Advertisment

മെസേജ് റിയാക്ഷന്‍ ഫീച്ചറില്‍ പുത്തൻ മാറ്റം അവതരിപ്പിച്ച് വാട്സ്ആപ്പ്; ഇനി മുതൽ കൂടുതൽ ഇമോജികൾ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ് മെസെജിന് ഇനി ഇഷ്ടമുള്ള ഇമോജി കൊടുക്കാം. വാട്ട്‌സ്ആപ്പ് റിയാക്ഷൻ ഫീച്ചർ പുറത്തിറങ്ങി തുടങ്ങി രണ്ട് മാസത്തിന് ശേഷമാണ് ഈ അപ്‌ഡേറ്റ് ലഭിക്കുന്നത്. ഉപയോക്താക്കൾക്ക് തുടക്കത്തിൽ ആറ് ഇമോജികൾ മാത്രമേ ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ. വാട്ട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചത്.

ഈ വര്‍ഷം ആദ്യം വാട്ട്സ്ആപ്പ് മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. തുടക്കത്തില്‍ ഉപയോക്താക്കള്‍ക്ക് കുറച്ച് ഇമോജികളില്‍ മാത്രമായിരുന്നു മെസേജ് റിയാക്ഷന്‍ ഫീച്ചറിലൂടെ ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുഴുവൻ ഇമോജികളും ഉപയോഗിച്ച് സന്ദേശങ്ങളോട് പ്രതികരിക്കാനുള്ള അവസരമാണ് വാട്ടസ്ആപ്പ് ഒരുക്കിയിരിക്കുന്നത്.

നാല് വർഷത്തെ പരീക്ഷണത്തിന് ഒടുവിൽ മെയ് തുടക്കത്തിലാണ് വാട്ട്‌സ്ആപ്പ് റിയാക്ഷൻ ഫീച്ചർ ആദ്യമായി അവതരിപ്പിച്ചത്. ടെലിഗ്രാം, ഐമെസേജ്, സ്ലാക്ക്, കൂടാതെ ഇൻസ്റ്റാഗ്രാം എന്നിവയ്ക്ക് ഒപ്പം എത്തുകയായിരുന്നു വാട്സാപ്പിന്റെ ലക്ഷ്യം. റോബോട്ട് ഫെയ്‌സ്, ഫ്രഞ്ച് ഫ്രൈസ്, മാൻ സർഫിംഗ്, സൺഗ്ലാസ് സ്‌മൈലി, 100 ശതമാനം ചിഹ്നം, മുഷ്‌ടി ബമ്പ് എന്നിവയുൾപ്പെടെയുള്ള ഇമോജികൾ ഇട്ടാണ് പുതിയ അപ്ഡേഷനെ കുറിച്ച് സക്കർബർഗ് പങ്കുവെച്ചിരിക്കുന്നത്.

ഏത് ഇമോജിയും വാട്ട്‌സ്ആപ്പ് റിയാക്ഷനായി ഉപയോഗിക്കാനുള്ള സംവിധാനം കൊണ്ടുവരുമെന്ന് ഫീച്ചർ ലോഞ്ച് ചെയ്യുന്നതിന് മുമ്പുതന്നെ സൂചിപ്പിച്ചിരുന്നു. ഏതെങ്കിലും ഇമോജി റിയാക്ഷനായി ഉപയോഗിക്കാൻ മെസെജിൽ കുറെ നേരം അമർത്തിയ ശേഷം ഇമോജി പോപ്പ്-അപ്പിലെ '+' ബട്ടൺ അമർത്തിയാൽ മതി. അപ്പോൾ ഇമോജി സെലക്ടർ ഓപ്പൺ ആകും (ചുവടെ കാണുന്നത് പോലെ). അതിൽ നിന്ന് ഇഷ്ടമുള്ള ഇമോജി സെലക്ട് ചെയ്യാം. ബീറ്റാ ടെസ്റ്റർമാരുടെ റിപ്പോർട്ടുകൾ പ്രകാരം വാട്ട്‌സ്ആപ്പ് സമീപകാലത്തായി നിരവധി ഫീച്ചറുകൾ പരീക്ഷിക്കുന്നുണ്ട്.

മറ്റൊരു ഹാൻഡ്‌സെറ്റിൽ നിന്ന് ലോഗിൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിനുള്ള ഫീച്ചറും ചില കോൺടാക്റ്റുകളിൽ നിന്ന് നിങ്ങളുടെ ഓൺലൈൻ സ്റ്റാറ്റസ് മറയ്ക്കാനുള്ള സെറ്റിങ്സും മറ്റും ഇതിൽ പെടുന്നതാണ്. ജൂണിലാണ് ഉപയോക്താക്കൾക്കായി ഗ്രാനുലാർ പ്രൈവസി കൺട്രോൾ പുറത്തിറക്കാൻ വാട്ട്‌സാപ്പ് തീരുമാനിച്ചത്.

ഇതനുരിച്ച് കോൺടാക്റ്റുകളിലെ ആരൊക്കെ എബൗട്ട് സ്റ്റാറ്റസ് കണ്ടു, ലാസ്റ്റ് സീൻ, അവരുടെ പ്രൊഫൈൽ ഫോട്ടോ എന്നിവ ആരൊക്കെ കാണണം എന്നൊക്കെ തിരഞ്ഞെടുക്കാൻ കഴിയും. ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ നിന്ന് ഐഫോണിലേക്ക് വാട്ട്‌സ്ആപ്പ് ഡാറ്റ എളുപ്പത്തിൽ കൈമാറാനുള്ള സംവിധാനം ഉടൻ പുറത്തിറങ്ങുമെന്ന് സക്കർബർഗ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Advertisment