഭിവന്ദ്യ സുഹൃത്തും വഴികാട്ടിയുമായിരുന്നു. അദ്ദേഹത്തിന്റെ ആവിഷ്ക്കാരമേഖലകൾ പലതാണ്. രാക്ഷ്ട്രീയം, പ്രസംഗം, എഴുത്ത്. അതിൽ എന്നെ ആകർഷിച്ചത് എഴുത്തും പ്രസംഗവുമാണ്. അദ്ദേഹത്തോടൊപ്പം ചിലവഴിച്ച മണിക്കൂറുകളിൽ ഞാനൊരു വിദ്യാർത്ഥിയായി മാറി. ഏതൊരു വിഷയത്തിലുമുള്ള അദ്ദേഹത്തിന്റെ അഗാധജ്ഞാനം എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. 1983-ൽ ഹൈദരാബാദിൽ ആകസ്മികമായി അവസാനിച്ച ആ മഹത്സാന്നിദ്യം ഇന്നും അവസാനിക്കാത്ത ഓർമ്മയായി എന്നോടൊപ്പമുണ്ട്.

“മിസ് മേനേജ്മെന്റ്” കൊണ്ട് ഉണ്ടറുതിപ്പറമ്പുപോലെ ആയിത്തീർന്ന “ചന്ദ്രിക”യെ ഒന്ന് പച്ചവെപ്പിക്കാനും ഗൾഫ് പ്രദേശത്തെ മലയാളികളുടെ നീറുന്ന നൂറുനൂറു പ്രശ്നങ്ങളെപ്പറ്റി നേരിട്ട് പഠിച്ചു പാർലമെന്റിലും പത്രത്തിലും ശബ്ദമുയർത്താനും വേണ്ടിയാണു” താനടക്കമുള്ള മുസ്ലിംലീഗ് നേതാക്കന്മാരുടെ യാത്രയെന്ന് കണ്ടുമുട്ടിയ അന്നുതന്നെ സി.എച്ച്.എന്നോട് വ്യ്കതമാക്കി. ഔദ്യോഗിക പരിപാടികളുടെ പരിവേഷമുണ്ടെങ്കിലും കുവൈറ്റിലെ മലയാളി സമൂഹവുമായി ധാരാളം സംവദിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

അത്രവലിയ ആൾക്കൂട്ടമില്ലെങ്കിലും സി.എച്ചിന്റെ വെടിപൊട്ടി പ്രസംഗം കേൾക്കാൻ കുവൈറ്റിലും മലയാളികൾ തടിച്ചുകൂടിയിരുന്നു. ഉപമകളും നർമ്മോക്തി നിറഞ്ഞതുമായ അദ്ദേഹത്തിന്റെ പ്രസംഗശൈലി ആരെയും പ്രകോപിപ്പിക്കാതെ കാര്യങ്ങൾ നേടിയെടുക്കാൻ പ്രാപ്തമായിരുന്നു. ആ വലിയ മനുഷ്യന്റെ അഭാവത്തിൽ ഉയരുന്ന അപസ്വരങ്ങളാണ് ഇന്ന് ഒരു സമുദായം നേരിടുന്ന ഏറ്റവും വലിയ ശൂന്യത. സി.എച്ചിൽനിന്നും പാഠമുൾക്കൊണ്ടവരായില്ല നിഭാഗ്യവശാൽ പിന്നീട് വന്ന മുസ്ലിം ലീഗിന്റെ നേതൃത്വം.

നിയമസഭയിലെ സംവരണ പ്രസംഗം:

ഇന്ന് ഏറ്റവും കൂടുതൽ ചർച്ചാവിഷയമായ പിന്നോക്ക സമുദായക്കാരുടെ സംവരണ വിഷയം 1957-ലെ മന്തിസഭയിൽ എത്ര ലാഘവത്തോടെയും നർമ്മത്തോടെയുമാണ് സി.എച്ച്. എന്ന സാമാജികൻ കൈകാര്യം ചെയ്തത്. അദ്ദേഹം അസംബ്ലിയിൽ പറഞ്ഞു:

ഇപ്പോൾ (1957-ൽ) പാസ്സാക്കിയ നിയമം “പിന്നോക്ക വിഭാഗക്കാൾക്ക് മൊത്തത്തിൽ 35% റിസെർവഷൻ കൊണ്ടുവരുമ്പോൾ പിന്നോക്കക്കാരിൽ താരതമ്യേന മുന്നോക്കക്കാരായ വിഭാഗങ്ങൾക്ക് മാത്രം അത് കേന്ദ്രീകരിക്കപ്പെടുകയും പിന്നാക്കക്കാരിൽ പിന്നാക്കക്കാരായ മാപ്പിള സമുദായം തഴയപ്പെടുകയും ചെയ്യും.” അന്ന് സി.എച്ച്. നടത്തിയ നർമ്മ പ്രസംഗത്തോടെ സർക്കാർ കൊണ്ടുവന്ന നിയമം പിൻവലിക്കേണ്ടി വന്നു.

