ശശിലളിതയിൽ ജയലളിതയായി കജോൾ ശശികലയായി അമലാ പോൾ

ഫിലിം ഡസ്ക്
Saturday, April 13, 2019

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി മൂന്ന് ജീവചരിത്ര സിനിമകളാണ് തെന്നിന്ത്യയിലും ബോളിവുഡിലുമായി ഒരുങ്ങുന്നത്. അതിനിടയിലേക്ക് ഇപ്പോള്‍ മറ്റൊരു ചിത്രം കൂടി എത്തുകയാണ്. ഇതില്‍ ജയലളിത മാത്രമല്ല അവരുടെ ഉറ്റ തോഴി ശശികലയും തുല്യ പ്രാധാന്യമുള്ള വേഷത്തിലെത്തുന്നു. സിനിമയുടെ പേരിലുമുണ്ട് ഈ തുല്യത. ശശിലളിതയെന്നാണ് ചിത്രത്തിന്റെ പേര്. കെ. ജഗദീശ്വര റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇരുവരുടെയും മുഖത്തിന്റെ പാതിചേര്‍ത്ത് വച്ച ലുക്കാണ് പോസ്റ്ററിലുള്ളത്.

ചിത്രത്തില്‍ ബോളിവുഡ് താരം കജോളാണ് ജയലളിതയായി എത്തുക. ശശികലയായി തെന്നിന്ത്യന്‍ താരസുന്ദരി അമലാ പോളും വേഷമിടും. ഇരുവരുമായി ആദ്യഘട്ട ചര്‍ച്ച നടത്തിയെന്നാണ് സംവിധായകനുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജയലളിത ആശുപത്രിയില്‍ കഴിഞ്ഞ അവസാന 75 നാളുകളും ചിത്രത്തിലുണ്ടാകുമെന്നും പിന്നണിക്കാര്‍ അറിയിക്കുന്നു. ഇരുവരും പരസ്പരം ജീവിതത്തില്‍ എങ്ങനെയായിരുന്നുവെന്ന് തിരിച്ചറിയാന്‍ തന്റെ ചിത്രം ഉപകരിക്കുമെന്നാണ് ജഗദീശ്വര റെഡ്ഡി പറയുന്നത്. ജയം മൂവീസാണ് സിനിമ നിര്‍മ്മിക്കുന്നത്. താരനിര്‍ണയം പൂര്‍ത്തിയായാല്‍ അടുത്ത മാസം തന്നെ ചിത്രീകരണം തുടങ്ങും.

×