Advertisment

'രോഗത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ കരഞ്ഞു'; അതിജീവന അനുഭവം പങ്കിട്ട് നടി മഹിമ

author-image
admin
Updated On
New Update

publive-image

Advertisment

അര്‍ബുദരോഗത്തെ മനശക്തി കൊണ്ടും, ഫലപ്രദമായ ചികിത്സയോടെൊപ്പം ആത്മവിശ്വാസം കൊണ്ടും നേരിട്ട് വിജയിച്ചവര്‍ നിരവധിയാണ്. ഇക്കൂട്ടത്തില്‍ സെലിബ്രിറ്റികളായ വ്യക്തികളും ഉള്‍പ്പെടുന്നു. സെലിബ്രിറ്റികള്‍ തങ്ങളുടെ അനുഭവം പങ്കുവയ്ക്കുമ്പോള്‍ അത് ഒരുപക്ഷേ കൂടുതല്‍ പേര്‍ക്ക് ധൈര്യം പകര്‍ന്നേക്കാം. അത്തരത്തില്‍ ക്യാന്‍സറിനെ അതിജീവിച്ച അനുഭവം പങ്കുവയ്ക്കുകയാണ് ബോളിവുഡ് നടി മഹിമ ചൗധരി.

ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച് 'പര്‍ദേസ്' ആണ് മഹിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രം. പര്‍ദേസിലെ ഗാനങ്ങളും എക്കാലത്തെയും ഹിറ്റുകള്‍ ആയിരുന്നു. ബോളിവുഡ് സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം ഏറെ സുപരിചിതയുമാണ് മഹിമ. എന്നാല്‍ മഹിമ സ്തനാര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു എന്ന കാര്യം മിക്കവരും അറിഞ്ഞിരുന്നില്ല.

ബോളിവുഡ് താരമായ അനുപം ഖേര്‍ ആണ് ഇക്കാര്യം പരസ്യമായി ഏവരെയും അറിയിച്ചത്. ചികിത്സയ്ക്ക് ശേഷം അനുപം ഖേറിനൊപ്പം പുതിയൊരു ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെ അനുപം ഖേര്‍ തന്നെ പകര്‍ത്തിയ വീഡിയോയിലൂടെയാണ് മഹിമയുടെ അനുഭവം ഏവരും അറിഞ്ഞത്. സ്തനാര്‍ബുദമാണെന്ന് കണ്ടെത്തിയത് മുതല്‍ ചികിത്സയിലൂടെ മുക്തി നേടിയത് വരെയുള്ള കാര്യങ്ങള്‍ മഹിമ വീഡിയോയിലൂടെ സൂചിപ്പിക്കുന്നുണ്ട്.

രോഗവിവരം അറിഞ്ഞപ്പോള്‍ ആദ്യം കരച്ചിലായിരുന്നുവെന്നാണ് മഹിമ തന്നെ പറയുന്നത്. പതിനേഴാം നൂറ്റാണ്ടിലെ സ്ത്രീകളെ പോലെ ഇങ്ങനെ കരയാതിരിക്കൂ എന്ന് ശാസിച്ചത് സഹോദരിയാണെന്നും തുടര്‍ന്ന് ചികിത്സയുടെ ഓരോ ഘട്ടങ്ങളിലും സഹോദരങ്ങളും ബന്ധുക്കളും നല്‍കിയ പിന്തുണയും മഹിമ എടുത്തുപറയുന്നു.

കൂട്ടത്തില്‍ ഇത്തരത്തില്‍ രോഗവിവരം ഏവരോടുമായി പങ്കിടാനും വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കിയതിനും അനുപം ഖേറിനും പ്രത്യേകം നന്ദി പറയുകയാണ് മഹിമ. കീമോതെറാപ്പിയെ തുടര്‍ന്ന് മുടി മുഴുവന്‍ നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് പുതിയ സിനിമയില്‍ അവസരം ലഭിക്കുന്നത്.

അന്ന് അനുപം ഖേറിനോട് ക്യാന്‍സറിനെ കുറിച്ച് തുറന്ന് പറയാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും വിവരം അറിഞ്ഞപ്പോള്‍ മുടിയില്ലാതെ തന്നെ അഭിനയിക്കാമല്ലോ എന്ന് അനുപം ഖേര്‍ പറഞ്ഞതുമെല്ലാം മഹിമ വൈകാരികമായാണ് വീഡിയോയില്‍ പറയുന്നത്. രോഗകാലത്ത് തനിക്ക് ധൈര്യം പകര്‍ന്നത് ചികിത്സാസമയത്ത് പരിചയപ്പെട്ട് മറ്റ് സ്ത്രീകളാണെന്നും അതുതന്നെയാണ് മറ്റുള്ളവരിലേക്ക് താന്‍ പകര്‍ന്നുനല്‍കാന്‍ ആഗ്രഹിക്കുന്നതെന്നും മഹിമ സൂചിപ്പിക്കുന്നു.

Advertisment