നീലേഷ് കൃഷ്‍ണയുടെ സംവിധാനത്തിൽ നയൻതാര നായികയാകുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ശങ്കറിന്റെ സഹ സംവിധായകനാണ് നീലേഷ്. ദിനേഷ് കൃഷ്‍ണൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഇമ്മനായിരിക്കുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
'കണക്റ്റ്' എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അശ്വിൻ ശരണവണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മണികണ്ഠൻ കൃഷ്‍ണമാചാരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. അശ്വിൻ ശരവണിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു
നയൻതാരയ്‍ക്കും വിഘ്‍നേശ് ശിവനും കഴിഞ്ഞ വര്‍ഷം ഇരട്ടക്കുട്ടികള്‍ ജനിച്ചത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങള്‍ ജനിച്ചത്. 'ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം' എന്നായിരുന്നു സന്തോഷ വിവരം പങ്കുവച്ച് വിഘ്നേശ് ശിവൻ കുറിച്ചിരുന്നത്. നയൻതാരയും വിഘ്‍നേശ് ശിവനും വാടക ഗര്‍ഭധാരണത്തിന്റെ നിയപരമായ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിരുന്നുവെന്ന് തമിഴ്‍നാട് സര്‍ക്കാരിന്റെ അന്വേഷണത്തില്‍ ബോധ്യമായിരുന്നു.
നയൻതാരയും വിഘ്‍നേശ് ശിവനും ജൂണ്‍ ഒമ്പതിന് ആയിരുന്നു വിവാഹിതരായത്. മഹാബലിപുരത്തായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം. സംവിധായകൻ വിഘ്‍നേശ് ശിവനുമായുള്ള വിവാഹദൃശ്യങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി നയൻതാരയെ കുറിച്ചുള്ള ഡോക്യുമെന്ററി നെറ്റ്‍ഫ്ലിക്സ് സ്‍ട്രീം ചെയ്യുമെന്നും അറിയിച്ചിരുന്നു. നയൻതാര നായികയായിട്ടുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയായതും പ്രഖ്യാപിച്ചതുമായി നിരവധിയുണ്ട്.