Advertisment

കാര്‍ ഉപയോഗിക്കുന്നവർക്ക് കര്‍ശന നിയമവുമായി കേന്ദ്രം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

വാഹനങ്ങളില്‍ പിൻസീറ്റ് ബെൽറ്റും സീറ്റ് ബെല്‍റ്റ് അലാറങ്ങളും നിർബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിനെ കുറിച്ച് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പിൻസീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാത്ത കാറുകളുടെ ഡ്രൈവർമാരിൽ നിന്ന് പിഴ ഈടാക്കാൻ ട്രാഫിക് പൊലീസിനെ അനുവദിക്കുന്ന പുതിയ നിയമം നിലവിൽ വരുകയാണെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാമാക്കിയതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍‌ട്ട് ചെയ്യുന്നു.

പുതിയ നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴയായി ഈടാക്കേണ്ട തുക ഏതാനും ദിവസങ്ങൾക്കുള്ളിൽ വിജ്ഞാപനത്തിൽ വിശദമാക്കുമെന്ന് നിതിൻ ഗഡ്‍കരി പറഞ്ഞു. കാറിന്‍റെ പിറകിലെ സീറ്റിലിരുന്ന് യാത്ര ചെയ്യവേ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി കാറപകടത്തിൽ മരണപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.

പിറകിലെ സീറ്റുകളിൽ സീറ്റ് ബെൽറ്റ് അലാറം ഇനിമുതൽ സ്ഥിരം ഫീച്ചറായിരിക്കുമെന്നും നിയമം വരുന്നതോടെ നിർമാണ കമ്പനികൾ ഇക്കാര്യം പാലിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ കമ്പനികൾക്ക് മതിയായ സമയം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

പിൻസീറ്റിൽ ബെൽറ്റ് ധരിക്കാത്തവർക്ക് പിഴ ചുമത്താൻ 2019 മോട്ടോർ വെഹിക്കിൾ ആക്ടിൽ വകുപ്പുണ്ടെന്നും അതിനാൽ ഇക്കാര്യം അവഗണിക്കാനാകില്ലെന്നുമാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. സീറ്റ് ബെൽറ്റ് ക്ലിപ്പോ ബക്കിളോ ഉപയോഗിച്ചില്ലെങ്കിൽ പ്രവർത്തിക്കുന്ന തരത്തിലാണ് കാർ സെൻസറുകൾ സജ്ജീകരിച്ചിരിക്കുന്നത്.

ബെൽറ്റില്ലാതെ ക്ലിപ്പ് മാത്രം ഉപയോഗിച്ച് വാഹനമോടിക്കുന്നവരുണ്ടെന്നും ഇത്തരം ക്ലിപ്പ് നിർമാണവും വിൽപ്പനയും നിരോധിക്കുമെന്നും മന്ത്രി ഗഡ്കരി വ്യക്തമാക്കി. കേന്ദ്ര മോട്ടോർ വെഹിക്കിൾ റൂൾസിലെ റൂൾ 138(3) പ്രകാരം മുന്നിലും പിന്നിലും സീറ്റ് ബെൽറ്റുകൾ ഉപയോഗിക്കുന്നത് നിർബന്ധമാണ്. ഇത് ഒഴിവാക്കിയാൽ 1000 രൂപ പിഴ ഈടാക്കാം.

എന്നിരുന്നാലും, രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും, ഈ നിയമം വാഹനമോടിക്കുന്നവർ പാലിക്കുന്നില്ല. മാത്രമല്ല ട്രാഫിക് പൊലീസ് പോലും അവർക്കെതിരെ കണ്ണടയ്ക്കുന്നു.

എന്നാൽ, വാഹനാപകടത്തിൽ വ്യവസായി സൈറസ് മിസ്ത്രിയുടെ നിര്യാണത്തെ തുടർന്നാണ് വാഹനമോടിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിലുള്ള ആശങ്ക ശ്രദ്ധയിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ പിൻസീറ്റില്‍ ആയിരുന്ന മിസ്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍.

പുതിയ നിയമം ആളുകൾ പിന്തുടരുന്നുവെന്ന് ഉറപ്പാക്കാൻ പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് അലാറം നിർബന്ധമാക്കാനാണ് സർക്കാർ നീക്കം. ഇപ്പോൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ ഫീച്ചർ മുൻ സീറ്റിൽ ഇരിക്കുന്നവർക്ക് മാത്രമേ ലഭ്യമാകൂ.

ഈ ഫീച്ചർ അനുസരിച്ച്, മുൻ സീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ, സീറ്റ് ബെൽറ്റ് ഉറപ്പിക്കുന്നത് വരെ കാറിന്റെ സുരക്ഷാ സംവിധാനം അലേർട്ട് ശബ്‍ദങ്ങള്‍ പുറപ്പെടുവിക്കുന്നത് തുടരും.

Advertisment