Advertisment

എസ് യു വി ലുക്കിൽ ഒരു കോംപാക്ട് എസ് യു വി; റിയർ സീറ്റിലും റിക്ളൈനർ സംവിധാനം; പുതിയ ഹ്യുണ്ടായി വെന്യു ഫേസ്‌ലിഫ്റ്റിന്റെ വിശേഷങ്ങൾ

author-image
ടെക് ഡസ്ക്
Updated On
New Update

 

Advertisment

publive-image

ഹ്യൂണ്ടായി വെന്യുവിന്റെ ഫേസ്‌ലിഫ്റ്റ് മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ആറ് വേരിയന്റുകളിൽ വിപണിയിലെത്തുന്ന വെന്യു 7.53 ലക്ഷം (എസ്ക് ഷോറൂം) മുതൽ വില ആരംഭിക്കുന്നു. ഏറ്റവും ഉയർന്ന മോഡലായ എസ് എക്സ് (ഒ)യുടെ ഡീസൽ ടർബോ വേരിയന്റിന് 12.57 ലക്ഷം ആണ് എക്സ് ഷോറൂം വില. സബ് കോംപാക്ട് എസ് യു വിയാണെങ്കിൽ പോലും മിഡ് ലൈഫ് സൈക്കിൾ അപ്ഡേറ്റിന്റെ ഭാഗമായി എസ് യു വിക്ക് സമാനമായ ഡിസൈനുകളാണ് ഹ്യുണ്ടായി പുത്തൻ വെന്യുവിൽ പരീക്ഷിച്ചിരിക്കുന്നത്.

ഇതിനു പുറമേ ക്യാബിനുള്ളിലും ടെക്നോളജി സംബന്ധമായും ചില അപ്ഡേറ്റുകൾക്ക് ഹ്യുണ്ടായി തയ്യാറായിട്ടുണ്ട്. ഇ, എസ്, എസ്+, എസ് (ഒ), എസ് എക്സ്, എസ് എക്സ് (ഒ) എന്നീ വേരിയന്റുകളിലാണ് ഹ്യുണ്ടായി വിപണിയിലെത്തുന്നത്. വെന്യുവിന്റെ പഴയ മോഡലിനെ അപേക്ഷിച്ച് മുൻവശത്തെ ഗ്രില്ലിന് കൂടുതൽ ആഡംബരം നൽകാൻ ഹ്യുണ്ടായി ശ്രമിച്ചിട്ടുണ്ട്. മുകൾ വശത്തെ ക്ളസ്റ്ററിൽ ക്രോം മെർജ് ചെയ്യാനും ഗ്രില്ലിന് കൂടുതൽ വലിപ്പം നൽകാനും നിർമാതാക്കൾ ശ്രമിച്ചിട്ടുണ്ട്.

പിന്നിലും ആംഗുലർ ലെറ്റുകളും മുഴുനീള ലൈറ്റ് ബാറും ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ വാഹനത്തിന് പ്രത്യേകമായൊരു പ്രൗഢി ഒറ്റനോട്ടത്തിൽ തന്നെ തോന്നുന്നുണ്ട്. ഹ്യുണ്ടായിയുടെ മറ്റ് വാഹനങ്ങളിൽ നിന്ന് വ്യത്യസ്ഥമായി പുതിയ സ്റ്റൈലിലുള്ള അലോയ് വീലുകൾ വെന്യു ഫേസ്‌ലിഫ്റ്റിന്റെ അപ്ഡേഷൻ പൂർത്തിയാക്കുന്നു.

ആറ് സിംഗിൾ ടോൺ നിറങ്ങളിലും ഒരു ഡ്യുവൽ ടോൺ നിറത്തിലും വെന്യു ലഭ്യമാണ്. ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ, ഡെനിം ബ്ലൂ, ഫാന്റം ബ്ലാക്ക്, പോളാർ വൈറ്റ് എന്നീ നിറങ്ങൾ സിംഗിൾ ടോൺ ഓപ്ഷനിൽ ലഭ്യമാണ്. അതേസമയം ഫിയറി റെഡ് സിംഗിൾ ടോണിലും ഡ്യുവൽ ടോൺ ഓപ്ഷനിലും ലഭ്യമാണ്. ഇതിനൊപ്പം ബ്ലാക്ക് റൂഫ് കൂടി ലഭിക്കും. എന്നാൽ ഡ്യുവൽ ടോണിന് 15,000 രൂപ അധികമായി നൽകേണ്ടി വരും.

വാഹനത്തിനുള്ളിൽ കാര്യമായ മാറ്റങ്ങൾക്ക് ഹ്യുണ്ടായി മുതിർന്നിട്ടില്ല. ഹ്യുണ്ടായിയുടെ അടിസ്ഥാന ഡാഷ്ബോർഡ് ഡിസൈൻ തന്നെയാണ് വെന്യുവിലും നിലനി‌ർത്തിയിരിക്കുന്നത്. എന്നാൽ ഉയർന്ന വേരിയന്റുകളിൽ ഡാഷ്ബോർഡിന് ഡ്യുവൽ ടോൺ ഫിനിഷ് നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഉയർന്ന വേരിയന്റുകളിൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ളസ്റ്രറിന് പകരമായി ഡിജിറ്റൽ യൂണിറ്റ് ലഭ്യമാക്കിയിട്ടുണ്ട്.

എടുത്ത് പറയേണ്ട മറ്റൊരു കാര്യം ഏതാനും എസ് യു വികളിൽ മാത്രം കാണപ്പെടുന്ന റിയർ സീറ്റ് പിന്നിലേക്ക് മടക്കാവുന്ന റിക്ളൈനർ സംവിധാനം വെന്യുവിലും ഒരുക്കിയിട്ടുണ്ട് എന്നതാണ്. ഇത് ദീർഘദൂര യാത്രകളിൽ പിൻ സീറ്റ് യാത്രക്കാർക്കും വേണമെങ്കിൽ ഒരു സെമിസ്ലീപ്പർ ആയി ഉപയോഗപ്പെടുത്താവുന്നതാണ്.

ടെക്നോളജിയിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിൽ കൂടി 10 പ്രാദേശിക ഭാഷകൾ ഉൾപ്പെടെ 12 ഭാഷകളെ പിന്തുണയ്ക്കുന്ന ഹ്യുണ്ടായിയുടെ ബ്ളൂലിംഗ് കണക്ടട് കാർ ഫീച്ചർ തന്നെയാണ് ഏറ്റവും വലിയ ആകർഷണം. 60ലധികം ഫീച്ചറുകളിൽ എത്തുന്ന ഈ സംവിധാനത്തിന്റെ പുതിയ അപ്ഡേറ്റഡ് വേർഷനാണ് ഹ്യുണ്ടായിയിൽ ഉപയോഗിച്ചിട്ടുള്ളത്.

Advertisment