Advertisment

ഇഖാമ ഇല്ലാത്ത നാലായിരത്തോളം പേർക്ക് എക്സിറ്റ്, ദുരിതത്തിലായവർക്ക് മൊത്തം 6.5 ലക്ഷം റിയാൽ സഹായം; നേട്ടങ്ങളുടെ പട്ടിക നിരത്തി ജിദ്ദാ കോൺസുലേറ്റിലെ കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം

New Update

publive-image

Advertisment

ജിദ്ദ: ഇഖാമ കാലഹരണപ്പെട്ടവരും "ഒളിച്ചോട്ടം" (ഹുറൂബ്) മുദ്ര പേറുന്നവരുമായ നാലായിരത്തോളം ഇന്ത്യക്കാർക്ക് നാട്ടിലേയ്ക്ക് പോകാനുള്ള വഴിയൊരുക്കി കൊടുത്തതായി ജിദ്ദാ ഇന്ത്യൻ കോൺസുലേറ്റിലെ കമ്മൂണിറ്റി വെൽഫെയർ - കോൺസുലാർ കാര്യ വിഭാഗം അറിയിച്ചു. ഇവർക്ക് എക്സിറ്റ് നേടിക്കൊടുക്കാൻ കോൺസുലേറ്റ് ശ്രമങ്ങൾക്ക് കഴിഞ്ഞു. ഇത്തരത്തിൽ കെട്ടിക്കിടന്നിരുന്ന കേസുകളെല്ലാം തീർപ്പാക്കിയതായും ഇന്ത്യൻ അധികൃതർ വിവരിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം കമ്മ്യൂണിറ്റി വെൽഫെയർ - കോൺസുലർ വിഭാഗം കൈവരിച്ച നേട്ടങ്ങൾ ഉൾപ്പെടുത്തി കൊണ്ട് തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആണ് ഇക്കാര്യങ്ങൾ ഉള്ളത്. റിപ്പോർട്ട് ചെയ്ത 604 തൊഴിൽ പ്രശ്‌നങ്ങളിൽ 325 എണ്ണം പരിഹരിച്ചതായും അവശേഷിക്കുന്നവയുടെ കാര്യത്തിൽ ശ്രമങ്ങൾ പുരോഗമിക്കുന്നതായും കുറിപ്പ് വെളിപ്പെടുത്തി.

2022 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ ഓപ്പൺ ഹൗസ് സെഷനുകളുടെ ഒരു പരമ്പര തന്നെ കോൺസുലേറ്റിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതായും ഇതിലൂടെ മുൻകൂട്ടിയുള്ള അപ്പോയ്ന്റ്മെന്റോ മറ്റു ഉപചാരങ്ങളോ ഇല്ലാതെ അഞ്ഞൂറോളം പേർക്ക് കോൺസുലേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് തങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാനായെന്നതും നേട്ടമായി പത്രക്കുറിപ്പ് തുടർന്നു.

കമ്മ്യൂണിറ്റി വെൽഫെയർ - കോൺസുലാർ വിഭാഗത്തിന്റെ റിപ്പോർട്ട് വെളിപ്പെടുത്തിയ മറ്റു നേട്ടങ്ങൾ ഇവയാണ്:

· ഏകദേശം 400 ഇന്ത്യൻ പൗരന്മാർ അവരുടെ പരാതികൾ പരിഹരിക്കുന്നതിനായി സൗദിയ്ക്കകത്തു നിന്നും ഇന്ത്യയിൽ നിന്നും നിന്നും വെർച്വൽ മീറ്റിംഗുകളിൽ പങ്കെടുക്കുകയും അതിന്റെ ഗുണഫലം അനുഭവിക്കുകയും ചെയ്തു.

· ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് വേണ്ടി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഐ സി ഡബ്‌ളിയു എഫ് (ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്) സ്‌കീമിൽ നിന്ന് ഏകദേശം 6.5 ലക്ഷം റിയാൽ സാമ്പത്തിക സഹായം നൽകി.

· കഴിഞ്ഞ സാമ്പത്തിക വർഷം കോൺസുലേറ്റ് പ്രവർത്തന പരിധിയിൽ വെച്ച് മരണപ്പെട്ട 1126 ഇന്ത്യക്കാരിൽ 926 പേരുടെ മൃതദേഹം ഇവിടെ സംസ്കരിക്കുകയും 197 പേരുടെ മൃതദേഹം നാട്ടിലേക്കയക്കാനും സാധിച്ചു.

· ഇന്ത്യക്കാർ ഉൾപ്പെട്ട സംഭവങ്ങളിൽ സൗദി കോടതികളിൽ നിന്ന് മരണാന്തര നഷ്ടപരിഹാരമായി മൊത്തം മൂന്നേ മുക്കാൽ കോടി (37225807) ഇന്ത്യൻ രൂപ ലഭിക്കുകയുണ്ടായി.

· വിടപറയുന്ന വർഷം ജിദ്ദാ ഇന്ത്യൻ കോൺസുലേറ്റ് നിർവഹിച്ച മറ്റു ചില കോൺസുലർ സർവീസുകൾ: ഏകദേശം 50000 പാസ്‌പോർട്ടുകൾ, 5000 വിസകൾ, 5000 എമെർജെസി സർട്ടിഫിക്കറ്റുകൾ എന്നിവ ഇഷ്യൂ ചെയ്യുകയും 10000 ത്തിലേറെ അപേക്ഷകർക്ക് അറ്റസ്റ്റേഷൻ സേവനങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു.

Advertisment