Advertisment

“കരിപ്പൂർ റൺവേ” വെട്ടിമുറിക്കുന്നത് ആർക്കുവേണ്ടി???

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

157 പേരുടെ ജീവനെടുത്ത മംഗലാപുരം വിമാന ദുരന്തം നടന്നിട്ട് പന്ത്രണ്ടു വർഷമായിട്ടും (2010) അന്നത്തെ അന്വേഷണ കമീഷൻ കർശനമായും നടപ്പാക്കാൻ ശുപാർശചെയ്ത “എഞ്ചിനീയനെഡ് മെറ്റീരിയൽ അറസ്റ്റിംഗ് സിസ്റ്റം” ഇമാസ് (EMAS) എന്തുകൊണ്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിൽ വരുത്തിയില്ല എന്ന ചോദ്യം ബാക്കിയാക്കി കൊണ്ടാണ് 2020-ൽ മറ്റൊരു ടേബിൾടോപ് എയർപോർട്ടിൽ അതെ വിമാനക്കമ്പനി മറ്റൊരു അപകടം ഉണ്ടാക്കുന്നത്.

കമ്മറ്റിയുടെ ശുപാർശ താമസംവിനാ നടപ്പാക്കിയിരുന്നെങ്കിൽ കരിപ്പൂരിൽ 21പേർ മരിക്കില്ലായിരുന്നു. 1200 കോടിരൂപയുടെ വിമാനം കത്തിയെരിയില്ലായിരുന്നു. മരിച്ചവരുടെ ആത്മാവുകൾ “ഇമാസ്” നടപ്പിലാക്കാതിരുന്ന ഉദ്യോഗസ്ഥരോടും അത് കണ്ടില്ലെന്നു നടിച്ച രാക്ഷ്ട്രീയക്കാരോടും പൊറുത്തുകൊടുക്കട്ടേ.

ഇടവേളകളില്ലാതെ പ്രശ്നമുഖരിതമായ ലോകത്തിലെ ആദ്യ വിമാനത്താവളമായി മാറിയിരിക്കുകയാണ് മലപ്പുറത്തെ മൊട്ടകുന്നിൽ മുപ്പത്തിനാല് (13/04/1988) വർഷങ്ങൾക്കുമുമ്പ് നിർമിച്ച സാധാരണക്കാരന്റെ വിമാനത്താവളം. കൂടാതെ ഇന്ത്യയിലാദ്യമായി സ്വകാര്യ പങ്കാളിത്തത്തോടെ ഒരു സർക്കാർ വിമാനത്താവളത്തിന്റെ റൺവേയുടെ നീളം കൂട്ടിയ ചരിത്രവും കരിപ്പൂരിന് സ്വന്തം.

(6000 അടിയിൽനിന്നും 9000വരെ) “മഡാക്” എന്ന “മലബാർ എയർപോർട്ട് ഡെവലപ്മെന്റ് കമ്മിറ്റിയുടെ” നേതൃത്വത്തിൽ “ഹഡ്കോയിൽ” നിന്നും കടമെടുത്ത അറുപതുകോടി രൂപ പിന്നീട് ഗൾഫ് മലയാളികളിൽ നിന്നും പലിശരഹിത വായ്പയിൽ പിരിച്ചെടുത്തതുകയും, യൂസേസ് ഫീ ഇനത്തിൽ കിട്ടിയ പണവും കൂട്ടിച്ചേർത്താണ് ബാങ്കിന്റെ കടം വീടിയതു.

ഏച്ചുകൂട്ടി പതിയെപ്പതിയെ റൺവേയുടെ നീളം വീണ്ടും കൂട്ടിയതോടെ 2002-ൽ വലിയ വിമാനങ്ങളായ ജെംബോ 747-നും കോഡ് “ഇ” ഗണത്തിൽപ്പെട്ട ബോയിങ് 777 അടക്കം ഇറക്കിത്തുടങ്ങി. അതിനിടയിൽ പതിവുപോലെ റൺവേയുടെ റീ-കാർപെറ്റിങ്ങുപണി ആരംഭിക്കുകയും നിലവിലെ റൺവേയുടെഘനം 57-ൽ നിന്നും 75 പിസിഎൻ ആയി വർധിപ്പിക്കുകയും ചെയ്തതോടെ റൺവേയുടെ നീളം 2860 മീറ്ററായി. ഇരുവശവും 90 മീറ്റർ റൺവെ ഏൻഡ് സേഫ്റ്റി ഏരിയ (റെസ) RESA ഇന്റെർണനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻന്റെ ICAO (ഐസിഎഓ) നിബന്ധനകൾ പൂർണമായും പാലിച്ചുകൊണ്ട് പുനർനിർണയം ചെയ്തു.

