കഷണ്ടി മാറി മുടി വളരാന്‍ എത്ര ഫ്രഞ്ച് ഫ്രൈസ് കഴിക്കണം ? ഒടുവില്‍ വിശദീകരണവുമായി ഗവേഷകര്‍

Saturday, February 17, 2018

ടോക്ക്യോ:  എത്ര ഫ്രഞ്ച് ഫ്രൈസ് കഴിച്ചാലാണ് കഷണ്ടി മാറുക ചോദ്യത്തിന് മറുപടി നല്‍കി മടുത്ത് ഒടുവില്‍ അതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജപ്പാന്‍ ഗവേഷകര്‍. ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നതു മുടിവളരാൻ സഹായിച്ചേക്കുമെന്ന തരത്തില്‍ ബയോമെട്രിക് ജേണലില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് തുടരെ ചോദ്യങ്ങളെത്തിയത്.

ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഡൈമീതൈല്‍പോളിസിലോക്‌സേന്‍ എന്ന ലൂബ്രിക്കന്റ് എലികളുടെ പുറത്ത് പരീക്ഷിച്ചപ്പോള്‍ അവയ്ക്ക് കൂടുതല്‍ രോമവളര്‍ച്ച ഉണ്ടായതായി കണ്ടെത്തിയെന്ന് വിശദീകരിച്ചായിരുന്നു യൊക്കോഹമ നാഷണല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പ്രബന്ധം പ്രസിദ്ധീകരിച്ചത്. പഠനറിപ്പോര്‍ട്ട് വ്യപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഇതേ തുടര്‍ന്നായിരുന്നു അന്വേഷണപ്രവാഹം.

ഒടുവില്‍ പഠനറിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്ന വിശദീകരണവുമായി സര്‍വകലാശാലയിലെ ഗവേഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫ്രഞ്ച് ഫ്രൈസില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ മുടിനഷ്ടം കുറയ്ക്കാന്‍ നിങ്ങളെ ഒരു തരത്തിലും സഹായിക്കില്ലെന്നും ഇത്തരം പഠനങ്ങളെ കണ്ണടച്ച് വിശ്വസിക്കരുതെന്നും ഒടുവില്‍ ഗവേഷകര്‍ വിശദീകരിച്ചു.

×