Advertisment

അർബുദ സാധ്യത ഇല്ലാതാക്കും; ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പഴത്തിന് പ്ലസ് പോയിന്റുകൾ മാത്രം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പഴം, പഴങ്ങളുടെ രാജാവ്... ഇങ്ങനെ വിശേഷണങ്ങൾ ഒത്തിരിയുള്ള ഒരു പഴവർഗമാണ് ദുരിയാൻ. സ്വദേശിയല്ല വിദേശിയാണ് കക്ഷി. പക്ഷേ, ഇപ്പോൾ നമ്മുടെ നാട്ടിൽ പലയിടത്തും കൃഷിചെയ്യുന്നുണ്ട്. ഒറ്റനോട്ടത്തിൽ കണ്ടാൽ നമ്മുടെ ആഞ്ഞിലിച്ചക്കയാണോ എന്ന് തോന്നിപ്പോകും. അതുപോലെ നീണ്ട മുളളുകളുടെ ആവരണം ഇവയ്ക്കുണ്ട്. 'ദുരി' എന്ന മലയൻ പദത്തിന്റെ അർത്ഥം മുള്ള് എന്നാണ്. മുള്ളുനിറഞ്ഞ പഴം പുറംതോടുള്ളതുകൊണ്ടാണ് ദുരിയാൻ പഴം എന്ന പേരുവന്നത്.

Advertisment

മലേഷ്യയിലും ഇൻഡോനേഷ്യയിലുമായാണ് ജനനം. ഒരു പഴത്തിന് ഏതാണ്ട് മൂന്നുകിലോയോളം ഭാരമുണ്ടാവും. പഴത്തിന്റെ തോടുപൊളിച്ചാൽ അനന്യസാധാരണമായ രൂക്ഷ ഗന്ധം ഉണ്ടാവും. ചിലർക്ക് ഇത് ഇഷ്ടമാണെങ്കിൽ മറ്റുചിലർക്ക് അസഹനീയമാണ്. പക്ഷേ രുചി എല്ലാവരെയും ഞെട്ടിപ്പിക്കും. ഒരിക്കലെങ്കിലും ഈ പഴത്തിന്റെ സ്വാദ് അറിഞ്ഞവർ ജീവിതത്തിലൊരിക്കലും അത് മറക്കില്ല. വിദേശിയാണെങ്കിലും നമ്മുടെ നാട്ടിലും നന്നായി വളരും. നന്നായി പരിചരിച്ചാൽ ഒരുമരത്തിൽ നിന്ന് ഒരുതവണ നാനൂറിലധികം പഴങ്ങൾ കിട്ടും. നല്ല സൂര്യപ്രകാശവും നീർവാർച്ചയും ഉള്ള മണ്ണാണെങ്കിൽ വിളവും അതിനനുസരിച്ച് കൂടും.

publive-image

വിത്തുകൾ വളരെ എളുപ്പത്തിൽ മുളപ്പിച്ചെടുക്കാമെങ്കിലും കൃഷിക്ക് തൈകൾ ഉണ്ടാക്കാൻ ഈ രീതി നന്നല്ല. കായ്ക്കാൻ കാലതാമസം നേരിടും എന്നതും മാതൃസസ്യത്തിന്റെ ഗുണങ്ങൾ ഉണ്ടാവില്ല എന്നതുമാണ് കാരണം. അതിനാൽ ഒട്ടുതൈകളാണ് കൃഷിക്ക് നൽകിയത്. കൃഷിചെയ്യാനുള്ള സ്ഥലം വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് ആവശ്യമുളള വലിപ്പത്തിൽ കുഴികളെടുക്കുക. ഈ കുഴികൾ മേൽമണ്ണും ജൈവവളവും ചേർത്ത് മൂടുക. ഇതിൽ പിള്ളക്കുഴികളെടുത്താണ് തൈകൾ നടേണ്ടത്. മികച്ച പരിചരണം നൽകുകയാണെങ്കിൽ നാലോ അഞ്ചോ വർഷം കഴിയുമ്പോൾ കായ്ച്ചുതുടങ്ങും. മ‌രങ്ങൾ ഒരുപാട് ഉയരത്തിൽ വളരാൻ അനുവദിക്കാതെ പ്രൂൺചെയ്യാൻ ശ്രദ്ധിക്കണം. എൺപതുമുതൽ 150 വർഷം വരെയാണ് ഒരുമരത്തിന്റെ ആയുസ്. ഇത്രയും നാൾ മികച്ച രീതിയിൽ വിളവും നൽകും.

ഒഴു പഴത്തിൽ പത്തുമുതൽ നാൽപ്പതുവരെ ചുളകൾ ഉണ്ടാവും. പഴങ്ങൾ മരത്തിൽ നിന്നുതന്നെ വിളഞ്ഞുപഴുക്കുന്നതാണ് ഏറെ നന്ന്. മരത്തിൽ നിന്ന് പറിച്ചെടുത്താലും അഞ്ചുദിവസത്തോളം കേടുകൂടാതിരിക്കും. വിളവെടുപ്പ് നടത്തിയാലുടൻ വീണ്ടും വളപ്രയോഗം നടത്തണം. അടുത്തവണ കൂടുതൽ വിളവുകിട്ടാൻ ഇത് ഉപകരിക്കും. എല്ലുപൊടിയും ചാണക്കപ്പൊടിയുമാണ് മികച്ച വളം. രാസവളങ്ങൾ കഴിവതും ഒഴിവാക്കുക.

ഐസ്‌ക്രീം, ബിസ്‌കറ്റ്, കേക്ക്, മിൽക്ക് ഷേക്ക് തുടങ്ങിയവ തയ്യാറാക്കാനാണ് കൂടുതൽ ഉപയോഗിക്കുന്നത്. ഏത് സീസണിലും ആവശ്യക്കാരുള്ളതിനാൽ മികച്ച വില എപ്പോഴും ഉറപ്പ്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറയ്ക്കാൻ കൺകണ്ട ഔഷധമാണ് ദുരിയാൻ. കഫക്കെട്ട് ഒഴിവാക്കാനും പേശികളുടെ പുനർ നിർമ്മാണത്തിനും അവയവങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ക്ഷീണം അകറ്റാൻ കഴിവുള്ള ദുരിയാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും രക്തശുദ്ധീകരണത്തിനും സഹായിക്കുന്നു. 100 ശതമാനവും കൊളസ്ട്രോൾ വിമുക്തമാണ്. ധാരാളം അന്നജമുള്ളതിനാൽ കൂടുതൽ ഊർജം നൽകുന്നു. നാരുകളും ധാരാളമുണ്ട്. വൻകുടലിലെ അർബുദസാദ്ധ്യത ഇത് പരമാവധി കുറയ്ക്കും.

Advertisment