Advertisment

ഗ്രെയ്സ് മോട്ടോർ ഡ്രൈവിങ് സ്കൂൾ (ഉണ്ടാപ്പിക്കഥകൾ-7)

New Update

publive-image

Advertisment

"ഉണ്ടാപ്പീ., നീ കാപ്പി കുടിച്ചേച്ച് ജെയിംസ്കുട്ടീടേം ജോക്കുട്ടന്റേം ബഡ്ഢുകൾ വെയിലത്തിടണം. ഉച്ചയാകുമ്പോഴേയ്ക്കും മഴയിങ്ങുവരും. അതിന് മുമ്പ് ബഡ്ഡ് ചൂട് പിടിപ്പിച്ച് എടുക്കണം. മുറിയ്ക്കേത്ത് പൊടീം ചുക്കിലീം വല്ലതുമുണ്ടെങ്കിൽ തൂത്തുകളയണം. ക്രിസ്തുമസ് അവധിയ്ക്ക് പിള്ളേര് നാളെയിങ്ങ് വരും." പശുവിനെ കറന്ന് പാല് റോസമ്മയുടെ കൈയ്യിൽ കൊടുക്കുന്ന ഉണ്ടാപ്പിയോട് പെണ്ണമ്മ പറഞ്ഞു.

"റോസമ്മേ.. കാപ്പിയ്ക്ക് പുട്ടും കടലേം അല്ലേ.?" പെണ്ണമ്മ ചോദിച്ചു.

" അതെ. കടല കുക്കറിൽ വേകാൻ വച്ചു.പുട്ടിന് പൊടി നനയ്ക്കാൻ തുടങ്ങുന്നേയുള്ളൂ"

" റോസമ്മേ..! വർക്കി വെട്ടീട്ട് വരുമ്പോൾ നമ്പരയ്ക്കൽ ഷാപ്പിൽ നിന്നും അപ്പം ഉണ്ടാക്കാൻ ഇച്ചിരി കള്ള് മേടിപ്പിയ്ക്കണം. കള്ള് ചേർത്ത് പാലപ്പം വേണോന്ന് പിള്ളേര് വിളിച്ചപ്പോൾ പറഞ്ഞു. നരിപ്പാറ ജോസഫ് ചേട്ടനോട് അഞ്ച് കിലോ ബീഫ് മേടിച്ചോണ്ട് വരാൻ അച്ചായനോട് പറയാം." പെണ്ണമ്മ പറഞ്ഞത് കേട്ട് റോസമ്മ തലയാട്ടി.

"ചേച്ചീ..വാരീംകൂടി വാങ്ങാൻ പറയണേ...!"

" ഉയ്യോ..നീ ഓർമിപ്പിച്ചത് നന്നായി.! നാളെ വൈകിട്ട് വാരീം കപ്പേം ഉണ്ടാക്കണമെന്ന് ജയിംസ്കുട്ടി വോയ്സ് മെസേജ് പിന്നേം ഇട്ടിട്ടുണ്ട്. അതെങ്ങാനും ഇല്ലങ്കിൽ.. എന്റമ്മോ..!"

ചാക്കോച്ചൻ വാഷ്ബേസിനിൽ മുഖം കഴുകുന്ന ശബ്ദം കേട്ട് പെണ്ണമ്മ പറഞ്ഞു." റോസമ്മേ.. അച്ചായൻ ഏറ്റിട്ടുണ്ട്. അച്ചായന്റെ കട്ടനിങ്ങുതന്നേരെ." റോസമ്മ കൊടുത്ത കട്ടൻകാപ്പിയുമായി പെണ്ണമ്മ വരാന്തയിൽ പത്രം വായിക്കുന്ന ചാക്കോച്ചന്റെ അടുത്തേക്ക് പോയി.

"അച്ചായാ..ഇന്നാ കാപ്പി."

