Advertisment

നഗ്നതാ പ്രദര്‍ശനം ഒരു മാനസിക രോഗമോ? ചികിത്സയുടെ പ്രാധാന്യം

New Update

publive-image

Advertisment

സ്കൂള്‍ വിദ്യാര്‍ഥിനികളുടെ മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് മലയാള സിനിമയിലെ പ്രമുഖ യുവനടന്‍ അറസ്റ്റിലായതോടെ സംഭവം വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചൂടുള്ള വാര്‍ത്തയാവുകയും ഒളിഞ്ഞും തെളിഞ്ഞും ചര്‍ച്ചയാവുകയും ചെയ്തിരിക്കുകയാണ്. അറസ്റ്റിനും വര്‍ത്തകള്‍ക്കും കാരണമായ നഗ്നതാ പ്രദര്‍ശനം ഇതോടെ വായനക്കാര്‍ക്ക് മുന്നില്‍ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.

എന്തിനാണ് ഇത്രയും പ്രശസ്തനായ ഒരു നടന്‍ ഇത്തരം വൃത്തികേടുകള്‍ക്ക് പോകുന്നതെന്ന ചോദ്യം പലരും പരസ്പരം ചോദിക്കുന്നുമുണ്ട്. എക്സിബിഷനിസ്റ്റിക് ഡിസോഡര്‍ എന്ന് പൊതുവില്‍ മനശാസ്ത്രം വിളിക്കുന്ന ഒരു രോഗത്തിന്റെ ലക്ഷണമാണിത്. അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ ഈ രോഗത്തെ പാരാഫിലിക് ഡിസോഡര്‍ അഥവാ രതിവൈകൃതങ്ങള്‍ എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒളിഞ്ഞുനോട്ടം, എതിര്‍ലിംഗത്തിലുള്ളവരുടെ അടിവസ്ത്രങ്ങള്‍, നഗ്നത പ്രദര്‍ശനം തുടങ്ങിയവയില്‍ നിന്ന് ലൈംഗിക സംതൃപ്തി കണ്ടെത്തുന്നതിനെയാണ് പാരാഫിലിക് ഡിസോഡര്‍ എന്ന് വിളിക്കുന്നത്. മൃഗങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്നതു പോലുള്ള അസാധാരണ ലൈംഗിക രീതികളും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

എന്നാല്‍, എക്സിബിഷനിസ്റ്റിക് ഡിസോഡറിന് മറ്റ് ചില മാനങ്ങള്‍ കൂടിയുണ്ട്. സാമൂഹിക വിരുദ്ധ വ്യക്തിത്വം ഉള്ളവരില്‍ ചിലരും നഗ്നതാ പ്രദര്‍ശനം നടത്താറുണ്ട്. ഇതിന് പിന്നില്‍ മറ്റുള്ളവരെ അപമാനിക്കുക, ഉപദ്രവിക്കുക തുടങ്ങിയ പ്രകൃയകളിലൂടെ ലഭിക്കുന്ന സന്തോഷമാണ് ലക്ഷ്യമിടുന്നത്. ഇക്കൂട്ടര്‍ അവരുടെ പ്രവര്‍ത്തിയിലൂടെ ലൈംഗിക സംതൃപ്തിയല്ല അനുഭവിക്കുന്നത് എന്ന് ചുരുക്കം. അതേസമയം, എക്സിബിഷനിസ്റ്റിക് ഡിസോഡര്‍ എന്ന രോഗമുള്ളവര്‍ നഗ്നതാ പ്രദര്‍ശനത്തിലൂടെ കൃത്യമായി ലൈംഗിക സംതൃപ്തി അനുഭവിക്കുന്നുണ്ട്.

എന്തുകൊണ്ട് നഗ്നതാ പ്രദർശനം?

അപരിചിതരും ഇത്തരമൊരു അനുഭവം തീരെ പ്രതീക്ഷിക്കാത്തവരുടെ മുന്നിലുമായിരിക്കും ഇവര്‍ ലൈംഗിക അവയവത്തിന്റെ പ്രദര്‍ശനം നടത്തുക. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ മുന്നിലും ഇവര്‍ ഇങ്ങിനെ ചെയ്യാറുണ്ട്. നമ്മുടെ നാട്ടില്‍ പുരുഷന്മാരിലാണ് ഈ പ്രവണത കൂടുതല്‍ കണ്ടുവരുന്നതെങ്കില്‍ പാശ്ചാത്യ നാടുകളില്‍ സ്ത്രീകളിലുമുണ്ട് ഈ വൈകല്യം.