എന്നാൽ വീണ്ടും 2017-ൽ “ഡിജിസിഎ” യുടെ നിർദ്ദേശപ്രകാരം “റെസ” 240-ലേക്ക് മാറ്റിയതോടെ റൺവേനീളം 2700 ലേക്ക് മാറ്റിക്കുറിച്ചു. ഇതുപ്രകാരം വിമാനമിറക്കുന്ന പൈലറ്റിന് “എടിസി” നൽകുന്ന നിർദ്ദേശം റൺവേ നീളം 2700 ആയിരിക്കുമെന്നും ബാക്കി 150 മീറ്ററിൽ 90 മീറ്റർ റെസയോട് ചേർത്ത് വിമാനം തിരിക്കണമെന്നുമായി. അതോടെ നിലവിലെ റെസ 240-ൽ 90 മീറ്റർ സോഫ്റ്റ് ലാൻഡും ബാക്കി 150 മീറ്റർ “റിജിഡ് പാവിഡ് സർഫസുമായി” നിജപ്പെടുത്തി.

അതുപ്രകാരം റൺവേ10ലും റൺവേ28-ലും സുഖമമായി എല്ലാ തരത്തിൽപെട്ട (കോഡ് സി,ഡി) വിമാനങ്ങൾ ഇറക്കിക്കൊണ്ടിരുന്നത്. അതിനിടയിലാണ് 2020 ആഗസ്റ്റ് 7-ലെ അപ്രതീക്ഷിത വിമാന ദുരന്തം കരിപ്പൂരിൽ സംഭവിക്കുന്നത്. പക്ഷെ, വിമാനദുരന്തം തികച്ചും വൈമാനികന്റെ തെറ്റായിരുന്നെന്നും എയർപോർട്ട് റൺവേയുമായി ബന്ധമില്ലെന്നും ദുരന്തം പഠിക്കാൻ നിശ്ചയിച്ച കമ്മിറ്റി അസന്നിഗ്ധമായി രേഖപ്പെടുത്തിയെങ്കിലും ദുരന്തശേഷം രേഖാമൂലമല്ലാതെ ഏർപ്പെടുത്തിയ വലിയ വിമാനങ്ങളുടെ വിലക്ക് 17-മാസത്തിനുശേഷവും തുടരുന്നു.

റൺവേ വെട്ടിമുറിക്കൽ തീരുമാനം:

വലിയ വിമാനങ്ങൾ വീണ്ടും ഇറക്കാനുള്ള തീരുമാനം ഇഴഞ്ഞു നീങ്ങവേ “ദാ വരുന്നൂ മറ്റൊരു കണ്ടെത്തൽ”. നിലവിലുള്ള റൺവേയിൽ നിന്നും 300 മീറ്റർ വെട്ടിമാറ്റിയാൽ മാത്രമേ “റെസ” യുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാവൂ എന്ന “ഡിജിസിഎ”യുടെ പുതിയ നിർദ്ദേശം. അതോടെ 2860 മീറ്റർ റൺവേ 2560 മീറ്ററിലേക്കു ചുരുക്കപ്പെടുന്നതോടെ വലിയ വിമാനങ്ങൾ എന്ന മലബാറുകാരുടെ സ്വപ്നങ്ങളും വെട്ടിമാറ്റപ്പെടും. ഹജ്ജ് വിമാനങ്ങൾ ഒരു കാലത്തും കരിപ്പൂരിന്റെ പ്രതലത്തിൽ വന്നിറങ്ങില്ല. കരിപ്പൂരിലെ ഹജ്ജ് ഹൌസ് അനാഥാലയമായി മാറ്റപ്പെടും. കരിപ്പൂർ “നാരോ” ബോഡി വിമാനത്താവളമായി നിലകൊള്ളും. യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറയുന്നതോടെ വിമാനത്താവളത്തെ ആശ്രയിച്ചു ജീവിക്കുന്ന കച്ചവടവും ജോലിയും പാതിയായി കുറയും. മലബാറിലെ ടൂറിസത്തിനു അസ്തമയത്തിന്റെ സന്ധ്യാമണി മുഴങ്ങും.

