Advertisment

പുതിയ ക്ലാസിക് 350 എന്നീ മോഡലുകൾക്കു പിന്നാലെ റോയൽ എൻഫീൽഡ് ജെ–പ്ലാറ്റ്ഫോം അടിസ്ഥാനപ്പെടുത്തിയുള്ള ബുള്ളറ്റ് 350 ഉടൻ വിപണിയിൽ

author-image
ടെക് ഡസ്ക്
Updated On
New Update

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350. മെറ്റിയർ 350, പുതിയ ക്ലാസിക് 350 എന്നീ മോഡലുകൾക്കു പിന്നാലെ റോയൽ എൻഫീൽഡ് ജെ–പ്ലാറ്റ്ഫോം അടിസ്ഥാനപ്പെടുത്തിയുള്ള ബുള്ളറ്റ് 350 ഉടൻ വിപണിയിലെത്തിക്കുമെന്നാണ് സൂചനകൾ. റോയൽ എൻഫീൽഡിന്റെ മോഡലുകളിൽ 346 സിസി യുസിഇ എൻജിനും പഴയ പ്ലാറ്റ്ഫോമും ഉപയോഗിച്ചുവന്ന ഏക മോഡലാണ് ബുള്ളറ്റ്.

Advertisment

റോയൽ എൻഫീൽഡ് ആരാധകർ ഒരുപക്ഷേ ഏറ്റവുമധികം ആഗ്രഹിച്ച് കാത്തിരുന്ന അപ്ഡേറ്റും ഇതു തന്നെയാണ്. ഔദ്യോഗികമായി മോഡലിനെക്കുറിച്ച് സൂചനകളില്ലെങ്കിലും സ്വപ്നം സഫലമാകുമെന്ന കാര്യത്തിൽ 99 ശതമാനവും ഉറപ്പുവന്നിരിക്കുകയാണ്. വാഹനം ഇന്ത്യയിൽ പല ഭാഗങ്ങളിലും പരീക്ഷണ ഓട്ടം ആരംഭിച്ചു കഴിഞ്ഞു. വാഹന പാപ്പരാസികൾക്കിടയിൽ അതിവേഗം കൈമാറപ്പെടുന്ന ചിത്രങ്ങൾ ജെ പ്ലാറ്റ്ഫോമിലുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെയാണ്.

ജെ–പ്ലാറ്റ്ഫോമിനൊപ്പം മെറ്റിയറിലും ക്ലാസിക് 350ലും കണ്ടു വന്ന അതേ എൻജിനാണ് എന്നാണ് ചിത്രങ്ങളിൽ നിന്നു വ്യക്തമാകുന്നത്. ഔട്ട്പുട്ടിൽ വ്യത്യാസുമണ്ടാകില്ലെങ്കിലും കരുത്തു കുറയുമെന്ന് വേണം കരുതാൻ. പെട്ടന്നുള്ള കാഴ്ചയിൽ നിലവിലുള്ള ക്ലാസിക് 350നോട് വളരെയടുത്ത് നിൽക്കുന്ന രൂപസാമ്യങ്ങൾ വാഹനത്തിനുണ്ട്. ആദ്യകാഴ്ചയിലുള്ള വലിയ മാറ്റം എന്നത് സിംഗിൾ സീറ്റാണ്. റൈഡിങ് പൊസിഷനിലോ എർഗണോമിക്സിലോ കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ലെന്ന് കരുതുന്നത്. ക്ലാസിക് 350ലെ അതേ നവീകരിക്കപ്പെട്ട ഫൂട്ട് പെഗ് പൊസിഷൻ, ഉയർന്ന റൈഡിങ് പൊസിഷൻ എന്നിവയെല്ലാം നിലനിർത്തപ്പെട്ടിട്ടുണ്ട്. ക്ലാസിക്കിൽ നിന്നു ബുള്ളറ്റിലേക്ക് എത്തുമ്പോൾ ഹെഡ്‌ലാംപിനു മുകളിലെ ഹുഡ് നഷ്ടപ്പെട്ടിട്ടുണ്ട്. ഒപ്പം ഗ്യാസ് ഫിൽഡ് ഷോക്ക് അബ്സോർബറുകളും ഒഴിവാക്കപ്പെടുമെന്ന് കരുതാം.

