Advertisment

"എന്റെ വിവാഹമാണ് അടുത്തമാസം. നിങ്ങൾ എന്റെ അച്ഛനെകണ്ടെത്തണം" - രാജന്റെ തിരോധാനം: മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

അഗളി: സൈലന്റ് വാലി വനത്തിനുള്ളിൽ കാണാതായ വാച്ചർ രാജനെ കണ്ടെത്തുന്നതിന് മനുഷ്യാവകാശ കമ്മീഷന് കുടുംബം പരാതി നൽകി. മകളുടെ വിവാഹവും കുടുംബ കാര്യങ്ങളും രാജനെ അലട്ടുന്നുവെന്ന രീതിയിലുള്ള പ്രചാരണം ശരിയല്ല.

രണ്ടു പെൺകുട്ടികൾ മാത്രമാണുള്ളത്. മൂത്തയാളുടെ വിവാഹം നേരത്തെ കഴിഞ്ഞു. രണ്ടാമത്തെ മകളുടെ വിവാഹം ജൂൺ 11ന് നിശ്ചയിച്ചിരിക്കുകയാണ്. വരന്റെ വീട്ടുകാർ സ്ത്രീധനം ഒന്നും ആവശ്യപ്പെട്ടിട്ടില്ല. വിവാഹം നടത്താൻ കുടുംബത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടുമില്ല.

സഹോദരി സത്യഭാമ പറഞ്ഞു. സാധാരണ ജോലിക്ക് പോകുന്ന വിധത്തിൽ വീടുവിട്ടിറങ്ങിയ അച്ഛൻ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതാനാവില്ല. ഇനി അങ്ങനെ എന്തെങ്കിലും അത്യാഹിതം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തെളിയിക്കപ്പെടേണ്ടതല്ലേ.

അച്ഛൻ കാടുവിട്ട് മറ്റൊരിടത്തേക്കും പോകില്ല. 20 വർഷമായി വാച്ചറായി ജോലി നോക്കുന്നു. കാട്ടുവഴിയെല്ലാം മനപ്പാഠമാണെന്നും ജോലിയിൽ നിന്നും പിരിച്ചു വിടുന്ന കാര്യത്തിൽ അച്ഛന് എന്തെങ്കിലും പ്രയാസമുള്ളതായി തോന്നിയിട്ടില്ലെന്നും മകൾ പറഞ്ഞു.

വനത്തിനകത്ത് രാജന്റേത് എന്ന് കരുതുന്ന വസ്ത്രവും ചെരുപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് എല്ലാ ദിവസവും രാജനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഗളി ഡിവൈഎസ്പിയുടെ കീഴിലുള്ള നിരവധി സേനാംഗങ്ങളാണ് വിവിധയിടങ്ങളിൽ തിരഞ്ഞത്.

രാജനായി വനത്തിനുള്ളിൽ ഇനി പ്രത്യേക തിരച്ചിൽ നടത്തേണ്ടതില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയത്.

രാജനെ കാണാതായിട്ട് 19 ദിവസം പിന്നിട്ടിട്ടും ആർക്കും ഒരു സൂചനയും നൽകാനായില്ല. മകൾ രേഖയുടെ വിവാഹം ജൂൺ 11നാണ്. അതിന് മുൻപേ അച്ഛനെ കണ്ടെത്തണം ഇതു മാത്രമാണ് കുടുംബത്തിന്റെ ആവശ്യം.

കുടുംബത്തിന് നീതി ലഭിക്കാൻ കൂടെയുണ്ടാകുമെന്ന് സിപിഐ നേതാക്കൾ പറഞ്ഞു. രാജനെ കണ്ടെത്തുക വനം വകുപ്പ് നീതി പാലിക്കുക എന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് മണ്ഡലം കമ്മിറ്റി സൈലന്റ് വാലി ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണയും നടത്തിയിരുന്നു.

Advertisment