Advertisment

'ട്രാൻസ് വ്യക്തിത്വങ്ങൾ മറ്റേതൊരു മനുഷ്യനെയും പോലെ തന്നെയാണ്, രണ്ടു തുടകൾക്കിടയിലല്ല, രണ്ടു ചെവികൾക്കിടയിലാണ് ഒരാളുടെ ജെൻഡറും സെക്സ്വാലിറ്റിയും തീരുമാനിക്കപ്പെടുന്നത്'; ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പ്രഗ്നൻസിയെ സംബന്ധിച്ച വാർത്തകളെ പ്രതികരിച്ച് വൈറലായി കുറിപ്പ്

author-image
admin
New Update

publive-image

Advertisment

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പ്രഗ്നൻസിയെ സംബന്ധിച്ച വാർത്തകൾക്കു താഴെ വ്യക്തിയധിക്ഷേപങ്ങളെക്കുറിച്ച് മനോജ് വെള്ളനാട് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. രണ്ടു തുടകൾക്കിടയിലല്ല, രണ്ടു ചെവികൾക്കിടയിലാണ് ഒരാളുടെ ജെൻഡറും സെക്ഷ്വാലിറ്റിയും തീരുമാനിക്കപ്പെടുന്നതെന്ന് ആവർത്തിച്ച് പഠിപ്പിക്കണം എന്ന് മനോജ് പറയുന്നു.

കുറിപ്പ് പൂർണ്ണ രൂപം

കേരളത്തിൽ, ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പ്രഗ്നൻസിയെ സംബന്ധിച്ച വാർത്തകൾക്കു താഴെ വ്യക്തിയധിക്ഷേപങ്ങളുടെ പൂരമാണ്. വിവരക്കേടുകളും വിവേകമില്ലായ്മയും പ്രദർശിപ്പിക്കാൻ സോഷ്യൽമീഡിയ നൽകുന്ന സുരക്ഷിതത്തവും സൗകര്യവും ഒരു വലിയകൂട്ടം ഇപ്പോഴും ദുരുപയോഗപ്പെടുത്തുന്നതിന്റെ പെർഫക്റ്റ് എക്സാമ്പിൾ.

അടിസ്ഥാനപരമായി പോലും ജെൻഡർ എന്താണെന്നോ LGBTIQ സ്പെക്ട്രമെന്താണെന്നോ മറ്റു മനുഷ്യരുടെ സ്വകാര്യതയെന്താണെന്നോ മനസിലാക്കാൻ കഴിയാത്തതിന്റെ പ്രശ്നമാണ്. അതൊരു നിസാര പ്രശ്നമല്ലാ, ഗുരുതരമായ സാമൂഹിക വിപത്താണ്.

1. ബയോളജിക്കൽ സെക്സും ജെൻഡറും രണ്ടാണെന്നും ജെൻഡർ ഒരാൾ സ്വയം തിരിച്ചറിയുന്ന ഒന്നാണെന്നും അതിന് ലൈംഗിക അവയവവുമായി എന്തെങ്കിലും ബന്ധം വേണമെന്ന് നിർബന്ധമില്ലെന്നും LP സ്കൂൾ മുതലേ പഠിപ്പിക്കേണ്ട പാഠമാണ്. രണ്ടു തുടകൾക്കിടയിലല്ല, രണ്ടു ചെവികൾക്കിടയിലാണ് ഒരാളുടെ ജെൻഡറും സെക്സ്വാലിറ്റിയും തീരുമാനിക്കപ്പെടുന്നതെന്ന് ആവർത്തിച്ച് ആവർത്തിച്ച് പഠിപ്പിക്കണം.

അപ്പോൾ മാത്രമേ ഗർഭപാത്രവും ഓവറിയും ഉള്ള ഒരാൾ താനൊരു ആണാണ് എന്ന് പറഞ്ഞാൽ അതിൽ അത്ഭുതപ്പെടുകയോ അയാളെ അധിക്ഷേപിക്കുകയോ ചെയ്യാതിരിക്കൂ. അയാളുടെ സ്വകാര്യതയിലേക്ക് ചുഴിഞ്ഞു പോകാതിരിക്കൂ.

