ഭദ്രന്റെ ജൂതനിൽ സൗബിന്റെ നായികയായി റിമ

ഫിലിം ഡസ്ക്
Friday, March 15, 2019

പതിനാലു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് സംവിധായകനായ ഭദ്രൻ. ജൂതൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. റിമ കല്ലിങ്കൽ ആണ് നായിക. ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.

ചിത്രത്തിൽ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കവും പക്ഷേ ബുദ്ധിവൈഭവവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിൻ എത്തുന്നത്. ജോജു ജോർജ്ജ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഇവരെ കൂടാതെ ഇന്ദ്രൻസ്, ജോയിമാത്യു തുടങ്ങി നിരവധി താരങ്ങളാണ് കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നത്.

എസ്. സുരേഷ് ബാബുവാണ് തിരക്കഥ. റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമൻ ,എസ് സുരേഷ് ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലോകനാഥൻ ശ്രീനിവാസൻ ആണ് ജൂതന്റെ ഛായാഗ്രാഹണം നിർവഹിക്കുക. സുഷിൻ ശ്യാം സംഗീതം നൽകും. ബംഗ്‌ളാണ് കലാ സംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കും.

×