ആർക്കുവേണ്ടി വെട്ടിമുറിക്കുന്നു:

വാക്കാൽ വിലക്കപ്പെട്ട വലിയ വിമാനം വീണ്ടും ഇറക്കാനല്ല റൺവേ വെട്ടിമാറ്റുന്നത്, പകരം റെസയുടെ സുരക്ഷ ഉറപ്പുവരുത്താനാണെന്ന് ഡിജിസിഎ പറയുന്നു. കാരണം വലിയ വിമാനമിറക്കണമെങ്കിൽ റൺവേയുടെ നീളം കൂട്ടുകയാണ് വേണ്ടതെന്ന് അവർക്കുതന്നെ ബോധ്യമുള്ളതാണ്. അതുകൊണ്ടുതന്നെ ഈ വെട്ടിമാറ്റൽ ആർക്കുവേണ്ടിയാണെന്ന കാര്യംമാത്രമേ ഇനി അറിയാനുള്ളൂ.

ഉദ്യോഗസ്ഥർ ആർക്കൊക്കെ വേണ്ടിയാണു അടിക്കടി കരിപ്പൂരിനെ കൊല്ലാതെ കൊല്ലുന്നത്. വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനമലംങ്കിരിക്കുന്ന ഒരു സാധാരണ വിമാനത്താവളത്തെ ഇത്രമേൽ ഉപദ്രവിക്കാനുള്ള ശക്തികരങ്ങൾ ആരുടേതാണ്. നിശ്ശബദ്ധമായെങ്കിലും മലപ്പുറത്തെ രാക്ഷ്ട്രീയക്കാർ ഈ ഉദ്യോഗസ്ഥ തീരുമാനങ്ങളിൽ പങ്കാളികളാണോ? പ്രസംഗങ്ങളും, എതിർപ്പുകളും ധർണ്ണകളും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണോ? മൂന്നു പതിറ്റാണ്ടായി സ്വന്തം കൺമുമ്പിലെ വിമാനത്താവളത്തിന്റെ ദുരവസ്ഥ മനസ്സിലാക്കാത്തവരണോ ഇവിടത്തെ രാക്ഷ്ട്രീയ നേതൃത്വം?.

പരിഹാരം ഒന്ന്:

157 പേരുടെ ജീവനെടുത്ത മംഗലാപുരം വിമാന ദുരന്തം നടന്നിട്ട് പന്ത്രണ്ടു വർഷമായിട്ടും (2010) അന്നത്തെ അന്വേഷണ കമീഷൻ കർശനമായും നടപ്പാക്കാൻ ശുപാർശചെയ്ത “എഞ്ചിനീയനെഡ് മെറ്റീരിയൽ അറസ്റ്റിംഗ് സിസ്റ്റം” ഇമാസ് (EMAS) എന്തുകൊണ്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിൽ വരുത്തിയില്ല എന്ന ചോദ്യം ബാക്കിയാക്കി കൊണ്ടാണ് 2020-ൽ മറ്റൊരു ടേബിൾടോപ് എയർപോർട്ടിൽ അതെ വിമാനക്കമ്പനി മറ്റൊരു അപകടം ഉണ്ടാക്കുന്നത്. കമ്മറ്റിയുടെ ശുപാർശ താമസംവിനാ നടപ്പാക്കിയിരുന്നെങ്കിൽ കരിപ്പൂരിൽ 21പേർ മരിക്കില്ലായിരുന്നു. 1200 കോടിരൂപയുടെ വിമാനം കത്തിയെരിയില്ലായിരുന്നു. മരിച്ചവരുടെ ആത്മാവുകൾ “ഇമാസ്” നടപ്പിലാക്കാതിരുന്ന ഉദ്യോഗസ്ഥരോടും അത് കണ്ടില്ലെന്നു നടിച്ച രാക്ഷ്ട്രീയക്കാരോടും പൊറുത്തുകൊടുക്കട്ടേ.

