Advertisment

സമ്പന്നര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും ആസ്വദിക്കാം മാലിദ്വീപ്; കുറഞ്ഞ ചെലവില്‍ ഒരു ബജറ്റ് യാത്ര

author-image
admin
Updated On
New Update

publive-image

Advertisment

എല്ലാ യാത്രാപ്രേമികളുടെയും ഡ്രീം ഡെസ്റ്റിനേഷനാണ് മാലിദ്വീപ് അഥവ മാല്‍ഡൈവ്‌സ്. ഒരിക്കലെങ്കിലും ഇവിടെ പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ വിരളമായിരിക്കും. മാലിദ്വീപിലേക്ക് എത്താന്‍ ആഗ്രഹിക്കുമ്പോഴും നിങ്ങളില്‍ പലരെയും പുറകോട്ട് വലിക്കുന്നത് ഒരു പക്ഷേ അവിടുത്തെ ചിലവുകളെക്കുറിച്ചുള്ള വ്യാകുലതകളായിരിക്കാം. തൊട്ടാല്‍ പണം പൊട്ടുന്ന ഇടമാണ് ഈ മനോഹര ദ്വീപ് രാജ്യമെന്ന് പറയുമ്പോഴും മാലിദ്വീപിലെ ഓരോ കൗതുകളെയും അറിഞ്ഞ് തിരഞ്ഞെടുത്താല്‍ അവിടെയും കുറഞ്ഞ ബജറ്റില്‍ ആഘോഷിക്കാം..

publive-image

അറബികടലില്‍ സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപുകളുടെ സംഗമ ഭൂമിയായ മാലിദ്വീപിലേക്ക് പോകാന്‍ സങ്കീര്‍ണമായ വിസ നടപടികള്‍ ആവശ്യമില്ലെന്നതാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന വസ്തുത. അതുകൊണ്ട് തന്നെ ഇന്ത്യന്‍ യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇവിടെയെത്തിച്ചേരാന്‍ പ്രയാസമില്ല. ബാച്ചിലേഴ്‌സിനെയും ദമ്പതിമാരെയും മാത്രമല്ല, കുടുംബമായെത്തുന്നവരെയും കുട്ടികളെയുമെല്ലാം ഇവിടുത്തെ കാഴ്ചകള്‍ വരവേല്‍ക്കുന്നതാണ്.

publive-image

വിനോദസഞ്ചാരമാണ് ഈ ദ്വീപ് രാജ്യത്തിലെ പ്രധാന വരുമാന മാര്‍ഗമെന്നിരിക്കെ അതിമനോഹരമായ ധാരാളം കാഴ്ചകളും സൗകര്യങ്ങളുമാണ് ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത്. അവയില്‍ വളരെ കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കഴിയുന്ന അതിഥി മന്ദിരങ്ങളും അത്യാഢംബര സൗകര്യങ്ങള്‍ അടങ്ങുന്ന മുന്തിയ റിസോര്‍ട്ടുകളുമുണ്ട്. കയ്യിലുള്ള പണത്തിനനുസരിച്ച് താല്‍പര്യം പോലെ അവ തെരെഞ്ഞെടുക്കാം. പണച്ചെലവ് കുറഞ്ഞ താമസ സൗകര്യങ്ങള്‍ കണ്ടെത്തുന്നത് പോലെ തന്നെ ചെലവ് കുറയ്‌ക്കാനുള്ള മറ്റൊരു മാര്‍ഗമാണ് യാത്രയ്‌ക്കായി ലോക്കല്‍ ഫെറികളെ ആശ്രയിക്കുക എന്നത്. റിസോര്‍ട്ടിലേക്ക് പോകാന്‍ സ്പീഡ് ബോട്ടുകള്‍ മാത്രമാണ് ലഭിക്കുക. വളരെ വലിയ തുക ഈടാക്കുന്ന സ്പീഡ് ബോട്ടുകളേക്കാള്‍ നമുക്ക് ആശ്രയിക്കാന്‍ സൗകര്യം തദ്ദേശീയരായ മത്സ്യത്തൊഴിലാളികളായിരിക്കും. വളരെ കുറഞ്ഞ തുകയില്‍ റിസോര്‍ട്ടിന് സമീപത്തെത്താന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ സഹായിക്കും. വേണ്ടത്ര മത്സ്യത്തൊഴിലാളികളും മാലിദ്വീപില്‍ സുലഭമാണ്.