ചെറിയ പ്രായത്തില്‍ ലൈംഗിക പീഢനങ്ങള്‍ക്ക് വിധേയരാവരില്‍ ഈ രോഗത്തിന് സാധ്യതയേറെയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. രതിമൂർച്ഛയിലേക്ക് എത്താനുള്ള എക്സൈറ്റ്മെന്റിനായാണ് ചിലർ എക്സിബിഷനിസം അഥവാ നഗ്നതാ പ്രദർശനം നടത്തുന്നത്. ഈ വൈകൃതം ശരാശരി രണ്ടു മുതൽ നാലു ശതമാനം വരെ ജനങ്ങളിൽ കണ്ടു വരുന്നു. പക്ഷേ എല്ലാവരും ഇത് പൊതുവിടങ്ങളിലേക്കു കൊണ്ടു വരാറില്ല.

ഈ പ്രവണതയുണ്ടെങ്കിൽ പോലും നമ്മുടെ സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമായി അതിനെ അടക്കിവയ്ക്കുകയാണ് പലരും ചെയ്യുന്നത്. എന്നാൽ ചില ആൾക്കാർക്ക് ഇത് അടക്കി വയ്ക്കാൻ പറ്റാതെ വരുമ്പോഴാണ് മറ്റുള്ളവരുടെ മുന്നിൽ ലൈംഗികാവയവങ്ങളും ലൈംഗിക ചേഷ്ടകളും പ്രദർശിപ്പിക്കുന്നതും അതുവഴി രതിമൂർച്ഛയിലേക്ക് എത്താൻ ശ്രമിക്കുന്നതും.

സ്വകാര്യഭാഗങ്ങൾ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നത് സാധാരണ ഗതിയിൽ ആരും ചെയ്യുന്ന പ്രവൃത്തിയല്ല. ഇത് പൊതുവേദിയിൽ പ്രദർശിപ്പിക്കുകയല്ല അത്തരക്കാർ ചെയ്യുന്നത്. ഇടവഴികളിലോ അധികം ആൾക്കാർ ഇല്ലാത്ത സ്ഥലങ്ങളിലോ ഒന്നോ രണ്ടോ പേരുടെ മുന്നിലാണ് ഇത്തരം ‌നഗ്നതാ പ്രദർശനം നടക്കുക.

കാരണം ഒരുപാട് ആള്‍ക്കാർ ഉണ്ടെങ്കിൽ ഇവർക്ക് രതിമൂർച്ഛയോ എക്സൈറ്റ്മെന്റോ കിട്ടാതെ വരും. കാടു പിടിച്ച സ്ഥലങ്ങൾ, വിജനമായ സ്ഥലങ്ങൾ, ഇടവഴികൾ ഇവിടെയൊക്കെ എതിർലിംഗത്തിൽപെട്ട ആളുകൾ വരുമ്പോൾ അവരുടെ മുന്നിലാണ് ‌നഗ്നതാ പ്രദർശനം.

തലച്ചോറിന്റെ മുന്‍വശത്തായി സ്ഥിതിചെയ്യുന്ന 'ഫ്രോണ്ടല്‍ ലോബ്' (frontal lobe) ലാണ് ഒരു വ്യക്തിയുടെ വികാരങ്ങള്‍ നിയന്ത്രിക്കനുള്ള ശേഷി ഒളിഞ്ഞിരിക്കുന്നത്. പല കാരണങ്ങള്‍ക്കൊണ്ട് ഈ ഭാഗത്തെ പ്രവര്‍ത്തനം മന്ദീഭവിച്ചാല്‍ ആത്മനിയന്ത്രണം നഷ്ടമാവുകയും ഇത്തരം പ്രശ്നങ്ങളിലേക്ക് വഴുതിവീഴുകയും ചെയ്യും.