publive-image

(2020-ൽ കോഴിക്കോട് തകർന്നുവീണ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം)

ഇമാസ് ഘടിപ്പിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നം:

റെസയുടെ രണ്ടറ്റത്തും ഇമാസ് സ്ഥാപിക്കുന്നതോടെ തീരുന്നതാണ് കരിപ്പൂരിലെ വിമാനം തെന്നിമാറുകയെന്ന പ്രശ്നം. ഇതിനുവേണ്ടി വരുന്ന ചെലവാകട്ടെ നൂറു കോടി രൂപയിൽ താഴെയും. പന്ത്രണ്ടു വർഷമായി ഒരു ഉന്നത അന്വേഷണ കമ്മീഷന്റെ ശുപാർശ ഫയലിൽ സ്വീകരിച്ചിച്ചിട്ട്. ഉദ്യോഗസ്ഥരോ രാക്ഷ്ട്രീയക്കാരോ അതൊന്നു വായിച്ചുനോക്കാൻപോലും നാളിതുവരെ തയ്യാറായിട്ടില്ല. നമ്മുടെ സംവിധാനത്തിന്റെ പിടിപ്പുകേട് എത്രത്തോളം എന്നറിയാൻ ഈ ചെറിയ ഉദാഹരണം മതിയാവും.

ഇമാസ് എങ്ങനെ പ്രവർത്തിക്കുന്നു:

ഏതെങ്കിലും കാരണവശാൽ റൺവേയിൽനിന്നും ഓവർറൺ ചെയ്യുന്ന വിമാനത്തിന്റെ ചക്രങ്ങളെ യാന്ത്രികമായി പിടിച്ചു നിർത്തുന്ന പ്രക്രിയയാണ് ഇമാസ് സംവിധാനം. അമേരിക്കൻ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ 1996-ലാണ് ഈ സംവിധാനം വ്യോമമേഖലക്കായി കണ്ടുപിടിച്ചത്. ലോകത്തിലെ പല ക്രിട്ടിക്കൽ ലാൻഡിങ്ങുള്ള എയർപോർട്ടുകളിലും ഇമാസ് സംവിധാനമുണ്ട്. 2018-ൽ അമേരിക്കയിലെ കാലിഫോർണിയ എയർപോർട്ടിൽവെച്ച് ബോയിങ് 737 വിമാനം ഓവർഷൂട്ട് ചെയ്തപ്പോൾ പിടിച്ചു നിർത്തി വലിയ അപകടം ഒഴിവായത് ഇമാസിന്റെ സഹായത്താലാണ്.

ഈ സംവിധാനം നടപ്പിൽ വരുത്താതെ ഒരുവ്യാഴവട്ടക്കാലമായി ഡിജിസിഎയും എയർപോർട്ട് അതോറിറ്റിയും അതിന്മേൽ അടയിരിക്കുന്നു. ഇതൊക്കെ അറിയാമായിരുന്നിട്ടും വീണ്ടും റെസയുടെ സുരക്ഷ വർധിപ്പിക്കാനായി യാതൊരു പഠനവും നടത്താതെ റൺവേ വെട്ടിമുറിക്കുന്നവരുടെ ഉദ്ദേശശുദ്ധി തീർച്ചയായും ചോദ്യം ചെയ്യപ്പെടണ്ടതാണ്. വലിയ വിമാനം ഇറക്കാനാണ് റെസയുടെ വിപുലീകരണമെങ്കിൽ 2560 മീറ്റർ റൺവേയിൽ വലിയ വിമാനങ്ങൾ ഇറക്കാൻ പറ്റില്ലെന്ന ബോധ്യം അവർക്കുണ്ടെന്നകാര്യം എല്ലാവർക്കുമറിയാം, പിന്നെ ആർക്കുവേണ്ടി ഈ കടുംകൈ ചെയ്യുന്നു?

