Advertisment

"ന്യൂനപക്ഷങ്ങളെ പരമാവധി ദ്രോഹിച്ച ബി ജെ പി സർക്കാരിനെ താഴെയിറക്കാൻ നിരായുധരായ ജനം വോട്ട് ആയുധമാക്കി; വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും അഗ്നി ആളിക്കത്തിച്ച് വിജയം നേടാമെന്ന സംഘപരിവാർ കണക്ക് കൂട്ടൽ പാടെ തള്ളിയ കർണാടകയിലെ ജനങ്ങളുടെ ചിന്ത ഇന്ത്യയെ നയിക്കട്ടെ": സൗദി കെ എം സി സി

New Update

publive-image

Advertisment

റിയാദ്: മതേതര ഇന്ത്യയെ മാറോട് ചേർക്കാൻ വെമ്പൽ കൊള്ളുന്ന ഇന്ത്യൻ ജനതയുടെ പ്രതീക്ഷയാണ് കർണാടകയിൽ കണ്ടതെന്ന് കെ എം സി സി സൗദി നാഷനൽ കമ്മിറ്റി. വർഗീയതയെ വോട്ടാക്കി മാറ്റാനുള്ള ബി ജെ പി യുടെ ഹിഡൻ അജണ്ടയെ തിരിച്ചറിയുകയും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ഇന്ത്യൻ ജനതയുടെ മനസ്സറിഞ്ഞ തെരഞ്ഞെടുപ്പ് ഫലം “കൈ”പിടിയിലൊതുക്കുകയും ചെയ്ത കർണാടകയിലെ വോട്ടർമാർക്ക് കമ്മിറ്റി ഹൃദ്യമായ അഭിവാദ്യങ്ങൾ നേർന്നു. ഇന്ത്യൻ ജനതയെ വർഗീയമായി വേർതിരിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ബി ജെ പിയുടെ വ്യാമോഹമാണ് തകർന്നത്.

വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും അഗ്നി ആളിക്കത്തിച്ച് വിജയം നേടാമെന്ന വർഗീയ ശക്തികളുടെ കണക്ക് കൂട്ടൽ പാടെ തള്ളിയ ഉൽബുദ്ധരായ കർണാടകയിലെ ജനങ്ങളുടെ ചിന്തയാണ് ഇനി ഇന്ത്യൻ ജനത ചർച്ച ചെയ്യേണ്ടത്. ആ സംസ്കാരമാണ് നാം പാഠമാക്കേണ്ടതെന്നും കെഎംസിസി നാഷണൽ കമ്മിറ്റി നേതാക്കളായ കെ പി മുഹമ്മദ്‌കുട്ടി, ഖാദർ ചെങ്കള, കുഞ്ഞിമോൻ കാക്കിയ, എ പി ഇബ്രാഹിം മുഹമ്മദ്, അഷ്‌റഫ് വേങ്ങാട്ട്, സയ്യിദ് അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, അഹമ്മദ് പാളയാട്ട് എന്നിവർ പറഞ്ഞു.

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പോയിമറഞ്ഞ നാളുകൾ തിരിച്ചുപിടിക്കാൻ കൈകോർത്തവർ ഒരേ മനസ്സും ഒരേ ചിന്തയും ഒരേ ലക്ഷ്യവുമായി ഒരൊറ്റ നേതൃത്വത്തിന് കീഴിൽ അണിനിരന്നപ്പോൾ വിജയം കർണാടകയെ സ്നേഹിക്കുന്നവരുടെ “കൈ”പിടിയിലായി. ജീവനും ജീവിതവും രാജ്യത്തിന് സമർപ്പിച്ച രാഹുൽഗാന്ധിയുടെ കാൽപാടുകൾ കര്ണാടകയേ സ്നേഹാർദ്രമാക്കിയ നിമിഷങ്ങൾ കൂടിയായി ഈ മനോഹര വിജയം. ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവർ രാഹുൽഗാന്ധിയുടെയും ഡി കെയുടെയും സിദ്ധരാമയ്യയുടെയും ഒപ്പം അണിനിരന്നത് കാര്യങ്ങൾ എളുപ്പമാക്കി.

കർണാടകയിൽ ന്യൂനപക്ഷങ്ങളെ പരമാവധി ദ്രോഹിക്കുന്ന നിലപാടെടുത്ത ബി ജെ പി സർക്കാരിനെ താഴെയിറക്കാൻ നിരായുധരായ ജനം വോട്ടവകാശം തന്നെ കുന്തമുനയാക്കി. ഹിജാബ് നിരോധിക്കുകയും മുസ്ലിം സംവരണം എടുത്തുകളയുകയും ചെയ്യുക വഴി ന്യൂനപക്ഷങ്ങളുടെ മനസ്സിൽ തീ കോരിയിട്ടവരെ പടിയടച്ച് പിണ്ഡം വെക്കുന്ന നിലപാടാണ് കന്നഡയുടെ മക്കൾ കൈകൊണ്ടത്.

കോൺഗ്രസ്സിനെ ശക്തിപ്പെടുത്തേണ്ട സന്ദേശമുയർത്തി ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗും നേതാക്കളും കന്നഡയുടെ മണ്ണിൽ നടത്തിയ സംഘടിത നീക്കങ്ങളും ഗുണം ചെയ്തു. മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ മുസ്ലിംലീഗ് നടത്തിയ നീക്കങ്ങൾ ഏറെ വിജയകരമായി. ഈ നിർണ്ണായക വിജയത്തിന് ഉജ്ജ്വലമായ നേതൃത്വം നൽകിയ മുഴുവൻ നേതാക്കൾക്കും രാപകലില്ലാതെ ഊണും ഉറക്കവും ഒഴിഞ്ഞു പ്രവർത്തിച്ച കർണാടകയിലെ ജനങ്ങൾക്കും സഊദി കെഎംസിസി അഭിവാദ്യങ്ങൾ നേർന്നു.

Advertisment