Advertisment

ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളിൽ പ്രമുഖൻ എന്ന് വിശേഷിപ്പിക്കാവുന്ന എഴുത്തുകാരനായ എം ടി വാസുദേവൻ നായരുടെ "ജന്മദിനത്തെ കാലം കൊണ്ട് ആഘോഷിക്കാം "

author-image
സത്യം ഡെസ്ക്
Updated On
New Update

മലയാള സാഹിത്യത്തിലെ ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളിൽ പ്രമുഖൻ എന്ന് വിശേഷിപ്പിക്കാവുന്ന എഴുത്തുകാരനായ എം ടി വാസുദേവൻ നായരുടെ എൺപത്തിയേഴാം ജന്മദിനമായിരുന്നു ഇന്നലെ.

അദ്ദേഹത്തിന്റെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ ആയ 'കാലം ' , ഒന്ന് പരിചയപെടുത്തട്ടെ ....

Advertisment

publive-image

നമ്മൾ എല്ലാം അറിഞ്ഞു വെച്ചിട്ടുള്ള പല നാലുകെട്ടുകളിൽ നിന്നും പുറത്തിറങ്ങുന്ന സവർണ്ണ സിംഹാസനങ്ങളിൽ അഭിരമിച്ചിരുന്ന ഒരു കാലഘട്ടത്തിലെ ജന്മികളുടെ പിന്തലമുറയിൽ പേരുമാത്രം നിലനിൽക്കുന്ന ഒരുപാടു ജീവിതങ്ങൾ കാലത്തെ അതിജീവിക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് പൂർണ്ണ വായനയിലൂടെ നമുക്ക് തരുന്നതെന്നത് വ്യക്തമാണ് .

സേതുവും സുമിത്രയും .......

ആദ്യം മുതൽ അവസാനം വരെയും ഈ രണ്ട് കഥാപാത്രങ്ങൾ മുഴച്ചു നിൽക്കുമ്പോളും പഴയ ഗ്രാമവും പുഴയും ഒപ്പം പട്ടണത്തിലെ ജീവിത കാഴ്ചയും വ്യക്തമായി നമ്മുടെ കണ്മുന്നിലൂടെ കടന്നുപോകുന്നതരത്തിൽ മഹാനായ ആ സാഹിത്യകാരൻ വരച്ചു കാണിച്ചു തന്നതിലൂടെ അദ്ദേഹത്തിന്റെ മഹനീയത തെളിഞ്ഞു നിൽക്കുന്നുവെന്ന് മനസിലാക്കാം .

പേരുമാത്രമായി നിലകൊള്ളുന്ന പഴയ നാലുകെട്ടുകളിനുള്ളിലുള്ള ജീവിതനിശ്വാസങ്ങൾ അനുവാചകരിലേക്കെത്തിക്കാൻ ആ ശക്തനായ ഭാഷാപണ്ഡിതന് കഴിഞ്ഞു എന്നുള്ളത് ശ്രദ്ധേയം .

സേതുവെന്ന കഥാപത്രത്തിന്റെ ജീവിത യാത്രയിലൂടെ അനുവാചകരെ തങ്ങളുടെ യാത്ര തന്നെയാണെന്ന് തോന്നിപ്പിക്കത്തക്കവണം കാലത്തിന്റെ മാറ്റത്തെപോലും വ്യക്തമായി രേഖപ്പെടുത്തി മുന്നിലേക്കെത്തിച്ചതിനെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്? .

പൊടിപ്പും തൊങ്ങലും കൂട്ടിച്ചേർക്കാതെ ഭാഷയെ അനായാസേന നമ്മളിലേക്കെത്തിച്ച ആ മഹാപ്രതിഭ നാലുകെട്ടിന്റെ അകത്തളങ്ങളിലെ ഭാഷയെയും നമ്മെ പരിചയപെടുത്തുമ്പോൾ തീർച്ചയായും അപചയം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു തലമുറയുടെ കോരിത്തരിപ്പിക്കുന്ന മലയാളഭാഷ അന്യംനിന്നുപോകരുതേയെന്നു ഓരോരുത്തരെയും പ്രാർത്ഥിപ്പിക്കുവാൻ പോലും ശ്രമിപ്പിക്കുമെന്ന് ഉറപ്പിച്ച് പറയാം .

