Advertisment

ഹറാമിന്റെ ലക്ഷ്മണരേഖയും ഹലാൽ ടൂറിസവും

New Update

publive-image

Advertisment

“ഹറാം” അല്ലാത്തതൊക്കെ “ഹലാലും”, ഹലാൽ അല്ലാത്തതൊക്കെ “ഹറാമും” ആയി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമൊക്കെ കടന്നുപോവുന്നത്. ഒരു ബഹുസ്വര സമൂഹത്തിൽ സംഭവിക്കാൻ പാടില്ലാത്ത അംഗീകരിക്കാൻ പ്രയാസമുള്ള വാക്ക്തർക്കങ്ങൾക്ക് അതിർവരമ്പുകൾ നിശ്ചയിക്കാതെ ഇന്നിന്റെ ഇന്ത്യ നോക്കുകുത്തി ചമയുകയാണ്. നടപടികളെടുക്കാൻ പ്രാപ്തരായ ഭരണകൂടമാവട്ടെ കടുത്ത മൗനത്തിലുമാണ്.

കേവലം ഒരു അറബി പദത്തെ വ്യാഖ്യാനിച്ചു വഷളാക്കിയതിന്റെ പരിണിതഫലമാണ് ഇയ്യടുത്തായി നാം കേട്ടുകൊണ്ടിരിക്കുന്ന/കണ്ടുകൊണ്ടിരിക്കുന്ന ഹലാൽ വിവാദങ്ങൾ. ഹലാൽ-ഹറാം എന്നീ അറബി വാക്കുകളുടെ അർത്ഥം മനസ്സിലാവാത്തതുകൊണ്ടോ അനുവദനീയവും അല്ലാത്തതുമായ മാംസാഹാരത്തിന്റെ ശെരിയും തെറ്റും അറിയാത്തതുകൊണ്ടുമൊന്നുമല്ല ഇന്നീക്കാണുന്ന കോലാഹലങ്ങൾ. ഒരു സമുദായത്തെയും സമൂഹത്തെയും ഒറ്റപ്പെടുത്തി ആക്രമിക്കുവാൻ കച്ചകെട്ടി പുറപ്പെട്ടിരിക്കുകയാണ് ഒരു വിഭാഗം രാക്ഷ്ട്രീയക്കാർ.

publive-image

അവരെ തിരിച്ചറിഞ്ഞുകൊണ്ട് ബുദ്ധിപൂർവം അകറ്റുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുക മാത്രമാണ് അതിനുള്ള ഏക പോംവഴി. പരസപരം പഴിചാരി സമയം വൃഥാവിലാക്കാതെ ബൗദ്ധികമായി അവരുമായി ഏറ്റുമുട്ടക. നാഴികക്ക് നാല്പതുവട്ടം വിഡ്ഢിത്തം എഴുന്നള്ളിക്കുന്ന ഭരണകൂട വിദഗ്ധർ നമുക്കില്ലായിരുന്നെങ്കിൽ ഈ രാജ്യം പണ്ടേ അസ്തമയത്തിന്റെ അരുണ ശോഭയിൽ മുങ്ങിത്താഴുമായിരുന്നു.

രാജ്യം അഭിമുകീകരിക്കുന്ന അനവധി ദാരുണ പ്രശനങ്ങൾ മാറ്റി നിർത്തി “ഹലാൽ” എന്ന അറബി വാക്കിനെ തെറ്റിദ്ധരിപ്പിക്കും വിധത്തിൽ ഭീകരതയും തീവ്രവാദവുമായി ചിത്രീകരിക്കുന്നത് സാക്ഷര കേരളത്തിന് അനുചിതമല്ലന്നകാര്യം നാം ഓർക്കേണ്ടതുണ്ട്. ആർഷഭാരത സംസ്കാരത്തിന്റെ താലോലമേറ്റു വളരുമ്പോൾ നമ്മൾ കേട്ടുകൊണ്ടിരുന്നത് “തമസോമാ ജോതിർഗമയാ” എന്ന ആപ്ത വാക്യമായിരുന്നു. (May the light of knowledge remove the darkness of ignorance). മഹത്തായ ആ വാക്യത്തെ ഇന്ന് ചിലർ മാറ്റിവായിക്കപ്പെടുന്നത് എത്ര ദു:ഖകരമാണ്.

