Advertisment

മലയാളസിനിമയിലെ മാറ്റത്തിന്റെ ശബ്ദമായിരുന്നു ലെനിൻ രാജേന്ദ്രൻ: നവയുഗം.

author-image
admin
Updated On
New Update

ദമാം :പ്രശസ്ത സിനിമ സംവിധായകനും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായ ലെനിൻ രാജേന്ദ്രന്റെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Advertisment

ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും, വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ, ചിത്രത്തിന്റെ മൂല്യത്തിന്‌ പ്രാധാന്യം കൊടുക്കുന്ന സം‌വിധായകരിലൊരായിരുന്നു അദ്ദേഹം. എന്നും ഇടതുപക്ഷത്തോടൊപ്പം നിലയുയര്‍പ്പിച്ച അദ്ദേഹം, മലയാളസിനിമയിൽ മാറ്റത്തിന്റെ ശബ്ദമായി മാറി.

publive-image

1985 ൽ ഇറങ്ങിയ, ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന "മീനമാസത്തിലെ സൂര്യൻ" എന്ന ചിത്രം മുതൽ രാജാരവിവർമ്മയുടെ ജീവിതം വരച്ചു കാട്ടിയ "മകരമഞ്ഞ്" വരെയുള്ള അദ്ദേഹത്തിന്റെ സിനിമകൾ മലയാളസിനിമ ചരിത്രത്തിൽ സുവർണ്ണമുദ്ര പതിപ്പിച്ചവയാണ്.

വേനല്‍, ചില്ല, പ്രേംനസീറിനെ കാണ്‍മാനില്ല, മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുനാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രി മഴ, മകര മഞ്ഞ്, ഇടവപ്പാതി എന്നിവയാണ് ലെനിന്‍ രാജേന്ദ്രന്റെ സിനിമകള്‍.

ഒട്ടേറെ പുരസ്‌ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. "സ്വാതി തിരുനാളിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും, ദൈവത്തിന്റെ വികൃതികള്‍ക്ക് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും, കുലത്തിന് മികച്ച ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരവും, രാത്രി മഞ്ഞിന് മികച്ച സംവിധായകനുള്ള പുരസ്‌കാരവും, മകരമഞ്ഞിന് മികച്ച രണ്ടാമത്തതെ സിനിമയ്ക്കുളള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

മഴയെയും, സംഗീതത്തെയും സർഗാത്മകമായി തന്റെ ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സം‌വിധായകനാണ്‌ രാജേന്ദ്രൻ. രചനാഭംഗി കൊണ്ടു വേറിട്ടുനിൽക്കുന്ന പത്തു മലയാള സിനിമാഗാനങ്ങൾ എടുത്താൽ അതിലൊന്ന് ലെനിൻ രാജേന്ദ്രന്റെ ചിത്രത്തിലേതാവും.

സാഹിത്യത്തെ സിനിമയുമായി ബന്ധിപ്പിയ്ക്കുന്നതിൽ എന്നും അദ്ദേഹം ശ്രമിച്ചിരുന്നു. എം. മുകുന്ദന്റെ "ദൈവത്തിന്റെ വികൃതികൾ", കമലാ സുറയ്യയുടെ "നഷ്ടപ്പെട്ട നീലാംബരി", എന്നിവയൊക്കെ അദ്ദേഹം സിനിമയാക്കി. പെരുമ്പടവം ശ്രീധരന്റെ "ഒരു സങ്കീർത്തനം പോലെ" സിനിമയാക്കാനുള്ള ശ്രമത്തിനിടയിലാണ് അദ്ദേഹം അസുഖബാധിതനായി മരണമടഞ്ഞത്.

ലെനിൻ രാജേന്ദ്രന്റെ നിര്യാണം മലയാളസിനിമ ലോകത്തിനും, ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും  വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നതിനോടൊപ്പം, അദ്ദേഹത്തിന്റെ കുടുംബത്തിനും, സ്നേഹിയ്ക്കുന്നവർക്കും, കലാസ്നേഹികൾക്കും ഉണ്ടായ ദുഃഖത്തിൽ പങ്കു ചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനപ്രമേയത്തിലൂടെ പറഞ്ഞു.

Advertisment