നരേന്ദ്ര മോദിക്ക് രണ്ടാംവരവ് സാധ്യമാകുമോ?വന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഭാവി എന്ത്

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Thursday, March 14, 2019

നരേന്ദ്ര മോദിക്ക് രണ്ടാംവരവ് സാധ്യമാകുമോ എന്നത് ഏറെ പ്രധാനപ്പെട്ട ചോദ്യമാണ്. 2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തുമ്പോള്‍ മന്ത്രിസഭാ രൂപീകരണം കൊണ്ട് തന്നെ മോദി പരോക്ഷമായി വ്യക്തമാക്കിയത് മുമ്പോട്ടുളള യാത്രയില്‍ സഖ്യകക്ഷികള്‍ എന്നൊരു കാഴ്ചപ്പാട് ബിജെപിക്കില്ല എന്ന് തന്നെയാണ്. മോദി മന്ത്രിസഭയില്‍ സഖ്യകക്ഷി മന്ത്രിമാരൊക്കെ തന്നെ അപ്രസക്തരായിരുന്നു. രാജ്യം ഒറ്റ പാര്‍ട്ടി ഭരണത്തിലേക്ക് എത്തിക്കുകയും മുന്നണി രാഷ്ട്രീയത്തെ അപ്രസക്തമാക്കുകയും ചെയ്യുക എന്നതാണ് മോദി – അമിത് ഷാ ടീമിന്‍റെ രാഷ്ട്രീയ ലക്ഷ്യം.

ജനാധിപത്യത്തിനുള്ളില്‍ പരിപൂര്‍ണ്ണ ഏകിധിപത്യ സ്വഭാവമുള്ള ഭരണ സംവിധാനം. എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം സംസ്ഥാനങ്ങളില്‍ ശക്തമായ സഖ്യങ്ങള്‍ തേടുകയും ഉറപ്പിക്കുകയും ചെയ്യുന്നു ബിജെപി. ഇന്ത്യയെ ഇനിയൊരിക്കല്‍ കൂടി പിടിച്ചെടുക്കാന്‍ പ്രാദേശിക കൂട്ടുകെട്ടുകളില്ലാതെ സാധിക്കുകയില്ല എന്ന് ചുരുങ്ങിയ പക്ഷം ബിജെപിയും മോദിയും മനസിലാക്കിയിരിക്കുന്നു.

നയങ്ങളിലെ കടുത്ത വലതുപക്ഷ ശൈലി കാരണം കാര്‍ഷിക ഇന്ത്യയുടെ നട്ടെല്ല് തകര്‍ന്നു എന്നതാണ് മോദിയുടെ ഭരണം ബാക്കിവെച്ചത്. കടുത്ത വിലക്കയറ്റവും ഇന്ധന വിലവര്‍ദ്ധനയും രാജ്യത്തിന്‍റെ നടുവൊടിച്ചു. കര്‍ഷകര്‍ രാജ്യമെമ്പാടും സമരത്തിലേക്ക് പോകേണ്ട സ്ഥിതിയുണ്ടായി. അപ്പോഴും മധ്യവര്‍ത്തി സമൂഹത്തിന്‍റെ പരിലാളനയേറ്റ് പ്രസംഗങ്ങളില്‍ അഭിരമിക്കുകയായിരുന്നു മോദി. എന്നാല്‍ നോട്ട് നിരോധനം ഇന്ത്യന്‍ മധ്യവര്‍ത്തി സമൂഹത്തെ ഞെട്ടിച്ചു കളഞ്ഞു. ചെറുകിട കച്ചവടക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ച സംഭവമാണിത്. നേരിട്ട് ഇന്ത്യന്‍ മിഡില്‍ക്ലാസ് കുടുംബങ്ങളെ ബാധിച്ച കാര്യം. തൊട്ടുപിന്നാലെ വേണ്ടത്ര പഠനമില്ലാതെ ജിഎസ്ടി നടപ്പാക്കിയതും തിരിച്ചടിയായി എന്നു തന്നെ പറയണം.

അഴിമതി വിരുദ്ധന്‍ എന്ന പ്രതിഛായയില്‍ നിന്ന് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി എന്തും ചെയ്തു നല്‍കുന്ന ക്രോണി ക്യാപിറ്റലിസ്റ്റ് എന്ന നിലയിലേക്ക് മോദി മാറുന്ന കാഴ്ച സാധാരണക്കാരെ മോദി വിരുദ്ധരാക്കുകയാണ് ചെയ്തത്. റഫാല്‍ അഴിമതി ആരോപണം ജനം ഏറ്റെടുത്തതിനു കാരണവും ഇതു തന്നെ.
എന്നാല്‍ ബലാക്കോട്ട് സര്‍ജിക്കല്‍ സ്ട്രൈക്ക് മോദിക്ക് രാഷ്ട്രീയ അവസരമായി മാറിയിരിക്കുകയാണ്. മോദി തിരിച്ചെത്തുമെന്ന സാധ്യതകളും പറയപ്പെടുന്നു. മോദി തിരിച്ചെത്തിയാല്‍ ജനാധിപത്യ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകര്‍ നിരവധിയാണ്.

