Advertisment

ഭൂട്ടാൻ യാത്രയിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

author-image
admin
Updated On
New Update

publive-image

Advertisment

ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത താമസിക്കുന്ന രാജ്യമെന്ന ബഹുമതിയുണ്ട് ഭൂട്ടാന്. പർവതങ്ങളുടെ താഴ്‌വരയായതുകൊണ്ടു തന്നെ വശ്യമനോഹരമായ പ്രകൃതിയാണ് ഈ നാടിന്റെ സവിശേഷത. മരങ്ങളും ചെടികളും മനോഹരമാക്കുന്ന ഇവിടുത്തെ പ്രകൃതിയും കാഴ്ചകളും ഏതൊരു സഞ്ചാരിക്കും വിസ്മയമാണ്. ഭൂട്ടാൻ യാത്രയ്ക്ക് തയാറെടുക്കുമ്പോൾ കുറച്ചേറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ധനച്ചെലവ് കുറയ്ക്കാനും യാത്ര മികച്ച രീതിയിൽ ആസ്വദിക്കാനമിതാ കുറച്ചു മാർഗങ്ങൾ.

ഓരോ സഞ്ചാരിയുടെയും താൽപര്യങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ചു യാത്രകൾക്കുള്ള പദ്ധതികൾ തയാറാക്കാം. തിരക്കുകൾ കുറവുള്ള സമയത്തോടാണ് ആഭിമുഖ്യം കൂടുതലെങ്കിൽ യാത്രയ്ക്കു ഒരുങ്ങുന്നതിനു മുൻപ് തന്നെ ആ നാട്ടിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന മാസങ്ങൾ ഏതെന്നു അറിഞ്ഞു വെയ്ക്കാം. ഭൂട്ടാനിൽ സന്ദർശകരുടെ തിരക്കനുഭവപ്പെടുന്നതു വസന്തകാലത്തിലാണ്. അതായതു മാർച്ച് മുതൽ മെയ് വരെയുള്ള സമയമാണ് സീസൺ.

ഉത്സവങ്ങൾ ആസ്വദിക്കാനും ട്രെക്കിങ്ങ് പോലുള്ള വിനോദങ്ങൾക്കും ഉചിതം ആ മാസങ്ങളിൽ ഭൂട്ടാൻ സന്ദർശിക്കുന്നതാണ് . സെപ്തംബര്‍ മുതൽ നവംബര്‍ വരെയുള്ള മാസങ്ങൾ സീസൺ അല്ലെങ്കിലും തിരക്കുകളും ബഹളങ്ങളും താല്പര്യമില്ലാത്ത സഞ്ചാരികൾ ആ സമയങ്ങളിൽ ഭൂട്ടാന്റെ മനോഹാരിത ആസ്വദിക്കാൻ എത്തും. അതുകൊണ്ടു തന്നെ മാർച്ച്, ഏഏപ്രിൽ, ഒക്ടോബർ, നവംബർ മാസങ്ങളിൽ പൊതുവെ സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് അനുഭവപ്പെടാം.

ഈ മാസങ്ങളിലാണ് യാത്രയ്ക്കു ഒരുങ്ങുന്നതെങ്കിൽ മൂന്നു മാസങ്ങൾക്കു മുൻപ് തന്നെ യാത്രാടിക്കറ്റുകൾ റിസർവ് ചെയ്തു വെയ്ക്കുന്നതു ഉപകാരപ്പെടും. ചില വർഷങ്ങളിൽ സീസൺ സമയങ്ങളിൽ ടിക്കറ്റുകൾ ലഭിക്കാതെ വരാറുണ്ട്. ടൂർ പാക്കേക്കേജുകൾ ബുക്ക് ചെയ്യുന്നതും ടിക്കറ്റുകൾ റിസർവ് ചെയ്തു വെയ്ക്കുന്നതും യാത്ര സുഗമമാക്കും.

ഹോം സ്റ്റേകൾ താമസത്തിനായി തെരഞ്ഞെടുക്കാൻ താല്പര്യമുള്ളവർക്കു മികച്ച താമസ സൗകര്യങ്ങൾ നൽകുന്ന നിരവധി ഹോം സ്റ്റേകൾ കാണുവാൻ കഴിയും. സൗകര്യങ്ങൾ കുറഞ്ഞ ഹോം സ്റ്റേ കളും കുറഞ്ഞ നിരക്കിൽ ലഭ്യമാകും. ഭൂട്ടാനിലെ ജനങ്ങളുടെ ജീവിതരീതികളും ശൈലികളും അടുത്തറിയാൻ ഏറെ ഉപകാരപ്രദമാണ് ഹോംസ്റ്റേകൾ. മാത്രമല്ല, ആഡംബരങ്ങൾ നിറഞ്ഞ ഹോട്ടൽ മുറിയോളം പണച്ചെലവുമില്ല.

പുകയില ഉത്പന്നങ്ങളുടെ വില്പനയും വാങ്ങലും നിരോധിച്ച ഒരു രാജ്യമാണ് ഭൂട്ടാൻ, കൂടാതെ, പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു ഭൂട്ടാനിലെത്തി പുകവലിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും. സാധനങ്ങൾ വാങ്ങുമ്പോൾ വില പേശുന്നതു നല്ലതാണ്. കുറച്ചു പണം ലാഭിക്കാൻ അത് സഹായിക്കും. ബുദ്ധമത കേന്ദ്രങ്ങളുടെയും ക്ഷേത്രങ്ങളുടെയുമൊക്കെ ചിത്രങ്ങൾ പകർത്തുമ്പോൾ അനുമതിയുണ്ടോ എന്ന് ഗൈഡിനോട് അന്വേഷിച്ചതിനുശേഷം മാത്രം ഫോട്ടോകൾ എടുക്കുക.

Advertisment