പുതിയ തലമുറയിലെ നേതുത്വത്തിനില്ലാതെപോയതും അത്തരം പ്രസംഗ പാടവങ്ങളും നർമ്മത്തിൽ ചാലിച്ച വാക് ധോരണികളുമാണ്. സി.എച്ച്. അന്ന് അസംബ്ലിയിൽ പറഞ്ഞ ഉപകഥ ഭരണകൂടത്തെ വല്ലാതെ ചിന്തിപ്പിച്ചു.

“ഈ നിയമം കൊക്ക് കുറുക്കനെ സൽക്കാരത്തിന് വിളിച്ചപോലെയാണ്. കൊക്ക് ഒരിക്കൽ തന്റെ വീട്ടിലേക്കു കുറുക്കനെ ക്ഷണിച്ചു. നല്ലൊരു പായസമുണ്ടാക്കി അതൊരു കുപ്പിയിലാക്കി കുറുക്കന്റെ മുമ്പിൽ വെച്ചുകൊടുത്തു. കുറുക്കന്റെ ചുണ്ടുകൾ ആ കുപ്പിക്കുള്ളിലേക്കു ഇറക്കുക അസാധ്യമാണ്. എന്നാൽ വണ്ണം കുറഞ്ഞതും നീളം കൂടിയതുമായ കൊക്കിന്റെ ചുണ്ടിനു അനായാസം കുപ്പിയിൽനിന്നും പായസം കുടിക്കാൻ കഴിഞ്ഞു. ഇവിടെ കൊക്ക് കുറുക്കന് പായസം കൊടുത്തോ എന്ന് ചോദിച്ചാൽ കൊടുത്തു, എന്നാൽ കുറുക്കന് കുടിക്കാൻ കഴിഞ്ഞോ എന്ന് ചോദിച്ചാൽ ഇല്ല. ഇതുപോലെയാണ് ഈ നിയമവും. സംവരണം ഉണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. എന്നാൽ മാപ്പിളമാർ അടക്കമുള്ളവർക്ക് അത് അനുഭവിക്കാൻ കഴിയുമോ എന്ന് ചോദിച്ചാൽ ഇല്ല.”

എവിടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടോ അവിടെ സി.എച്ച് ഉണ്ടായിരുന്നു. 64 വർഷങ്ങൾക്ക് മുമ്പ് സി.എച്ച് ദീർഘവീക്ഷണത്തോടെ പറഞ്ഞ ഉപമയിലെ കുറുക്കൻ ഇന്നും അതേപോലെ ജീവിക്കുന്നു. ആ പഴയകുപ്പിയിൽ പുതിയ പായസമെന്ന വ്യത്യാസം മാത്രം.

സി.എച്ചിന്റെ രണ്ടാം വരവ് :

കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി ആയിരിക്കെയാണ് സി.എച്ച് വീണ്ടും കുവൈറ്റിൽ വരുന്നത്. തികച്ചും ഔദ്യോഗികമായ ആ പര്യടനത്തിലാണ് ഞാനുമായി കൂടുതൽ അടുത്ത്. ഓഫിസിൽ നിന്നും അവധിയെടുത്തുകൊണ്ട് രാവുംപകലും ഞാൻ കൂടെയുണ്ടായിരുന്നു. എല്ലാ ഔദ്യോഗിക മീറ്റിങ്ങിനും എന്നെ കൂടെ കൊണ്ടുപോയി. ഇന്ത്യൻ എംബസ്സിയുടെ പ്രതിനിധിയായി സെക്കൻഡ് സിക്രട്ടറി തലശ്ശേരിക്കാരൻ പ്രഭാകരനും കൂടെയുണ്ടായിരുന്നു. ഈ യാത്രയിലാണ് മറക്കാനാവാത്ത രണ്ടു സംഭവങ്ങൾ സി.എച്ചിനുണ്ടായത്. ഞാനും പ്രഭാകരനും അതിനു സാക്ഷികളുമായി.

