Advertisment

എപ്പോഴും മാനസിക സമ്മര്‍ദ്ദത്തിലാണോ ? 'സ്ട്രെസ്' കൈകാര്യം ചെയ്യാം ഈ എട്ട് മാർഗ്ഗങ്ങളിലൂടെ

New Update

publive-image

Advertisment

മാനസികാരോഗ്യത്തിന് ശാരീരികാരോഗ്യത്തിനൊപ്പം തന്നെ പ്രാധാന്യമുണ്ട്. എന്നാല്‍ മിക്കവരും ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താറില്ലെന്നതാണ് സത്യം. ഇന്ന് മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം ആഗോളതലത്തില്‍ തന്നെ കൂടുതലാണ്. ഇന്ത്യയിലും ഇത് വര്‍ധിച്ചുവരികയാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മത്സരാധിഷ്ടിതമായ ജീവിതത്തിന്റെ ഭാഗമായി ഇപ്പോള്‍ മാനസികസമ്മര്‍ദ്ദങ്ങള്‍ നേരിടാത്തവര്‍ കുറവാണെന്ന് തന്നെ പറയാം. പഠിക്കുന്നവരാണെങ്കില്‍ അത് സംബന്ധമായും, ജോലി ചെയ്യുന്നവരാണെങ്കില്‍ അവിടെ നിന്നും, കുടുംബകാര്യങ്ങള്‍ നോക്കുന്നവരാണെങ്കില്‍ വീട്ടകങ്ങളില്‍ നിന്നും 'സ്‌ട്രെസ്' അഥവാ സമ്മര്‍ദ്ദമുണ്ടായേക്കാം.

മാനസിക സമ്മര്‍ദ്ദമെന്നത് തീര്‍ച്ചയായും മാനസിക രോഗമായി കണക്കാക്കുന്ന ഒന്നല്ല. എന്നാല്‍ പലവിധത്തിലുള്ള മാനസിക- ശാരീരിക പ്രശ്‌നങ്ങളിലേക്ക് നമ്മെ നയിക്കാവുന്നൊരു ഘടകമാണ് 'സ്‌ട്രെസ്'. സ്‌ട്രെസ് അധികരിക്കുന്നത് കൊണ്ടുള്ള പ്രധാന പ്രശ്‌നങ്ങളിലൊന്നിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

'സ്‌ട്രെസ്' പതിവായി നേരിട്ടുകഴിഞ്ഞാല്‍ വണ്ണം എളുപ്പത്തില്‍ കൂടിയേക്കാം. പിന്നീട് ഇത് നിയന്ത്രിക്കാന്‍ കഴിയാതെ പോവുകയും തടി ഉറച്ചുപോവുകയും ചെയ്‌തേക്കാം. അങ്ങനെ വന്നാല്‍ പിന്നീട് ഡയറ്റിലൂടെയോ വര്‍ക്കൗട്ടിലൂടെയോ വണ്ണം കുറയ്ക്കാന്‍ വലിയ തോതില്‍ തന്നെ പ്രയാസം നേരിടാം.

സ്ട്രെസ് കൈകാര്യം ചെയ്യാനുള്ള ഒരുപിടി മാര്‍ഗങ്ങളാണിനി പങ്കുവയ്ക്കുന്നത്. ഇതിലൂടെ സ്ട്രെസ് മുഖാന്തരമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും വലിയൊരു പരിധി വരെ പരിഹരിക്കാൻ സാധിക്കും.

ഒന്ന്...

ആദ്യം എന്താണ് സ്ട്രെസിന് കാരണമാകുന്നത് എന്നത് കണ്ടെത്തണം. ഉദാഹരണത്തിന്, ജോലിസംബന്ധമായ സ്ട്രെസ് ആണെങ്കില്‍ തന്നെ എന്താണ് അതിനുള്ള കാരണമായി വരുന്ന സംഭവമെന്ന് മനസിലാക്കണം. ഇതാണ് സ്ട്രെസ് കൈകാര്യം ചെയ്യുന്നതിലെ ആദ്യഘട്ടം.

രണ്ട്...

സ്ട്രെസ് ഉണ്ടാക്കുന്ന കാര്യവുമായി മാനസികമായി അകലം പാലിക്കുക. ഒഴിവാക്കാനാകാത്ത കാര്യമാണെങ്കില്‍ അത് തീര്‍ച്ചയായും ഇനിയും ചെയ്യേണ്ടിവരുമല്ലോ. എന്നാല്‍ മനസില്‍ നിന്ന് അതിനെ പറിച്ച് ദൂരെ നിര്‍ത്തുക. വ്യക്തിജീവിതത്തിലേക്ക് ആ സ്ട്രെസ് കടക്കാതിരിക്കാൻ ഒരതിര്‍ത്തി വരച്ചിടും പോലെ.