publive-image

ഹലാൽ ടൂറിസം:

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വ്യവസയമാണ് ടൂറിസം. കോവിഡിന് മുമ്പുള്ള കണക്കനുസരിച്ചു 2019-ൽ മാത്രം 168 ദശലക്ഷം മുസ്ലിം സഞ്ചാരികൾ ലോകത്തിലെ വിവിധ ടൂറിസ്റ്റു രാജ്യങ്ങൾ സന്ദർശിച്ചിരുന്നെന്നും അതിലൂടെ 200 ബില്യൺ ഡോളർ ടൂറിസവരുമാനം ഉണ്ടായതായും ഗ്ലോബൽ മുസ്ലിം ട്രാവൽ ഇൻഡക്സ് (Global Muslum Travel Index-GMTI) രേഖപ്പെടുത്തുന്നു. ഇന്തോനേഷ്യയും മലേയേഷ്യയുമാണ് മുസ്ലിംകൾ ധാരാളമായി സന്ദർശിക്കുന്ന പ്രദേശങ്ങൾ. മുസ്ലിം ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഈ രാജ്യങ്ങളിലാണ് ലോകത്തിലെ “ഹലാൽ ടൂറിസം” ഡെസ്റ്റിനേഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

ഇവിടങ്ങളിൽ സന്ദർശകരായെത്തുന്നവർക്ക് എല്ലാവിധ ഹലാൽ രീതികൾ ഉൾകൊള്ളാനും, പോവുന്നിടത്തൊക്കെ അംഗശുദ്ധി വരുത്തി പ്രാർത്ഥനകൾ നടത്തുവാനും, ഖുർആൻ പാരായണം ചെയ്യാനും, വിവിധ പുസ്തകങ്ങളുടെ ലൈബ്രറികൾ ഒരുക്കുവാനും, മുസ്ലിംകൾക്ക് അനുവദനീയമായ ഭക്ഷണ പാനീയങ്ങൾ ലഭിക്കുവാനുമുള്ള സംവിധാനങ്ങൾ സർക്കാർ ചെയ്തുകൊടുക്കുന്നു. ഹലാൽ ടൂറിസം പ്രൊമോട്ട് ചെയ്യാനായി ലോകത്തിലെ വിവിധയിടങ്ങളിൽ പ്രചാരണങ്ങളും നടത്തുന്നു.

ഇത്തരം വ്യത്യസ്ഥമായ ടൂറിസം സെഗ്മെന്റുകൾ ലോകത്തെമ്പാടും പ്രചുരപ്രചാരമായിക്കൊണ്ടിരിക്കുകയാണ്. നിഷിദ്ധമായതൊന്നും യാത്രയിൽ ഉണ്ടാവില്ലെന്ന തോന്നൽ ഹലാൽ ടൂറിസത്തിന്റെ പ്രസക്തി പടിപടിയായി വർദ്ധിക്കുന്നു. ഇൻഡോനേഷ്യ നടപ്പിലാക്കിയ ഹലാൽ ടൂറിസത്തിൽ ആകൃഷ്ടരായി ധാരാളം അമുസ്ലിംകളും ഹലാൽ ടൂറിസം തേടിയെത്തുന്നുണ്ട്.

തായ്ലൻഡ്, സൗത്ത് കൊറിയ, ജപ്പാൻ എന്നീരാജ്യങ്ങൾ തുർക്കിയിലെയും മിഡിൽ ഈസ്റ്റിലെയും സന്ദർശകരെ ആകർഷിക്കും വിധത്തിൽ ഹലാൽ ടൂറിസ സെഗ്മെന്റുകൾ വർധിപ്പിക്കുകയും ഹലാൽ ഭക്ഷണവും, താമസവും, ഇതരസൗകര്യങ്ങളും ഒരുക്കുവാൻ മത്സരിക്കുകയാണ്.

