ലോക കേരളസഭക്ക് തുടക്കമായി,

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Friday, January 12, 2018

 

മലയാളികൾ അന്താരാഷ്ട്ര സമൂഹമായി മാറണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ലോകമൊട്ടാകെയുള്ള പ്രവാസികളുടെ പൊതുവേദിയായി ലോക കേരള സഭ നിലവിൽ‍ വന്നു. പ്രഥമ ലോക കേരളസഭ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മലയാളികൾ അന്താരാഷ്ട്ര സമൂഹമായി മാറണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലോക കേരള സമൂഹത്തിന്റെ പിറവിയാണ് ലോക കേരള സഭയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.  ലോകത്തുള്ള മലയാളികളുടെ നൈപുണ്യം കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തണം. കേരളത്തിന്റെ വികസന കാര്യങ്ങളിൽ ലോക കേരള സഭയ്ക്ക് ക്രിയാത്മകമായി ഇടപെടാനാവും. അതിനാൽ തന്നെ ലോക കേരള സഭ രാജ്യത്തിനാകെ മാതൃകയായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നിയമസഭാ മന്ദിരത്തിൽ‍ ഇന്ന് രാവിലെ 9.30ന് ദേശീയഗാനാലാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സഭാ സെക്രട്ടറി പോൾ‍ ആന്റണി സഭാ രൂപീകരണ പ്രഖ്യാപനം നടത്തി. അതിനിടെ ലോക കേരള സഭയുടെ ചടങ്ങിൽ‍ നിന്നും പ്രതിപക്ഷ ഉപ നേതാവ് ഡോ. എംകെ. മുനീർ‍ ഇറങ്ങിപ്പോയി. സീറ്റുകൾ‍ ക്രമീകരിച്ചത് സംബന്ധിച്ച അവഗണനയിൽ‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്. സഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുന്‍പേയാണ് പ്രതിപക്ഷ ഉപനേതാവിന്റെ ഇറങ്ങിപ്പോക്ക്. ചടങ്ങിൽ‍ നിന്ന് ഇറങ്ങിപ്പോയ എം.കെ മുനീറിനെ പിന്നീട് എം.എൽ.‍എ ഹോസ്റ്റലിൽ‍ പോയി അനുനയിപ്പിച്ച് സഭാ സമ്മേളനത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.

×