Advertisment

മാന്ത്രികനായി വീണ്ടും മെസി, മെക്‌സിക്കോയെ നിലംപരിശാക്കി അറേബ്യൻ മണ്ണിൽ അർജന്റീനയുടെ ഉയർത്തെഴുന്നേൽപ്പ്, ആദ്യ പകുതിയിൽ ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം പകുതിയിൽ അവേശക്കടൽ തീർത്തു, അർജന്റീനയ്ക്ക് വേണ്ടി ഗോൾ വലകുലുക്കിയത് സാക്ഷാൽ മെസിയും പിന്നെ എൻസോ ഫെർണാണ്ടസും, സി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ അർജന്റീന ഇനി നേരിടുന്നത് പോളണ്ടിനെ.....

New Update

publive-image

Advertisment

ദോഹ: ആദ്യമത്സരത്തിൽ കാണികളെ പോലും അമ്പരപ്പിച്ചുകൊണ്ട് തോൽവി ഏറ്റുവാങ്ങിയ അർജന്റീന രണ്ടാം മത്സരത്തിൽ മെക്‌സിക്കോയെ തറപറ്റിച്ചുകൊണ്ട് ഖത്തറിൽ കരുത്തുകാട്ടി. മെക്‌സിക്കോയെ രണ്ടു ഗോളുകൾക്കു കീഴടക്കി അർജന്റീനയുടെ തിരിച്ചുവരവ്. ആദ്യ പകുതിയിൽ ആരാധാകരെ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം പകുതിയിലായിരുന്നു അർജന്റീനയുടെ കരുത്ത് കാട്ടൽ.

64-ാം മിനിട്ടിൽ ഏൻജൽ ഡി മരിയ പാസ് നൽകിയ പന്തിനെ ഗോളാക്കി ആരാധകരുടെ മനസ് നിറച്ച് സാക്ഷാൽ ലയണൽ മെസിയെങ്കിൽ 87-ാം മിനിട്ടിൽ മെസിയുടെ പാസിലൂടെ എൻസോ ഫെർണാണ്ടസ് രണ്ടാം ഗോളും നേടിയാണ് വിജയം നേടിയത്. ഇതോടെ മൂന്ന് പോയിന്റുമായി അർജന്റീന സി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തി.

അവസാന ഗ്രൂപ്പ് മത്സരത്തിൽ അടുത്ത ബുധനാഴ്ച രാത്രി അർജന്റീന പോളണ്ടിനെ നേരിടും. നാലു പോയിന്റുള്ള പോളണ്ടിനെ തോൽപിച്ചാൽ അർജന്റീനയ്ക്കു പ്രീക്വാർട്ടറിലെത്താം. ജയത്തോടെ മെക്‌സിക്കോയോട് ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയിച്ചവരെന്ന റെക്കോർഡ് ഖത്തറിലും അർജന്റീനയ്ക്ക് നിലനിറുത്താനായി. 1930, 2006, 2010 ലോകകപ്പുകളിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോഴും അർജന്റീനയ്ക്കായിരുന്നു വിജയം.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഇരു ടീമുകളും തുല്യശക്തികളുടേതെന്ന പോലെ മത്സരമാണു പുറത്തെടുത്തത്. 16ാം മിനിറ്റിൽ അർജന്റീന താരം മാർകോസ് അക്യൂനയെ ഫൗൾ ചെയ്തതിന് മെക്‌സിക്കോയുടെ നെസ്റ്റർ അറൗജോയ്ക്കു നേരെ റഫറി യെല്ലോ കാർഡ് ഉയർത്തി. ആദ്യ 26 മിനിറ്റിൽ അർജന്റീന പൊസഷൻ പിടിച്ചു കളിച്ചെങ്കിലും മെക്‌സിക്കോ ഗോൾ പോസ്റ്റിലേക്കു ഷോട്ടുകളൊന്നും ഉതിർക്കാൻ സാധിച്ചില്ല. 34ാം മിനിറ്റിൽ അർജന്റീന താരം ഡി പോളിനെ അലെക്‌സിസ് വേഗ ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു.