ലോകത്തിൽ അമേരിക്കയടക്കം പലയിടത്തും ഇസ്ലാമിലേക്കുള്ള ആശ്ലേഷണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹലാൽ ടൂറിസം ഒരു വമ്പിച്ച കച്ചവട തന്ത്രമായി രൂപപ്പെടുത്തിയിരിക്കുകയാണ് ലോക ടൂറിസം സംഘടനകൾ. Halal toursim can be defined as a tourism concept designed to make it easier for Muslim tourists to fullfill their spritual needs while travelling.

യാത്ര ഇസ്ലാമിൽ:

യാത്രയെ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്ലാം. അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ വൈവിധ്യവും അവന്റെ അനുഗ്രഹങ്ങളും അനുഭവിച്ചറിയാൽ യാത്ര ഉപകരിക്കും. അതിനായി യാത്ര ചെയ്യാൻ ഖുർആനിൽ ആഹ്വാനവുമുണ്ട്. അല്ലാഹു സൃഷ്ടിച്ച ഈ പ്രകൃതിയേയും അതിലെ കൂറ്റൻ മലകളും വൻ മരങ്ങളും സമുദ്രങ്ങളും പുഴകളും വനങ്ങളും വന്യജീവികളെയും കാണുന്നതിനും അതിലൂടെ അല്ലാഹുവിനെ അടുത്തറിയുന്നതിനും യാത്രകൾ ഉപകരിക്കും. പാരിസ്ഥിതി സൗഹൃദയാത്രകൾ മനസ്സിനും ശരീരത്തിനും ഉണർവും കുളിർമയും നൽകുന്നു.

സദുദ്ദേശ്യത്തോടെയുള്ള ഏത് യാത്രയേയും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. നബി (സ) തന്നെ ജീവിതത്തിൽ നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. കച്ചവട ആവശ്യത്തിനായും ശത്രുക്കളിൽ നിന്ന് രക്ഷക്ക് വേണ്ടിയുമുള്ള നിരവധി യാത്രകൾ. യാത്രകൾ മനുഷ്യന് മാനവികതയുടെ സന്ദേശങ്ങൾ നൽകും. വിവിധങ്ങളായ മനുഷ്യരേയും അവരുടെ സംസ്കാരങ്ങളെയും കുറിച്ചറിയാൻ യാത്ര പ്രയോജനപ്പെടും. അതുകൊണ്ടുതന്നെയാണ് “ഹലാൽ ടൂറിസം” ഒരു പ്രത്യേക സെഗ്മന്റായി പലരാജ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും.

ആത്മീയ-യോഗ ടൂറിസം:

ആത്മീയമോ ഭൗതികമോ ആയ സ്ഥലങ്ങൾ സന്ദർശിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെ വിവിധങ്ങളായ പള്ളികളും, അമ്പലങ്ങളും, ബുദ്ധമത കേന്ദ്രങ്ങളും, ക്രിസ്ത്യൻ ചർച്ചകളും “റിലീജിയസ് ടൂറിസത്തിന്റെ” ഭാഗമായി സന്ദർശകരെ ആകർഷിക്കും വിധത്തിൽ പ്രചാരണം ചെയ്യപ്പെടുന്നു. യോഗ ടൂറിസ്റ്റുകൾ പലപ്പോഴും എത്തിച്ചേരുന്നത് ഇന്ത്യയിലേക്കാണ്. ആശ്രമങ്ങൾ സന്ദർശിച്ചു യോഗ പഠിക്കുന്നതിനും പരിശീലിക്കുന്നതിനും അവർ ധാരാളം സമയം കണ്ടെത്തുന്നു, പ്രത്യേകിച്ച് വിദേശികൾ.

