”ഈ അമ്മമാരുടെ വസ്ത്രധാരണം എന്ന സംഗതി എന്താണെന്നറിയില്ല. കുഞ്ഞുണ്ടായതുകൊണ്ട് ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കാന്‍ പാടില്ലെന്നില്ല’

Friday, June 1, 2018

തന്റെ പുതിയ ചിത്രമായ വീരേ ദി വെഡ്ഡിങ്ങിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കായി കരീന കപൂര്‍ എത്തിയത് സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളിലാണ്. എന്നാല്‍ വസ്ത്രധാരണത്തിന്റെ പേരില്‍ കരീനയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയാണ്.

കരീനയുടെ വസ്ത്രധാരണം ഒരു അമ്മയ്ക്ക് ചേര്‍ന്നതല്ല എന്നാണ് ഇവരുടെ കണ്ടെത്തല്‍. എന്നാല്‍ ഈ വിമര്‍ശനങ്ങളൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നാണ് കരീനയുടെ പക്ഷം. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിമര്‍ശനങ്ങളെക്കുറിച്ച് കരീന പ്രതികരിച്ചത്.

‘ഒരാള്‍ക്ക് നല്ലതെന്ന് തോന്നുന്നതെന്തോ അതാണ് അവര്‍ ധരിക്കേണ്ടത്. ഈ അമ്മമാരുടെ വസ്ത്രധാരണം എന്ന സംഗതി എന്താണെന്നു എനിക്കറിയില്ല. എന്റെ അമ്മ ( ബബിത)മോഡേണ്‍ ആയ വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. ജീന്‍സിലും ടോപ്പിലും അമ്മ കാണാന്‍ സുന്ദരിയാണ്.

എന്റെ അമ്മായിയമ്മയെ ( ശര്‍മിള ടാഗോര്‍)നിങ്ങള്‍ കണ്ടിട്ടുണ്ടോ? സില്‍ക്ക് സാരി അണിയുമ്പോള്‍ എങ്ങനെയാണോ അത്രയും സുന്ദരിയാണ് അവര്‍ ജീന്‍സിലും. സ്ത്രീകള്‍ക്ക് എന്താണോ താല്പര്യം അത് അവര്‍ ധരിക്കുന്ന ഒരു ലോകത്തിലാന്ന് ഞാന്‍ വളര്‍ന്നു വന്നത്.

ഒരു കുഞ്ഞുണ്ടായതുകൊണ്ടു മാത്രം എനിക്ക് ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കാന്‍ പാടില്ലെന്നില്ല. നിങ്ങള്‍ക്ക് ആത്മവിശ്വാസവും നല്ല ശരീരവുമുണ്ടെങ്കില്‍ എന്ത് വന്നാലും അവ നിങ്ങള്‍ക്ക് ധരിക്കാം. ഞാന്‍ ഗര്‍ഭിണിയായിരുന്നപ്പോഴും ഇതേപോലെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ സ്വീകരിക്കാന്‍ ഓരോ സ്ത്രീയെയും അനുവദിക്കണം – കരീന പറയുന്നു.

×