പെണ്ണമ്മയെ നോക്കി ചിരിച്ചിട്ട് കാപ്പി വാങ്ങി ചൂടൂതി ഒന്ന് കുടിച്ചിട്ട് ടീപ്പോയിൽ വച്ചു.

പെണ്ണമ്മ അടുത്ത് കിടന്ന കസേരയിൽ ഇരുന്നു.

"അച്ചായാ.. നാളെ പിള്ളേരെ വിളിയ്ക്കാൻ റെയിൽവേ സ്റ്റേഷനിൽ പോകാൻ ആരോടാ പറഞ്ഞെ.?"

" തുരുത്തീലെ ശങ്കരനോട് പറഞ്ഞിട്ടുണ്ട്."

"അച്ചായാ..നരിപ്പാറേലെ ജോസഫ് ചേട്ടനോട് ഒരഞ്ചുകിലോ പോത്തിറച്ചി വാങ്ങണേ. രണ്ടു കിലോ വാരീംകൂടി വാങ്ങിക്കോ."

പത്രവായനയ്ക്കിടെ ചാക്കോച്ചൻ മൂളി.

ഉണ്ടാപ്പി പശുക്കളേം കിടാക്കളെയും കന്നുകാലിക്കൂട്ടിൽനിന്നും അഴിച്ച് പറമ്പിൽ കെട്ടാൻ പോകുന്നത് പെണ്ണമ്മ കാണുന്നുണ്ടായിരുന്നു. പത്ര വായനയ്ക്ക് ശേഷം പതിവ് പോലെ ചാക്കോച്ചൻ കുളിയ്ക്കാൻ പോയി.

കാപ്പികുടി കഴിഞ്ഞ് ചാക്കോച്ചൻ ഇന്റർനാഷണലിൽ മുറ്റത്തെ ചരലുകളെ ഞെരിച്ചമർത്തി പുറത്തേക്ക് പോയി.

"റോസമ്മോ.." വർക്കി വെട്ടു കഴിഞ്ഞ് കൈ കഴുകി കാപ്പി കുടിയ്ക്കാൻ വന്നു. റോസമ്മ പുട്ടും കടലയും വിളമ്പി.

" ചാക്കോച്ചേട്ടൻ ഇന്ന് ഇച്ചിരി നേരത്തെ ആണല്ലോ പോയത്." വർക്കി റോസമ്മയോട് പറഞ്ഞു.

" അച്ചായന്റെ കൂട്ടുകാരനില്ലേ..പാലാപ്പറമ്പിലെ ജോജിസാറ്.. പുള്ളിക്കാരൻ സുഖമില്ലാതെ വടവാതൂര് ആശുപത്രിയിലാ. ജോജിസാറിനെ കാണാൻ പോകുവാന്ന് ചേച്ചിയോട് പറേന്ന കേട്ടാരുന്നു."

" ചേച്ചിയും ഉണ്ടാപ്പിയും എന്തിയേ..?"

" നാളെ പിള്ളേര് വരുവല്ലേ.. അവരുടെ ബഡ്ഢുകൾ വെയിലത്തിടാൻ വേണ്ടി ചേച്ചി അവനേം കൂട്ടി ജയിംസ്കുട്ടീടെ മുറിയിലോട്ട് പോയിട്ടുണ്ട്."

" പറഞ്ഞപോലെ.. ക്രിസ്തുമസ് അവധിയായല്ലോ."

" അവിടെ കർണാടകത്തിൽ ഒന്നും ക്രിസ്തുമസിന് അവധിയില്ലന്ന് ബെറ്റിമോള് പറഞ്ഞു. മലയാളിക്കുട്ടികൾ ലീവെടുത്താ വരുന്നെ. ക്രിസ്തുമസിന്റെ പിറ്റേന്ന് പോണോന്നാ പറേന്നകേട്ടെ."

