Advertisment

ജലസമാധി നീണ്ടകഥ -3

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

" മോനേ..ഒട്ടയ്ക്കൽ വരെ കൊണ്ടെ ആക്കാമോ.?" തിരിഞ്ഞ് നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

" കേറിയാട്ടെ." യെസ്ഡി മോട്ടോർസൈക്കിളിൽ വരുന്ന ഈ ആളെ കണ്ടിട്ടുണ്ട്, പക്ഷേ അടുത്ത് പരിചയമില്ല. ഓട്ടോ സ്റ്റാർട്ട് ചെയ്യുമ്പോൾ ആലോചിച്ചു.

ഒട്ടയ്ക്കലുള്ള ഇരുപ്പക്കാട്ട് വീട്ടിൽ കുട്ടിവൈദ്യൻ ആയിരുന്നു അത് എന്ന് പിന്നീടുള്ള ഞങ്ങളുടെ വർത്തമാനത്തിനിടയിൽ മനസ്സിലായി. ആ ഓട്ടം എന്റെ ജീവിതത്തെയും സാമ്പത്തിക സ്ഥിതിയെയും പാടേ മാറ്റിമറിയ്ക്കാൻ പോകുന്നതായിരുന്നു എന്ന് അപ്പോൾ അറിയത്തില്ലായിരുന്നു.

വൈദ്യരുടെ റബ്ബർ മരങ്ങൾ കടുംവെട്ട് വെട്ടാനായി ഒരാളെ ഏൽപിച്ചിരുന്നു. അയാൾ ഭയങ്കര ഉഴപ്പനായിരുന്നു എന്ന് വൈദ്യർക്ക് അറിയത്തില്ലായിരുന്നു . നാട്ടുകാരനാണല്ലോ എന്ന് വിചാരിച്ച് റബ്ബർ വെട്ടാൻ ഏൽപ്പിച്ചതാ.

പലരും അയാൾക്ക് വെട്ട് കൊടുക്കരുതെന്ന് പറഞ്ഞിട്ടും വൈദ്യർ വകവച്ചില്ല. കുറെ നാളായി റബ്ബർ വെട്ടാതെ കിടന്നിരുന്നത് കൊണ്ട് എന്തെങ്കിലും ആകട്ടെ എന്ന് വിചാരിച്ച് ആണ് ശുദ്ധഗതിക്കാരനായ വൈദ്യർ വെട്ടാൻ അയാളെ ഏൽപിച്ചത്. റബ്ബർ വെട്ടാതെ കിടക്കുന്നതിലും ഭേദമാണല്ലോ.

ആദ്യമാദ്യം വലിയ കുഴപ്പമില്ലാതെ ഒക്കെ പോയി. പിന്നെ എന്നതെങ്കിലും കാരണം പറഞ്ഞ് പലപ്പോഴും സോമൻ റബ്ബർ വെട്ടത്തില്ല. വെട്ടിയാലൊട്ട് മുഴുവനും വെട്ടത്തുമില്ല. അറുന്നൂറ് മരം കടുംവെട്ട് വെട്ടിയാൽ പത്തോ മുപ്പതോ ഷീറ്റ് കിട്ടിയാലായി.

നൂറ് നൂറ്റി ഇരുപത് ഷീറ്റ് കിട്ടണ്ടതാ. ഇപ്പോ അയാള് റബ്ബർ വെട്ടാൻ വന്നിട്ട് രണ്ടാഴ്ചയായി. വൈദ്യർക്ക് അതിൽ നല്ല വിഷമമുണ്ടായിരുന്നു. വണ്ടി വൈദ്യരുടെ വീട്ടിലെത്തുമ്പോഴേയ്ക്കും ഇത്രയും കാര്യങ്ങൾ എന്നോട് പറഞ്ഞു.

വണ്ടി നിർത്തി.

വൈദ്യർ പുറത്തിറങ്ങി, ഞാനും. ഡബിൾ മുണ്ടിന്റെ മടക്കികുത്ത് അഴിച്ചിടുന്നതാണ് എന്റെ രീതി. മുണ്ട് മടക്കിക്കുത്ത് അഴിച്ച്, കാക്കി ഷർട്ടും ധരിച്ച്, വിനയാന്വിതനായി നിൽക്കുന്ന എന്നെ വൈദ്യരുടെ പോർച്ചിലെ മങ്ങി കത്തുന്ന ബൾബിന്റെ വെളിച്ചത്തിൽ സൂക്ഷിച്ചു നോക്കിയിട്ട് വൈദ്യര് ചോദിച്ചു.