ഭക്ഷണ സൗകര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ആദ്യം തിരിച്ചറിയേണ്ട ഒരു വസ്തുത, സ്വാദേറിയ ആഹാരം വിളമ്പുന്ന ഒരിടം കൂടിയാണ് മാലിദ്വീപ് എന്നതാണ്. ചൂരയാണ് ഇവരുടെ ഭക്ഷണത്തിലെ പ്രധാന വിഭവം. ചോറും മീന്‍കറിയുമൊക്കെ ഉള്‍പ്പെടുന്ന ഇവിടുത്തെ ഭക്ഷണം നമ്മുടെ നാട്ടിലെ വിഭവങ്ങളോടു സാദൃശ്യമുള്ളതാണ്. താമസസ്ഥലങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രഭാത ഭക്ഷണം കൂടി ഉള്‍പ്പെടുന്ന പാക്കേജുകളെ ആശ്രയിക്കാം. അങ്ങിനെയെങ്കില്‍ ഭക്ഷണത്തിനായി മറ്റ് ഹോട്ടലുകളെ തേടി പോകേണ്ടി വരില്ല. ഫുലിദൂ പോലുള്ള കൊച്ചു ദ്വീപുകളില്‍ പൊതുവെ റെസ്റ്റോറെന്‍രുകള്‍ കുറവാണ്. അതുകൊണ്ടു തന്നെ അവിടെ എല്ലാ ഭക്ഷ്യശാലകളിലും അത്യാവശ്യം തുക ഈടാക്കും. എന്നാല്‍ മാഫുഷി പോലുള്ള വലിയ ദ്വീപുകളില്‍ നിരവധി റെസ്റ്റോറന്റുകളുണ്ട്. നമ്മുടെ ബജറ്റിനനുസരിച്ച് ചെറിയ റെസ്‌റ്റോറന്റുകളെ തെരെഞ്ഞെടുക്കാവുന്നതാണ്.

മാലിദ്വീപിലെത്തിയാല്‍ വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു കൗതുകമാണ് ഇവിടുത്ത ജലകേളികള്‍. ബീച്ചുകളിലെ ഡൈവിംഗ്, സ്‌നോര്‍ക്ലിങ് എന്നീ വിനോദങ്ങള്‍ക്ക് പണം അല്‍പമധികം ചെലവാകും. എങ്കിലും എല്ലാ പാക്കേജുകളെയും കുറിച്ച് ചോദിച്ചറിഞ്ഞ് മാത്രം മാത്രം പണം മുടക്കുകയാണ് ഉചിതം. കടലിനടിയിലെ സുന്ദരമായ കാഴ്ചകള്‍ അനുഭവവേദ്യമാക്കുന്ന സ്‌നോര്‍ക്ലിങ് സഞ്ചാരികള്‍ക്ക് പലര്‍ക്കും പുതുമ നല്‍കുന്ന അനുഭവമായിരിക്കും. അക്കാര്യത്തില്‍ പണച്ചിലവേറുമെങ്കിലും ആസ്വദിക്കേണ്ടവ തന്നെയാണ്.

1200 ഓളം കൊച്ചു ദ്വീപുകള്‍ ചേര്‍ന്നതാണ് മാലദ്വീപ്. അതില്‍ ആള്‍താമസമുള്ളത് 200 എണ്ണത്തില്‍ മാത്രമാണ്. ഇവിയില്‍ തന്നെ 50 എണ്ണത്തില്‍ മാത്രമേ അതിഥികള്‍ക്കായി ഒരുക്കുന്നുള്ളൂ.. ഓരോ ദ്വീപുകളിലും വേറിട്ട കാഴ്ചകളാണ്, വേറിട്ട അനുഭവമാണ്. 30 ഓളം അതിഥിമന്ദിരങ്ങളുള്ള മാഫുഷിയാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ദ്വീപ്. ഓരോ ദ്വീപുകളിലും ചിലപ്പോള്‍ ഓരോ കാലാവസ്ഥയായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. പ്രവചനാതീതമാണ് ഓരോ ദ്വീപിലെയും കാലാവസ്ഥ. ഒക്ടോബറിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത്. സീസണില്‍ പൊതുവെ ഇവിടെയെല്ലാ വിനോദങ്ങള്‍ക്കും ചിലവേറും. താമസത്തിനും ഭക്ഷണത്തിനും ഇരട്ടി തുകയും ഈടാക്കിയേക്കാം. അതിനാല്‍ സീസണുകളില്‍ അല്ലാതെ മാലിദ്വീപിലെത്തുകയാണെങ്കില്‍ നമ്മുടെ യാത്ര ഒരു ബജറ്റിലൊതുങ്ങുമെന്ന് ചുരുക്കം. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളും മാലിദ്വീപ് സന്ദര്‍ശിക്കുന്നതിന് അനുയോജ്യമായ സമയമാണ്. സിനിമാ താരങ്ങള്‍ക്കും പ്രമുഖര്‍ക്കും അതിസമ്പന്നര്‍ക്കും മാത്രമല്ല, സാധാരണക്കാര്‍ക്കും മാലിദ്വീപിലെത്തിയാല്‍ ആഘോഷിക്കാം ആസ്വദിക്കാം..

1200 ഓളം കൊച്ചു ദീപുകളുള്ള മാലിദ്വീപില്‍ ഓരോ ദ്വീപുകളിലും വേറിട്ട കാഴ്ചകളും അനുഭവങ്ങളുമാണ്. തൊട്ടാല്‍ പണം പൊട്ടുന്ന ഇടമാണ് മനോഹരമായ ഈ ദ്വീപ് രാജ്യമെന്ന് പറയുമ്പോഴും ഇവിടുത്തെ ഓരോ കൗതുകളെയും അറിഞ്ഞ് തിരഞ്ഞെടുത്താല്‍ കുറഞ്ഞ ചിലവില്‍ സാധാരണക്കാര്‍ക്കും പോയി വരാം..

Advertisment