Advertisment

ഫുട്‌ബോള്‍ സമൂഹത്തിലെ ഹക്കിം ;ഒളിമ്പ്യനും ഫിഫ റഫറിയുമായ എസ്​.എസ്​. ഹക്കീം അന്തരിച്ചു

New Update

publive-image

Advertisment

ന്യൂഡല്‍ഹി : 1960 റോം ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമംഗവും ദേശീയ പരിശീലകനും ഫിഫ റഫറിയുമായിരുന്ന എസ്.എസ്. ഹക്കിം (സയ്യിദ് ഷാഹിദ് ഹക്കിം-82) അന്തരിച്ചു. പക്ഷാഘാതം ബാധിച്ച് അവശനിലയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ രാവിലെ കര്‍ണാടക ഗുല്‍ബര്‍ഗയിലെ ആശുപത്രിയിലായിരുന്നു. ഫുട്‌ബോള്‍ സമൂഹത്തില്‍ ഹക്കിം സാബ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം വ്യോമസേനയില്‍ സ്‌ക്വാഡ്രന്‍ ലീഡറായി വിരമിച്ച ശേഷം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) റീജനല്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. അഞ്ചുപതിറ്റാണ്ടു നീണ്ട കരിയറിന് ആദരമായി രാജ്യം ധ്യാന്‍ചന്ദ് പുരസ്‌കാരം സമ്മാനിച്ചിട്ടുണ്ട്.

1982ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി.കെ. ബാനര്‍ജിയുടെ സഹപരിശീലകനായിരുന്നു ഹക്കിം. 1998ല്‍ മഹീന്ദ്രയെ ഡ്യുറാന്‍ഡ് കപ്പ് ജേതാക്കളാക്കിയതാണ് പരിശീലക കരിയറില്‍ ഏറ്റവും മികച്ച നേട്ടം.സാല്‍ഗോക്കര്‍, ഹിന്ദുസ്ഥാന്‍ എഫ്‌സി, ബംഗാള്‍ മുംബൈ എഫ്‌സി എന്നിവയുടെയും കോച്ചായിരുന്നു. ഫിഫ റഫറിയെന്ന നിലയില്‍ 1988ലെ ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ വിസില്‍ ചെയ്ത ഹക്കിം 2017 അണ്ടര്‍ 17 ഫിഫ ലോകകപ്പിന്റെ സ്‌കൗട്ടിങ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു.

1960ല്‍ സര്‍വീസസ് ടീമിനൊപ്പം സന്തോഷ് ട്രോഫി ദേശീയ കിരീടം നേടിയ ഹക്കിം 1966 വരെ ടീമിന്റെ ഭാഗമായിരുന്നു. ഹൈദരാബാദ് സിറ്റി കോളജ് ഓള്‍ഡ് ബോയ്‌സിനായും ഇന്ത്യന്‍ എയര്‍ഫോഴ്‌സിനായും ക്ലബ് തലത്തില്‍ മികച്ച പ്രകടനം നടത്താനും അദ്ദേഹത്തിനായി. ഹക്കിമിന്റെ നിര്യാണത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍, സെക്രട്ടറി കുശാല്‍ ദാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.

Advertisment