യാത്രയുടെ രണ്ടാംദിവസം ഉച്ചഭക്ഷണം ഏർപ്പാട് ചെയ്തത് എന്റെ വീട്ടിലായിരുന്നു. കുവൈറ്റിലെ മുസ്ലിംലീഗിന്റെ ഏതാനും പ്രവർത്തകരും, എംബസ്സിയിലെ പ്രഭാകരനും കൂടെയുണ്ടായിരുന്നു. സിറ്റിയിലെ കൂടിക്കാഴ്ചകളും എംബസ്സി സന്ദർശനവും കഴിഞ്ഞു ഫഹാഹീലിലെ എന്റെ വീട്ടിലെത്താൻ വളരെ വൈകി. അന്ന് വൈകുന്നേരം തന്നെ ഫഹാഹീലിൽ മുസ്ലിംലീഗ് സംഘടിപ്പിക്കുന്ന മറ്റൊരു പൊതുപരിപാടിയിൽ പങ്കെടുക്കേണ്ടതുമുണ്ട്. മുസ്ലിം ലീഗിന്റെ ഉറച്ച പ്രവർത്തകനായ കുഞ്ഞമ്മദ്ക്ക നടത്തുന്ന മെസ്സിലായിരുന്നു പരിപാടി.

വീട്ടിലെ ഭക്ഷണവും കുശലം പറച്ചിലും കഴിഞ്ഞതോടെ സമയം ഏറെക്കഴിഞ്ഞു. ഞങ്ങളെല്ലാം പൊതുപരിപാടിക്കായി കുഞ്ഞമ്മദ്ക്കയുടെ മെസ്സിലേക്കു പോയി. അവിടെ അക്ഷമരായി കാത്തിരിക്കുന്ന വലിയ ജനാവലിതന്നെയുണ്ടായിരുന്നു. സി.എച്ഛ് ആരെയും നിരാശരാക്കിയില്ല. എല്ലാവരോടും ആദ്യംതന്നെ ക്ഷമാപണം പറഞ്ഞുകൊണ്ട് അവിടെ കൂടിയവരോടെല്ലാം നേരിട്ട് സംവദിച്ചു. ആരെയും മുഷിപ്പിക്കാതെ വളരെ സൗമ്യമായി സ്നേഹപരിലാളനയോടെ അവരെയെല്ലാം സന്തോഷിപ്പിച്ചു.

publive-image

(സി.എച്ചും, ഇന്ത്യൻ എംബസ്സിയിലെ പ്രഭാകരനും ലേഖകന്റെ കുവൈറ്റ് വസതിയിൽ ഉച്ച ഭക്ഷണത്തിനെത്തിയപ്പോൾ, കാറിനു പുറത്തിരിക്കുന്നത് മൂത്തമകൾ ഫഹീമ ഹസ്സൻ”)

സി.എച്ചിന്റെ സുദീഘമായ പ്രസംഗം കഴിഞ്ഞതോടെ സമയം വളരെവൈകി. അപ്പോഴേക്കും കുഞ്ഞമ്മദ്ക്ക അവിടെ ഗംഭീരമായ സൽക്കാരം ഒരുക്കിയിരുന്നു. ഇതെല്ലം കണ്ട സി.എച്ച് കുഞ്ഞമ്മദ്ക്കയോട് പറഞ്ഞു.

“കുഞ്ഞമ്മദേ എനിക്ക് ഇനി ഒന്നും കഴിക്കാൻ വയ്യ, ഉച്ചക്ക് ചോറ് തിന്നാൽ വളരെ വൈകി. കൂടെ ഫുഡിങ്ങും പായസവും. ഇനി ഒന്നുപോയി വിശ്രമിക്കണം.”

കുഞ്ഞമ്മദ്ക്ക ഇത് കേട്ടപാടെ ബോധരഹിതനായി നിലത്തു വീണു. സി.എച്ച് ആകെ പരിഭ്രാന്തനായി, ഞങ്ങളും. സി.എച്ച് പ്രയാസപ്പെട്ട് കുഞ്ഞമ്മദ്ക്കക്കരികെ നിലത്തിരുന്നു. തന്റെ മടിയിൽ തലവെച്ചു. വെള്ളം തെളിച്ചു. അപ്പോഴേക്കും ബോധം വന്നു. സി.എച്ച് വാത്സല്യത്തോടെ അയാളെ ഉമ്മവെച്ചുകൊണ്ടു പറഞ്ഞു.

