Advertisment

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ലുലു - കേളി മെഗാ രക്തദാന ക്യാമ്പ് മാർച്ച് 25 ന്

New Update

publive-image

Advertisment

റിയാദ്: കേളി കലാസാംസ്കാരിക വേദിയും ലുലു ഹൈപ്പർ മാർക്കറ്റും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ (എം ഓ എച്) സഹകരണത്തോടെ അഞ്ചാമത് മെഗാ രക്തദാന ക്യാമ്പ് നടത്തുന്നു. റമദാൻ മാസത്തിൽ രക്തദാതാക്കളുടെ കുറവ് പരിഹരിക്കുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയം അധികൃതർ ആവശ്യപ്പെട്ടത് പ്രകാരമാണ് രക്തദാന ക്യാമ്പ് നടത്തുന്നത്. മാർച്ച് 25ന് മലാസിലെ പുതിയ ലുലു മാളിൽ നടക്കുന്ന ക്യാമ്പ് രാവിലെ 8 മണിമുതൽ വൈകിട്ട് 5 മണി വരെ നീണ്ടു നിൽക്കും.

എം ഓ എച്മായി സഹകരിച്ചു കഴിഞ്ഞ നാലുതവണയും നടത്തിയ ക്യാമ്പിൽ മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനക്കാരും, വിവിധ രാജ്യക്കാരുമായി 600ൽ പരം ആളുകൾ പങ്കെടുത്തിരുന്നു. ജീവകാരുണ്യ മേഖലയിൽ മലയാളികളുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തികച്ചും ശ്ലാഘനീയവും, ഏറെ അഭിമാനം നൽകുന്നതുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ബ്ലഡ് ബാങ്ക് ഡയറക്ടർ മുഹമ്മദ് ഫഹദ് അൽ മുതൈരി പറഞ്ഞു. മുൻ വർഷങ്ങളിൽ ഉണ്ടായിട്ടുള്ള മദീന ബസപകടം, മക്ക ക്രയിൻ ദുരന്തം എന്നിവയിലെല്ലാം കേളിയുടെ രക്തദാനം വളരെ സഹായകമായതായും ഡയറക്ടർ മുഹമ്മദ് ഫഹദ് അൽ മുതൈരി അഭിപ്രായപ്പെട്ടു.

കേളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും കൈത്താങ്ങാവാറുള്ള സ്ഥാപനങ്ങളിൽ ലുലു ഹൈപ്പർ മാർക്കറ്റും, സഫാമക്ക പോളിക്ലിനിക്കുമാണ് ഇത്തവണ കേളിയോടൊപ്പം രക്തദാന ക്യാമ്പിനായി കൈകോർക്കുന്നത്. കോവിഡ് മഹാമാരിക്കാലത്തും ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാൻ ഭക്ഷ്യോല്പനങ്ങളും മരുന്നുമൊക്കെ നൽകി ലുലുവും സഫാമക്കയും കേളിയോടൊപ്പം സഹകരിച്ചിരുന്നു.

മാർച്ച് 25ന് നടക്കുന്ന രക്തദാന ക്യാമ്പിനോടാനുബന്ധിച്ച് സൗജന്യ നേത്ര പരിശോധനയും, പൊതു രോഗ നിർണയവും ഉണ്ടയിരിക്കും. കൂടാതെ രക്തദാനം നടത്തിയവരുടെ പൂർണ്ണ ലാബ്പരിശോധനാ ഫലം നൽകുന്നതായിരിക്കുമെന്നും ഡയറക്ടർ മുഹമ്മദ് ഫഹദ് അൽ മുതൈരി അറിയിച്ചു. രക്തദാന ക്യാമ്പ് വിജയിപ്പിക്കുന്നതിനു വേണ്ടി കേളി സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മലിനെ കോഡിനേറ്ററായി, കേന്ദ്ര കമ്മറ്റി അംഗം സുനിൽ, ജീവകാരുണ്യ കമ്മറ്റി കൺവീനർ മധു എടപ്പുറത്ത്, ചെയർമാൻ നസീർ മുള്ളൂർക്കര, കമ്മറ്റി അംഗങ്ങളായ സുജിത്, സലീം, അനിൽ, സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂർ, ചെയർമാൻ ബിജു തായമ്പത്ത്, നൗഷാദ് എന്നിവരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തിയതായി കേളി ആക്ടിങ് സെക്രട്ടറി ടി.ആർ സുബ്രഹ്മണ്യൻ അറിയിച്ചു.

 

Advertisment