കിക്കെടുത്ത മെസ്സിയുടെ ഷോട്ട് മെക്‌സിക്കോ പോസ്റ്റ് ലക്ഷ്യമാക്കിയെങ്കിലും ഗോളി ഗില്ലർമോ ഓച്ചോവ തട്ടിമാറ്റി. അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനസുമായി കൂട്ടിയിടിച്ച് ഒച്ചോവ ഗ്രൗണ്ടിൽവീണു. മെക്‌സിക്കോ ആക്രമണങ്ങൾക്കു മൂർച്ച കുറഞ്ഞതോടെ 42ാം മിനിറ്റിൽ അവർ ആദ്യ സബ്സ്റ്റിറ്റിയൂഷൻ കൊണ്ടുവന്നു. മിഡ്ഫീൽഡർ ആന്ദ്രെ ഗ്വാർഡാഡോയ്ക്കു പകരം എറിക് ഗ്വെട്ടറസ് ഗ്രൗണ്ടിലെത്തി.

പരുക്കുകാരണം ഗ്വാർഡാഡോയ്ക്ക് മെക്‌സിക്കോയുടെ ആദ്യ മത്സരം നഷ്ടമായിരുന്നു. 44ാം മിനിറ്റിൽ മെക്‌സിക്കോയുടെ അലെക്‌സിസ് വേഗ എടുത്ത ഫ്രീകിക്ക് തകർപ്പൻ സേവിലൂടെ അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസ് പിടിച്ചെടുത്തു. ആദ്യ പകുതിയിൽ അനുവദിച്ച അഞ്ച് മിനിറ്റ് അധിക സമയത്തിലും ഗോൾ വന്നില്ല.

രണ്ടാം പകുതി തുടങ്ങി 49ാം മിനിറ്റിൽ ലയണൽ മെസ്സിയെ വീഴ്ത്തിയതിന് അർജന്റീനയ്ക്ക് റഫറി ഫ്രീകിക്ക് നൽകി. മെസ്സിയുടെ കിക്കിൽ പന്ത് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. 55ാം മിനിറ്റിൽ മെക്‌സിക്കോ പ്രതിരോധ താരങ്ങളെ മറികടന്ന് അർജന്റീനയുടെ ഏഞ്ചൽ ഡി മരിയ ബോക്‌സിനുള്ളിലേക്കു കടന്നെങ്കിലും പോസ്റ്റിലേക്ക് എത്തിയില്ല. എന്നാൽ 64ാം മിനിറ്റിൽ മെസ്സിയിലൂടെ അർജന്റീന ആദ്യ ഗോൾ നേടി.

ഏഞ്ചൽ ഡി മരിയയുടെ പാസിൽ നിന്നാണ് മെസ്സിയുടെ ഗോൾ പിറന്നത്. ഡി മരിയ നൽകിയ പാസിൽ 25 വാര അകലെനിന്ന് മെക്‌സിക്കോയുടെ പ്രതിരോധ താരങ്ങൾക്കിടയിലൂടെ മെസ്സിയെടുത്ത ഷോട്ട് നേരെ വലയിലെത്തുകയായിരുന്നു. 87ാം മിനിറ്റിലായിരുന്നു മെക്‌സിക്കോയെ ഞെട്ടിച്ച് അർജന്റീനയുടെ രണ്ടാം ഗോളെത്തിയത്. മെസിയിൽ നിന്ന് പാസ് ലഭിച്ച പന്തിനെ ഫെർണാണ്ടസ് മെക്‌സിക്കോ ബോക്‌സിനു വെളിയിൽനിന്ന് ഗോൾ വലയിലേക്ക് എത്തിക്കുകയായിരുന്നു.

Advertisment