Advertisment

സ്ഥിരമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണോ?; എന്നാൽ കണ്ണ് വരളാതിരിക്കാൻ ചെയ്യേണ്ടത്

New Update

publive-image

Advertisment

ആഡംബരത്തില്‍ നിന്നും അത്യാവശ്യത്തിലേക്കാണ് കംപ്യൂട്ടറുകളുടെ യാത്ര. ഇതോടെ കംപ്യൂട്ടര്‍ അനുബന്ധ അസുഖങ്ങള്‍ എന്ന പുതിയ അധ്യായം എഴുതിച്ചേര്‍ക്കയാണ് വൈദ്യശാസ്ത്രം. ഇന്ന് കാണുന്ന പല രോഗങ്ങളുടെയും മൂലകാരണം കംപ്യൂട്ടര്‍ ബന്ധിത ജീവിതമാണെന്നാണ് പഠനം. എന്നാല്‍ ഒട്ടേറെ സൌകര്യങ്ങള്‍ നല്‍കുന്ന കംപ്യൂട്ടറുകളെ തിരസ്കരിക്കണമെന്നല്ല ഇതിനര്‍ഥം.

അവയുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുകയും അതിന് അനുസരിച്ചുള്ള കരുതല്‍ എടുക്കുകയും ചെയ്താല്‍ ദുരിതങ്ങളെല്ലാം അകറ്റാം. മറ്റെങ്ങും നോക്കാതെ ഏറെ നേരം കംപ്യൂട്ടറില്‍ നോക്കി ഇരിക്കുമ്പോൾ കണ്ണുകള്‍ വരളാനിടയാവുന്നു. എസിയില്‍ കൂടുതല്‍ നേരം ഇരിക്കുന്നതും മറ്റൊരു കാരണം. ഇടയ്ക്ക് ഇമ ചിമ്മിയില്ലെങ്കിലാണ് ഇങ്ങനെ സംഭവിക്കുക. കാരണം ഇത് അടഞ്ഞു തുറക്കുമ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്.

അതിനാൽ, ഓഫീസിൽ കമ്പ്യൂട്ടറിന് മുന്നിൽ സ്ഥിരമായി ജോലി ചെയ്യുന്നവർ കണ്ണിന് സുഖകരമാവും വിധം ഇടയ്ക്ക് സീറ്റില്‍ നിന്നും എഴുന്നേറ്റ് നടക്കുക മോണിറ്ററില്‍ ആന്റിഗ്ലെയര്‍ സ്‌ക്രീന്‍ വെയ്ക്കുവാൻ ശ്രമിക്കുക. ഇടയ്ക്കിടയ്ക്ക് തണുത്ത വെള്ളത്തിൽ കണ്ണുകള്‍ നന്നായി കഴുകുക.

അതോടൊപ്പം തന്നെ കംപ്യൂട്ടറും ടിവിയും ഉപയോഗിക്കുമ്പോള്‍ മുറിയില്‍ നല്ല ലൈറ്റ് ഉണ്ടായിരിക്കണം. ലൈറ്റ് ഓഫ് ചെയ്തിട്ട് ടിവി കാണുന്നത് കണ്ണിന് നല്ലതല്ല. സ്‌ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും. ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കുവാൻ കാരണമാകുന്നു.

ചില വ്യായാമങ്ങൾ

∙ സ്ഥിരമായി കംപ്യൂട്ടറിൽ ജോലി ചെയ്യുന്നവർ 20:20 എന്ന വ്യായാമം ഇടയ്ക്കിടെ ചെയ്യാം. ഇരുപത് മിനിറ്റ് ജോലി ചെയ്താല്‍ ഇരുപത് സെക്കൻഡുകൾ കണ്ണുകൾ ഇറുകെ അടച്ച് ഇരുന്നതിനു ശേഷം ദൂരെയുള്ള ഒരു ബിന്ദുവിലേക്ക് കണ്ണുകൾ അയയ്ക്കുക.

∙ മൂന്നു മുതൽ അഞ്ചു സെക്കൻഡ് വരെ കണ്ണുകൾ മുറുകെ അടയ്ക്കുക. ഇനി അത്രയും സമയം തന്നെ കണ്ണുകൾ തുറന്നു പിടിക്കുക. ഈ വ്യായാമം ആറോ ഏഴോ പ്രാവശ്യം ആവർത്തിക്കാം.

∙ കണ്ണുകളുടെ ഞരമ്പുകൾക്ക് കൂടുതൽ ബലം കിട്ടാൻ ഒമ്പതു പോയിന്റുകളിലേക്ക് നോക്കുന്നത് നല്ലതാണ്. മുകളിലേയ്ക്ക്, താഴേയ്ക്ക്, ഇടത്ത്, വലത്ത്, വലത്ത് മുകളിൽ, വലത്ത് താഴെ, ഇടത്ത് മുകളിൽ, ഇടത്ത്താഴെ അവസാനമായി നേർ ദിശയിൽ.

∙ കണ്ണടച്ച് കൃഷ്ണമണികൾ ഘടികാര ദിശയിലും എതിർ ദിശയിലും ചലി‌‌‌പ്പിക്കുക. എന്നിട്ട് ദീർഘശ്വാസമെടുത്ത് പുറത്തേക്കു വിടുക. മൂന്ന് തവണ ആവർത്തിക്കാം.

∙ 50മീറ്റർ അകലെയുള്ള ഒരു വസ്തുവിൽ 10-15 സെക്കൻഡ് നോട്ടം ഫോക്കസ് ചെയ്യുക. ഇനി കുറച്ചു കൂടി അടുത്തുള്ള ഒരു വസ്തുവിലേക്ക് നോട്ടം മാറ്റി പത്തു മിനിറ്റ് തുടരുക. ഇത് പലതവണ ആവർത്തിക്കണം.

∙ കണ്ണുകൾ അടയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഐ ലിഡ് മസാജ് നൽകാം. മുകളിലെ പോള താഴേക്കും താഴത്തെ കൺപോള മുകളിലേക്കും മസാജ് ചെയ്യാം.

Advertisment