" മോന്റെ.. പേര് എന്നതാ.?"

"മധു."

"വീടോ?"

" വല്യാത്തുകവലയിലാ."

"എന്നതാ വീട്ടുപേര്?"

വൈദ്യൻ ചോദ്യം മുഴുപ്പിയ്ക്കുന്നതിനു മുൻപേ ഞാൻ വിശദമായി പറഞ്ഞു. വൈദ്യർക്ക് വളരെ സന്തോഷമായി.

" എത്രയായി.?"

" അറുപത് രൂപ."

വൈദ്യൻ നൂറ് രൂപ തന്നു. ബാക്കി എടുക്കാൻ തുടങ്ങിയപ്പോൾ.." വേണ്ട.. ബാക്കി എടുക്കാൻ നിൽക്കണ്ട.. കൈയ്യിലിരിയ്ക്കട്ടെ.."

"അപ്പഴേ... നല്ല വെട്ടുകാര് ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു വിടാമോ."

" തീർച്ചയായും."

തിരിച്ചു പോരുന്ന വഴി ഞാൻ ആലോചിയ്ക്കുകയായിരുന്നു.

വണ്ടി വീട്ടിലേയ്ക്ക് തിരിയുന്നതിന് മുൻപ് കൂട്ടുകാരൻ ഇരുപ്പക്കാട്ടേൽ ചിങ്ങപ്പന്റെ വീട്ടിലേയ്ക്ക് വിട്ടു. ചിങ്ങപ്പന്റെ വീട്ടിലേയ്ക്ക് ഉള്ള ഇടവഴിയുടെ മുന്നിൽ റോഡ് അരികിൽ വണ്ടി പാർക്ക് ചെയ്തു.

ഇരുട്ടിൽ, ഇടവഴിയിലൂടെ ചിങ്ങപ്പന്റെ വീട്ടിലേക്ക് നടക്കുമ്പോൾ അന്തരീക്ഷത്തിലെ നനുത്ത തണുപ്പ് സുഖകരമായി തോന്നി. തപ്പിത്തടഞ്ഞ് നടക്കുമ്പോൾ മിന്നാമിനുങ്ങുകൾ വഴികാട്ടിയായി. ഇരുട്ടിൽ അവ തലങ്ങും വിലങ്ങും പാറിനടക്കുന്നത് കാണാൻ നല്ല രസമായിരുന്നു.

ഇടവഴിയിലെല്ലാം മുല്ലപ്പൂമണം നിറഞ്ഞു നിന്നു. ചിങ്ങപ്പന്റെ വീട്ടിലെത്തിയപ്പോൾ മുറ്റം നിറയെ മുല്ലപ്പൂമണം. കിണറിന്റെ അപ്പുറത്ത് മുറ്റത്തെ കയ്യാലയുടെ അരികിൽ നിൽക്കുന്ന മാവിൽ പടർന്ന് കിടക്കുന്ന വലിയ മുല്ല കണ്ടിട്ടുണ്ട്. അത് നിറയെ പൂക്കൾ ഉണ്ടാകാറുണ്ട്.

വെറുതേ ഒന്ന് മാവിലേയ്ക്ക് നോക്കിയപ്പോൾ ആകാശത്ത് പൂത്തുവിടർന്നുനിൽക്കുന്ന നക്ഷത്രങ്ങൾ പൊഴിച്ച ഇത്തിരി വെളിച്ചത്തിൽ മുല്ലപ്പൂക്കൾ മണമുള്ള പുഞ്ചിരി തൂകി. അപരിചിതന്റെ കാൽപെരുമാറ്റവും മണവും അടിച്ചിട്ടാകണം, കന്നുകാലികൂട്ടിൽ പശുക്കൾ മുരടനക്കി.

ഉറങ്ങാൻ പോകുമ്പോൾ ഇറയത്തെ ലൈറ്റ് കെടുത്തുന്ന ശീലം ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു. ഇവിടെയും ഇറയത്ത് ലൈറ്റില്ല. എല്ലാവരും കിടന്നെന്ന് തോന്നുന്നു. നാട്ടിൽ പല വീടുകളും എട്ടുമണിയോടെ ഉറക്കം പിടിയ്ക്കും. ഇപ്പോ സമയം ഒമ്പതര കഴിഞ്ഞിട്ടുണ്ടാകും. ചൂട് കാലമാണങ്കിലും രാത്രി എട്ടുമണിയാകുമ്പോൾ തണുപ്പ് എവിടെ നിന്നോ വന്ന് നമ്മളെ ഉറക്കത്തിലേക്ക് കൊണ്ടുപോകും.