മദ്യവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുമ്പോള്‍ ആ വ്യക്തിയുടെ ഫ്രോണ്ടല്‍ ലോബിന്റെ പ്രവര്‍ത്തനം തകരാറുവുകയും അതുവഴി എക്സിബിഷനിസത്തിയേക്ക് നയിക്കപ്പെടുകയും ചെയ്യാറുണ്ട്. ഇങ്ങിനെയുള്ളവരെ മനോരോഗികളാണെന്ന് വൈദ്യശാസ്ത്രം വിളിക്കുമെങ്കിലും സമൂഹം ഇക്കൂട്ടരെ ക്രിമിനലുകളായാണ് നേരിടുന്നത്. ഇത്തരം കേസുകളില്‍ പൊതുജനത്തില്‍ നിന്നുള്ള മര്‍ദ്ദനം, അറസ്റ്റ്, കേസ്, ജയില്‍ശിക്ഷ എന്നിവയെല്ലാം അനുഭവിച്ചു കഴിഞ്ഞാലും ‘രോഗി’ വീണ്ടും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നതായാണ് കണ്ടുവരുന്നത്.

ചികിത്സ

പ്രധാനമായിട്ടും സൈക്കോ തെറപ്പികളാണ് ആവശ്യം. അതിൽതന്നെ ഏറ്റവും പ്രധാനം കൊഗ്‌നിറ്റീവ് ബിഹേവിയറൽ തെറപ്പിയാണ്. ഒരു വ്യക്തി ചിന്താരീതിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പെരുമാറ്റത്തിലും പ്രവൃത്തിയിലും മാറ്റം വരുത്തുക എന്നുള്ളതാണ് കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയും സൈക്കോ തെറാപ്പിയും കൊണ്ട് ഉദ്ദേശിക്കുന്നത്.

ആദ്യ കാറ്റഗറിയിൽ പെട്ട ആൾക്കാർ ഇതുമായി സഹകരിക്കും. അവരെ ചികിത്സിക്കാനും എളുപ്പമായിരിക്കും. പക്ഷേ രണ്ടാമത്തെ കാറ്റഗറിയിൽ പെട്ടവർ സഹകരിക്കില്ല. അവർക്ക് കൗൺസലിങ് ചെയ്യാറുണ്ടെങ്കിലും പലപ്പോഴും വിജയിക്കാറില്ല. പിന്നെയുള്ളത് മരുന്നുകൾ കൊടുക്കുക എന്നുള്ളതാണ്. എസ്എസ്ആർഐ വിഭാഗത്തിലുള്ള ആന്റി ഡിപ്രസന്റ്സ് മരുന്നുകൾ, ഡോപ്പമിൻ പോലെയുള്ള ആന്റി സൈക്കോട്ടിക് വിഭാഗത്തിലുള്ള മരുന്നുകൾ ഒക്കെ ഉപയോഗിച്ച് ഒരു പരിധി വരെ ഇതിനെ ചികിത്സിക്കാം.

പക്ഷേ സാധാരണ മാനസിക അസുഖങ്ങൾ ചികിത്സിക്കുന്നതു പോലെ ഇതത്ര എളുപ്പമല്ല.

മാനസിക അസുഖങ്ങൾ പലപ്പോഴും തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്ററുകളിലെ ദ്രാവകങ്ങളുടെ ഏറ്റക്കുറച്ചിലുകൾ കൊണ്ടാണ്. അത് പെട്ടെന്ന് വരികയും മാറുകയും ചെയ്യുന്ന പ്രവണതയായാണ് പലപ്പോഴും കണ്ടുവരുന്നത്. ആന്റി സോഷ്യൽ പഴ്സനാലിറ്റി ഡിസോഡേഴ്സ് ഉള്ള എക്സിബിഷനിസം ഒരു വൈകൃതമാണ്. ഈ വൈകൃതങ്ങൾ ചികിത്സിക്കാനായി തെറപ്പി തന്നെയാണ് വേണ്ടത്. തെറപ്പിയോട് ഇവർ സഹകരിക്കാത്തതു കൊണ്ടാണ് പലപ്പോഴും പൂർണമായും ചികിത്സിക്കപ്പെടാതെയോ പോകുന്നത്.

Advertisment