Advertisment

യഥാർത്ഥ എൻ.സി.പി ആരുടേതെന്ന് ഇന്നറിയാം. എം.എൽ.എമാരുടെയും നേതാക്കളുടെയും യോഗം വിളിച്ച് ശരത് പവാറും അജിത് പവാറും. ബലാബലം തെളിയിക്കാൻ കടുത്ത തന്ത്രങ്ങൾ പയറ്റി ഇരുപക്ഷവും. അജിത് പവാറിനെ കൂറുമാറ്റത്തിൽ കുരുക്കാൻ നിയമോപദേശം തേടി ശരത് പവാർ. മഹാരാഷ്ട്ര രാഷ്ട്രീയം കലങ്ങി മറിയുന്നു.

New Update

മുംബൈ: അധികാരം കൈപ്പിടിയിലാക്കാൻ മഹാനാടകങ്ങൾ ഏറെ കണ്ട മഹാരാഷ്ട്രയിൽ രാഷ്ട്രീയം കലങ്ങി മറിയുകയാണ്. പിളർന്ന് രണ്ട് കഷണമായതിൽ ഏതാണ് യഥാർത്ഥ എൻ.സി.പിയെന്ന് ഇന്ന് അറിയാനാവും. ശക്തി തെളിയിക്കാൻ ലക്ഷ്യമിട്ട് ശരദ്പവാർ, അജിത് പവാർ പക്ഷങ്ങൾ ഇന്ന് എം.എൽ.എമാരുടെയും പ്രാദേശിക നേതാക്കളുടെയും യോഗം വിളിച്ചിരിക്കുകയാണ്. 53 എം.എൽ.എമാരിൽ ശരത് പവാറിനൊപ്പം എത്ര പേർ അവശേഷിക്കുന്നുവെന്ന് ഇന്ന് വ്യക്തമാവും. തിരിച്ചടിയേറ്റാൽ ദേശീയ തലത്തിൽ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ നിരയിലെ ശക്തമായ സാന്നിധ്യമായിരുന്ന എൻ.സി.പിയുടെയും അതിന്റെ സ്ഥാപക നേതാക്കളിലൊരാളുമായ ശരത് പവാറിന്റെയും രാഷ്‌ട്രീയ ഭാവി തുലാസിലാവുമെന്ന് ഉറപ്പാണ്.

Advertisment

publive-image

ബലാബലം തെളിയിക്കാൻ കടുത്ത തന്ത്രങ്ങൾ പയറ്റുകയാണ് ഇരുപക്ഷവും. കൂറുമാറി എൻ.ഡി.എ മുന്നണിയിലെത്തി ഉപമുഖ്യമന്ത്രിയായ ശേഷം അജിത് പവാ‌ർ നടത്തുന്ന ആദ്യ യോഗം രാവിലെ 11ന് ബാന്ദ്രയിലും ശരത് പവാറിന്റെ യോഗം ഉച്ചയോടെ മുംബയിലുമാണ് നടക്കുക. അജിത് പവാറിനൊപ്പം പോയവരിൽ പലരും തിരിച്ചെത്തുമെന്ന് ശരത് പവാർ പക്ഷം അവകാശപ്പെടുന്നത്. അജിത് പവാറിനെ പിന്തുണച്ച 42 പേരിൽ പലരും ഉദ്ദേശ്യമറിയാതെ ഒപ്പിട്ടതാണെന്നും പറയപ്പെടുന്നു.

ശരദ് പവാറിന്റെയും അജിത് പവാറിന്റെയും അവകാശവാദം പാർട്ടി മുഴുവൻ തങ്ങൾക്കൊപ്പമാണെന്നാണ്. അതിനിടെ, എൻ.സി.പി പൂനെ, നാഗ്പൂർ ഘടകങ്ങൾ ശരദ് പവാറിന് പിന്തുണ പ്രഖ്യാപിച്ചു. 53ൽ 40 എം.എൽ.എമാർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് അജിത് പവാറിന്റെ അവകാശവാദം. ഇതിൽ 36 പേരുണ്ടായാൽ തന്നെ കൂറുമാറ്റനിരോധന നിയമം ബാധകമാകാതെ അദ്ദേഹത്തിന് യഥാർത്ഥ എൻ.സി.പി തങ്ങളുടേതാണെന്ന് വാദിക്കാനാകും. താൻ സ്ഥാപിച്ച പാർട്ടിയു‌ടെ ക്ളോക്ക് ചിഹ്‌നം അടക്കം വിട്ടുകൊടുക്കേണ്ടി വരുമോയെന്നതാണ് ശരദ് പവാർ നേരിടുന്ന വലിയ വെല്ലുവിളി.

ലോക്‌സഭയിൽ സുപ്രിയാ സുലേ അടക്കം അഞ്ച് എംപിമാരും രാജ്യസഭയിൽ ശരദ് പവാർ, പ്രഫുൽ പട്ടേൽ എന്നിവരടക്കം നാല് എംപിമാരുമാണ് എൻ.സി.പിക്കുള്ളത്. ഇതിൽ പവാർ, സുപ്രിയ, പ്രഫുൽ പട്ടേൽ ഒഴികെയുള്ളവരുടെ നിലപാടുകൾ നിർണായകമാകും. തന്നെ ചതിച്ച് മറുകണ്ടം ചാടിയ അജിത് പവാറിനെ കൂറുമാറ്റ നിയമത്തിൽ കുടുക്കാൻ ശരത് പവാർ ശ്രമം തുടങ്ങി. ഇതിനായി ശരത് പവാർ‌ നിയമോപദേശം തേടി. അജിത്തിന്റെ കളംമാറ്റ വിഷയം ഭരണഘടനയുടെ 10-ാം ഷെഡ്യൂളുമായി ബന്ധപ്പെട്ട കൂറുമാറ്റത്തിൽ പെടുന്നതിനാലാണിത്.

publive-image

അജിത് പവാറിനൊപ്പം 53 എം.എൽ.എമാരിൽ 36 പേരുണ്ടെങ്കിൽ നിയമം ബാധകമാകില്ല. അജിത് പവാറിനെയും മറ്റ് എട്ട് എം.എൽ.എമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരത് പവാർ പക്ഷം നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. വർക്കിംഗ് പ്രസിഡന്റായിരുന്ന പ്രഫുൽ പട്ടേലിനെയും ജനറൽ സെക്രട്ടറി സുനിൽ തത്ക്കറെയും ശരദ് പവാർ പുറത്താക്കിയിരുന്നു.

അതിനിടെ, അജിത് പവാർ മുംബൈ നിയമസഭാ മന്ദിരത്തിന്റ സമീപം പുതിയ ഓഫീസ് ആരംഭിച്ചു. നേരത്തെ ലെജിസ്ളേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവും ശിവസേനയിൽ ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ നേതാവുമായ അംബാദാസ് ധാൻവെ ഉപയോഗിച്ച മുറിയാണ് പവാറിന് ലഭിച്ചത്. ഓഫീസിലെത്തിയ നേതാക്കൾക്ക് മുൻ വാതിലിന്റെ താക്കോൽ ലഭിക്കാതെ ഏറെ നേരം പുറത്തിരിക്കേണ്ടി വന്നു. ഒടുവിൽ പൂട്ടുപൊളിച്ച് ഉള്ളിൽ കടന്ന ശേഷമാണ് അജിത് പവാർ ഓഫീസ് ഉദ്ഘാടനം നടത്തിയത്.

Advertisment