" വർക്കിച്ചേട്ടാ.. ഇച്ചിരി കള്ള് നമ്പരയ്ക്കൽ ഷാപ്പിൽ നിന്ന് മേടിച്ച് തരണേ"

" വൈകിട്ട് അന്തി മേടിച്ചാൽ പോരേ. കുഞ്ഞൂഞ്ഞ്കുട്ടി ചെത്തിക്കൊണ്ട് വരുന്ന കള്ള് മേടിയ്ക്കാം"

കാപ്പി കുടി കഴിഞ്ഞ് പതിവ് പോലെ വർക്കി ബീഡിവലിയ്ക്കാൻ മുറ്റത്തെ കോണിൽ പടർന്ന് പന്തലിച്ച് നിൽക്കുന്ന സപ്പോട്ടമരത്തിന്റെ തണൽ വീണുകിടക്കുന്ന മതിലിൽ, തലയിൽ കെട്ടിയിരുന്ന തോർത്ത് അഴിച്ച് മതിലിൽ കിടന്ന ഇലയും കമ്പുകളും തട്ടിക്കളഞ്ഞിട്ട് ഇരുന്നു. വർക്കി ചിലപ്പോൾ ഉച്ചയൂണ് കഴിഞ്ഞ് ആ മതിലിൽ കിടന്ന് മയങ്ങാറുമുണ്ട്.

അപ്പോഴാണ് ഉണ്ടാപ്പി ബെഡ്ഡ് വെയിലത്ത് ഇടാൻ വന്നത്. വർക്കി ബീഡി വലിക്കുന്നത് കണ്ടപ്പോൾ ഉണ്ടാപ്പി ചോദിച്ചു. " വർക്കിച്ചോ ആത്മാവിനെ പുകയ്ക്കുകയാണോ.?"

"എടാ.. നീ പുരോഗമിച്ചു പോയല്ലോ." വർക്കി ചിരിച്ചു

"പിന്നെ..പുരോഗമിയ്ക്കാതെ..!" ഉണ്ടാപ്പിയും ചിരിച്ചു..

" എന്നാ.. രണ്ടു പേരും കൂടി തമാശ പറയുന്നേ..!" എന്ന് ചോദിച്ചു കൊണ്ട് പെണ്ണമ്മ മുറ്റത്ത് വന്നു.

" ഓ... ചുമ്മാ..എന്നതെങ്കിലും ഇവനോട് പറയണ്ടേ.." വർക്കി.

അകത്തെ മുറിയിൽ പെണ്ണമ്മയുടെ മൊബൈൽ റിംഗ് ചെയ്തു.

" റോസമ്മേ..അതാരാന്ന് നോക്കിയ്ക്കേ.!"

"ചേച്ചീ..അച്ചായനാ.." റോസമ്മ മൊബൈൽ പെണ്ണമ്മയുടെ കൈയ്യിൽ കൊടുത്തിട്ട് അകത്തേയ്ക്ക് പോയി.

പെണ്ണമ്മ പറയുന്നത് ഇങ്ങനെ കേൾക്കാമായിരുന്നു. " ആണോ..! എന്റച്ചായാ അത് വല്ല്യ ചുറ്റായിപ്പോയല്ലോ.. അങ്ങോട്ട് കുഴപ്പമില്ല.. തിരിച്ച് കണിപറമ്പീന്ന് ഇങ്ങോട്ട് മൂഴൂർകേറ്റം കേറണ്ടേ..അവനാണേൽ സൈക്കളേലെ പോകത്തുള്ളുതാനും.!

പാവമില്ലേ..അച്ചായനെങ്ങനെയെങ്കിലും പോകന്നേ.!

" ശരി.. ശരി.. അവനോട് പറയാം.. ഓക്കേ.. അച്ചായാ.. അച്ചായാ..വെക്കല്ലേ.. ഒരുകാര്യം കൂടി.. ഗ്രെയ്സ് മോട്ടോർ ഡ്രൈവിങ് സ്കൂളിലെ ജോയിയെ വിളിച്ച് ഇന്ന് തന്നെ ഉണ്ടാപ്പിയെ അങ്ങോട്ട് വിടുകാണന്നും ഡ്രൈവിംഗ് പഠിക്കാനുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കണമെന്നും പറയണം.. ഓക്കേ.."

