ശ്രേയ ഘോഷാല്‍ ആലപിച്ച ‘മേരാ നാം ഷാജി’യിലെ ഗാനം

ഫിലിം ഡസ്ക്
Thursday, March 14, 2019

മേരാ നാം ഷാജി എന്ന പുതിയ ചിത്രത്തിനു വേണ്ടി ശ്രേയ ഘോഷാല്‍ ആലപിച്ച ഗാനമാണ് ശ്രദ്ധേയമാകുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മേരാ നാം ഷാജി.

മലയാളവും തമിഴും ചേര്‍ത്തുകൊണ്ടുള്ള ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്രേയ ഘോഷാലിനൊപ്പം രഞ്ജിത്തും ചേര്‍ന്നാണ് ആലാപനം. ഗാനത്തിലെ തമിഴ് വരികള്‍ ശ്രേയയും മലയാളം വരികള്‍ രഞ്ജിത്തും ആലപിച്ചിരിക്കുന്നു. എമില്‍ മുഹമ്മദാണ് സംഗീത സംവിധായകന്‍.

ഷാജി എന്നു പേരുള്ള മൂന്നു പേരുടെ കഥയാണ് ചിത്രം പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയുടെയും കൊച്ചിയിലുള്ള അലവലാതി ഷാജിയുടെയും തിരുവനന്തപുരത്തുള്ള ഒരു ജെന്റരില്‍മാന്‍ ഷാജിയുടെയും കഥ. ചിത്രത്തിലെ മൂന്നു ഷാജിമാരും മൂന്നു ജില്ലകളിലുള്ളവരാണ്. തിരുവനന്തപുരം ജില്ലയിലെ ഷാജിയായി ബൈജുവും കൊച്ചിയിലെ ഷാജിയായി ആസിഫ് അലിയും കോഴിക്കോട്ടെ ഷാജിയായി ബിജുമേനോനും ചിത്രത്തില്‍ വേഷമിടുന്നു. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക.

കഥയിലെ നായകന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ദിലീപാണ് മേരാ നാം ഷാജിയുടെ തിരക്കഥ. ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഗണേഷ് കുമാര്‍, സുരേഷ് കുമാര്‍, രഞ്ജിനി ഹരിദാസ്, മൈഥിലി, നിര്‍മല്‍ പാലാഴി തുടങ്ങിയവരും മേരാ നാം ഷാജി എന്ന സിനിമയില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ രാകേഷ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജോണ്‍കുട്ടി എഡിറ്റിങ് നിര്‍വ്വഹിക്കുന്നു.

×