Advertisment

അസാധാരണ ജീവിത കാഴ്ചപ്പാടും തെളിമയാർന്ന ജീവകാരുണ്യ പ്രവർത്തനവുമായി മനച്ചിതൊടി മൊയ്തു - വ്യക്തികള്‍ വിശേഷങ്ങള്‍

New Update

publive-image

Advertisment

മണ്ണാർക്കാടിന്റെ സാംസ്ക്കാരിക സൗന്ദര്യമേറ്റുവാങ്ങിയ നാട്ടു പ്രദേശമാണ് ചങ്ങലീരി.

അവിടെ അസാധാരണ ജീവിത കാഴ്ചപ്പാടും തെളിമയാർന്ന ജീവകാരുണ്യ ഇടപെടലും നടത്തുന്ന

മനച്ചിതൊടി മൊയ്തു എന്ന മനുഷ്യ സ്നേഹിക്ക് ജീവിതത്തെക്കുറിച്ചുള്ള ഭാഷ്യം ഇങ്ങനെയാണ്.

'ജീവിത ചെലവുകൾ കുറച്ചാൽ, അത്യാഡംബരവും സുഖലോലുപതയും ഒഴിവാക്കിയാൽ, ഒരു കുടുംബത്തിന് കഴിയാനുള്ള സാമ്പത്തിക ചെലവ് കൊണ്ട് രണ്ടോ മൂന്നോ കുടുംബങ്ങൾക്ക് കഴിയാം..

ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു കുടുംബത്തിൽ ജനിച്ച

മൊയ്തു ഇത് പറയുമ്പോൾ നന്നായനുഭവിച്ച പഴയകാല ജീവിതകഷ്ടപ്പാടുകൾ ആർക്കും മനസ്സിലാക്കാനാവും.

പാവപ്പെട്ടവർക്ക് സ്നേഹവും കരുതലും പകർന്ന് ജീവിത നിയോഗം തുടരുന്ന മൊയ്തുവിനെക്കുറിച്ച് അറിഞ്ഞപ്പോൾ അത്ഭുതവും അതിലേറെ ആദരവുമാണ് തോന്നിയത്. ഇതുപോലെ ചിലർ ഈ ഭൂമിയിൽ ഉള്ളതിനാലാണ് മനുഷ്യരെന്ന് അഭിമാനിക്കാൻ നമുക്കെല്ലാം കഴിയുന്നത്. വാക്ക് കൊണ്ടും മനസ്സറിഞ്ഞ പ്രവർത്തികൊണ്ടും അത്രയേറെ വിശുദ്ധമാണ് മൊയ്തുക്കയുടെ വ്യക്തിത്വം.

വെറുതെ ഉണ്ടും ഉറങ്ങിയും തീർക്കുന്ന നേരമ്പോക്കല്ല ഇദ്ദേഹത്തിന് ജീവിതം. സാമ്പത്തിക സുഖ സൗകര്യങ്ങൾ ഉണ്ടായിട്ടും ഒരു സാധാരണ ജീവിതമാണ് മൊയ്തുക്ക ഇഷ്ടപ്പെടുന്നത്. തന്റെ ചുറ്റിലും നോവുന്ന ആളുകൾക്ക് മനുഷ്യ സാധ്യമായ എല്ലാ ആശ്വാസവും സാന്ത്വനവും പകരണം,ഇതു മാത്രമാണ് ചെലവ് ചുരുക്കൽ നടപടിയിലൂടെയുള്ള ലക്ഷ്യം.

നിത്യ രോഗികളുടെ വീടുകളിൽ മരുന്നെത്തിച്ചു കൊടുത്തും, നൂറോളം വ്യക്തികൾക്ക് മാസാന്ത പെൻഷൻ നൽകിയും പാവങ്ങൾക്ക് കരുതലായി ലോക്ഡൗൺ സമയത്ത് അവശ്യ വസ്തുക്കൾ എത്തിച്ചും ആംബുലൻസ് വാങ്ങുന്ന ഫണ്ടിലേക്ക് അര ലക്ഷം നൽകിയും മൊയ്തുവും

ഉമ്മ കുഞ്ഞാത്തുട്ടിയും വാർത്തകളിൽ ഇടം നേടിയിരുന്നു.