" എന്നാ.. ചേച്ചീ പ്രശ്നം.?" വർക്കി ചോദിച്ചു.

" ഓ.. എന്നാ പറയാനാ..നരിപ്പാറ ജോസഫ് ചേട്ടനോട് ഇറച്ചി മേടിച്ചോണ്ട് വരാൻ അച്ചായനോട് പറഞ്ഞാരുന്നേ.. പക്ഷേ ഇന്ന് ചന്തേൽ കശാപ്പില്ല, കണിപറമ്പിൽ ചെല്ലാൻ പറഞ്ഞു.. അച്ചായന് ആണേ നൂറുതിരക്കാ..ഉണ്ടാപ്പിയെ കണിപറമ്പിലേയ്ക്ക് പറഞ്ഞ് വിടാൻ വേണ്ടി വിളിച്ചതാ..ഇവനവിടെവരെ സൈക്കിൾ ചവിട്ടണ്ടേ.."

" അത് സാരമില്ല ചേച്ചീ.. ഞാൻ മേടിച്ചോണ്ട് വരാന്നേ.." ഉണ്ടാപ്പി.

" സൈക്കളേലാണങ്കിൽ ഇവൻ അമേരിയ്ക്കേലും പോകും.! കേട്ടോ വർക്കീ..ഇവിടെ സ്കൂട്ടർ ഇരിപ്പുണ്ട്, അച്ചായന്റെ പഴേ മാരുതി കിടപ്പുണ്ട്.. ഇതൊക്കെ എടുത്തോണ്ട് ഇവന് പോകാൻ മേലേ..അതെങ്ങനാ.. ഡ്രൈവിംഗ് പഠിയ്ക്കാൻ പറഞ്ഞാൽ കേൾക്കുമോ.. ഇനി ഇവനെ ഡ്രൈവിംഗ് പഠിപ്പിച്ചിട്ടുതന്നെ കാര്യം.

ഇന്ന് തന്നെ അച്ചായൻ ജോയീടെ അടുത്ത് ഇവനെ പറഞ്ഞ് വിടും. നീയിപ്പോ പോയി ഇറച്ചി മേടിച്ചോണ്ട് വാ. മാസ്ക് വച്ചോണേ..! പെണ്ണമ്മ.

ഉണ്ടാപ്പി ഹെർക്കുലീസിൽ ഇറച്ചി വാങ്ങാൻ പോയി.

" വർക്കീ..പുൽക്കൂടുണ്ടാക്കാൻ കരോട്ടേതൊട്ടീന്ന് കുറച്ച് ഈന്തെല വെള്ളിയാഴ്ച വെട്ടികൊണ്ടുവരണം..കപ്പക്കാലായിൽ ഒത്തിരി ഉണ്ണീശോ പുല്ലുണ്ടന്ന് റോസമ്മ പറഞ്ഞു.. അതും കുറെ ഇങ്ങ് പറിച്ചോണേ..!" പെണ്ണമ്മ.

" ചേച്ചീ.. വെള്ളാപ്പള്ളി ജോസിന്റെ കടേല് അടിപൊളി ക്രിസ്തുമസ് ട്രീ കൊണ്ടുവന്നിട്ടുണ്ട്."

" പിള്ളേര് വരട്ടെ...അവരെ പറഞ്ഞു വിടാം."

കുറെയേറെ നേരം കഴിഞ്ഞപ്പോൾ വിയർത്തു കുളിച്ച് ഉണ്ടാപ്പി ഇറച്ചിയുമായി വന്നു.

" റോസമ്മ ചേച്ചീ.. ഇച്ചിരി മോരുംവെള്ളം തന്നേ.." ഉണ്ടാപ്പി.