" ചിങ്ങപ്പാ..ചിങ്ങപ്പാ..!"

" ആരാ..?"

" മധുവാ.."

ഇറയത്തെ ലൈറ്റ് തെളിഞ്ഞു. നാൽപത് വാട്സിന്റെ മങ്ങിയവെട്ടത്തിൽ ചിങ്ങപ്പൻ കതക് തുറന്ന് വന്നു.

രാത്രിയിൽ വോൾട്ടേജ് തീരെ കുറവായിരുന്നു ഞങ്ങളുടെ നാട്ടിൽ. ട്യൂബ് ലൈറ്റ് പല വീടുകളിലും ആഡംബരമായിരുന്നു. പക്ഷേ, രാത്രിയിൽ കത്തത്തില്ല. കത്തണമെങ്കിൽ ഒരു പത്തരമണികഴിയണം. ഇരുപത്തി അഞ്ച് വാട്സിന്റെയും നാൽപത് വാട്സിന്റെയും ബൾബുകളായിരുന്നു സർവ്വസാധാരണയായി എല്ലാ വീടുകളിലും. പക്ഷേ ആ ഇത്തിരി വെട്ടം ഞങ്ങൾക്കെല്ലാം പകൽവെളിച്ചമായിരുന്നു.

" ഒറങ്ങിയാരുന്നോടാ.?"

" ഇല്ല. ഇപ്പം അങ്ങ് കിടന്നതേയുള്ളു. കൂരാലീന്ന് കൊച്ചച്ചൻ വന്നിട്ട് ഇപ്പോ അങ്ങെറങ്ങിയതേ ഉള്ളൂ. ഇതെന്നാടാ ഈ നേരത്ത് പതിവില്ലാതെ.!" ചിങ്ങപ്പൻ.

" വാ.. പറയാം.."

" ചിങ്ങാ..! ആരാടാ..വന്നേ.?" ചിങ്ങപ്പന്റെ അമ്മ അകത്ത് നിന്ന് വിളിച്ചു ചോദിച്ചു.

" മധുവാ..അമ്മേ.." ചിങ്ങപ്പൻ.

ചിങ്ങപ്പൻ മുറ്റത്തേക്ക് ഇറങ്ങിവന്നു. അവനോട് ഞാൻ കാര്യം പറഞ്ഞു.

" അപ്പോ..പറഞ്ഞപോലെ.. രാവിലെ എട്ടു മണി.."

"ശരീടാ..!എടാ നിന്നേ..! ഞാൻ ടോർച്ച് തെളിച്ച് കാണിയ്ക്കാം.." ചിങ്ങപ്പൻ കന്നുകാലിക്കൂടിനരികിലേയ്ക്ക് മാറിനിന്ന് ടോർച്ച് തെളിച്ച് ഇടവഴി കാണിച്ചു. എന്നതാ സംഭവിയ്ക്കുന്നത് എന്ന് അറിയാതെ പശുക്കൾ ചടപടാന്ന് ചാടി എഴുന്നേറ്റു.

ചിങ്ങപ്പനെയും കൂട്ടി വൈദ്യരുടെ വീട്ടിലെത്തുമ്പോൾ രാവിലെ എട്ടര മണി. ഓട്ടോ ഇറങ്ങി വരുന്നത് വരാന്തയിൽ ഇരുന്ന് പത്രം വായിച്ചിരുന്ന വൈദ്യർ കാണുന്നുണ്ടായിരുന്നു.

"ആഹാ...മധുവായിരുന്നോ..ഇതാരാ..?

മരുന്നിന് ആണോ.?"

" മരുന്നിന് വേണ്ടി വന്നതല്ല.. ഇന്നലെ റബ്ബർ വെട്ടാൻ ഒരാളെ വേണോന്ന് പറഞ്ഞില്ലാരുന്നോ..! ഞാനും ചിങ്ങപ്പനും കൂടി വെട്ടിക്കോളാം." ഞാൻ ഒറ്റശ്വാസത്തിന് പറഞ്ഞു. വൈദ്യര് ഞങ്ങളെ മാറിമാറി നോക്കിയിട്ട് പറഞ്ഞു.

" എന്നാ.. ഒരഞ്ചു മിനിറ്റ് നിക്ക്.. തോട്ടം കാണിച്ചു തരാം."

