Advertisment

അസൂസിന്റെ ‘സെന്‍’ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഡല്‍ഹി ഹൈക്കോടതി

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ന്യൂഡല്‍ഹി:അസൂസിന്റെ ‘സെന്‍’ ബ്രാന്‍ഡ്‌ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്. സെന്‍ ബ്രാന്റിലുള്ള ഉല്‍പന്നങ്ങളുടെ വില്‍പന തടഞ്ഞ് ഡല്‍ഹി ഹൈക്കോടതിയാണ് ഉത്തരവ് ഇറക്കിയത്. എട്ട് ആഴ്ചത്തേയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ഫോണ്‍, ടാബ് ലെറ്റ്, മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്കെല്ലാം ഈ വിലക്ക് ബാധകമാവും. വിലക്കിനെ തുടര്‍ന്ന് എട്ട് ആഴ്ചത്തേയ്ക്ക് സെന്‍ഫോണ്‍ സ്മാര്‍ട്ഫോണുകളുടെ വില്‍പന നിര്‍ത്തിവെക്കേണ്ടി വരും.

അസൂസ് അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്ന ‘സെന്‍’ ട്രേഡ് മാര്‍ക്കിന് മേല്‍ അവകാശം ഉന്നയിച്ചുകൊണ്ട് ടെലികെയര്‍ നെറ്റവര്‍ക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്.

ഫീച്ചര്‍ ഫോണുകള്‍ക്ക് വേണ്ടി ‘സെന്‍’ എന്ന ട്രേഡ്മാര്‍ക്ക് 2008 ല്‍ തങ്ങള്‍ സ്വന്തമാക്കിയതാണ് എന്നാണ്‌ ടെലികേയര്‍ അവകാശപ്പെടുന്നത്. അസൂസ് സെന്‍ ബ്രാന്റിലുള്ള സെന്‍ഫോണ്‍ സ്മാര്‍ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത് 2014 ലാണ്. സെന്‍ഫോണിന് പിന്നാലെ സെന്‍ബുക്ക് എന്ന് വിന്‍ഡോസ് കംപ്യൂട്ടറുകളും അസൂസ് പുറത്തിറക്കി.

ഒരേ രീതിയിലുള്ള ട്രേഡ്മാര്‍ക്ക് ആണ് ഇരു കമ്പനികളും ഉപയോഗിക്കുന്നത് എന്ന് ആദ്യ കാഴ്ചയില്‍ തന്നെ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കോടതി സെന്‍ ബ്രാന്റ് ഉല്‍പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവ് ഇറക്കിയത്. ടെലികെയറും സെന്‍ഫോണ്‍ എന്ന പേരില്‍ ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കുന്നുണ്ട്. ഇത് ഉപയോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് അവര്‍ വാദിക്കുന്നു.

അസൂസ് മേധാവി ജോണി ശിഹ് സെന്‍ തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നതിനാലാണ് സെന്‍ ബ്രാന്റ് ഉപയോഗിക്കുന്നതെന്നും. അസൂസ് ട്രേഡ് മാര്‍ക്കിനൊപ്പം സെന്‍ഫോണ്‍ എന്ന് ഉപയോഗിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാവില്ലെന്നുമാണ് അസൂസിന്റെ വാദം. കേസില്‍ വ്യക്തമായ വാദം ഉന്നയിച്ച് പരിഹാരം കണ്ടില്ലെങ്കില്‍ വിലക്ക് തുടരും.

Advertisment