Advertisment

"രാഷ്ട്രപിതാവിന്റെ സന്ദേശമുൾക്കൊണ്ട് രാജ്യത്തിൻറെ അഖണ്ഡതക്ക് വേണ്ടി നിലകൊള്ളുക": ഇന്ത്യൻ സോഷ്യൽ ഫോറം

New Update

publive-image

Advertisment

ജിദ്ദ: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ സന്ദേശം ഉൾക്കൊണ്ട് കോടിക്കണക്കായ നാനാ ജാതി മനുഷ്യരുടെ വിശ്വാസവും വൈവിധ്യമാർന്ന സംസ്‌കാരവും പൂത്തുലയുന്ന ഇന്ത്യ നിലനിന്നുകാണാനാണ് പൗരന്മാർ ഉണർന്നു പ്രവർത്തിക്കേണ്ടതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്തു. മഹാത്മജിയുടെ 152 ആം ജന്മദിനത്തിൽ "ഗാന്ധിജിയുടെ സ്വപ്നവും വർത്തമാനകാല ഇന്ത്യയും" എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഓൺലൈൻ അനുസ്മരണ ചർച്ച സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് മൊറയൂർ ഉദ്‌ഘാടനം ചെയ്തു.

ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭരണഘടനയുള്ള നമ്മുടെ രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങൾക്കും അവരുടെ വിശ്വാസവും ആചാരവുമനുസരിച്ചു ജീവിക്കാനുള്ള അവകാശം വകവെച്ചു നൽകുന്ന അവസ്ഥ നിലനിന്നുകാണാൻ യത്നിച്ച തികഞ്ഞ ഈശ്വര ഭക്തനായ ഗാന്ധിജിയെ വെടിവെച്ചു കൊന്ന ഘാതകനെ പൂജിക്കുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിപ്പെട്ടത് ഭയമുളവാക്കുന്നതാണെന്ന് അഷ്‌റഫ് മൊറയൂർ പറഞ്ഞു. രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങൾ പ്രയാസമനുഭവിക്കുന്നതിൽ ദുഃഖിക്കുകയും അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടി രാജ്യം മുഴുവനും ഓടിനടക്കുകയും ചെയ്ത ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയുടെ സംസ്ഥാപനത്തിനെതിരായി രാജ്യവിരുദ്ധ ശക്തികൾ സ്വാതന്ത്ര്യസമരകാലം മുതൽക്കേ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുകയായിരുന്നു. രാജ്യത്തെ ജനങ്ങളെ വിഭജിച്ചു ഭരിച്ച ബ്രിട്ടീഷുകാർക്കൊപ്പം നിന്ന് സ്വാതന്ത്ര്യസമരത്തെയും സമരഭടന്മാരെയും ഒറ്റുകൊടുത്തവരാണ് സ്വാതന്ത്ര്യത്തിന്റെ മൊത്തക്കുത്തക അവകാശപ്പെട്ട് രാജ്യത്തെ പൗരന്മാരെ ആട്ടിയോടിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

മിക്‌സ് അക്കാഡമി ചെയർമാൻ അബ്ദുൽ ഗനി മലപ്പുറം മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യാനന്തരം ശാസ്ത്രസാങ്കേതിക രംഗത്തും വൈജ്ഞാനിക രംഗത്തും ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ പ്രശസ്തിയും പ്രസക്തിയും ഉയർന്നു നിൽക്കുമ്പോഴും പട്ടിണിയും ദാരിദ്ര്യവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വിദ്യാഭ്യാസമില്ലായ്മയും അനുഭവിച്ചുകൊണ്ട് കോടിക്കണക്കിനു ജനങ്ങൾ നമ്മുടെ രാജ്യത്ത് ജീവിക്കുന്നുവെന്നത് നമ്മെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും അക്രമങ്ങൾക്കും സ്ത്രീ പീഡനങ്ങൾക്കെതിരെയും ഉയരുന്ന ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന പ്രവണത ദിനേനയെന്നോണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ആക്ടിവിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശപ്രവർത്തകർ എന്നിവർക്കെതിരെ രാജ്യദ്രോഹ കേസുകൾ ചുമത്തി മനഃസാക്ഷിയില്ലാത്ത വിധം നേരിടുകയാണ് ഭരണകൂടം.

