Advertisment

ഓപ്പണ്‍ ഹൗസ്: കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് ഇടനിലക്കാരില്ലെന്ന് സ്ഥാനപതി സിബി ജോര്‍ജ്

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. സ്ഥാനപതി സിബി ജോര്‍ജ് നേതൃത്വം നല്‍കി. നോര്‍ക്ക മേധാവി ഡോ. കെ. ഇളങ്കോവന്‍ ഐഎഎസ്, സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി, നോര്‍ക്ക ജനറല്‍ മാനേജര്‍ അജിത് കൊളശേരി തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാവരെയും സ്ഥാനപതി യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

publive-image

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് താരതമ്യേന മെച്ചപ്പെട്ട അന്തരീക്ഷത്തിലാണ് ഇത്തവണത്തെ ഓപ്പണ്‍ ഹൗസ് ചേരുന്നതെന്ന് സിബി ജോര്‍ജ് ചൂണ്ടിക്കാട്ടി. കുവൈറ്റില്‍ ജനജീവിതം സാധാരണ നിലയിലാകുന്നു. യാത്രാ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞു. ആളുകള്‍ ജോലിയിലേക്ക് മടങ്ങി. അസോസിയേഷനുകള്‍ പരിപാടി സംഘടിപ്പിക്കുന്നു. കൊവിഡ് സാഹചര്യം വിജയകരമായി കൈകാര്യം ചെയ്ത കുവൈറ്റ് ഭരണകൂടത്തെ സിബി ജോര്‍ജ് അഭിനന്ദിച്ചു. എന്നാല്‍ മുന്‍കരുതലുകള്‍ തുടര്‍ന്നും പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

publive-image

കൊവാക്‌സിന് അംഗീകാരം ലഭിക്കാത്തത്, ഉയര്‍ന്ന വിമാനക്കൂലി, എഞ്ചിനീയര്‍മാരുടെ എന്‍ബിഎ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍, നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റും അവരുടെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കേണ്ടതുണ്ടെന്നും, ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സ്ഥാനപതി അറിയിച്ചു.

കുവൈറ്റിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കൂടുതല്‍ കാര്യക്ഷമമാക്കുകയും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ധാരണാപത്രത്തിന് കുവൈറ്റ് കാബിനറ്റ് അംഗീകാരം നല്‍കിയതിനെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

publive-image

കുവൈറ്റ് ആഭ്യന്തരമന്ത്രി ഷെയ്ഖ് തമര്‍ അലി സബാഹ് അല്‍ സലേം അല്‍ സബാഹുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ കുവൈറ്റിലേക്ക് തിരിച്ചെത്താനാകാത്ത പ്രവാസികളുടെയും, വാക്‌സിനേഷന്‍ പ്രശ്‌നങ്ങളും, ജയിലുകളില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തതായി സ്ഥാനപതി വ്യക്തമാക്കി.

എംബസിക്ക് ഇടനിലക്കാരില്ല, വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികള്‍ എന്നീ രണ്ടു കാര്യങ്ങളാണ് ഓപ്പണ്‍ ഹൗസ് പ്രധാനമായും ചര്‍ച്ച ചെയ്തത്. അബ്ബാസിയ, ഫഹാഹീല്‍, അല്‍ ഷർക്ക് എന്നിവിടങ്ങളിലെ മൂന്ന് പാസ്‌പോര്‍ട്ട് ഓഫീസുകളിലെ സേവനവും കമ്മ്യൂണിറ്റി വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങളും എംബസിയുടെ പ്രവര്‍ത്തനത്തിലെ പ്രധാനപ്പെട്ട ഘടകങ്ങളാണെന്ന് സിബി ജോര്‍ജ് പറഞ്ഞു.

എംബസിയിലോ ഈ കേന്ദ്രങ്ങളിലോ ഇടനിലക്കാരോ ഏജന്റുമാരോ ഇല്ല. പൊതുജനങ്ങള്‍ക്ക് എംബസിയുമായി എല്ലായ്‌പ്പോഴും ബന്ധപ്പെടാന്‍ 11 വാട്‌സാപ്പ് നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബഹുഭാഷാ ഫീഡ്ബാക്ക് ഫോമുകളും ലഭ്യമാണ്.

അവസാന നിമിഷത്തില്‍ തിരക്ക് കൂട്ടുന്നതിന് പകരം പാസ്‌പോര്‍ട്ട് കാലാവധിയും റെസിഡന്‍സിയും അവസാനിക്കുന്നതിന് കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കണമെന്ന് സ്ഥാനപതി നിര്‍ദ്ദേശിച്ചു.

publive-image

പ്രവാസികള്‍ക്കായി എല്ലാ സംസ്ഥാന സര്‍ക്കാരുകളും നടപ്പിലാക്കുന്ന പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പദ്ധതികളെക്കുറിച്ചാണ് തുടക്കത്തില്‍ പരാമര്‍ശിക്കുക. വരും മാസങ്ങളില്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളുടെ പദ്ധതിയെക്കുറിച്ചും ചര്‍ച്ച ചെയ്യും.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം (ഒക്ടോബര്‍ 31-National Unity Day), കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ രൂപീകരണത്തിന്റെ വാര്‍ഷികം (നവംബര്‍ 1), ദീപാവലി, ആയുർവ്വേദ ദിനാചരണം തുടങ്ങിയ നിരവധി പരിപാടികളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ എംബസി അടുത്തയാഴ്ച സംഘടിപ്പിക്കുമെന്നും, ഇതിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പങ്കുവയ്ക്കുമെന്നും സ്ഥാനപതി പറഞ്ഞു. മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫസ്റ്റ് സെക്രട്ടറി ഡോ. വിനോദ് ഗെയ്ക്വാദ് സംസാരിച്ചു.

Advertisment