Advertisment

ആത്മവിശുദ്ധിയുടെ മറ്റൊരു കര്‍ക്കിടകം; മാനസികമായും ആത്മീയമായും സ്വയം പുനരുജ്ജീവിപ്പിക്കാൻ തിരഞ്ഞെടുക്കുന്ന കാലം

author-image
admin
New Update

publive-image

Advertisment

കേവലമായ ഭൗതിക ജീവിതത്തിലുപരിയായി ആദ്ധ്യാത്മിക ജീവിതത്തോട് പൊരുത്തപ്പെട്ട് ജീവിക്കുന്നവരാണ് പൊതുവെ ഭാരതീയര്‍. ലക്ഷ്യം മോക്ഷവും കര്‍മ്മങ്ങള്‍ ഉപായങ്ങളും. ഈ ഹൈന്ദവാദര്‍ശം വിളങ്ങി നില്‍ക്കുന്ന മഹാകാവ്യമാണ് രാമായണം. ഉല്‍കൃഷ്ടമായ ജീവല്‍ പ്രക്രിയ പ്രതിഫലിക്കുന്ന ഉദാത്തവും മാതൃകാപരവുമായ സാഹിത്യകൃതി എന്ന നിലയിലും വാല്‍മീകി രാമായണത്തിന്റെ പ്രസക്തി പ്രകീര്‍ത്തിക്കപ്പെടുന്നു.

ആദികാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമായണത്തിന് നൂറ്റാണ്ടുകള്‍ക്കിപ്പുറവും ജനമനസ്സിനെ രഞ്ജിപ്പിക്കാനും ആത്മസംതൃപ്തി നല്‍കാനുമുള്ള അഭൗമ ശക്തിയുണ്ടെന്നതിന് തെളിവാണ് കര്‍ക്കടസന്ധ്യകളില്‍ ഹൈന്ദവഭവനങ്ങളില്‍ നിന്നുയരുന്ന രാമായണ ശീലുകള്‍. മലയാളം കലണ്ടറിലെ അവസാന മാസമായ കർക്കിടകം, പല മലയാളികളും ശാരീരികമായും മാനസികമായും ആത്മീയമായും സ്വയം പുനരുജ്ജീവിപ്പിക്കാൻ തിരഞ്ഞെടുക്കുന്ന സമയമാണ്.

നമ്മുടെ കാർഷിക പൈതൃകത്തിലേക്ക് തിരികെയെത്തുന്ന, പുരാതന സമ്പ്രദായങ്ങൾ പിന്തുടരുന്ന മലയാളികൾ, മനസ്സിനും ശരീരത്തിനും വേണ്ടി ചില ചികിത്സകൾ തേടുന്നു. കർക്കിടകം ‘രാമായണ മാസം’ എന്നും അറിയപ്പെടുന്നു, ഭക്തർ മാസം മുഴുവനും നീളുന്ന രാമായണ പാരായണം നടത്തുന്നു. കർക്കിടക മാസത്തിൽ ഇപ്പോഴും പ്രചാരത്തിലുള്ള ചില ആചാരങ്ങളും പാരമ്പര്യങ്ങളും പരിശോധിക്കാം. ഔഷധ മൂല്യമുള്ള പച്ചമരുന്നുകളും ഇലകളും ചേർത്തുണ്ടാക്കുന്നതാണ് കർക്കിടക കഞ്ഞി.

പ്രതിസന്ധിഘട്ടങ്ങളില്‍ വഴികാട്ടിയാകുന്ന കൃതി എന്ന നിലയില്‍ രാമായണത്തെ നാട് ഒന്നാകെ ഇന്നും നെഞ്ചോട് ചേര്‍ത്തിരിക്കുന്നു. രാജാവ്, പ്രജ ആരുമാകട്ടെ ഇവര്‍ പാലിക്കേണ്ട ജീവിത മൂല്യങ്ങള്‍, പ്രകൃതിയോടുള്ള സമീപനം, ദീനാനുകമ്പ എന്നിങ്ങനെ മൂല്യാധിഷ്ഠിതജീവിതത്തിന്റെ ഉദാത്തമായ അടയാളപ്പെടുത്തലുകളുടെ കലവറയാണ് രാമായണം.

താന്‍ പറയാനുറച്ച കലഘട്ടത്തിന്റെ ചിത്രീകരണവും പുനരാവിഷ്‌കരണവും കാവ്യരൂപത്തില്‍ കുറിച്ചിട്ടതാണ് രാമായണം. സമീപനത്തിലെ സത്യസന്ധതയുടെ അടിത്തറയില്‍ രചിച്ച രാമായണമഹാകാവ്യം കാലത്തിന്റേയും ദേശത്തിന്റെയും അതിരുകള്‍ കടന്ന് അതേരൂപത്തില്‍ സ്വീകരിക്കപ്പെടുന്നു എന്നതിന്റെ സല്‍പേരാണ് വാല്‍മീകിയില്‍ വന്നു ചേരുന്നത്. വരും തലമുറകള്‍ക്കു വഴികാട്ടിയായി രാമായണം മാറുന്നതിന്റെ കാരണവും മൂല്യാധിഷ്ഠിതമായ സാഹിത്യകൃതി എന്നതല്ലാതെ മറ്റൊന്നല്ല.

'വാത്മീകി രാമായണത്തിന്റെ ചൈതന്യത്തിലേയ്ക്കും ആഴത്തിലേയ്ക്കും ഒറ്റക്കുതിപ്പിന് എത്തിപ്പെടാന്‍ നമുക്കാവില്ല. പക്ഷേ ഒന്നുണ്ട് ഒരിക്കല്‍ അതിന്റെ ആഴത്തില്‍ മുങ്ങിയവര്‍ ഒന്നു സമ്മതിയ്ക്കും - ലോക സാഹിത്യത്തില്‍ മറ്റൊരു കൃതിയ്ക്കും രാമായണത്തോട് സമാനത അവകാശപ്പെടാന്‍ സാധിക്കില്ല' അരവിന്ദ മഹര്‍ഷിയുടെ അടയാളപ്പെടുത്തലുകള്‍ എത്രയോ ശരി.

Advertisment