മണാലിയിലേക്ക് ഒരു യാത്ര പോയാലോ?….

Friday, March 29, 2019

നിങ്ങള്‍ക്ക് ഒരു രസകരമായ ടൂറിന് തയ്യാറെടുക്കുന്നുണ്ടെങ്കില്‍ അത് മണാലിയിലേക്ക് ആക്കിയാലോ. പ്രണയവും സഹസികതയും ചേരുന്ന ഈ സ്ഥലത്തേക്ക് നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയേയും കൂട്ടിപോകാം.

നിങ്ങളുടെ പ്രണയാനുഭവങ്ങളില്‍ ഒരല്‍പ്പം സാഹസികതയും ചേരുമ്പോള്‍ ഉണ്ടാകുന്ന ത്രില്‍ മണാലിയില്‍ പോയി തന്നെ അനുഭവിക്കണം. നിങ്ങള്‍ ഡല്‍ഹിയിലാണെങ്കില്‍ ഇടയ്ക്കിടെ പോകാന്‍ പറ്റിയ മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് മണാലി. സാഹസികപ്രിയരുടെ ഇഷ്ടസ്ഥലമാണ് മണാലി. സഹാസികപ്രിയര്‍ക്ക് നിരവധി ആക്റ്റിവിറ്റികളാണ് മണാലിയില്‍ ഉള്ളത്.

വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് മണാലിയില്‍ ഉള്ളത്. സാഹസിക വിനോദങ്ങള്‍ ഒരുക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഇവിടെയുണ്ട്.

പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്വരയില്‍ ശാന്തസുന്ദരമായ ഒരു ഭൂമിയുണ്ട്. സഞ്ചാരികളുടെ പറുദീസയായ മണാലി. വടക്കേ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മണാലി.

ഹിമാലയത്തോട് ചേര്‍ന്ന്കിടക്കുന്ന ഈ വിസ്മയഭൂമി കാണാന്‍ ലോകത്തിന്റെ പലകോണുകളില്‍ നിന്നായി എണ്ണിയാലൊടുങ്ങാത്തത്ര സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടേക്ക് പ്രവഹിക്കുന്നത്. പ്രകൃതി സൗന്ദര്യം നുകരാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുമാണ് സഞ്ചാരികള്‍ കൂടുതലും ഇവിടെ എത്താറുള്ളത്.

ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ് മണാലി. മണാലിയിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ മനസിലാക്കാം.
മണാലിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്.

മണാലിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വഷിഷ്ട് എന്ന ചെറിയ ഗ്രാമത്തില്‍ ചെന്നാല്‍ മണാലി താഴ്വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം. ഇവിടെയുള്ള ചെറിയ അരുവിയില്‍ നിന്ന് പുറപ്പെടുന്ന ചൂട്വെള്ളത്തില്‍ കാല്‍ നനച്ച് ആഹ്ലാദിക്കുകയും ചെയ്യാം.

മണാലിയില്‍ രണ്ട് പ്രദേശങ്ങളാണ് ഉള്ളത്. മണാലി ടൗണും ഓള്‍ഡ് മണാലിയും. മണാലി ടൗണില്‍ പ്രത്യേകിച്ച് കണ്ടിരിക്കേണ്ട ഒന്നുമില്ല. ഷോപ്പിംഗ് നടത്താനും, ട്രാവല്‍ ഏജന്റുമാരെ കാണാനും മണാലി ടൗണില്‍ പോകാം.

ഓള്‍ഡ് മണാലിയാണ് സന്ദര്‍ശകരെ ആകര്‍ഷിപ്പിക്കുന്ന പ്രധാന സ്ഥലം. ഡല്‍ഹിയില്‍ നിന്ന് 580 കിലോമീറ്റര്‍ അകലെയായി ഹിമാചല്‍ പ്രദേശില്‍ കുളുതാഴ്വരയുടെ വടക്ക് ഭാഗത്തായാണ് മണാലി സ്ഥിതി ചെയ്യുന്നത്.

മണാലിയില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെയാണ് റെയില്‍വെ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്, അതിനാല്‍ റോഡ് മാര്‍ഗമാണ് മണാലിയിലേക്ക് യാത്ര ചെയ്യുന്നത് ഉചിതം. ഡല്‍ഹിയില്‍ നിന്ന് ഹിമചല്‍ പ്രദേശ് ടൂറിസം കോര്‍പ്പറേഷന്റെ ബസുകള്‍ മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്.

ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂര്‍ ബസില്‍ യാത്ര ചെയ്യണം മണാലിയില്‍ എത്തിച്ചേരാന്‍. ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്ക് രാത്രികാല ബസ് സര്‍വീസുകളാണ് കൂടുതലായും ഉള്ളത്. മാര്‍ച്ച് അവസാനം മുതല്‍ ഒക്ടോബര്‍ വരെയാണ് മണാലിയില്‍ യാത്ര ചെയ്യാന്‍ നല്ല സമയം. ഒക്ടോബര്‍ മുത രാത്രിയും രാവിലെയും കനത്ത തണുപ്പായിരിക്കും. ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന മഞ്ഞുവീഴ്ച യാത്ര ദുസ്സഹമാക്കും.

×