ഓരോരുത്തരുടെ മതവിശ്വാസമനുസരിച്ചുള്ള ഇത്തരം സന്ദർശനങ്ങളെ അവരുടേതായ “അനുവദനീയ ടൂറിസത്തിൽ” (ഹലാൽ ടൂറിസം) പെടുത്തുന്നു. ഇവിടെ ഹലാലിന് മറ്റൊരർത്ഥം ആരും കാണുന്നില്ല. ജൂതരും, സിക്കുകാരും, മുസ്ലിംകളും, ക്രിസ്ത്യാനിയും അവരവരുടെ മതം നിഷ്കർഷിക്കുന്ന ദേവാലയങ്ങൾ സന്ദർശിക്കുന്നതിലോ, ഭക്ഷണം കഴിക്കുന്നതിലോ ആരും കൈകടത്താറില്ല.

ഹലാൽ സ്റ്റിക്കർ പതിച്ച ഭക്ഷണ പാനീയങ്ങൾ “അനുവതനീയം” എന്നതിലുപരി മറ്റൊരു അർത്ഥതലത്തിലേക്കു മാറിയത് ഇവിടത്തെ വ്യത്തികെട്ട രാക്ഷ്ട്രീയ ചിന്തകൾകൊണ്ട് മാത്രമാണ്. നാളിതുവരെ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന “ഹലാൽ” പദം എത്രവേഗമാണ് നീരസത്തോടെയും അവജ്ഞയോടെയും ഒരു വിഭാഗം നോക്കിക്കാണുന്നത്. ഒരു പക്ഷെ, അനതിവിദൂരമായ ഭാവിയിൽ വിദ്യാഭ്യാസത്തിലും ഹലാലും ഹറാമും ഇവർ കൊണ്ടുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഹലാൽ സ്കൂളുകളും പാഠ്യശാലകളുമായി വേർതിരികാത്തിരിക്കട്ടെ.

publive-image

(യോഗ പഠിക്കുന്ന വിദേശികൾ)

കച്ചവടത്തിലെ ഹലാലും ഹറാമും :

ഹലാൽ കച്ചവടത്തിന് ഏറ്റവും അനുയോജ്യമായ മാർക്കറ്റാണ് ഇന്ത്യ. 180 ദശലക്ഷം മുസ്ലിംകൾ അധിവസിക്കുന്ന ഇന്ത്യയിൽ ഹലാൽ ഭക്ഷണ വിതരണത്തിനായുള്ള മത്സരം ഏറിവരികയാണ്. ഇൻഡോനേഷ്യ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. ഏറ്റവും മേന്മയേറിയതും ഗുണകരവുമായ ഭക്ഷണം എന്ന നിലയിൽ അമുസ്ലികളുടെയും പ്രിയപ്പെട്ട ഭക്ഷണമായി മാറ്റാൻ ഈ രംഗത്തുള്ളവർ ശ്രമിക്കുന്നു. ലോക ജനസംഖ്യയുടെ 24 ശതമാനവും ഹലാൽ ഭക്ഷണ പ്രിയരാണ്. മത വിശ്വാസത്തോടൊപ്പം കൂടുതൽ വൃത്തിയും വെടിപ്പുമുള്ള ഭക്ഷണമാണ് ഹലാലിലൂടെ വിതരണം ചെയ്യുന്നതെന്ന സംതൃപ്തികൂടി ഹലാൽ കച്ചവടത്തിന് ആക്കം കൂട്ടുന്നു.

632 ബില്യൺ ഡോളറിന്റെ ഭക്ഷ്യ വിപണിയാണ് ഹലാൽ കച്ചവടത്തിലൂടെ കൈവരിച്ചിരിക്കുന്നത്. ഭക്ഷ്യ വസ്തുക്കൾ കൂടാതെ “ഹലാൽ സൗന്ദര്യവർദ്ധക” വിപണിയും ഏറിവരികയാണ്. “ഹലാൽ കെയർ” എന്ന കമ്പനിയുടെ സൗന്ദര്യവർദ്ധക വസ്തുക്കളാണ് ഏറ്റവും കൂടുതൽ വിപണി കീഴടക്കിയിരിക്കുന്നത്.

