Advertisment

കൃതി സാഹിത്യ-വിജ്ഞാനോത്സവം ഇന്ന് (മാര്‍ച്ച് 6) വൈകിട്ട് ആറിന് കിരണ്‍ നഗാര്‍കര്‍ ഉദ്ഘാടനം ചെയ്യും

author-image
admin
New Update

കൊച്ചി: മറൈന്‍ ഡ്രൈവില്‍ മാര്‍ച്ച് 1 മുതല്‍ 11 വരെ നടക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിന്റെ ഉദ്ഘാടനം മറൈന്‍ ഡ്രൈവിലെ പുസ്തകോത്സവ വേദിയില്‍ ഇന്നു (മാര്‍ച്ച് 6) വൈകീട്ട് 6 മണിക്ക് പ്രശസ്ത മറാത്തി-ഇംഗ്ലീഷ് നോവലിസ്റ്റും നാടകകൃത്തും തിരക്കഥാകൃത്തുമായ കിരണ്‍ നഗാര്‍ക്കര്‍ നിര്‍വഹിക്കും.

Advertisment

കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കൃതി 2018 ഡയറക്ടറുമായ വൈശാഖന്‍ സ്വാഗതമാശംസിക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ടി. പത്മനാഭന്‍, പ്രൊഫ. എം. കെ. സാനു, പ്രൊഫ. എം. ലീലാവതി, കെ. സച്ചിദാനന്ദന്‍, സി. രാധാകൃഷ്ണന്‍, രാജന്‍ ഗുരുക്കള്‍, കൃതി 2018 ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയായ ഷാജി എന്‍ കരുണ്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കുന്ന ചടങ്ങില്‍ കൃതി 2018 എസ്. രമേശന്‍ കൃതജ്ഞത രേഖപ്പെടുത്തും.

ബോള്‍ഗാട്ടി പാലസില്‍ മലയാള സാഹിത്യത്തിലെ അഞ്ച് കുലപതികളുടെ പേരുകളില്‍ ഒരുക്കിയിട്ടുള്ള അഞ്ച് വിവിധ വേദികളിലാണ് മാര്‍ച്ച് 7 മുതല്‍ 11 വരെ നടക്കുന്ന 130-ഓളം സെഷനുകള്‍ അരങ്ങേറുക. വിവിധ വിഷയങ്ങളിലായി 12 വിദേശ എഴുത്തുകാരും 60-ലേറെ കേരളത്തിനു പുറത്തു നിന്നുള്ള ഭാരതീയ എഴുത്തുകാരും 250-ലേറെ കേരളീയ എഴുത്തുകാരുമാണ് ഇവയില്‍ പങ്കെടുക്കുക.

മാര്‍ച്ച് 7 മുതല്‍ 10 വരെ ദിവസേന രാവില 9 മുതല്‍ 9:45 വരെ കാരൂര്‍ വേദിയില്‍ യഥാക്രമം സച്ചിദാനന്ദന്‍, എന്‍. എസ്. മാധവന്‍, എം. മുകുന്ദന്‍, സി. രാധാകൃഷ്ണന്‍ എന്നിവരുടെ മുഖ്യപ്രഭാഷണങ്ങളോടെയാണ് അതത് ദിവസത്തെ സെഷനുകള്‍ക്ക് തുടക്കമാവുക. ദിവസേന വൈകീട്ട് 6 മുതല്‍ 7:30 വരെ ലളിതാംബിക അന്തര്‍ജനം വേദിയില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തോടെ അതത് ദിവസത്തെ സെഷനുകള്‍ അവസാനിക്കും.

വിദേശസാഹിത്യം, ഭാരതീയ സാഹിത്യം, 1990-നു ശേഷമുള്ള ഇന്ത്യ, സമത്വ ഭാവന, ലോകത്തെ മാറ്റി മറിച്ച ആശയങ്ങള്‍, മാധ്യമങ്ങള്‍, നാടകവും സിനിമയും, പ്രസാധകരംഗം, കലാകാരനും സമൂഹവും, ഭാരതീയ വിജ്ഞാനപൈതൃകം, ശാസ്‌ത്രീയമനോഭാവം, സ്വതന്ത്ര വിജ്ഞാനം, നവസാങ്കേതികവിദ്യകള്‍, ചരിത്രം, കേരളം 2050, സംഗീതം, ആരോഗ്യം, ആവാസം, കൃഷി തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ അതത്‌ മേഖലകളിലെ പ്രഗല്‍ഭരെ മേള അണിനിരത്തും. ലിംഗനീതി, തൊഴില്‍, അവശവിഭാഗങ്ങള്‍, പരിസ്ഥിതി എന്നിങ്ങനെ സംതുലിതവും രാഷ്ട്രീയവുമായി ശരിയായ കാഴ്‌ച്ചപ്പാട്‌ പുലര്‍ത്താനും മേള ലക്ഷ്യമിടുന്നു.

Advertisment