Advertisment

ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി: കോയിസ്സൻ ബീരാൻകുട്ടി - പ്രസിഡന്റ്, ഫൈസൽ മമ്പാട് - ജനറൽ സെക്രട്ടറി

New Update

publive-image

Advertisment

ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ 2021-24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷറഫിയയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് മൊറയൂർ ഉദ്‌ഘാടനം ചെയ്തു. രാജ്യത്തെ ജീവിതാന്തരീക്ഷം കലുഷിതമാക്കിക്കൊണ്ടിരിക്കാൻ ഭരണകൂടം തന്നെ അക്രമികളെ കയറൂരിവിട്ടിരിക്കുകയാണെന്നും ജനങ്ങളുടെ സ്വൈരജീവിതത്തിന് കാവൽ നിൽക്കേണ്ട നിയമപാലകർ അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന വിധമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ലഖീംപൂരിൽ പ്രതിഷേധ സമരം നടത്തിയ കർഷകരുടെ നേരെ വാഹനമോടിച്ചുകയറ്റി കൂട്ടക്കൊലനടത്താൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനും സംഘവും നടത്തിയ ക്രൂരകൃത്യം സംഘപരിവാരത്തിന്റെ മനുഷ്യത്വരഹിതമായ മുഖമാണ് വെളിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസം മുമ്പ് ആസാമിൽ ആയിരത്തിലധികം വരുന്ന ഗ്രാമീണരെ ബലമായി കുടിയൊഴിപ്പിക്കുന്ന സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ച നിരായുധരായ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള ആളുകൾക്ക് നേരെ വെടിവെക്കുകയും പിഞ്ചുബാലനെയടക്കം കൊന്നു തള്ളിയത് മുഖ്യധാരാ പാർട്ടികളും മാധ്യമങ്ങളും കണ്ടില്ലെന്നു നടിക്കുകയാണ്. കൊല്ലപ്പെട്ട യുവാവിന്റെ മൃതശരീരത്തിൽ താണ്ഡവനൃത്തമാടിയ സർക്കാർ വക ഫോട്ടോഗ്രാഫറുടെ ചേതോവികാരം യാദൃശ്ചികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ഒരുവിഭാഗം ജനങ്ങളുടെ പൗരത്വം നിഷേധിച്ച് തടങ്കൽ പാളയത്തിലേക്ക് തള്ളിവിടാനുള്ള ആസൂത്രിത നീക്കം നടക്കുന്നു. ആസ്സാമിലെ ന്യൂനപക്ഷവിഭാഗത്തെ അവരുടെ വാസസ്ഥലങ്ങളിൽ നിന്നും പുറംതള്ളാനുള്ള ഭരണകൂടത്തിന്റെ ഗൂഢനടപടിക്കെതിരെ കണ്ണുതുറക്കാത്ത കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ന്യൂനപക്ഷ സംരക്ഷണ വിഷയത്തിൽ മുതലക്കണ്ണീരൊഴുക്കുന്നത് ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയേണ്ടതാണ്. കർഷകർക്കെതിരെ സർക്കാർ തുടരുന്ന ദ്രോഹനടപടികൾക്കെതിരെ ജനകീയ പ്രക്ഷോഭം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നും 21000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം തുമ്പില്ലാതാക്കാൻ മറ്റു ചില വിഷയങ്ങൾ പെരുപ്പിച്ചു കാണിച്ചു മറയിടുകയാണ്.

publive-image

കേരളത്തിലും സ്ഥിതി മറിച്ചല്ല, സംഘപരിവാര പ്രവർത്തകർ ഉൾപ്പെട്ട പ്രമാദമായ കേസുകളിലെല്ലാം പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കുന്ന വിധമാണ് പിണറായി സർക്കാരും പോലീസും പ്രവർത്തിക്കുന്നത്. ന്യൂനപക്ഷങ്ങളെ പ്രതിക്കൂട്ടിലാക്കാൻ ചില ദുശ്ശക്തികൾ നടത്തുന്ന വിദ്വേഷ പ്രചാരണ വിഷയത്തിൽ മുഖ്യമന്ത്രിയും സി.പി.എമ്മും കള്ളനും പോലീസും കളിക്കുകയാണ്. സി. പി.എം. പാർട്ടി കോൺഗ്രസിൽ പ്രസംഗിക്കാൻ മുസ്ലിം വിരുദ്ധത കുത്തിവെക്കുന്ന വിഷയങ്ങൾ ഉൾപ്പെടുത്തിയത് പാർട്ടിയിലെ സംഘിവിധേയത്വമുള്ളവരുടെ താല്പര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരവാഹികളായി കോയിസ്സൻ ബീരാൻകുട്ടി (പ്രസിഡന്റ്), ഫൈസൽ മമ്പാട് (ജനറൽ സെക്രട്ടറി), മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, മുനീർ പി.എം. ഗുരുവായൂർ (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് മുഖ്താർ, റാഫി ചേളാരി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. ഹനീഫ കടുങ്ങല്ലൂർ, ഡോ. അസ്‌ലം കോട്ടക്കൽ, യാഹൂട്ടി തിരുവേഗപ്പുറ, സിദ്ദീഖ് എടക്കാട്, ഷരീഫ്‌കുഞ്ഞു കോട്ടയം, ജംഷീദ് ചുങ്കത്തറ, റഫീഖ് പഴമള്ളൂർ, ഷറഫുദ്ദീൻ പുത്തൂർപള്ളിക്കൽ എന്നിവരെ എക്സിക്യൂട്ടീവ് മെമ്പർമാരായും തെരഞ്ഞടുത്തു.

സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റിയിലേക്കുള്ള പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ ഗനി മലപ്പുറം, ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം എന്നിവർ നിയന്ത്രിച്ചു.

Advertisment