തിരിച്ചറിവാണ് വേണ്ടത് :

എല്ലാ കച്ചവടത്തിലും ഹലാലും ഹറാമും ഉണ്ട്. മുസ്ലിം കച്ചവടക്കാരെല്ലാം താൻ ഉൾകൊള്ളുന്ന മതാധ്യാപനം അനുസരിച്ചായിരിക്കണം കച്ചവടം ചെയ്യുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. മതപരമായി കച്ചവടം ചെയ്യൽ മുസ്ലിമിന് അനുവദനീയമാണ്. എന്നാൽ കള്ളസത്യം ചെയ്യുന്നതും അമിതലാഭം കൊയ്യുന്നതും ഹറാമാക്കിയിരിക്കുന്നതായി മതഗ്രന്ധങ്ങൾ സാക്ഷ്യപെടുത്തുന്നു. സർക്കാരിനെയോ ഉപഭോകതാവിനെയോ നേരിട്ടോ അല്ലാതെയോ വഞ്ചിക്കുകയോ കബളിപ്പിക്കുകയോ ചെയ്യാൻ പാടില്ല.

സത്യസന്ധമായി കച്ചവടം നടത്തുന്നവർ എല്ലാ മതവിഭാഗങ്ങളിലും ഉണ്ട്. കള്ളക്കടത്തിലൂടെയോ ഹവാല ഇടപാടിലൂടെയോ പണം സമ്പാദിക്കരുതെന്നു ഓരോ മതവും നിഷ്കർഷിക്കുന്നു. സാമ്പ്യാദ്യം ശുദ്ധമായിരിക്കണമെന്നും അവിഹിതമാവരുതെന്നും കച്ചവടക്കാർ തീരുമാനിക്കണം. ഇവിടെയും ഹലാൽ/ ഹറാം (അനുവദനീയം/നിഷിദ്ധം) എന്ന അർത്ഥത്തിൽ ഇതിനെ കാണാൻ ശ്രമിക്കണം.

publive-image

എന്നാൽ സ്വർണമടക്കമുള്ള കച്ചവടത്തിൽ ഹലാൽ (നേരായരീതി) സമ്പ്രദായം പൂർണമായും നടപ്പാക്കുന്നുണ്ടോ? പത്തുമുതൽ മുപ്പതു ശതമാനം വരെ പണിക്കൂലി ഈടാക്കി ലാഭം എടുക്കുന്നവരാണല്ലോ ഇന്നാട്ടിലെ സ്വർണക്കച്ചവടക്കാർ. അവരിലേക്ക് വന്നുചേരുന്ന സ്വർണത്തിൽ “ഹറാം സ്വർണം” (കള്ളക്കടത്തു സ്വർണം) ഇല്ലന്നുറപ്പാക്കാനുള്ള സംവിധാനം ഇവിടെ ഉണ്ടോ? കച്ചവടത്തിൽ ലാഭം എടുക്കുന്നത് തെറ്റല്ല.

യാതൊരു മതവും ഭരണകൂടവും അതിനെ എതിർക്കുന്നില്ല. എല്ലാറ്റിനെയും ഹറാം എന്ന മുദ്രകുത്തി തള്ളിക്കളയുകയും അരുത്. ഇന്ത്യ മുഴുവൻ ഒറ്റ വില സമ്പ്രദായം എന്ന പരസ്യവാചകം ഉപഭോക്താവിനെ വിശ്വസത്തിലെടുക്കാൻ മാത്രം ഉപയോഗിക്കാതെ അവർക്കുകൂടി ലാഭവിഹിതം എത്തിച്ചേരും വിധത്തിൽ ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്.