ഇക്കാര്യങ്ങളൊന്നും പരസ്യപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ഈയിടെയായി നടന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതും മറ്റുമുള്ള പരിപാടികൾ പരസ്യമായതോടെയാണ് മൊയ്തുവിൻ്റെ പല സേവന പ്രവർത്തനങ്ങളും ജനങ്ങളറിയുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഈയിടെ ഒരു ലക്ഷം രൂപയാണ് മൊയ്തുവിന്റെ ഉടമസ്ഥതയിലുള്ള ഹയ ഹൈപ്പർ മാർക്കറ്റ് സംഭാവന നൽകിയത്. കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് യാത്ര ചെയ്യുന്നതിന് മൊയ്തുവിൻ്റെ ഒരു വാഹനം വിട്ടു കൊടുത്തിട്ടുമുണ്ട്.

ഒരു സാധാരണ കച്ചവടക്കാരനാണെങ്കിലും ജീവിതത്തിൽ ഇദ്ദേഹം വളരെ ഉദാരനായാണ് അറിയപ്പെടുന്നത്. ഓട്ടോറിക്ഷ ഓടിച്ച് ജീവിതം തുടങ്ങിയ മൊയ്തു തന്റെ പഴയ കൂട്ടുകാർക്ക് ആയിരം രൂപ വീതം കോവിഡ് സഹായമായി നൽകി കഷ്ടപ്പാടിന്റെ ജീവിത വഴി മറന്നില്ല.

publive-image

ഒന്നും രണ്ടുമല്ല 80 പേർക്കാണ് സ്വന്തം സന്തോഷം പോലും നോക്കാതെ ക്ലേശിക്കുന്നവർക്ക് ഒരു കൈ സഹായമായത്.മണ്ണാർക്കാട് ഡിവൈഎസ്പി ശശികുമാറാണ് പണം വിതരണം ചെയ്തത്.

ഈ അമ്പത്തി എട്ടാം വയസ്സിലും മൊയ്തു മക്കളോടൊപ്പം കർമ നിരതനാണ്. കച്ചവട ആവശ്യാർത്ഥം കൊണ്ടു നടക്കുന്ന ഓട്ടോയിലും സൈക്കിളിലുമാണ് സഞ്ചാരം.സാധാരണ വേഷം. പ്രസന്നമായ പെരുമാറ്റം. ഒരു സംഘടനയുടെയും പ്രസ്ഥാനത്തിന്റെയും ലേബലില്ലാതെ സ്വന്തം ഉമ്മയെ മാത്രം ബോധ്യപ്പെടുത്തിയാണ് ജീവകാരുണ്യ പ്രവർത്തനം.

വലതുകൈ നൽകുന്നത് ഇടതുകൈ അറിയരുതെന്ന തത്വത്തിൽ സഹായ പ്രവൃത്തികൾ ചെയ്യും. എന്നാൽ സംഘടനകൾക്കും പാർട്ടികൾക്കുമാണ് ഫണ്ട് നൽകുന്നതെങ്കിൽ അത്

പരസ്യപ്പെടുത്തണമെന്ന് തന്നെയാണ് മൊയ്തുവിന്റെ നയം.

നാലാൾ അറിഞ്ഞാലേ അവർ സാമ്പത്തിക കാര്യത്തിൽ സുതാര്യത കാണിക്കൂ എന്നാണ് അഭിപ്രായം.വിപുലമായ ഭൂസ്വത്തും കണക്കറ്റ വരുമാനവും ഉള്ളത് കൊണ്ടല്ല ഇദ്ദേഹം പാവങ്ങളെ നിർലോഭം സഹായിക്കുന്നത്. ഓരോ മാസവും ഓരോ ഉത്പന്നത്തിന്റെയും വിറ്റുവരവും കച്ചവട വരുമാനവും കണക്കാക്കിയാണ് ധർമം ചെയ്യുന്നത്.

പണസമ്പാദനവും പണം ചിലവഴിക്കലും ഒരുപോലെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട കാര്യങ്ങളാണ്.

വരവും ചെലവും കഴിഞ്ഞ് നീക്കിയിരിപ്പായുള്ള തുകക്ക് ആലംബഹീനർ അവകാശികളാണെന്നാണ് മൊയ്തുവിന്റെ പ്രത്യയശാസ്ത്രം.

നിരാലംബരോടുള്ള സ്‌നേഹമെന്നത് സഹായവും സാന്ത്വനവും മാത്രമല്ല, ആത്മാഭിമാനമുള്ള ജീവിതത്തിലേക്ക് അവരെ പ്രാപ്തരാക്കുക കൂടിയാണെന്ന പ്രവാചക വചനമാണ്

മൊയ്തു ഉൾക്കൊണ്ടിട്ടുള്ളത്.