publive-image

പിന്നിൽ ഡ്രം ബ്രേക്കുകളാണ് ബുള്ളറ്റ് 350ന് ലഭിച്ചിട്ടുള്ളത്. സിംഗിൾ ചാനൽ എബിഎസ് വാഹനത്തിനുണ്ട്. ക്ലാസിക് ലൈനപ്പിനെ അപേക്ഷിച്ച് വിലയും കുറവായിരിക്കുമെന്നതിനാൽ റോയൽ എൻഫീൽഡ് ആരാധകരുടെ വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. 349 സിസി എയർ കൂൾഡ് സിംഗിൾ സിലണ്ടർ 4 സ്ട്രോക്ക് എൻജിനാണ് വാഹനത്തിനു ലഭിക്കുക. 6100 ആർപിഎമ്മിൽ 20.2 എച്ച്പി പരമാവധി കരുത്തും 4000 ആർപിഎമ്മിലെ 27 എൻഎം പരമാവധി ടോർക്കുമുള്ള എൻജിൻ സ്മൂത്ത്നെസിന് ഏറെ പേരുകേട്ടതാണ്. 5 സ്പീഡ് ഗിയർ ബോക്സിനൊപ്പം കൂടുതൽ ലീനിയറായ റൈഡും വാഹനം വാഗ്ദാനം ചെയ്യുമെന്ന് വേണം മെറ്റിയറിനെയും ക്ലാസിക്കിനെയും തമ്മിൽ ചേർത്ത് ചിന്തിക്കുമ്പോൾ കരുതാൻ. ബാഡ്ജിങ്ങുകളിലും വർണക്കൂട്ടുകളിലും ആകർഷണം കുറഞ്ഞ മോഡലായിരിക്കും സ്റ്റാൻഡേഡ് 350. സൗകര്യങ്ങൾ കുറവുള്ള ബുള്ളറ്റ് എക്സ് പോലെയുള്ള വകഭേദങ്ങളും ഉണ്ടാകുമെന്ന് വേണം നിലവിൽ കരുതാൻ.

1.48 ലക്ഷം രൂപയിലാണ് നിലവിൽ ബുള്ളറ്റ് സ്റ്റാൻഡേഡ് 350യുടെ വില ആരംഭിക്കുന്നത്. കൂടുതൽ സ്മൂത്തും വിറയൽ ഇല്ലാത്തതുമായ ബുള്ളറ്റ് വിപണിയിലെത്തിയാൽ ബുള്ളറ്റ് പ്രേമികൾ ഇതൊരു പൂരമാക്കി മാറ്റുമെന്ന് തീർച്ച. കൂടുതൽ വിലക്കുറവിനു വേണ്ടി കിക്ക് സ്റ്റാർട്ട്, കുറഞ്ഞ സ്വിച്ച്ഗിയറുകൾ എന്നിവയെല്ലാം ഉപയോഗിച്ചിരുന്ന പഴയ സ്റ്റാൻഡേർഡിൽ നിന്ന് ജെ–പ്ലാറ്റ്ഫോമിലെ ബുള്ളറ്റിലെത്തുമ്പോൾ സെൽഫ് സ്റ്റാർട്ട്, മികച്ച സ്വിച്ചുകൾ വെൽഡിങ് നിലവാരം എന്നിവയെല്ലാം വർധിക്കും. ഇതോടെ പ്രതീക്ഷിക്കാവുന്ന വില 1.70 ലക്ഷം രൂപ മുതലാണ്. ഏറ്റവും വിലക്കുറഞ്ഞ മോഡലെന്ന് റോയൽ എൻഫീൽഡ് വിശേഷിപ്പിക്കുന്ന ഹണ്ടർ 350 വിപണിയിലെത്തിയാൽ അപ്ഡേറ്റഡ് ബുള്ളറ്റിനും താഴെയായിരിക്കുമെന്ന സൂചനയാണ് ബുള്ളറ്റ് നൽകുന്നത്.

Advertisment