“കുഞ്ഞമ്മദേ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ...നമ്മൾ ഒരുമിച്ചിരുന്ന് നീ ഉണ്ടാക്കിയതെല്ലാം കഴിച്ചേ ഞാൻ പോവുന്നുള്ളൂ…..”

എത്രനേരം അവിടെ ഇരുന്നെന്നറിയില്ല. ധാരാളം ഭക്ഷണം എല്ലാവർക്കും കരുതിയിരുന്നു. കുഞ്ഞമ്മദ്ക്ക ഉണ്ടാക്കിയ ഓരോന്നിന്റെയും രുചി നോക്കി , കൂടെ അയാൾക്കും സി.എച്ചിന്റെ കൈകൊണ്ടു ഭക്ഷണം കൊടുത്തു. കുഞ്ഞമ്മദ്ക്കാനെയും സദസ്സിനെയും സന്തോഷിപ്പിച്ചതിന്നതിരുണ്ടായിരുന്നില്ല. സി.എച്ചിനോട് അവിടെ കൂടിയ സാമാന്യ ജനങ്ങൾക്കുപോലും ആദരവും ബഹുമാനവുമായിരുന്നു. എന്നും സാധാരണക്കാരനെ ചേർത്തുപിടിച്ച മനസ്സായിരുന്നു സി.എച്ചിന്റേതു.

ഷെയ്ഖ് സബാഹിനെ കണ്ടപ്പോൾ:

മടക്കയാത്രക്ക് ഇരുപത്തിനാലു മണിക്കൂർ മാത്രം ബാക്കി നിൽക്കെ സി.ച്ച് ഞങ്ങളോട് രണ്ടുപേരോടായി ഒരാഗ്രഹം പറഞ്ഞു. എംബസി തീരുമാനിച്ച ഔദ്യോഗിക പരിപാടികളെല്ലാം അപ്പോഴേക്കും കഴിഞ്ഞിരുന്നു. കുവൈറ്റിന്റെ അന്നത്തെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ഫോറിൻ മിനിസ്റ്ററുമായ “സബാഹ് അൽഅഹ്മദ് അൽജാബിർ അൽ-സാബിനെ” നേരിൽ കാണാനായിരുന്നു ആഗ്രഹം. പ്രഭാകരൻ ഉടനെത്തന്നെ അംബാസ്സഡറുമായി സംസാരിച്ചു. അവസാന നിമിഷം ഒരു കൂടിക്കാഴ്ച അസാധ്യമെന്നു ഫോറിൻ മിനിസ്ട്രി എംബസിയെ അറിയിച്ചു. കുവൈറ്റിൽ ഏറ്റവും തിരക്കുപിടിച്ച മന്ത്രിയാണ് വിദേശകാര്യമന്ത്രി അൽ-സബാഹ്.

publive-image

(സാബാ അൽ-അഹമ്മദ് അൽ-ജാബിർ അൽ-സബാഹ്, മുൻ വിദേശകാര്യ മന്ത്രി, പിന്നീട് കുവൈറ്റിന്റെ അമീറായി മരണപ്പെട്ടു)

എംബസ്സിയുടെ ശ്രമം പരാജയപ്പെട്ട വിവരമറിഞ്ഞ സി.എച്ചിന്റെ മുഖത്ത് കനത്ത നിരാശയായിരുന്നു. നേരത്തെ പറയാതിരുന്നതിന്റെ കുറ്റബോധവും. ഞാനും പ്രഭാകരനും മറ്റു പലവഴികളും ആരാഞ്ഞു. മന്ത്രി സ്ഥലത്തുണ്ടെങ്കിൽ കൂടിക്കാഴ്ച തരപ്പെടുത്തിത്തരാമെന്നു മിനിസ്ട്രി ഓഫ് ഇൻഫൊർമേഷനിലെ ജീവനക്കാരനായ പ്രഭാകരന്റെ സുഹൃത്ത് വർഗീസ് ഉറപ്പു തന്നു. അന്ന് രാത്രി പത്തരക്കാണ് സി.എച്ചിന്റെ വിമാനം. ഒമ്പതുമണിക്കെങ്കിലും എയർപോർട്ടിൽ എത്തണം.