2. ട്രാൻസ് വ്യക്തിത്വങ്ങൾ മറ്റേതൊരു മനുഷ്യനെയും പോലെ തന്നെയാണെന്നും, ചിന്തകളും വികാരങ്ങളുമെല്ലാം ഒന്നു തന്നെയാണെന്നും അവരുടെ ശരീരം മറ്റുള്ളവരുടേതിന് സമാനമാണെന്നും കൂടി പഠിപ്പിക്കണം. അപ്പോൾ അവരുടെ ഗർഭധാരണവും മറ്റേതൊരു ഗർഭവും പോലെ സ്വാഭാവികവും സാധാരണവുമാവും.

3. എവിടെയെങ്കിലും ട്രാൻസ് വ്യക്തികൾ പ്രഗ്നൻറാവുമ്പോൾ, മറ്റു മനുഷ്യരുടെ പ്രധാന ആധി ‘അയ്യോ ആ കുഞ്ഞിനെന്തെങ്കിലും കുഴപ്പമുണ്ടാവുമോ?’ എന്നാണ്. ട്രാൻസ് എന്നത് ഒരു ‘അബ്നോർമാലിറ്റി’ അല്ലാത്തതുകൊണ്ട് തന്നെ അവർ പ്രഗ്നൻ്റായാലും മറ്റുള്ളവർക്കുള്ള അതേ റിസ്ക് മാത്രമേ അവർക്കുമുള്ളൂ.

4. അവരോ മറ്റു Queer മനുഷ്യരോ വളർത്തുന്ന കുഞ്ഞുങ്ങൾ എങ്ങനെയുള്ളവരായിരിക്കുമെന്ന ആശങ്കയും ധാരാളം കണ്ടിട്ടുണ്ട്. അതിലും യാതൊരു കഴമ്പുമില്ല. ഫിൻലൻഡ് പ്രധാനമന്ത്രിയായ, അവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ PM ആയ (ഇപ്പോൾ 37 വയസ്) സന്നാ മരിനെ വളർത്തിയത് ഒരു ലെസ്ബിയൻ ദമ്പതികളാണ്. ട്രാൻസ് പാരന്റ്സ് വളർത്തിയ കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെ പറ്റിയുള്ള പഠനങ്ങളും പറയുന്നത് അത്തരമൊരു ആശങ്കയ്ക്ക് വകയില്ലാ എന്നാണ്. കാര്യങ്ങൾ വളരെ പോസിറ്റീവാണ്.

5. ട്രാൻസ് പാരന്റ്സിന് ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഭാവിയിൽ മറ്റെന്തെങ്കിലും പ്രശ്നമുണ്ടാവുമോ? മറ്റൊരാശങ്കയാണ്.

പഴയ ഒരുദാഹരണം പറയാം. ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശുവായ ലൂയി ബ്രൗൺ ജനിക്കുന്നത് 1978 ലാണ്. അതിനും ഏതാണ്ട് 20 വർഷങ്ങൾക്കു മുമ്പേ ഈ ആശയവും അതിന്മേലുള്ള ഗവേഷണങ്ങളും നടന്നെങ്കിലും സംഗതി പ്രാവർത്തികമാകാത്തതിന് കാരണം മേൽ സൂചിപ്പിച്ച പോലുള്ള അനാവശ്യ ആശങ്കകളാണ്. ആ ആശങ്കകളെ ഊതിപ്പെരുപ്പിച്ചത് മതങ്ങളാണ്. ഇന്ന് ട്രാൻസ് സമൂഹത്തോട് മതങ്ങൾ പുലർത്തുന്ന മനോഭാവത്തിന് സമാനമായിരുന്നു അന്ന് കൃത്രിമ ബീജ സങ്കലനമെന്ന ആശയത്തിനോടും.

അതിനെയെല്ലാം മറികടന്ന് ആദ്യ ടെസ്‌റ്റ് ട്യൂബ്‌ ബേബിയായി 1978-ൽ ലൂയി ബ്രൗൺ പിറന്നു. നാലുവർഷം കൂടി കഴിഞ്ഞപ്പോൾ അവൾക്ക് കൂട്ടായി അനുജത്തി നതാലിയും എത്തി. പക്ഷെ അവൾ ലോകത്തെ നാൽപ്പതാമത്തെ ടെസ്‌റ്റ് ട്യൂബ്‌ ശിശുവായിരുന്നു. അതായത് അപ്പോഴേയ്ക്കും തന്നെ വേറെയും മുപ്പത്തെട്ട് പരീക്ഷണശാലാക്കുഞ്ഞുങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി ജനിച്ചിരുന്നു. എല്ലായിടങ്ങളിലും ഇത്തരം എതിർപ്പുകളും സ്വാഭാവികമായി ഉണ്ടായി. ഇന്ത്യയിൽ IVF -ന്റെ പിതാവായ ഡോ. സുഭാഷ് മുഖർജിയെക്കൊണ്ട് ആത്മഹത്യ വരെ ചെയ്യിച്ചു സമൂഹം.