മുളങ്കാടിലും, പാടവരമ്പിലും, കൊയ്ത്തു കഴിഞ്ഞു കൂട്ടിയ വൈക്കോൽ കൂനയിലും ,പാമ്പുംകാവിലും സന്ധ്യാസമയങ്ങളിൽ പ്രകൃതിയുടെ ഈ ഇരുണ്ടമാറിടങ്ങളിൽ ഒളിഞ്ഞിരുന്നു പ്രണയിക്കുന്ന കൗമാരവും യൗവ്വനവും ഇനിയുള്ള കാലത്തുണ്ടാകുമോ എന്നുള്ള സംശയം തോന്നിപ്പിച്ച് കാലം കടന്നുപോയ കാഴ്ച ആരും മറക്കില്ലെന്നുറപ്പ് എം ടി നൽകുന്നുണ്ട് .

ഗ്രാമത്തിലെ പഠനശേഷം പട്ടണത്തിലേക്ക് ഉപരിപഠനത്തിന് പോയ സേതുവിൻറെ മനോവിചാരങ്ങൾ നിങ്ങൾക്കും എനിക്കും ഒരുപോലെ പകർന്ന് നാടിൻറെ ലാവണ്യത്തെ പുഴയോടും ,തീവണ്ടി ശബ്ദങ്ങളോടും ,പാടവരമ്പുകളോടും കൂടിയ പ്രകൃതിയോട് ഉപമിച്ച് കടന്നുപോകുന്നതോടൊപ്പം കൗമാരപ്രണയത്തെ വിട്ടു വന്ന യുവാവിന്റെ വിരഹദുഃഖത്തെയും വ്യക്തമായി വരച്ചുകാട്ടുന്നു .

പഠനശേഷം വീണ്ടും പട്ടണത്തിലേക്ക് പ്രതീക്ഷയോടെ പോയ സേതുവിൻറെ പിന്നീടുള്ള യാത്ര തീർച്ചയായും പലരുടെയും പോലെ ആയിരുന്നു എന്നുള്ളത് ഉറപ്പുതന്നെ ആണ് . പാരമ്പര്യ സ്വത്തുക്കളിൽ നിന്നും ഒന്നും നേടിവയ്ക്കാൻ കഴിയാതെ പോയ അത്തരം നാലുകെട്ട് കുടുമ്പങ്ങളിൽ നിന്ന് ജീവിതത്തിൽ എന്തെങ്കിലും നേടുവാൻ എത്തിച്ചേർന്ന തറവാടി , കടന്നുപോയ വഴികളിൽ പട്ടണത്തിന്റെ മായാലോകം സമ്മാനിച്ച ഭ്രമത്തിൽ പലതും മറന്നുപോയത് പിന്നീട് കാലം തിരിച്ചറിയിക്കുന്ന തിരിച്ചുവരവ് ഒരുക്കുന്ന കാഴ്ച സമ്മാനിച്ച് സമ്പന്നനാകാതെ ആ ജീവിതം സ്വന്തം നിഴലിൽ വീണ്ടും ആ നാലുകെട്ടിന്റെ അകത്തളങ്ങളിൽ ഒതുങ്ങുന്ന കാഴ്ച ...........

കാലമേ നിനക്ക് നന്ദി .....

അങ്ങേക്ക് ഒരായിരം കാലം ആയുരാരോഗ്യ സൗഖ്യം നേർന്ന് കൊണ്ട് .....

publive-image

md vasudevan nair
Advertisment