" കൊച്ചേ.. ഡ്രൈവിംഗ് പഠിച്ചാരുന്നേൽ ഇങ്ങനെ വിയർത്തു കുളിച്ച് സൈക്കിൾ ചവിട്ടണാരുന്നോ.?"

അത് കേട്ടോണ്ട് വന്ന പെണ്ണമ്മ പറഞ്ഞു." എടാ നിന്നോട് ചോറുണ്ടേച്ച് ജോയീടെ ഡ്രൈവിംഗ് സ്കൂളിൽ ചെല്ലാൻ അച്ചായൻ വിളിച്ചു പറഞ്ഞു.. വേഗം പൊക്കോ. പോകുന്നതിന് മുമ്പ് ആ മുറ്റത്ത് ഇട്ടിരിക്കുന്ന ബഡ്ഡുകൾ കട്ടിലേലിട്ടേക്കണം. പോകുന്ന വഴി അച്ചായനുള്ള ചോറ് കൂടി കൊടുത്തേക്കണം. മഴയ്ക്ക് കൂടുന്നുണ്ട്.. വേഗം പോയിട്ട് വാ."

ഉണ്ടാപ്പി ഊണുകഴിഞ്ഞ് മനസ്സില്ലാമനസ്സോടെ ഹെർക്കുലീസുമായി പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഉണ്ടാപ്പി പേടിച്ച് വിറച്ചപോലെ തിരികെ വന്നു.

അടുക്കളേന്ന് കുറെ വെള്ളം എടുത്ത് കുടിച്ചു. പെണ്ണമ്മ ഉച്ചയുറക്കത്തിലാണ്. റോസമ്മ തുണി അലക്കി വിരിയ്ക്കുന്നു. വർക്കി ഇളംതിണ്ണേൽ മയങ്ങുന്നു. തുണി വിരിച്ച് കഴിഞ്ഞ് റോസമ്മ വരുമ്പോൾ അടുക്കളയോട് ചേർന്നുള്ള തളത്തിലെ ബഞ്ചിൽ ഉണ്ടാപ്പി കിടക്കുന്നു.

"ഇതെന്നാ പറ്റി കൊച്ചേ.. ഡ്രൈവിംഗ് പഠിയ്ക്കാൻ പോയില്ലേ.?"

" ഞാനെങ്ങും ഡ്രൈവിംഗ് പഠിക്കുന്നില്ല ചേച്ചീ..!"

"അതെന്നാടാ.?"

" അതൊണ്ടല്ലോ.. ചേച്ചീ..! അൽപം ഭയത്തോടെ പറഞ്ഞ് തുടങ്ങിയപ്പോൾ മുറ്റത്ത് ഒരു വണ്ടി വന്നു നിന്നു.

" ഈ സമയത്ത് ആരായിരിക്കും" എന്ന് ആത്മഗതത്തോടെ റോസമ്മ വാതിൽ തുറന്നു.

ഗ്രെയ്സ് മോട്ടോർ ഡ്രൈവിങ് സ്കൂൾ എന്നെഴുതിയ മഹീന്ദ്രയുടെ മേജർ എന്ന വണ്ടിയിൽ നിന്ന് ചാരനിറമുള്ള പാന്റും കൈമുട്ടിന് മുകളിൽ ചുരുട്ടി വച്ച ക്രീം നിറത്തിലുള്ള ഫൂൾകൈഷർട്ട് ഇൻസർട്ട് ചെയ്ത, ഉയരമുള്ള ഒരാൾ ചെറുചിരിയോടെ ഇറങ്ങി.

റോസമ്മയ്ക്ക് ആളെ മനസ്സിലായില്ലെങ്കിലും ഉണ്ടാപ്പി ഡ്രൈവിംഗ് പഠിയ്ക്കാൻ പോയ ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ആരോ ആണന്ന് തോന്നിയിട്ട് പെണ്ണമ്മയെ വിളിയ്ക്കാൻ പോയി.