കുടുംബത്തിന്റെ നേരും നന്മകളും തലമുറകളിലേക്ക് കാത്തുവെക്കാനാണ് ഇദ്ദേഹത്തിന് താല്പര്യം. അതുകൊണ്ടു തന്നെ മക്കളും മരുമക്കളും പേരകുട്ടികളുമെല്ലാം ഉൾപ്പെടുന്ന കൂട്ടു കുടുംബമാണ്. ഇക്കാരണത്താൽ തന്നെ നാട്ടുകാര്‍ ഈ കുടുംബത്തെ പ്രത്യേക സ്‌നേഹാദരവുകളോടെയാണ് നോക്കി കാണുന്നത്.

സ്നേഹബന്ധങ്ങൾ വേരറ്റുപോവുന്ന കാലമാണിത്. ഉപാധിയില്ലാത്ത സ്‌നേഹം അതാണ് മനച്ചിതൊടി മൊയ്തു ഒരു വീട്ടിൽ 17അംഗങ്ങളുമായി കഴിയുന്നതിന്റെ പുണ്യം. ഓരോരുത്തരും

വേറെ വീടുവച്ച് താമസിക്കാതെ, ഒന്നിച്ച് സ്നേഹത്തിൽ കഴിയുന്ന ഈ കുടുംബം ഒരു മാതൃക തന്നെയാണ്.

മനുഷ്യ നന്മക്കു വേണ്ടിയുള്ള ആശ്വാസപ്രവർത്തനങ്ങളിൽ ആരുമായും മൊയ്തു സഹകരിച്ചു നിൽക്കും. അതോടൊപ്പം ജീവകാരുണ്യത്തിന്റെ പേര് പറഞ്ഞ് തന്നെ ചൂഷണം ചെയ്യാൻ വരുന്നവരോട് നിലപാട് കടുപ്പിക്കാനും ജാഗ്രത പാലിക്കാനും മൊയ്തുവിനറിയാം.

കണിശമായ ജീവിത ചിട്ടകൾ സൂക്ഷിക്കുമ്പോഴും വിനയം തുളുമ്പുന്ന സംസാരവും സാധാരണമായ പെരുമാറ്റവും ജീവിത ലാളിത്യവും കൊണ്ട് ശ്രദ്ധേയനാണ്‌ നാട്ടിലും സൗദി അറേബ്യയിലും ബിസിനസ് ഉള്ള ഈ മനുഷ്യ സ്‌നേഹി.

എല്ലാ ആശ്വാസ പ്രവർത്തനത്തിന്റെയും സ്രോതസ് ഹയ ഹൈപ്പർ മാർക്കറ്റാണ്.

ഉപഭോക്താക്കളോടുള്ള ഇടപെടലും മാതൃകാപരമാണ്. 20 പേർക്ക് ഒന്നിച്ച് നമസ്ക്കരിക്കാവുന്ന പ്രാർത്ഥന മുറിയോടുകൂടിയാണ് ഹയമാർക്കറ്റിന്റെ പ്രവർത്തനം.

പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം അറബ് വംശജരിൽ നിന്നും പഠിച്ച കച്ചവടവും സംസ്ക്കാരവുമാണ് ജീവിതത്തെ ഉജ്വലമാക്കിയത്. മൊയ്തുവും മക്കളും നല്ലപോലെ അദ്ധ്വാനിച്ചാണ് ഓരോ രൂപയും സ്വരൂപിക്കുന്നത്. അതിനാൽ സാമ്പത്തിക കാര്യത്തിൽ വാപ്പയുടെ അതേ സൂക്ഷ്മതയും ഉദാരമനസ്സുമാണ് മക്കൾക്കും.

ജീവിതം ക്ഷണികമായ ഒരവസരമാണ്. ആ അവസരത്തിലെ ചില സൗഭാഗ്യങ്ങൾ മാത്രമാണ് സ്വത്തും സന്താനങ്ങളും. സമൂഹത്തിലെ ദുർബലർക്കും രോഗദുരിതം അനുഭവിക്കുന്നവർക്കും സമ്പത്ത് ഉപകരിച്ചില്ലെങ്കിൽ അവിടെയാണ് ജീവിതം പരാജയമാകുന്നത്.

തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണ് മൊയ്തുവും കുടുംബവും പാവങ്ങൾക്ക് കനിവാകുന്നത്. ഭൂമിയിൽ നിന്നും പിരിയുവോളം ഈ ജീവിതം ഇങ്ങനെ തന്നെ തുടരണമെന്നാണ് മൊയ്തുവിന്റെയും വാത്സല്യ നിധിയായ ഉമ്മയുടെയും ആഗ്രഹം.

life style
Advertisment