Advertisment

10 തൈവച്ചാൽ മാസം 10,000 രൂപ കൈയിൽ കിട്ടും; എവിടെയും എളുപ്പത്തിൽ വളർത്തുകയും ചെയ്യാം, അറിയാം പണം തരും കൃഷിയുടെ കൂടുതൽ കാര്യങ്ങൾ

New Update

publive-image

Advertisment

കൃഷി ചെയ്യുന്നെങ്കിലും മുടക്കിയ കാശുപോലും തിരികെ കിട്ടുന്നില്ലെന്നാണ് ഒട്ടുമിക്കവരുടെ പരാതി. ഇതുകാരണം കൃഷിതന്നെ ഉപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് ചേക്കേറുന്നവരും നിരവധിയാണ്. കൃഷിയെക്കുറിച്ചും പുതിയ വിളകളെക്കുറിച്ചും അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളെക്കുറിച്ചും അറിഞ്ഞാൽ പ്രശ്നം ഒട്ടുമുക്കാലും പരിഹരിക്കാം. അതായത് അപ്ഡേറ്റായിരിക്കണം എന്നർത്ഥം.

എളുപ്പത്തിൽ ലാഭം നേടാൻ കഴിയുന്ന ഒരു കൃഷിയാണ് പപ്പായ. വർഷത്തിൽ 362 ദിവസവും ആദായം ലഭിക്കും. പക്ഷേ, പപ്പായയിലെ കേമൻ ഇനങ്ങൾ തിരിച്ചറിഞ്ഞ് കൃഷിചെയ്താലേ നേട്ടമുണ്ടാകൂ എന്ന് മറക്കരുത്. വിദേശ ജനുസായ റെഡ് ലേഡി അത്തരമൊരു മികച്ച ഇനമാണ്. വിദേശിയാണെങ്കിലും കേരളത്തിന്റെ മണ്ണിൽ നന്നായി വളരുകയും വിളവ് നൽകുകയും ചെയ്യും.

പഴുത്ത പപ്പായയുടെ ഉൾഭാഗം ചുവന്ന നിറത്തിൽ കാണപ്പെടുന്നതാണ് റെഡ് ലേഡി എന്നപേരുവരാൻ കാരണം.നട്ട് ആറുമാസത്തിനകം തന്നെ കായ്ഫലം കിട്ടിത്തുടങ്ങും.ചെടിയുടെ അടിമുതൽ മുടിവരെ നല്ല മുഴുത്ത പപ്പായകൾ നിറഞ്ഞുനിൽക്കുന്ന കാഴ്ച ആരെയും മോഹിപ്പിക്കും. കാര്യമായി ശ്രദ്ധിച്ചാൽ ഒരു മരത്തിൽ ഒരേസമയം 50 പപ്പായകൾ വരെ കാണും.

ഒരു പപ്പായക്ക് കുറഞ്ഞത് മൂന്നരക്കിലോ തൂക്കം കാണും. പച്ച പപ്പായയ്ക്ക് കിലോയ്ക്ക് അമ്പതുരൂപയ്ക്കടുത്ത് മിക്കപ്പോഴും വിലയുണ്ടാകും. പഴുത്തതിന് കിലോയ്ക്ക് പത്തുരൂപവരെ അധികം കിട്ടും. വിളഞ്ഞ പപ്പായ പറിച്ചെടുത്താലും നന്നായി പഴുക്കണമെങ്കിൽ കുറഞ്ഞത് പത്തുദിവസമെങ്കിലും എടുക്കും. അതിനാൽ കേടുപാടുകളില്ലാതെ ദൂരെ സ്ഥലങ്ങളിലേക്ക് കയറ്റുമതിചെയ്യുകയും ചെയ്യാം.

ഒരേക്കറിൽ ഏകദേശം 1000 മുതൽ 1200 വരെ ചെടികൾ നടാനാവും ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് തൈകൾ മുളപ്പിക്കാൻ പറ്റിയ സമയം. ചെറിയ പോളിത്തീൻ ബാഗുകളിൽ മണലും, ഉണങ്ങിയ ചാണകപ്പൊടിയും വൃത്തിയാക്കിയ മണ്ണും ചേർത്തിളക്കി നിറച്ച് തയ്യാറാക്കിയ ബാഗുകളിൽ വിത്തുപാകി മുളപ്പിക്കാം. ആവശ്യാനുസരണം നനച്ചു കൊടുക്കണം.രണ്ടു മാസം പ്രായമായ തൈകൾ മാറ്റി നടാവുന്നതാണ്.

മെയ് ജൂൺ മാസങ്ങളാണ് തൈകൾ മാറ്റിനടാൻ പറ്റിയ സമയം. രണ്ടു മീറ്റർ അകലത്തിൽ അര മീറ്റർ സമചതുരത്തിൽ തയ്യാറാക്കിയ കുഴികളിൽ മേൽമണ്ണും ജൈവവളവും കൂട്ടിയിളക്കിയ നടീൽ മിശ്രിതത്തിൽ വേരുകൾ പൊട്ടാത്തവണമാണ് തൈകൾ മാറ്റിനടേണ്ടത്.വളർച്ചയും ഉത്പാദനവും കൂട്ടാൻ ഒന്നരമാസത്തെ ഇടവേളയിൽ ജൈവവളം ചേർക്കണം. ചാണകമോ കമ്പോസ്റ്റോ ആണ് നൽകേണ്ടത്.

ഒരു തൈയ്ക്ക് കുറഞ്ഞത് പത്തുകിലോഗ്രം നൽകണം. രാസവളമാണെങ്കിൽ 100 ഗ്രാം വീതം യൂറിയയും പൊട്ടാഷും 200 ഗ്രാം എല്ലുപൊടിയും ചേർത്തുകൊടുക്കുന്നത് ഉത്പാദനം കൂട്ടും. ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതെ നോക്കേണ്ടതും കളകൾ പറിച്ച് കളയേണ്ടതുമാണ്. ചെടികൾ പൂവിട്ടു തുടങ്ങുമ്പോൾ ആൺചെടികൾ ഉണ്ടെങ്കിൽ പറിച്ചുമാറ്റേണ്ടതാണ്. കൃഷി ഓഫീസുമായി ബന്ധപ്പെട്ടാൽ നല്ല വിത്തുകൾ എവിടെ നിന്ന് ലഭിക്കുമെന്നറിയാം.

Advertisment