പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ തട്ടിപ്പുകാരിൽ വീണ്ടും വർദ്ധനവ്. ഇത്തവണ വാട്സ്ആപ്പിൽ റിപ്പോർട്ട് ചെയ്തത് വളരെ ഗുരുതരവും, വ്യത്യസ്ഥവുമായ തട്ടിപ്പാണ്. തട്ടിപ്പുകാർ ഇരകളുടെ കുടുംബാംഗങ്ങളെപ്പോലെ വേഷമിടുകയും, മൊബൈൽ ഫോൺ നഷ്ടപ്പെടുമെന്ന വ്യാജേന പണം അയക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്ന തട്ടിപ്പാണ് പലയിടങ്ങളിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
‘ഹായ് മം’ അല്ലെങ്കിൽ ‘കുടുംബ ആൾമാറാട്ടം’ എന്ന പേരിലാണ് ഈ തട്ടിപ്പ് അറിയപ്പെടുന്നത്. ഓസ്ട്രേലിയയിൽ നിന്ന് റിപ്പോർട്ട് ചെയ്ത തട്ടിപ്പിന്റെ വാർത്ത പ്രകാരം, വാട്സ്ആപ്പ് ചാറ്റിലൂടെയാണ് ഇരകളെ ലക്ഷ്യമിടുന്നത്. അടുത്ത സുഹൃത്തുക്കളുടെയോ, കുടുംബാംഗങ്ങളുടെയോ പേരിൽ വ്യക്തിയുമായി ബന്ധപ്പെടുകയും, വിശ്വസനീയമായ കാരണങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. ഇത് വിശ്വസിക്കുന്നതോടെ, തട്ടിപ്പുകാർക്ക് പണം അയക്കാൻ നിർബന്ധിതരാകുന്നു.
ഓസ്ട്രേലിയയിൽ ഏകദേശം 1,150- ലധികം കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉപയോക്താക്കൾക്ക് ഏകദേശം 21 കോടിയിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രധാനമായും 55 വയസിനു മുകളിലുള്ള സ്ത്രീകളാണ് ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകുന്നത്.