പക്ഷെ കച്ചവടക്കാരിലെ അമിത ലാഭത്തിൽ ഹറാം കടന്നുകൂടിയിട്ടുണ്ടോ എന്നറിയാനുള്ള സംവിധാനം ഒരുക്കേണ്ടത് ഭരണകൂടമാണ്. അതവർക്ക് നടപ്പാക്കാനാവാത്തതാണ് ഇവിടെ വെട്ടിപ്പും തട്ടിപ്പും ക്രമാതീതമായി വർധിക്കുന്നത്. സർക്കാരിന്റെ നേരായ വിഹിതംപോലും അവർക്കു ലഭിക്കുന്നുണ്ടോ എന്നുപോലും കണ്ടുപിടിക്കാനുള്ള സംവിധാനം ഇന്ന് അപര്യാപ്തമാണ്.

സ്വകാര്യ ആശുപത്രികൾക്ക് പോലും ഇവിടെ ഒരു റെഗുലേറ്ററി സംവിധാനം നാളിതുവരെ നടപ്പാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ പാവപ്പെട്ട രോഗിയെ അനാവശ്യ ടെസ്റ്റുകളും മരുന്നുകളും നൽകി പിഴിയുകയും സ്വകാര്യ ആശുപത്രികൾ സമ്പന്നരാവുകയും ചെയ്യുന്നു.

ഇതും ഹറാമിന്റെ ഇനത്തിൽ പെടുന്നവയാണോ? സർക്കാർ സംവിധാനങ്ങളുടെ കുറവും അനാസ്ഥയുമാണ് ഇത്തരക്കാർക്ക് വളരാനും ചൂഷണം ചെയ്യാനും പ്രേരണനൽകുന്നത്. ഇവരുടെ ക്രമാതീതമായ വളർച്ചയെ ആരെങ്കിലും ഹലാൽ സമ്പാദ്യമായി കണക്കാക്കുമോ? മതം നിഷ്കർഷിക്കും വിധത്തിലാണോ പ്രവർത്തിക്കുന്നതെന്ന് വിലയിരുത്താൻ ഇവിടെ ഏതെങ്കിലും മതമേലധികാരികൾ തയ്യാറായിട്ടുണ്ടോ.

ചുരുക്കത്തിൽ പാവങ്ങളെ ചൂഷണം ചെയ്യുന്നതിൽ എല്ലാവരും മത്സരിക്കുകയാണ്. താങ്കളുടെ പാപഭാരം കഴുകാനായി വാങ്ങിച്ചുകൂട്ടിയ ലാഭത്തിന്റെ ചെറിയൊരു വിഹിതം ദാനധർമ്മങ്ങൾ നൽകി ദൈവത്തിനുമുന്നിൽ ആത്മസംതൃപ്തി നേടുന്നു.

രാക്ഷ്ട്രീയക്കാരുടെ സംരക്ഷണവും സഹായവും ഉറപ്പുവരുത്താനായി ലാഭവിഹിതത്തിൽ മറ്റൊരു പങ്ക് സംഭാവനായി അവരും കൊണ്ടുപോവുന്നു. സമൂഹം ഉദാര സംഭാവന ചെയ്തതിനാൽ അവരെ പുകഴ്ത്തുകയും പ്രകീർത്തിക്കപ്പെടുകയും ചെയ്യന്നു. അവിടെയും ചൂഷണത്തിന് വിധേയരായ പപ്പപ്പെട്ടവന്റെ കണ്ണുനീരൊപ്പാൻ ആരുമില്ലാതാവുന്നു. അങ്ങനെ ഹറാമിന്റെ എല്ലാ ലക്ഷണരേഖകളും അവർ ലംഘിക്കുന്നു. അവർ ചെയ്യുന്നതൊക്കെ “ഹലാൽ” ആണെന്ന വിശ്വാസത്തോടെ.

phone:9747883300 email: hassanbatha@gmail.com.  

Advertisment