Advertisment

തീവണ്ടിയിൽ പെൺകുട്ടിക്ക് നേരെയുണ്ടായ അക്രമത്തിൽ അധികാരികളുടെ അലംഭാവം അപലപനീയം - കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ

New Update

publive-image

Advertisment

കോഴിക്കോട്: അച്ഛനോടൊപ്പം തീവണ്ടിയിൽ യാത്ര ചെയ്ത പെൺകുട്ടിക്ക് നേരെ സംഘടിതമായി അക്രമിച്ച വർക്കെതിരെ നടപടി എടുക്കുന്നതിൽ പോലീസിന്റെ അനാസ്ഥയിൽ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ (സിഎഐആർയൂഎ) കേരള റീജിയൻ ഭാരവാഹികളുടെ അടിയന്തിര യോഗം അപലപിച്ചു.

വ്യക്തമായ സൂചന ലഭിച്ചിട്ടും ഒരാഴ്ച പിന്നിട്ടാണ് കുറ്റവാളികളെ അറസ്റ്റ് ചെയ്തത്. അക്രമികൾ റെയിൽവേയുമായി ബന്ധപ്പെട്ടവരാണെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ രക്ഷിതാവും യാത്രക്കാരിയും യഥാസമയം ഗാർഡിനെയും റെയിൽവേ ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടും സംഭവത്തിൽ ഇടപെടൽ നടത്താത്ത ഉദ്യോഗസ്ഥർക്കെതിരെ റെയിൽവേ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

രക്ഷിതാവ് കൂടെ ഉണ്ടായിട്ടും, സഹയാത്രികരിൽ ഒരാൾ എതിർത്തിട്ടും സംഘടിതമായി പെൺകുട്ടിയെ ദീർഘ സമയം ശല്യപ്പെടുത്തി. തീവണ്ടികളിൽ കളവും പിടിച്ചുപറിയും പ്രത്യേകിച്ച് സ്ത്രീകളോടുള്ള അതിക്രമങ്ങളും പെരുകുന്ന സാഹചര്യത്തിൽ ആർപിഎഫ്, ജിആർപി സേനകളുടെ അംഗസംഖ്യ വർദ്ധിപ്പിക്കുകയും സേനയിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തി തീവണ്ടികളിലെ പെട്രോളിങ് ശക്തിപ്പെടുത്തുകയും എല്ലാ കമ്പാർട്ട്മെന്റുകളിലും സിസിടിവി ക്യാമറകൾ വെച്ച് ഗാർഡ്റൂം എൻജിൻ റൂം എന്നിവയുമായി ബന്ധിപ്പിക്കുക, അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെൽപ്പ് ലൈൻ നമ്പറുകൾ ഓരോ കമ്പാർട്ട്മെന്റിലും റെയിൽവേ സ്റ്റേഷനുകളിലും പ്രദർശിപ്പിക്കുക തുടങ്ങിയവ ഉൾപ്പെടെ യാത്രക്കാരുടെ പൊതുവേയും, സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്ക് നിരവധി നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ട് അനുകൂല മറുപടിയല്ലാതെ യാതൊരു നടപടിയും റെയിൽവേയും, പോലീസും കൈകൊള്ളാത്തത് ഖേദകരമാണ്.

മലയാളി കൂടിയായ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റ്സ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസും അംഗമായ സി. രവീന്ദ്രനും ഈ സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും അവർ അഭ്യർത്ഥിച്ചു.

കോഴിക്കോട് റീജിണൽ ഓഫീസിൽ ചേർന്ന യോഗത്തിൽ വർക്കിംഗ് ചെയർമാനും സംസ്ഥാന പ്രസിഡണ്ടുമായ ഷെവലിയർ സി.ഇ.ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ ജോയ് ജോസഫ്. കെ, അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ, ദേശീയ ചെയർമാൻ സൺഷൈൻ ഷോർണൂർ, സെക്രട്ടറിമാരായ പി.ഐ. അജയൻ, ടി.പി. വാസു എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി സി.സി. മനോജ് സ്വാഗതവും, റിയാസ് നരോത്ത് നന്ദിയും പറഞ്ഞു.

Advertisment