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളയുന്നതില്‍ തുടങ്ങി യൂണിഫോം സിവില്‍കോഡ് അടക്കം രാമക്ഷേത്ര നിര്‍മ്മാണം വരെ പ്രതീക്ഷിക്കാം. എതിരാളികള്‍ക്ക് മേല്‍ ഉരുക്കുമുഷ്ടി പ്രയോഗിക്കുന്ന ഫാസിസ്റ്റ് ശൈലി കോണ്‍ഗ്രസിനെയും ചെറുകിട പാര്‍ട്ടികളെയും സകല സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. ഫലത്തില്‍ പ്രതീപക്ഷം എന്നതിന് മോദി ഒരു മിഥ്യയാക്കി മാറ്റും.
ആര്‍എസ്എസും ഏതാണ്ട് 56 പോഷകസംഘടനകളുള്ള സംഘപരിവാറും ഇനിയൊരിക്കല്‍ കൂടി മോദി വിജയിച്ചാല്‍ മോദിയെ ആര്‍എസ്എസ് സര്‍സംഘചാലകിനൊപ്പം പ്രതിഷ്ഠിക്കുമെന്ന് തീര്‍ച്ച.

2004ല്‍ വാജയ്പേയിക്കും പിന്നീട് അദ്വാനിക്കും കഴിയാത്തത് മോദി സാധിച്ചിരിക്കുന്നു എന്ന ഒറ്റപ്പോയിന്‍റ് മതി പരിവാര്‍ കുടുംബത്തിലെ എല്ലാമെല്ലാം എന്ന നിലയിലേക്ക് മോദി മാറാന്‍. യാതൊരു എതിര്‍ സ്വരങ്ങളുമില്ലാതെ മോദി അജയ്യനാവാന്‍.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയമായിരിക്കും തുടര്‍ന്ന് മോദി നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന പ്രഥമ കാര്യം. ഇപ്പോഴില്ലെങ്കില്‍ ഇനിയൊരിക്കലുമില്ല എന്ന സ്ഥിതിയിലാണ് കോണ്‍ഗ്രസ്. അത് നന്നായി മനസിലാക്കുന്നുണ്ട് സോണിയാ ഗാന്ധി. പ്രീയങ്കയെ വരെ രാഷ്ട്രീയത്തിലിറക്കി പയറ്റുന്നതും അതുകൊണ്ടു തന്നെ. എന്നാല്‍ മോദിക്കെതിരെ മഹാസഖ്യം രൂപപ്പെട്ടിട്ടും അതിനെ ക്രോഡീകരിക്കാനോ തങ്ങള്‍ക്ക് പിന്നിലായി അണിനിരത്താനോ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. കോണ്‍ഗ്രസ് ഇലക്ഷനില്‍ ഏറെക്കുറെ മഹാസഖ്യത്തിന് പുറത്താണ്. മോദിക്ക് ബദലായി സ്വന്തം അസ്ഥിത്വം തേടുകയാണ് പ്രാദേശിക കക്ഷികള്‍. എന്നാല്‍ കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണി എന്നത് ഭരണത്തിലേക്ക് എത്തുമ്പോള്‍ ചീട്ടുകൊട്ടാരമാണ്.

ഇവിടെയാണ് മോദി വീണ്ടും വീണ്ടും ശക്തനാകുന്നത്. തീവ്രഹിന്ദുത്വ നിലപാടുകള്‍ക്ക് അരങ്ങൊരുങ്ങും എന്നതാണ് ജനാധിപത്യ ഇന്ത്യയില്‍ മോദി വീണ്ടുമെത്തിയാല്‍ ഉറപ്പായും സംഭവിക്കുക. തീവ്രഹിന്ദുത്വ സംഘടനകളായി വിഎച്ച്പി ബജ്റംഗദള്‍ തുടങ്ങിയ പരിവാര്‍ സംഘടനകളുടെ തലപ്പത്തേക്ക് മോദിയുടെ പ്രീയപ്പെട്ടവരെ അവരോധിക്കുക എന്ന കാര്യം കുറച്ചുനാളുകളായി നടന്നു കഴിഞ്ഞു. സകല പരിവാര്‍ പ്രസ്ഥാനങ്ങളിലും മോദി പിടിമുറുക്കി കഴിഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളും സകലമാന കളികളും കളിച്ചിട്ടും ഭരണഘടനയില്‍ തൊട്ട് കളിക്കാന്‍ മോദിക്കും ബിജെപിക്കും കഴിയാതിരുന്നത് ഇന്ത്യന്‍ പാര്‍ലമെന്‍ററി സംവിധാനത്തിന്‍റെ സവിശേഷത കൊണ്ടാണ്. ലോക്സഭയില്‍ മൃഗീയ ഭൂരപക്ഷമുള്ളപ്പോഴും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത അവസ്ഥ. എന്നാല്‍ ഭരണത്തുടര്‍ച്ച കിട്ടിയാല്‍ ഈ സാഹചര്യം മാറും. ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്ക് എത്താന്‍ ഇനി അധികം നാളുകള്‍ വേണ്ട. അങ്ങനെയെങ്കില്‍ യൂണിഫോം സിവില്‍കോഡ് അടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാന്‍ മോദിക്ക് ശക്തിയുണ്ടാകും.

ഇന്ത്യന്‍ തെരുവുകളില്‍ സ്വത്വരാഷ്ട്രീയത്തിന്‍റെ സമരമുഖങ്ങള്‍ തുറക്കുകയും പിന്നീട് സംഭവിക്കുക. മുസ്ലിം ദളിത് കര്‍ഷക സ്വത്വങ്ങള്‍ നേരിട്ട് സമരങ്ങളിലേക്ക് ഇറങ്ങുക എന്ന രാഷ്ട്രീയ സാഹചര്യം ഇന്ത്യയില്‍ ഉടലെടുക്കും. അമര്‍ഷവും സമരങ്ങളും വളര്‍ന്ന് മോദിക്കെതിരെ ഒരു മുല്ലപ്പുവിപ്ലവം നടന്നാല്‍ പോലും അതിശയിക്കേണ്ടതില്ല.

×