വൈദ്യരുടെ റബ്ബർ ഞാനും ചിങ്ങപ്പനും കൂടി വെട്ടിത്തുടങ്ങി. ദിവസംപ്രതി വൈദ്യരുടെ റബ്ബർ ഷീറ്റുകൾ കുടിക്കൊണ്ടിരുന്നു. മുപ്പത് ഷീറ്റ് കിട്ടിയിടത്ത് നൂറ്റി ഇരുപത് ഷീറ്റുകൾ ഞങ്ങൾ വൈദ്യരുടെ വീട്ടുമുറ്റത്തെ ഇരുമ്പുകമ്പിയുടെ അഴയിൽ വിരിച്ചു. വൈദ്യരും വീട്ടുകാരും സന്തോഷിച്ചു. ആവശ്യത്തിലധികം പൈസ തന്ന് വൈദ്യർ ഞങ്ങളെയും തൃപ്തിപ്പെടുത്താൻ മറന്നില്ല.

വെളുപ്പിന് നാലുമണിക്ക് എന്റെ വീട്ടിലെ റബ്ബർ മരങ്ങൾ വെട്ടിയിട്ട് വേണം കുട്ടിവൈദ്യന്റെ മരം വെട്ടാൻ പോകാൻ. അമ്മയോ അനിയത്തിമാരോ ആരെങ്കിലും വീട്ടിലെ റബ്ബറിന്റെ പാലെടുത്ത് ഉറയ്ക്കും. വീട്ടിലെ റബ്ബർ വെട്ടിയിട്ട് വരുമ്പോഴേക്കും അമ്മ കട്ടൻ കാപ്പി ഇട്ട് വച്ചിട്ടുണ്ടാകും. കൂടാതെ, ഓട്ടു തൂക്കുപാത്രത്തിൽ എനിക്ക് ഉച്ചയ്ക്ക് കഴിയ്ക്കാനുള്ള പച്ചമോരൊഴിച്ച പഴങ്കഞ്ഞിയും അമ്മ എടുത്തിട്ടുണ്ടാകും.

റബ്ബർ വെട്ടി, പാൽ ഉറച്ചു കഴിഞ്ഞ് റബ്ബർ തോട്ടത്തിൽ അവിടവിടെയായി വളർന്ന് നിൽക്കുന്ന കാന്താരിച്ചെടിയിൽ നിന്നും കാന്താരി മുളക് പറിച്ചെടുത്ത് മോരൊഴിച്ച പഴങ്കഞ്ഞിയിൽ ഞെരടി ഒരൊറ്റ പിടിപ്പീരായിരുന്നു. വറ്റുതീരുമ്പോൾ കാന്താരി മുളകും പച്ചമോരും പഴങ്കഞ്ഞി വെള്ളവും ചേർന്ന വെള്ളം ഈയം പൂശിയ ഓട്ടു ചോറ്റുപാത്രത്തിൽ നിന്നും കണ്ണടച്ച് കുടിയ്ക്കും.

കാന്താരി മുളക് തൊണ്ട എരിച്ച് ഇറങ്ങുമ്പോൾ, പാകത്തിന് ഉപ്പ് ചേർത്ത പഴങ്കഞ്ഞി വെള്ളവും മോരിലെ നെയ്യുടെയും പുളിയുടെയും കാന്താരിയുടെ എരിവ് പടർത്തുന്ന അവാച്യമായ ഒരു സുഗന്ധവും എല്ലാം ചേർന്ന് നൽകുന്ന വേറിട്ട ആ രുചി അനുഭവിച്ചറിയണം. ഞാൻ പിന്നീട് കഴിച്ച ഒരു ഭക്ഷണത്തിനും ഇതിന്റെ അത്രയും രുചി തോന്നിയിട്ടില്ല.

രാവിലെ ഉറച്ച റബ്ബർ പാൽ ഉച്ചകഴിയുമ്പോൾ ഷീറ്റ് ആക്കാൻ പാകത്തിൽ ആയിട്ടുണ്ടാവും.

വൈദ്യരുടെ ഷീറ്റ് അടിയ്ക്കുന്ന മെഷീനിൽ ഉറച്ചുകഴിഞ്ഞ വെളുത്ത കേക്ക് പോലത്തെ റബ്ബർ അടിച്ച് പരത്തി ഷീറ്റാക്കി എന്റെ ഓട്ടോയിൽ കൊണ്ടുപോയി വൈദ്യരുടെ വീട്ടിൽ എത്തിയ്ക്കും. അതിന് ഇരട്ടിയിലധികം ഓട്ടോക്കൂലിയും തരും.

