Advertisment

11 വർഷങ്ങൾക്ക് ശേഷം സിറിയ പങ്കെടുക്കുന്ന ആദ്യ അറബ്‌ലീഗ്‌ ഉച്ചകോടി വെള്ളിയാഴ്ച ജിദ്ദയിൽ; സൗദി - ഇറാൻ ഇഴയടുപ്പം, സുഡാൻ കലാപം, യമൻ പ്രശ്നം, ഫലസ്തീനിലെ ഇസ്രായേൽ കയ്യേറ്റങ്ങൾ എന്നീ ആഭ്യന്തര വിഷയങ്ങൾ സുപ്രധാനം

New Update

publive-image

Advertisment

ജിദ്ദ: അകൽച്ച എത്ര നീണ്ടുവെന്നാലും പുനഃസമാഗമം ആനന്ദകരമാണ്. ഒരു വ്യാഴവട്ടക്കാലത്തോളമായി അറബ് രാഷ്ട്രീയത്തിലെ പൊതുധാരയിൽ അസ്പർശ്യരായി കഴിയുകയായിരുന്ന സിറിയ മുപ്പത്തിരണ്ടാമത് ഉച്ചകോടിയുടെ അറബ്‌ലീഗിൽ തിരിച്ചെത്തുകയാണ്. പുനഃസമാഗമം ഹൃദ്യമാക്കാൻ സിറിയൻ പ്രസിഡന്റ്റ് ബശ്ശാർ അൽഅസദ് തന്നെ വെള്ളിയാഴ്ച ജിദ്ദയിൽ അരങ്ങേറുന്ന ഉച്ചകോടിയിൽ സംബന്ധിക്കും. ഉച്ചകോടിയുടെ ആതിഥേയ രാജ്യമായ സൗദിയുടെ ഭരണാധികാരി സൽമാൻ രാജാവ് നേരിട്ട് നടത്തിയ ക്ഷണം സ്വീകരിച്ചെത്തുന്ന സിറിയൻ പ്രസിഡണ്ട് അറബ്‌ലീഗ് ആലിംഗനത്തിൽ അലിഞ്ഞു ചേരും.

രാഷ്ട്രീയ - സുരക്ഷാ സംഭവ വികാസങ്ങളുടെയും ആഭ്യന്തര കാലുഷ്യത്തിന്റെയും പശ്ചാത്തലത്തിൽ അറബ്‌ലീഗിലെ അംഗത്വം മരവിപ്പിക്കപ്പെട്ട അവസ്ഥയിൽ കഴിയുകയായിരുന്ന സിറിയയെ തിരിച്ചെടുക്കാൻ അറബ്‌ലീഗ്‌ ഇയ്യിടെ തീരുമാനിക്കുകയായിരുന്നു.

publive-image

അതേസമയം, ലോകാടിസ്ഥാനത്തിലെ റഷ്യ - ഉക്രൈൻ യുദ്ധം, ആഭ്യന്തരമായ സുഡാൻ കലാപം, യമനിലെ വെടിനിർത്തലും രാഷ്ട്രീയ പരിഹാരവും, അറബ് - ഇറാൻ ബന്ധങ്ങളുടെ പുനഃസ്ഥാപനം, ഫലസ്തീനിൽ ദിവസങ്ങൾക്ക് മുമ്പ് വരെ നില നിന്നിരുന്ന ഇസ്രായേൽ അതിക്രമങ്ങൾ എന്നീ വിഷയങ്ങളിൽ അറബ്‌ലീഗ് കൈക്കൊള്ളുന്ന തീരുമാനങ്ങളിലേയ്ക്ക് ലോകം കാത് കൂർപ്പിച്ചുകൊണ്ടിരിക്കുകയാണ്.

വെള്ളിയാഴ്ച ജിദ്ദാ കോർണീഷിലെ ആഡംബ ഹോട്ടൽ റിറ്റ്സ് കാൾട്ടൻ ഹോട്ടലിലാണ് മുപ്പത്തിരണ്ടാമത് അറബ്‌ലീഗ് ഉച്ചകോടി.