ടെസ്റ്റ് ട്യൂബ് കുഞ്ഞുങ്ങൾ മറ്റുള്ള കുഞ്ഞുങ്ങളെ പോലെ സാധാരണജീവിതം നയിക്കില്ലാ എന്നായിരുന്നു അന്നത്തെ യാഥാസ്ഥിതിക സമൂഹത്തിന്റെ വിലയിരുത്തൽ. പക്ഷെ യാഥാർത്ഥ്യമെപ്പോഴും യാഥാസ്ഥിതികരോട് നടുവിരൽ കൊണ്ടാണല്ലോ സംസാരിക്കാറുള്ളത്.

ലൂയിസ്- നതാലി സഹോദരിമാരിൽ ചേച്ചിയെ കടത്തിവെട്ടി അനന്തരം ചരിത്രമെഴുതിയത്‌ അനുജത്തിയാണ്‌. കെയ്‌സിയെ പ്രസവിച്ചപ്പോൾ നതാലി ലോകചരിത്രത്തിൽ സ്വാഭാവികമായി ഗർഭംധരിച്ചു പ്രസവിച്ച ആദ്യ ടെസ്‌റ്റ് ട്യൂബ്‌ ശിശുവായി! കുറച്ചു വൈകിയാണെങ്കിലും ലൂയിസ്‌ ബ്രൗൺ ആദ്യം കാമറൂണിനേയും പിന്നെ എയ്‌ഡനേയും ഗർഭം ധരിച്ചതും പ്രസവിച്ചതും സ്വാഭാവികരീതിയിൽ തന്നെ ആയിരുന്നു. ഇവരെല്ലാം ഇപ്പോഴും സന്തോഷപൂർവ്വം സാധാരണ ജീവിതം ജീവിക്കുന്നു. ലൂയിസ് ബ്രൗണിന്റെ പിൻഗാമികളായി ലോകമെമ്പാടുമായി ഒരു കോടിയോളം ടെസ്റ്റ് ട്യൂബ് ശിശുക്കൾ ഇതിനകം ജന്മമെടുത്തും കഴിഞ്ഞു.

ഏതാണ്ട് അത്തരമൊരു ആശങ്കയാണ് സമൂഹത്തിന് ട്രാൻസ് ഗർഭങ്ങളോളും ഉള്ളത്. തികച്ചും അസ്ഥാനത്താണത്. സിയയും ഫഹദും ഹാപ്പിയാണ്. അവർക്ക് അവരാരാണെന്ന് വ്യക്തമായ ധാരണയുണ്ട്. നിങ്ങളിങ്ങനെ അവരുടെ സ്വകാര്യതയിൽ അനാവശ്യമായി ഇടപെട്ട് സമയവും ഊർജവും കളയുമ്പോൾ അവരവിടെ പ്രഗ്നൻസി ഫോട്ടോഷൂട്ട് നടത്തുകയും ഗർഭകാലം ആഘോഷിക്കുകയും ചെയ്യുന്നു. നിങ്ങളിങ്ങനെ പൊട്ടക്കിണറ്റിൽ കിടന്ന് നിങ്ങളുടെ വിവരക്കേട് വിളിച്ചുകൂവി ആഘോഷിക്കുമ്പോൾ ലോകത്ത് നിരവധി ട്രാൻസ് മനുഷ്യർ ഗർഭം ധരിക്കുകയും അവരുടെ കുഞ്ഞുങ്ങൾ സാധാരണ മനുഷ്യരായി ജീവിക്കുകയും ചെയ്യുന്നു.

സൂക്ഷിച്ചു നോക്കിയാൽ കാണാം, ആ കുഞ്ഞുങ്ങൾ നിങ്ങളെ നോക്കി ഹായ് പറയുന്നത്, വിത്ത് ദേയ്ർ മിഡിൽ ഫിംഗർ..

മനോജ് വെള്ളനാട്

Advertisment