വൈകുന്നേരം നാലുമണി കഴിഞ്ഞതോടെ ഞങ്ങളുടെ ശ്രമം പരാജയപ്പെട്ടതായി സി.എച്ചിനെ അറിയിച്ചു. ഷെറാട്ടണിലുണ്ടായിരുന്ന ലീഗ് പ്രവർത്തകർ അദ്ദേഹത്തെ എവിടെയോ വൈകുന്നേരത്തെ ചായ സൽക്കാരത്തിന് കൊണ്ടുപോവാൻ തയ്യാറെടുക്കുകയാണ്. മറു ഭാഗത്തു യാത്രക്കുള്ള ഒരുക്കക്കങ്ങളും. ഏകദേശം അഞ്ചുമണിക്ക് വർഗീസ് പ്രഭാകരനെ വീണ്ടും വിളിച്ചു.

“ഗുഡ് ന്യൂസ്….കൃത്യം ആറു മണിക്ക് ഷെയ്ക്കിന്റെ കൊട്ടാരത്തിൽ വരണം, കൂടിക്കാഴ്ച ഏറിയാൽ പതിനഞ്ചു മിനുട്ട് മാത്രം...കൂടെ മറ്റാരും പാടില്ല. സി.എച്ചും, ഹസ്സനും വേണമെങ്കിൽ ഒരു ഫോട്ടോഗ്രാഫറും മാത്രം….”

സി.എച്ച് അതീവ സന്തോഷത്തിലായി. ഈ കൂടിക്കാഴ്ച എങ്ങനെ തരപ്പെടുത്തിയെന്നൊന്നും ഞങ്ങളാരും തിരക്കിയില്ല. എല്ലാറ്റിനും ഒരു രഹസ്യസ്വഭാവം ഉണ്ടാവുമല്ലോ. വേഷംമാറി ഞങ്ങൾ പുറപ്പെട്ടു. ഫോട്ടോഗ്രാഫർ കൂടെയുണ്ട്. എംബസ്സിയുടെ കാർ കൊട്ടാരത്തിലേക്കു പുറപ്പെട്ടു. ആറു മണിക്ക് മുമ്പേതന്നെ ഞങ്ങൾ കൊട്ടാരകവാടത്തിലെത്തി. കേരളത്തിലെ മന്ത്രി വരുന്നകാര്യം ഗെയ്റ്റിലെ പാറാവുകാർക്കറിയാമായിരുന്നു. ഇരുവശവുമുള്ള കിടങ്ങുകൾക്കിടയിലൂടെ കാർ നീങ്ങി. അതീവ സുരക്ഷയുള്ള കോട്ടമതിലകൾക്കിടയിലൂടെ കുറെ ദൂരം പോയശേഷമാണ് കൊട്ടാരമുറ്റത്തെത്തുക.

ഞങ്ങളെല്ലാരും ആദ്യമായാണ് ഒരു ഭരണാധികാരിയുടെ അതും കുവൈറ്റിലെ ഷെയ്ക്കിന്റെ കൊട്ടാരത്തിൽ എത്തുന്നത്. ഗേറ്റ് കടന്നുള്ള യാത്ര പേടിപ്പെടുത്തുന്നതായിരുന്നു. കാവൽക്കാരുടെ വലിയ പടതന്നെ അവിടയുണ്ട്. തോക്കു ധാരികളായിരുന്നു അധികവും. പട്ടാളച്ചിട്ടയോടെ അവർ തോക്കുമേന്തി അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു. കാർ കൊട്ടാരമുറ്റത്തു നിർത്തിയതോടെ ഞങ്ങൾക്കാശ്വാസമായി. വർണ്ണവിസ്മയം തീർത്ത ഇരുവശത്തുമുള്ള മനോഹരമായ പൂങ്കാവനം ഞങ്ങളുടെ മനസ്സിന് കുളിരേകി. വ്യത്യസ്ത നിറത്തിലും വലിപ്പത്തിലും നിറഞ്ഞു നിൽക്കുന്ന പുഷ്പങ്ങളുടെ വലിയശേഖരം തന്നെയുണ്ട് ഈ ഉദ്യാനത്തിൽ.

publive-image

(ഒരു കൊട്ടാര ദൃശ്യം)