വികസനത്തിന്റെയും പ്രതിമ നിർമ്മാണത്തിന്റെയും പേരിൽ ലക്ഷക്കണക്കായ കർഷക മക്കളെയും ചേരി നിവാസികളെയും ഭവനരഹിതരാക്കി ജനദ്രോഹ നടപടികൾ തുടർന്ന് കൊണ്ടേയിരിക്കുന്നു. ധിഷണാശാലികളായ രാഷ്ട്ര തന്ത്രജ്ഞൻമാരുടെ ദീർഘവീക്ഷണത്തോടെയുള്ള നിലപാടുകളും വികസനോന്മുഖ നടപടികളുടെയും ഫലമായി രാജ്യം കൈവരിച്ച നേട്ടങ്ങൾ ലക്ഷ്യബോധമില്ലാത്ത വർത്തമാനകാല ഭരണാധിപന്മാർ കുത്തക മുതലാളിമാർക്കും കോർപറേറ്റുകൾക്കും വീതം വെച്ച് കൊടുക്കുന്നു. രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാത്തവർ ഗാന്ധിജിയുടെയും രാഷ്ട്ര ശില്പികളുടെയും ത്യാഗവും അവരുടെ തീക്ഷ്ണമായ അനുഭവങ്ങളും വിസ്മരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ ഭാഷക്കാരും ദേശക്കാരുമായ പൗരൻമാർ അവരവരുടെ വിശ്വാസാചാരങ്ങൾ അനുസരിച്ചു ജീവിക്കുകയും രാജ്യത്തിൻറെ അഖണ്ഡതക്ക് വേണ്ടി ഒരുമയോടെ കഴിയുന്ന ദിനങ്ങൾക്ക് വേണ്ടി യത്നിക്കാനാകട്ടെ ഈ ഗാന്ധിജയന്തിദിനത്തിലെ നാമോരോരുത്തരുടേയും പ്രതിജ്ഞയെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ ജനതയിലാണ് ഇന്ത്യയുടെ ആത്മാവെന്നാണ് ഗാന്ധിജി പറഞ്ഞത്. എന്നാൽ ഇപ്പോൾ അതേ ഗ്രാമീണ ജനതയും കർഷകരും അവരുടെ നിലനിൽപ്പിനു വേണ്ടി ഒരു വർഷത്തോളമായി സമരരംഗത്താണ്. നിരവധി കർഷകർ സമര ഭൂമിയിൽ മരിച്ചു വീണു. കർഷകരുടെ ആവശ്യങ്ങൾ പരിഗണയ്ക്കാതെ കുത്തക മുതലാളിമാർക്കു വേണ്ടി നിയമനിർമ്മാണം നടത്തുന്ന സാഹചര്യമാണിപ്പോഴെന്ന് സോഷ്യൽ ഫോറം ദമ്മാം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നസ്‌റുൽ ഇസ്ലാം ചൗധരി പറഞ്ഞു.

ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികളായ മിറാജ് അഹ്‌മദ്‌, നമീർ ചെറുവാടി (ദമ്മാം), ഹാരിസ് മംഗളൂരു, മുഹമ്മദ് ജബീർ (റിയാദ്), ആലിക്കോയ ചാലിയം (ജിദ്ദ), മുഹമ്മദ് കോയ ചേലേമ്പ്ര, അബൂ ഹനീഫ മണ്ണാർക്കാട് (അബഹ), തുടങ്ങിയവർ ഗാന്ധി അനുസ്മരണ ചർച്ചയിൽ സംബന്ധിച്ചു.

Advertisment