വണ്ടിയുടെ ഒച്ച കേട്ട് മയക്കത്തിൽ നിന്ന് ഉണർന്ന് വർക്കി വന്നു.

" ആ ജോയിച്ചനോ.!" വർക്കി

"എന്നാ ഉണ്ട് വർക്കീ..?"

" ഓ.അങ്ങനെ പോകുന്നു..അല്ല ജോയിച്ചാ ഇവിടുന്ന് ഒരാള് ഡ്രൈവിംഗ് പഠിക്കാൻ അങ്ങോട്ട് വന്നിട്ട് എന്തിയേ.?"

" ജോയിയാരുന്നോ.? വാ..കയറിയിരിയ്ക്ക്..!" പെണ്ണമ്മ പറഞ്ഞു.

" അല്ല ജോയീ.. ഇവിടുന്ന് ഒരാള് ഡ്രൈവിംഗ് പഠിക്കാൻ നിന്റടുത്തേയ്ക്ക് വന്നിട്ട് എന്നായി..?"

" ആ കൊച്ച് ആണ്ടെ അവിടെ ബഞ്ചിൽ കിടക്കുന്നു.." മറുപടി പറഞ്ഞത് റോസമ്മയായിരുന്നു.

പെണ്ണമ്മ അമ്പരപ്പോടെ റോസമ്മയെയും ജോയിയെയും വർക്കിയെയും മാറി മാറി നോക്കി.

ജോയി അപ്പോഴും ചിരിയ്ക്കുകയായിരുന്നു.

"എന്നാ ജോയി ഉണ്ടായേ..?" ഇടറിയ സ്വരത്തിൽ പെണ്ണമ്മ ചോദിച്ചു. " അവനെയിങ്ങു വിളിച്ചേ റോസമ്മേ." പെണ്ണമ്മ പറഞ്ഞു. ഉണ്ടാപ്പിയെ വിളിച്ചോണ്ട് റോസമ്മ വന്നു. ഉണ്ടാപ്പി ഏതാണ്ടോ ഏടാകൂടം ഒപ്പിച്ചിട്ടാണ് വന്നതെന്ന് റോസമ്മയ്ക്കും വർക്കി യ്ക്കും തോന്നി.

പെണ്ണമ്മ റോസമ്മയെയും വർക്കിയെയും നോക്കി. ഏതാണ്ട് അവൻ ഒപ്പിച്ചിട്ടുണ്ട് ചേച്ചീ എന്ന് റോസമ്മയുടെയും വർക്കിയുടെയും കണ്ണുകൾ പെണ്ണമ്മയോട് സംസാരിച്ചു.

" എന്നതാന്ന് എനിയ്ക്കും പിടികിട്ടിയില്ല പെണ്ണമ്മ ചേച്ചീ..! ഇവനവിടെ വരുമ്പോൾ ഞാൻ ഒരു ഫോണിലായിരുന്നു. ജോയിച്ചായോന്ന് വിളിച്ച് കയറിവന്നവൻ ഇറങ്ങി ഓടുകയായിരുന്നു."

" അതെന്നാ."

" ഞാൻ ഫോൺ ചെയ്തു കഴിഞ്ഞ് ഇവനോട് ചോദിച്ചു. അപ്പോ ഡ്രൈവിംഗ് പഠിയ്ക്കാൻ തീരുമാനിച്ചല്ലേ.."

"ജോയിച്ചായാ അവിടെ എല്ലാവരും നിർബ്ബന്ധിയ്ക്കുവാന്നേ.. ഡ്രൈവിംഗ് പഠിയ്ക്കാൻ.. എനിക്ക് വലിയ താത്പര്യം ഒന്നും ഇല്ല."

" അതെന്നാ.?"

" എനിക്ക് പേടിയാന്നേ..!"

"പേടിയൊക്കെ നമുക്ക് മാറ്റാം.. ടൂവീലറും ഫോർവീലറും ഒന്നിച്ചെടുക്കാം. അപ്പോ സ്കൂട്ടറും കാറും ഓടിയ്ക്കാം."