കാറിൽ നിന്നിറങ്ങിയ ഞങ്ങൾ സെക്യൂരിറ്റി ചെക്കിങ്ങ് ഇല്ലാതെ വിശാലമായ അകത്തളത്തിലേക്കു പ്രവേശിച്ചു. വർഗീസ് അവിടെ ഷെയ്ക്കിന്റെ ഇളയ മകനോടൊപ്പം ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. മകന് ഏകദേശം പത്തുപന്ത്രണ്ടു വയസ്സുകാണും. പേർഷ്യൻ കാർപെറ്റ് വിരിച്ച ആ വലിയ ഹാളിൽ ധാരാളം മുന്തിയ ഇരിപ്പടങ്ങളുണ്ട്. ചുറ്റും അലങ്കാര ദീപങ്ങളുടെ വൈവിധ്യമാർന്ന വെളിച്ചം. അറബി വേഷത്തിലുള്ള രണ്ടുപേർ ചായയും ഈത്തപ്പഴവുമായി ഞങ്ങളെ സമീപിച്ചു. വേറൊരാൾ അറബിക് ഗഹവയുമായി വന്നു.

ആറുമണി കഴിഞ്ഞു പത്തുമിനുട്ടായപ്പോഴേക്കും അകത്തെ മുറിയിൽനിന്നും ഷെയ്ക് സബാഹ് എഴുന്നള്ളുന്നുണ്ടായിരുന്നു. കൂടെ മറ്റൊരറബിയും. തണുപ്പുകാലമായതിനാൽ വൂളൻ ജിൽദാസയും (നീളൻകുപ്പായം) അതിനുമുകളിൽ കറുത്ത നേരിയ ഗൗണുംമായിരുന്നു വേഷം. ഞങ്ങൾ എഴുന്നേറ്റുനിന്നു. അറബികളുടെ ആചാരപ്രകാരമുള്ള കെട്ടിപ്പിടുത്തങ്ങളും ഉമ്മവെക്കലും കുറച്ചുനേരം നടന്നു. ഒടുവിൽ എല്ലാവരും ഇരുന്നു.

സി.എച്ചുമായി പതിനഞ്ചുമിനിറ്റോളം സംസാരിച്ചു. ഇന്ത്യ-കുവൈറ്റ് ബന്ധത്തിന്റെ ഊഷ്മളതയും പൗരാണികകാലം തൊട്ടുള്ള സ്നേഹ സമ്പർക്കവും ഇരുവരും ഇത്തിരി സമയത്തിനുള്ളിൽ പറഞ്ഞുതീർത്തു. ഇന്ത്യൻ സമൂഹത്തിനു കുവൈറ്റ് നൽകുന്ന ആദരവിനും സ്നേഹത്തിനും സി.എച്ച് പ്രത്യേക നന്ദി പരാമർശിച്ചു. ഷെയ്ഖ് സബാഹ് സി.എച്ചിന്റെ കൈപിടിച്ചുകൊണ്ടു ഇരിപ്പാടത്തിൽനിന്നും എഴുന്നേറ്റു.

അദ്ദേഹം ഞങ്ങളെ തൊട്ടടുത്ത മറ്റൊരു മുറിയിലേക്കാനയിച്ചു. അവിടെ വിശാലമായ തീൻ മേശയിൽ വിവിധതരം പലഹാരങ്ങളും ഇറക്കുമതി ചെയ്ത ഫ്രൂട്സിന്റെ വലിയശേഖരവും ഞങ്ങൾക്കായി കാത്തിരിക്കുന്നു. ഞങ്ങളെ അവിടെ ഇരുത്തിയ ശേഷം അവിടെയുള്ള അറബികളോടും മകനോടും ഞങ്ങളെ പ്രത്യകം ശ്രദ്ധിക്കാൻ പറഞ്ഞു. തുടർന്ന് സി.എച്ചിനെ ചേർത്തുപിടിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞു.

“ഞാൻ കുറച്ചു തിരക്കിലാണ്, യൂറോപ്പിൽനിന്നും വന്ന ഒരു ഡെലിഗേറ്റുമായി ഏഴ്മണിക്കു മീറ്റിങ്ങുണ്ട്. വൈകാതെ അവിടെ എത്തണം, നിങ്ങൾ ചായ കുടിച്ചു സാവകാശം പോയാൽ മതി”. സി.എച്ചിനെ ഒരിക്കൽ കൂടി കെട്ടിപ്പിടിച്ചുമ്മവെച്ചശേഷം അദ്ദേഹം സ്ഥലം വിട്ടു.

