Advertisment

നന്മയുടെ നക്ഷത്ര ദീപങ്ങൾ തെളിച്ച് യുക്മ ദേശീയ കലാമേളയ്ക്ക് തുടക്കമായി; മലയാളത്തിന്റെ പ്രിയ കഥാകാരി സാറാ ജോസഫ് ഉദ്ഘാടകയായ സമ്മേളനത്തിന് പതിനായിരങ്ങൾ

author-image
ജൂലി
New Update
publive-image
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് പ്രൗഢഗംഭീരമായ തുടക്കം. നന്മയുടെ നക്ഷത്ര ദീപങ്ങൾ തെളിച്ച്,  നടന വിസ്മയം അനശ്വര നടൻ നെടുമുടി വേണുവിൻ്റെ നാമധേയത്തിലുള്ള നഗറിൽ മലയാളത്തിൻ്റെ പ്രശസ്ത സാഹിത്യകാരി പ്രൊഫ. സാറാ ജോസഫ് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിച്ചു. തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ കല സൗന്ദര്യമാണ്, കല നീതിക്ക് വേണ്ടിയും ആൺ പെൺ വിത്യാസമില്ലാതെ സമത്വത്തിന് വേണ്ടി നിലകൊള്ളണമെന്നും ഓർമ്മിപ്പിച്ചു.
ലോകമെങ്ങുമുള്ള ദുരിത ബാധിതർക്കിടയിൽ ഏത് തരത്തിലുമുള്ള കലാപ്രവർത്തനങ്ങളും മനുഷ്യനെ ദുഃഖത്തിൽ നിന്നും ദുരിതത്തിൽ നിന്നും കുറച്ച് നേരത്തേക്കെങ്കിലും മാറി നിൽക്കുവാൻ സഹായിക്കുമെന്നും, കല സംസ്ക്കാരികമായി ഉന്നയിലെത്താൻ സഹായിക്കുമെന്നും പറഞ്ഞു. സ്വന്തം നാട്ടിൽ നിന്ന് വിട്ടു നിൽക്കുമ്പോഴും സ്വന്തം നാടിൻ്റെ മണമുള്ള കലാസാംസ്കാരിക സാമൂഹ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും, തുടർച്ചയായി പന്ത്രണ്ടാമത്തെ തവണ യുക്മ സംഘടിപ്പിച്ചിരിക്കുന്ന കലാമേള കോവിഡ് കാലഘട്ടത്തിലും മുടക്കമില്ലാതെ നടത്താൻ മുൻകൈയ്യെടുത്ത യുക്മ നേതൃത്വത്തെ അഭിനന്ദിച്ചു.
യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള അദ്ധ്യക്ഷത വഹിച്ച സമ്മളനത്തിൽ യുക്മ വൈസ് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. യുകെയിലെ പ്രശസ്ത നർത്തകി  മഞ്ജു സുനിലിൻ്റെ വെൽക്കം ഡാൻസ് അവതരിപ്പിച്ചു. കലാമേളയുടെ രജിസ്ട്രേഷൻ്റെ ചുമതല വഹിച്ചിരുന്ന ജോയിൻറ് സെക്രട്ടറി സാജൻ സത്യൻ നിലവിളക്ക് തെളിയിച്ചു, യുക്മ കലാമേള 2021 നെക്കുറിച്ച് കലാമേളയുടെ ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡൻറ് ലിറ്റി ജിജോ അവലോകനം നടത്തി. യുക്മ നാഷണൽ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്  നന്ദി പ്രകാശിപ്പിച്ചതോടെ ഉദ്ഘാടന സമ്മേളനം അവസാനിച്ചു. യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ പ്രമുഖ ടിവി ആർട്ടിസ്റ്റും, നർത്തകിയുമായ അനുശ്രീ എസ് നായർ അവതാരകയുടെ ചുമതല ഏറ്റവും  മനോഹരമായും കൃത്യമായും നിർവ്വഹിച്ചു.
Advertisment
ഉദ്ഘാടന സമേളനത്തിന് ശേഷം ജൂനിയർ വിഭാഗം ഫോക്ക് ഡാൻസ്  മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുകയുണ്ടായി.  കലാമേളയിലെ ഇനിയും സംപ്രേക്ഷണം ചെയ്യുവാനുള്ള മറ്റ് മത്സരാർത്ഥികളുടെ പ്രകടനങ്ങൾ ഡിസംബർ 27 തിങ്കൾ മുതൽ യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. സമയം പിന്നീട് അറിയിക്കുന്നതാണ്. തുടർന്ന് വിധി നിർണയം പൂർത്തിയാക്കി വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്നതാണ്.
ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മ, ലോകമെങ്ങുമുള്ള ഒരു പ്രവാസി പ്രസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത വിധത്തിൽ, തുടർച്ചയായി  സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ദേശീയ കലാമേളക്കാണ്  കഴിഞ്ഞ ശനിയാഴ്ച തിരിതെളിഞ്ഞത്. ലോകമെങ്ങും കോവിഡിൻ്റെ ഭീതി ഏറ്റവും പാരമ്യത്തിലെത്തി വിറങ്ങലിച്ച് നിന്ന കാലഘട്ടത്തിൽ പോലും യുക്മ കലാമേളകൾക്ക് മുടക്കം വന്നില്ല എന്നത് തികച്ചും അഭിമാനാർഹമായ കാര്യമാണ്.
യുകെയിലെ മലയാളി സമൂഹത്തിൻ്റെ ദൈനംദിന കാര്യങ്ങളിൽ സമയോചിതമായി ഇടപെട്ടുകൊണ്ട് മുന്നേറുന്ന യുക്മ എന്ന മഹാപ്രസ്ഥാനത്തിൻ്റെ ശിരസിലെ പൊൻ കിരീടമാണ് യുക്മ കലാമേളകൾ. ലോകമെങ്ങുമുള്ള മനുഷ്യസമൂഹം വിഷമമേറിയ സാഹചര്യത്തിലും നിരാശയിലൂടെയും മറ്റും കടന്നു പോയപ്പോഴും അവരെ അതിൽ നിന്നെല്ലാം മാറ്റി നിറുത്തി യു കെ മലയാളികൾക്ക് പ്രതീക്ഷയുടെ അണയാത്ത പൊൻകിരണങ്ങൾ സമ്മാനിച്ചു കൊണ്ട് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ്  യുകെയിൽ യുക്മയുടെ നേതൃത്വത്തിൽ കോവിഡ് കാലഘട്ടങ്ങളിൽ സംഘടിപ്പിച്ചത്.
യുക്മ ദേശീയ കലാമേള 2021 ൻ്റെ ഉദ്ഘാടന പരിപാടികളിൽ സംബന്ധിച്ച യുകെയിലെയും ലോകമെങ്ങുമുള്ള എല്ലാ കലാ സ്നേഹികൾക്കും  സഹൃദയർക്കും യുക്മ ദേശീയ സമിതിക്കു വേണ്ടി  ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് നന്ദി രേഖപ്പെടുത്തി.
യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടന സമ്മേളനം കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Advertisment