മൂന്ന്...

ജോലിയില്‍ നിന്നുള്ള സ്ട്രെസ് ഒഴിവാക്കാനായി, ജോലിസമയത്ത് ചെറിയ ഇടവേളകളെടുക്കാം. വളരെ ചെറിയ ബ്രേക്കുകളേ ഇതിനാവശ്യമുള്ളൂ. ആ സമയം കൊണ്ട് മനസ് 'റീഫ്രഷ്' ആകും. മണിക്കൂറുകളോളം ഒരിടത്ത് തന്നെ ഇരുന്ന് ജോലി ചെയ്യുന്നത് മനസിന് കൂടുതല്‍ സമ്മര്‍ദ്ദമേ നല്‍കൂ. അതുപോലെ തന്നെ ആഴ്ചയിലെ അവധിയോ, അനുവദിക്കപ്പെട്ട അവധികളോ എല്ലാം ഫലപ്രദമായി ഉപയോഗിക്കണം.

നാല്...

സ്ട്രെസ് സൃഷ്ടിക്കുന്ന കാര്യങ്ങള്‍ ചെയ്യാൻ പോകും മുമ്പ് കൃത്യമായ പ്ലാനിംഗ് നടത്താം. അത്തരത്തില്‍ 'പ്രൊഫഷണല്‍' ആയിത്തന്നെ ഇക്കാര്യങ്ങളെ സമീപിക്കാം. സമയത്തിന് ജോലികള്‍ തീര്‍ക്കുകയും വ്യക്തിജീവിതത്തിനായി സമയം നീക്കിവയ്ക്കുകയും ചെയ്യുക.

അഞ്ച്...

ഇതിനിടെ അനാരോഗ്യകരമായ ജീവിതരീതികളിലേക്ക് പോകാതിരിക്കുക. മദ്യപാനം, പുകവലി എല്ലാം ഇത്തരത്തില്‍ സ്ട്രെസ് കൂടുമ്പോള്‍ ആളുകള്‍ ആശ്രയിക്കുന്ന കാര്യങ്ങളാണ്. ഇവയെല്ലാം സ്ട്രെസ് കൂട്ടാനേ ഉപകരിക്കൂ. അതുപോലെ തന്നെ നല്ല ഭക്ഷണം, ഉറക്കം എന്നിവയും ഉറപ്പിക്കുക. ഉറക്കമാണ് ഇതില്‍ ഏറ്റവും പ്രധാനം.

ആറ്...

സമയം കിട്ടുമ്പോഴെല്ലാം മനസിന് സന്തോഷം പകരുന്ന കാര്യങ്ങള്‍ ചെയ്യുക. പാട്ട് കേള്‍ക്കുക,തമാശകള്‍ ആസ്വദിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളെല്ലാം വലിയ മാറ്റം മനസിന് നല്‍കും.

ഏഴ്...

ഒരുപാട് സമ്മര്‍ദ്ദമനുഭവിക്കുന്നതായി തോന്നിയാല്‍ ആശ്വാസത്തിനായി ലളിതമായ ബ്രീത്തിംഗ് എക്സര്‍സൈസുകള്‍ ചെയ്തുനോക്കാം. എവിടെ വച്ചും ചെയ്യാവുന്ന ബ്രീത്തിംഗ് എക്സര്‍സൈസുകള്‍ മുതല്‍ യോഗ വരെ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

എട്ട്...

സ്ട്രെസ് അധികരിക്കുമ്പോള്‍ അത് തനിയെ കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെന്ന് തോന്നിയാല്‍ അക്കാര്യം അടുപ്പമുള്ള ആരെങ്കിലുമായി സംസാരിക്കുക. വേണ്ടിവന്നാല്‍ തെറാപ്പിക്കും പോകാം. ഇതില്‍ മടിയോ നാണക്കേടോ വിചാരിക്കേണ്ട കാര്യമേയില്ല. ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെയാണ് മനസിന്‍റെ ആരോഗ്യവും. രണ്ടും ഒരുപോലെ നന്നായി കൊണ്ടുപോകാൻ സാധിച്ചാലേ ജീവിതത്തില്‍ സന്തോഷമുണ്ടാകൂ.

Advertisment