സിറിയയുമായി ബന്ധങ്ങൾ വിച്ഛേദിച്ച അറബ് രാഷ്ട്രങ്ങൾ ഒന്നൊന്നായി സമീപ കാലങ്ങളിലായി സൗഹൃദം പുനഃസ്ഥാപിക്കും. ഇതിനും തുടക്കമിട്ടത് സൗദി അറേബ്യ തന്നെ. റിയാദിലും ഡമാസ്കസിലും പരസ്പരം നയതന്ത്ര കാര്യാലയങ്ങൾ ഉടൻ തുറന്ന് പ്രവർത്തിക്കുമെന്ന് സൗദിയുടെയും സിറിയയുടെയും ബന്ധപ്പെട്ടവർ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.

സൗദി, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളുടെ മുൻകൈ ശ്രമത്തിലാണ് സിറിയ - അറബ്‌ലീഗ് ബന്ധത്തിൽ വഴിത്തിരിവ് ഉണ്ടായത്. അതേസമയം, സിറിയയെ ബന്ധിക്കുന്ന ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ 2254 നമ്പർ പ്രമേയത്തിന് എതിരാവാത്ത വിധത്തിലായിരിക്കും നടപടികൾ.

അതോടൊപ്പം, ഉച്ചകോടിയ്ക്ക് മുന്നോടിയായുള്ള മന്ത്രിതല സമ്മേളനങ്ങൾ ജിദ്ദയിൽ ബുധനാഴ്ച ആരംഭിച്ചു. ഇതിൽ സിറിയയിൽ നിന്നുള്ള മന്ത്രി തല പ്രതിനിധി സംഘവും പങ്കെടുക്കുന്നുണ്ട്. സാമ്പത്തിക, സാമൂഹ്യ കാര്യങ്ങൾക്കുള്ള മന്ത്രിമാരും അനുബന്ധ വകുപ്പുകളുടെ ഉന്നതരും മുന്നൊരുക്ക യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ അൽമിഖദാദ് ആണ് തന്റെ രാജ്യത്തിന്റെ സംഘത്തെ നയിച്ച് മുന്നൊരുക്ക യോഗങ്ങളിൽ സംബന്ധിക്കുന്നത്.

publive-image

വിഷയങ്ങളിൽ ഉച്ചകോടി എടുത്തേണ്ട തീരുമാനങ്ങൾ സംബന്ധിച്ച ധാരണയും വിലയിരുത്തലും നിർദേശങ്ങളുമാണ് മന്ത്രിതല മുന്നൊരുക്ക യോഗങ്ങളിൽ നിന്ന് ഉണ്ടാവുക. പ്രധാനമായും നാല് സമിതികളുടെ യോഗങ്ങളാണ് ചേരുന്നത്. അവ ഇവയാണ്:

ഒന്ന് - ഇറാനുമായുള്ള കാര്യങ്ങൾക്കായുള്ള സമിതി. നാലംഗ സമിതിയാണ് ഇതിനായുള്ളത്.

രണ്ട് - അറബ് രാജ്യങ്ങളുടെ കാര്യങ്ങളിൽ തുർക്കി ഇടപെടുന്നുവെന്നതുമായി ബന്ധപ്പെട്ട സമിതി. ഇതിൽ ബന്ധപ്പെട്ട രാജ്യങ്ങളിലെ മന്ത്രിമാരാണ് അംഗങ്ങൾ.

മൂന്ന് - ഫലസ്തീൻ രാജ്യത്തിനായുള്ള സമിതി. ഇതിലെ അംഗത്വം തുറന്ന സ്ഥിതിയിലാണ്.

നാല് - അൾജീരിയൻ പ്രസിഡണ്ട് അബ്ദുൽ മജീദ് തബൂൻ മുന്നോട്ടു വെച്ച പ്രത്യേക നിർദേശങ്ങൾ പരിഗണിക്കുന്ന സമിതി.

അറബ് - മുസ്ലിം ലോകത്തെ സൗഹൃദ പുനഃസ്ഥാപനത്തിന് തുടക്കമിട്ട ഇറാനും സൗദി അറേബ്യയും തെഹ്‌റാനിലും റിയാദിലും പരസ്പരം നയതന്ത്ര കേന്ദ്രങ്ങൾ തുറക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Advertisment