"അച്ചായന്റെ ഇന്റർനാഷണൽ ഓടിയ്ക്കാൻ പറ്റുമോ.?"

"പിന്നെയെന്നാ.. പക്ഷേ പഠിയ്ക്കുന്ന തിന് മുമ്പ് എല്ലെടുക്കണം."

"എല്ലെടുക്കണോന്നോ.?

" പിന്നല്ലാതെ..എല്ലെടുക്കാതെ ഡ്രൈവിംഗ് പഠിക്കാൻ പറ്റത്തില്ല."

അപ്പോഴാണ് കൂനാനീലെ തങ്കച്ചന്റെ ഫോൺ വന്നത്. ഞങ്ങളുടെ വീട്ടിലെ പട്ടിക്കുഞ്ഞിനെ തങ്കച്ചന് കൊടുത്താരുന്നു. ഇന്നുരാവിലെ അതിന്റെ തൊണ്ടയിൽ പോത്തിന്റെ എല്ലുകുടുങ്ങീന്ന് പറഞ്ഞ് തങ്കച്ചൻ എന്നെവിളിച്ചപ്പോൾ മന്ദിരത്തിങ്കലെ മൃഗാശുപത്രിയിൽ കൊണ്ടുപോകാൻ ഞാൻ പറഞ്ഞു. അതിന്റെ വിവരം പറയാൻ വിളിച്ചതാരുന്നു.

" ആണോ.? നല്ല ഡോക്ടർ ആണല്ലേ.?

തൊണ്ടേന്നുതന്നെയാണോ എല്ലെടുത്തത്.?

" ആ.. ശരി.. ആശുപത്രിയിൽ ആണോ.?"

" നാളെ ഇവിടെ ഉണ്ട്. രാവിലെ തന്നെ പോരേ.."

" അതും ഇവന്റെ പഠിത്തോം തന്നിൽ എന്നാ ബന്ധം.? പെണ്ണമ്മ ജോയിയോട് ചോദിച്ചു.

" അതാ ചേച്ചീ.. എനിയ്ക്കും മനസ്സിലാകാത്തത്.! ഞാൻ ഫോൺകോൾ കട്ട് ചെയ്യുന്നതിന് മുമ്പ് ഇവൻ സൈക്കിൾ എടുത്ത് പാഞ്ഞു."

" നീയെന്നാടാ അവിടുന്ന് എറങ്ങി ഓടിയത്.? പെണ്ണമ്മ ചോദിച്ചു.

" അത് പിന്നെ.. ഡ്രൈവിംഗ് പഠിയ്ക്കണമെങ്കിൽ എല്ലെടുക്കണോന്ന് പറഞ്ഞില്ലേ.. ഫോണിൽ സംസാരിച്ച ആളുടെ തൊണ്ടേന്ന് ആണോ എല്ലെടുത്തതെന്നും നല്ല ഡോക്ടർ ആണല്ലേ എന്നൊക്കെ ജോയിച്ചായൻ പറയുന്നത് കേട്ടപ്പോൾ ഞാൻ പേടിച്ച് പോയി."

ഉണ്ടാപ്പി പറഞ്ഞത് കേട്ട് ജോയിയും വർക്കിയും പൊട്ടിച്ചിരിച്ചു. ഉണ്ടാപ്പിയെയും ജോയിയെയും വർക്കിയെയും മാറി മാറി നോക്കി കരയണോ ചിരിയ്ക്കണോ എന്നറിയാതെ നിൽക്കുന്ന പെണ്ണമ്മയെ നോക്കി ചിരി അമർത്തി റോസമ്മ പുറത്ത് ഉണങ്ങാനിട്ട തുണികൾ എടുക്കാൻ പോയി. പുറത്ത് മഴ തകർക്കാൻ തുടങ്ങിയിരുന്നു.

Advertisment