Advertisment

'ആസാദി കി അമൃത്' സന്ദേശവുമായി ജിദ്ദയിൽ "സൈക്ലോത്തോൺ

New Update

publive-image

Advertisment

ജിദ്ദ: 2021 ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ രൂപീകരണത്തിന്റെ ഒരു വർഷം പിന്നിടുന്ന ജിദ്ദയിലെ ഐ പി ഡബ്ലിയു എഫ് സൈക്ലിംഗ് ക്ലബ് ജിദ്ദയിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെയും ഇൻഡോ - സൗദി നയതന്ത്ര ബന്ധത്തിന്റെയും എഴുപത്തിയഞ്ചാം വാർഷികം അടയാളപ്പെടുത്താനായി റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും ആവിഷ്കരിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗം കൂടിയാണ് സൈക്ലിങ് ക്ലബ് സംഘടിപ്പിച്ച 'സൈക്ലോത്തൊൻ' എന്ന നാമകരണത്തി സൈക്കിൾ സവാരി. സ്ത്രീകളും കുട്ടികളുമടക്കം ഉൾപ്പെടെ നിരവധി പേർ സൈക്കിൾ സവാരി ആഘോഷമാക്കി.

മാനസികവും ശാരീരികവുമായ പൂർണ്ണ ആരോഗ്യത്തിന് സൈക്കിൽ സവാരി ശീലമാക്കണമെന്ന് ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. ഐ പി ഡബ്ലിയു എഫ് (ഇന്ത്യൻ പിൽഗ്രിംസ് വെൽ ഫെയർ ഫോറം) സൈക്ലിംഗ് ക്ലബ് ഒന്നാം വാർഷിക ആഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂൾ പഠന കാലത്ത് എല്ലാ ദിവസവും ആറ്‌ കിലോ മീറ്റർ ദൂരം സൈക്കിളിൽ സഞ്ചരിച്ചതിന്റെ ഓർമ്മകൾ കോൺസൽ ജനറൽ സദസുമായി പങ്കുവെച്ചു. അന്ന് ശരീരത്തിനും മനസ്സിനും ലഭിച്ച ഗുണകരമായ ഊർജ്ജത്തെ ജീവിതത്തിൽ പ്രയോജനപ്പെടുത്താനായെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദാ ബീച്ച്, ഇന്ത്യൻ സ്‌കൂൾ പരിസരം, കോൺസുലേറ്റ് വളപ്പ് എന്നിവിടങ്ങളിൽ വെച്ച് പല സന്ദർഭങ്ങളിലായി നടത്തിയ 'സൈക്ലോത്തൊൻ' സൈക്കിൾ സവാരിയിൽ പങ്കെടുത്ത് ലക്ഷ്യം പൂർത്തീകരിച്ച വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിതരണം ചെയ്തു. വിവിധ പുരസ്‌കാരങ്ങൾക്ക് അർഹരായവരും സംഘാടകരും കോൺസൽ ജനറലും കേക്ക് മുറിച്ചും, സൈക്കിൾ ചവിട്ടിയും, വർണ്ണങ്ങൾ വിതറിയും പരിപാടി ആഹ്ളാദപൂർവ്വം ആഘോഷിച്ചു. സൗദി ദേശീയദിനത്തിലും ജിദ്ദയിൽ സൈക്ലോത്തോണിന്റെ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ആധുനിക കാല ഘട്ടത്തിൽ സൈക്കിൾ സവാരിയുടെ പ്രധാന്യം ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഐ പി ഡബ്ലിയു എഫ് സൈക്കിൾ ക്ലബിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് അയ്യൂബ് ഹക്കീം പറഞ്ഞു. വൈസ് കോൺസൽ ജനറൽ വൈ സാബിർ, കോൺസൽ മാലതി ഗുപ്ത, ഡോ ഷക്കീല ഖാതൂം, ഡോ അഹമ്മദ് ആലുങ്ങൽ, മാസ്റ്റർ ജാവേദ്, മിസ് ജുവേരിയ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

ട്രഷറർ ഹാഫിസ് ഫർഹാൻ അബ്‌ദു റബ്ബിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടി കോഡിനേറ്റർമാരായ അബ്ദുറഹ്മാൻ, ലിയാഖത്ത് കോട്ട തുടങ്ങിയവർ നിയന്ത്രിച്ചു. വനിതാ കോഡിനേറ്റർ അഫ്രീൻ നന്ദി പറഞ്ഞു.

Advertisment