തീൻ മേശയിലിരുന്ന ഭക്ഷണത്തെ നോക്കികൊണ്ട് സി.എച്ച് ഞങ്ങളോടായി പറഞ്ഞു.

“വേണമെങ്കിൽ ഇനി യാത്ര മാറ്റിവെക്കാം….ഇതൊക്കെ കഴിച്ചിട്ടുള്ള യാത്രക്ക് എന്നെക്കൊണ്ടാവില്ല……ഇത്ര സുഭിക്ഷമായ അറബിക് വിഭവങ്ങൾ കഴിക്കാതെ പോവുന്നത് ശരിയല്ലല്ലോ…….”

പക്ഷെ അദ്ദേഹം അധികമൊന്നും കഴിക്കാതെ വേഗം ഹോട്ടലിലേക്ക് മടങ്ങി. യാത്രയുടെ അവസാന ഒരുക്കങ്ങൾ ഇനിയും ബാക്കിയാണ്.

ഷെയ്ഖ് സബാഹുമായുള്ള അവിചാരിതമായ കൂടിക്കാഴ്ച സി.എച്ചിന് അവിസ്മരണീയമായ ഒരനുഭവമായിരുന്നു. സഫലീകരിക്കുമെന്നുറപ്പില്ലാഞ്ഞിട്ടും അവസാനനിമിഷം മനസ്സിൽ ചേക്കേറിയ വലിയ ഒരാഗ്രത്തിന്റെ ആനന്ദദായകമായ പരിസമാപ്തിയിൽ അദ്ദേഹം തെല്ലൊന്നുമല്ല സന്തോഷിച്ചത്.

കുവൈറ്റിലെ ആദ്യയാത്രയിൽ ലഭിക്കേണ്ടിയിരുന്ന രാജകീയ വരവേൽപ്പ് രാജാവിന്റെ കൊട്ടാരത്തിൽ കിട്ടിയതിലുള്ള ഉന്മാദത്തിലായിരുന്നു ഞങ്ങളെല്ലാവരും. ഒരു പക്ഷെ ഈ സന്ദർശനം “ഓഫ് ദ റിക്കോർഡ്” ആയി പരിഗണിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ യാത്രാവിവരണത്തിൽ എഴുതിച്ചേർത്തിരുന്നില്ല. അവിടെ സംഭവിച്ചതോ, കണ്ടതോ ഒന്നും എഴുതരുതെന്ന് എന്നെയും ഉപദേശിച്ചു.

കൊട്ടാരത്തിൽ ഞങ്ങൾ കണ്ട പല മുഖങ്ങളുടെയും ചിത്രങ്ങൾ ഇന്നും മനസ്സിൽ സൂക്ഷിക്കുമ്പോൾ സഫലമായ സായാഹ്നത്തിന്റെ ഓർമ്മകളിൽ മഹാനായ സി.എച്ചും ഷെയ്ക് സബാഹും കെട്ടിപ്പിടിച്ചുമ്മകൊടുത്ത ഇൻഡോ-കുവൈറ്റ് സൗഹാർദ്ദത്തിന്റെ മായാത്ത ഓർമ്മകൾ എക്കാലവും എന്റെ മനസ്സിലുണ്ടാവും.

പിന്നീടൊരിക്കലും എനിക്ക് സി.എച്ചിനെ നേരിൽ കാണാനുള്ള വിധിയില്ലായിരുന്നു. 1983 സെപ്റ്റംബർ 28-നു ഹൈദരാബാദിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ച് അദ്ദേഹം ഇഹലോകവാസമടഞ്ഞു. കർമ്മ കുശലതയുടെ രാക്ഷ്ട്രീയക്കാരൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ, ഇടിവെട്ടു പ്രാസംഗികൻ എന്നിങ്ങനെയുള്ള ഒരു മഹാൻ 56-ആം വയസ്സിലാണ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ അകാലവിയോഗമുണ്ടാക്കിയ വിടവിന് പകരം വെക്കാൻ മറ്റാർക്കും സാധിക്കില്ലെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു.

(തുടരും).

---------------------------------------------------------------------------------------

ഹസ്സൻ തിക്കോടി - 9747883300 email: hassanbatha@gmail.com

Advertisment