ഒരിക്കൽ റബ്ബർ വെട്ടിയിട്ട് ഞങ്ങൾ റബ്ബർതോട്ടത്തിലെ വൈദ്യരുടെ പഴയ ഓടിട്ട വീടിൽ എന്നത്തെയും പോലെ വിശ്രമിയ്ക്കുകയായിരുന്നു. ചിങ്ങപ്പനാണ് പറഞ്ഞത്. " മധൂ.. നമുക്ക് കൂരാലി ഷാപ്പിൽ വരെ ഒന്ന് പോയാലോ.! ഇപ്പച്ചെന്നാ നല്ല പനങ്കള്ള് കിട്ടും.കഴിയ്ക്കാൻ കപ്പയും കറിയും കാണും"

തടി ലോഡിംഗ് സമയത്ത് മിയ്ക്കവാറും ദിവസങ്ങളിൽ പള്ളിയ്ക്കത്തോട്ടിലെ ബിവറേജിൽ നിന്നും റമ്മോ ബ്രാണ്ടിയോ ആരെങ്കിലും പോയി വാങ്ങിക്കൊണ്ട് വരും. എല്ലാവരും കൂടി പൈസ ഷെയർ ഇടും. ഇപ്പോ കുറെ നാളായി മദ്യപിച്ചിട്ട്.

" എന്നാ..പോയാലോ..!

രണ്ടു പേരും കൂടി കൂരാലി ഷാപ്പിലേക്ക് നടന്നു.വൈദ്യരുടെ പറമ്പ് കഴിഞ്ഞ് കുറച്ച് നടന്നാൽ ഷാപ്പാണ്. ചെറിയ മൺകുടത്തിലെ പനങ്കള്ള് ഉള്ള് തണുപ്പിച്ചു. കപ്പയും മത്തിക്കറിയും എരിവ്കോരുമ്പോൾ കള്ള് മൊത്തി. പിന്നെ ഇടയ്ക്കിടെ കൂരാലി ഷാപ്പിലും ചെങ്ങളം ഷാപ്പിലും പനമറ്റത്തുള്ള പൊതുകം ഷാപ്പിലും ഒക്കെ ഞങ്ങൾ പനങ്കള്ള് കുടിക്കാൻ പോകുമായിരുന്നു.

ഒരുദിവസം റബ്ബർ ഷീറ്റുകളുമായി വൈദ്യരുടെ വീട്ടിലേയ്ക്ക് ചെല്ലുമ്പോൾ വൈദ്യരുടെ പറമ്പിലേയ്ക്ക് ചാണകം കൊണ്ടുവന്ന മിനി ലോറി തിരിയ്ക്കാൻ ഡ്രൈവർ പാടുപെടുകയായിരുന്നു. ഓട്ടോ നിർത്തി കുറെനേരം നോക്കി നിന്നിട്ട് ഡ്രൈവറുടെ അടുത്ത് ചെന്ന്..

" ചേട്ടാ.., ഒന്നിറങ്ങിയാട്ടെ.. ഞാൻ നോക്കാം.."

ഡ്രൈവർ എന്നെ ഒന്ന് നോക്കീട്ട് മടിച്ച് മടിച്ച് താഴെ ഇറങ്ങി. വളരെ ശ്രദ്ധയോടെ ആ ലോറി ഞാൻ റോഡിൽ കയറ്റിക്കൊടുത്തു. ഡ്രൈവർ നന്ദി പറഞ്ഞു പോയി.

ഇതെല്ലാം കണ്ടും കേട്ടും വൈദ്യർ അതിശയത്തോടെ നിൽക്കുന്നുണ്ടായിരുന്നു.

" മധൂന്.. വലിയ വണ്ടികളും ഓടിയ്ക്കാൻ അറിയാമായിരുന്നോ..! ഞാൻ കരുതിയത് ഓട്ടോ മാത്രമേ ഓടിയ്ക്കത്തുള്ളൂന്ന്. എന്നാലിനി എന്റെ അംബാസിഡർ ഓടിയ്ക്കാൻ വേറെ ആളെ വിളിയ്ക്കണ്ടല്ലോ.. മധൂ.!" അങ്ങനെ ഞാൻ ഇടയ്ക്കിടെ വൈദ്യരുടെ അംബാസിഡറിന്റെ സാരഥിയായി.

Advertisment