Advertisment

സ്ക്രീന്‍ ഷോട്ടുകളുമായി വസ്ത്രധാരണത്തിന്‍റെ പേരില്‍ വിവാദത്തിലായ നടി

author-image
admin
Updated On
New Update

publive-image

Advertisment

സെലിബ്രിറ്റികളെ സംബന്ധിച്ച് അവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സോഷ്യല്‍ മീഡിയ മാനേജ്മെന്‍റ് . ഇന്ന് ഇൻഡസ്ട്രിയില്‍ നിലനില്‍ക്കണമെങ്കില്‍ സോഷ്യല്‍ മീഡിയ കൂടിയേ തീരൂ എന്നതാണ് അവസ്ഥ. എന്നാല്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാനാണെങ്കില്‍ ചെറിയ മിടുക്കും പോര.

publive-image

ചില സെലിബ്രിറ്റികളുണ്ട് എളുപ്പത്തില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ 'നല്ല പേര്' സമ്പാദിക്കുന്നവര്‍. അവര്‍ കാര്യമായ പ്രതിസന്ധികളൊന്നും കൂടാതെ തന്നെ സുരക്ഷിതമായി മുന്നോട്ടുപോകും. എന്നാല്‍ ഒരിക്കലെങ്കിലും വിവാദത്തില്‍ അകപ്പെട്ടവരാണെങ്കില്‍ അവര്‍ക്ക് എക്കാലവും അതിന്‍റെ ബാധ്യത പേറേണ്ടതായ ദുരവസ്ഥയും ഉണ്ടാകാം.

അത്തരത്തില്‍ എല്ലായ്പോഴും സോഷ്യല്‍ മീഡിയയില്‍ ക്രൂരമായ വിധിയെഴുത്തുകള്‍ക്കും ആക്രമണങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയ ആകാറുള്ളൊരു നടിയാണ് ഉര്‍ഫി ജാവേദ്. ബിഗ് ബോസ് താരമെന്ന നിലയിലാണ് ഉര്‍ഫിയെ അധികപേര്‍ക്കും അറിയാവുന്നത്. പല പ്രമുഖ ടെലിവിഷന്‍ ഷോകളിലും ചില സീരിയലുകളിലും മ്യൂസിക് വീഡിയോകളിലുമെല്ലാം ഉര്‍ഫി വേഷമിട്ടിട്ടുണ്ട്.

പൊതുമധ്യത്തില്‍ വസ്ത്രധാരണത്തിന്‍റെ പേരിലാണ് ഉര്‍ഫി വിവാദങ്ങളില്‍ അകപ്പെട്ടിട്ടുള്ളത്. വ്യത്യസ്തമായ ഔട്ട്ഫിറ്റുകള്‍ ധരിക്കുകയെന്നത് ഉര്‍ഫിയുടെ പ്രത്യേകതയാണ്. വസ്ത്രം മാത്രമല്ല ആഭരണങ്ങളും തെര‍ഞ്ഞെടുക്കുന്നതില്‍ ഇവര്‍ ഇതേ വ്യത്യസ്തത പാലിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്യാറ്. പല തവണയായി ബോഡി ഷെയിമിംഗിനും ഇവര്‍ ഇരയായിട്ടുണ്ട്.

ഇങ്ങനെ ഉയരുന്ന വിമര്‍ശനങ്ങളോട്, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളോട് ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്ന വ്യക്തി കൂടിയാണ് ഉര്‍പി. സോഷ്യല്‍ മീഡിയയിലൂടെയല്ല, മറിച്ച് അഭിമുഖങ്ങളിലൂടെയാണ് ഉര്‍ഫി തന്‍റെ ശക്തമായ നിലപാടുകള്‍ അറിയിക്കാറ്.

ഇപ്പോള്‍ പ്രമുഖ പഞ്ചാബി ഗായകന്‍ സിദ്ദു മൂസൈവാല കൊല്ലപ്പെട്ടത്തിന് പിന്നാലെ തനിക്ക് ലഭിച്ചിരിക്കുന്ന ചില മെസേജുകളുടെയും കമന്‍റുകളുടെയും സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചിരിക്കുകയാണ് ഉര്‍ഫി. സിദ്ദുവിന് പകരം വെടിവച്ച് കൊല്ലേണ്ടത് ഉര്‍ഫിയെ ആയിരുന്നുവെന്നും, എത്രയും പെട്ടെന്ന് ഉര്‍ഫി ഇങ്ങനെ കൊല്ലപ്പെടട്ടെയെന്നും അടക്കം അസഭ്യങ്ങള്‍ വരെ ഉള്‍പ്പെടുന്ന മെസേജുകളും കമന്‍റുകളുമാണിത്.

പലപ്പോഴും മാന്യതയുടെ അതിര്‍വരമ്പുകളെല്ലാം ഭേദിച്ചാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വരാറ്. പ്രത്യേകിച്ച് സ്ത്രീകളെ വിമര്‍ശിക്കുമ്പോള്‍ പുലര്‍ത്തേണ്ട മര്യാദകള്‍ ഒട്ടും തന്നെ സോഷ്യല്‍ മീഡിയയില്‍ പാലിക്കപ്പെടാറില്ല. സ്ത്രീകളാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതലും ആക്രമിക്കപ്പെടാറെന്ന് പറഞ്ഞാലും അതില്‍ തെറ്റില്ല.

ഇക്കാര്യങ്ങളെ അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഉര്‍ഫിക്ക് ലഭിച്ചിരിക്കുന്ന മെസേജുകളും കമന്‍റുകളും. നമ്മള്‍ ജീവിക്കുന്ന സമൂഹം എത്രമാത്രം അക്രമവാസന വച്ചുപുലര്‍ത്തുന്നതാണെന്ന് മനസിലാക്കാനാണ് താനിത് പങ്കുവയ്ക്കുന്നതെന്നും വളരെയധികം ഭയപ്പെടുത്തുന്ന വാക്കുകളാണിവയെന്നും ഉര്‍ഫി പറയുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും താന്‍ ഇല്ലാതായിപ്പോകുമെന്ന് ആരും കരുതേണ്ടെന്നും നടി പറയുന്നു.

'ഞാൻ ആരുടെയും മരണത്തില്‍ പങ്കുപറ്റിയിട്ടില്ല. എന്നിട്ടും എന്‍റെ മരണത്തിന് വേണ്ടി ആളുകള്‍ ആഗ്രഹിക്കുന്നുവെന്നത് ഭീകരമാണ്..'- ഉര്‍ഫി പറയുന്നു.

Advertisment