പരിഹാരം രണ്ട്:

കരിപ്പൂരിൽ എയർപോർട് സ്ഥിതിചെയ്യന്ന 365 ഏക്കർ ഭൂമിക്കപ്പുറം ഇനിയും തരിശുനിലയങ്ങളുണ്ട്. കുടിയൊഴിപ്പിക്കേണ്ടി വരുന്ന വീട്ടുകാരുടെ എണ്ണം നാൽപ്പതിൽ താഴെയും. മാന്യമായ വിലയും നഷ്ട്ടപരിഹാരവും കൊടുത്താൽ ഭൂമി അവിടങ്ങളിൽ ലഭ്യമാണ്. എന്നിട്ടും 33 വർഷങ്ങളായി അതവിടെ വെറുതെ കിടക്കുന്നു. സ്ഥലം എം.എൽ.എ.യോ എം.പി.യോ മനസ്സുവെച്ചാൽ ഒരു നൂറ് ഏക്കർ ഭൂമി വാങ്ങിച്ചെടുക്കാമായിരുന്നു. പക്ഷെ, അവരുടെ കൈകൾ ആരോ കെട്ടിയിട്ടിരിക്കുന്നു.

ഇത്തരികൂടി ഭൂമി കിട്ടിയിരുന്നെങ്കിൽ റൺവേയുടെ നീളം 3050 മീറ്റർ ആകുമായിരുന്നു. എയർപോർട്ടിന്റെ മുഖച്ഛായതന്നെ മാറ്റിമറിക്കാമായിരുന്നു. കരിപ്പൂരിന് വളർച്ചയും വ്യാവസായിക മേന്മയും അവകാശപ്പെടാമായിരുന്നു. എന്നാൽ രാക്ഷ്ട്രീയക്കാർ അടുത്ത തെരഞ്ഞടുപ്പിൽ എങ്ങനെ വീണ്ടും ജയിക്കാമെന്ന വിചാരമല്ലാതെ നാടിന്റെ പുരോഗതിയോ, വളർച്ചയോ അവരെ അലോസരപ്പെടുത്താറില്ലല്ലോ. നാളിതുവരെ ക്ലിഫ്ഹൗസിൽ കയറിച്ചെന്നു ഒരു 100 ഏക്കർ ഭൂമി കരിപ്പൂർ വികസനത്തിനായി വാങ്ങിത്തരണമെന്നു പറയാൻ ചെങ്കൂറ്റമുള്ള ഒരു നേതാവും മലപ്പുറത്തിനില്ലാതെപോയി.

publive-image

(നൂറ് ഏക്കർഭൂമി കരിപ്പൂരിൽ ഏറ്റെടുക്കാനുള്ള നിവേദനം ഇലക്ഷൻ മാനിഫെസ്റ്റോവിൽ എഴുതിചേർകാനായി ആക്ടിങ് സിക്രട്ടറി വിജരാഘവനെ സമീപിച്ചപ്പോൾ, ലേഖകനും കൂടെ സൈഫുദ്ദീനും)

ശക്തിയുക്തം കരിപ്പൂരിനുവേണ്ടി വാദിക്കുന്ന രാക്ഷ്ട്രീയ നേത്ര്യത്വവും നമുക്കില്ലാതെപോയതാണ് നമ്മുടെ പരാജയം. കുഞ്ഞാപ്പയും സമദാനിയും ഇരുന്ന അതെ കസേരയിൽ മുമ്പൊരു നേതാവ് ഇരുന്നിരുന്നു. ഇ. അഹമ്മദ്. അദ്ദേഹത്തിന്റെ ശക്തിയും ശബ്ദവുമായിരുന്നു കരിപ്പൂരിന്റെ കരുത്ത്. അദ്ദേഹമായിരുന്നു ഹജ്ജും ജംബോ വിമാനവും ഈ മൊട്ടകുന്നിൽ ഇറക്കാൻ നേതൃത്വം നൽകിയ നേതാവ്, കൂടെ അന്നത്തെ വ്യോമയാനമന്ത്രി സി.എം.ഇബ്രാഹിമും ഉണ്ടായിരുന്നു. ആർജവമുള്ള ഒരു രാക്ഷ്ട്രീയ നേതൃത്വം കരിപ്പൂരിനുവേണ്ടി പോരാടാൻ ആ മണ്ണിൽ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.

ഹസ്സൻ തിക്കോടി. email: hassanbatha@gmail.com

phone:+91 9747883300 UAE +971 569493731 

Advertisment